ശോഭയുടെ വീട്ടില്‍ നിന്നിറങ്ങിയ ശിവപ്രസാദ് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മുന്നിലെത്തി. ഓര്‍മ്മവെച്ച നാള് മുതല്‍ കാണുന്നതാണ് ക്ഷേത്രഗോപുരവും അതിന്റെ പരിസരവും. ആ പശ്ചാത്തലത്തിലാണയാള് വളര്‍ന്നതെന്നു തന്നെ പറയാം. കിഴക്കേ കോട്ടവാതിലിലൂടെ അകത്തു കടന്ന ശിവപ്രസാദിന് ക്ഷേത്രഗോപുരം ആദ്യമായി കാണുന്നതു പോലെ തോന്നി. ആരെയും കാണാനില്ല. റോഡില്‍ നിന്നെല്ലാം വെള്ളമിറങ്ങിയിട്ടുണ്ടെങ്കിലും ആരും രാവിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയ ലക്ഷണമില്ല. പ്രളയാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന നിരത്ത്. ശിവപ്രസാദ് അല്‍പ്പനേരം അവിടെ നിന്ന് ക്ഷേത്രഗോപുരത്തിലേക്കു നോക്കി. ഗോപുരത്തിന്റെ നടുവിലുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ദ്വാരത്തിലൂടെ പടിഞ്ഞാറേ ആകാശം കറുത്തു കണ്ടു. അത്തരത്തിലൊരു ദ്വാരം ഉള്ളതായി ആദ്യമായാണ് ശിവപ്രസാദ് ശ്രദ്ധിക്കുന്നത്. അയാളുടെ നോട്ടം വീണ്ടും ഗോപുരത്തിലേക്കു വന്നു. പത്മതീര്‍ത്ഥത്തിന്റെ എതിര് കരയിലുള്ള വവ്വാലുകള്‍ തലേ രാത്രിയിലെ പ്രളയത്തില്‍ എവിടെയായിരുന്നിരിക്കണം. എല്ലാം വീണ്ടും പഴയതുപോലെ മരത്തില്‍ തൂങ്ങിക്കിടക്കുന്നുണ്ട്.
അയാള്‍ മകുളിലേക്ക് നോക്കിയപ്പോള്‍ കറുത്ത ആകാശത്തിന്റെ പശ്ചാത്തലത്തില്‍ അവയുടെ സാന്നിദ്ധ്യമറിയാന്‍ കഴിഞ്ഞെങ്കിലും കാര്‍മേഘം മരക്കൊമ്പിലേക്കു ഇറങ്ങി ഞാന്നു കിടക്കുന്നതു പോലെ അയാള്‍ക്കനുഭവപ്പെട്ടു. എങ്ങും നിശബ്ദത. പെട്ടെന്ന് സ്വപ്നത്തില്‍ കേട്ട് പരിചയമുള്ള ശബ്ദം പോലെ ആ നിശബ്ദതയെ ചെറുതായി അനക്കിക്കൊണ്ട്, നിറഞ്ഞ പത്മതീര്‍ത്ഥക്കുളത്തിലെ വെള്ളം മുകളിലത്തെ പടിയില്‍ ഇടിച്ചിട്ട് പിന്‍വലിയുന്നു. ഉള്‍ക്കടലിലെ ജലനിരപ്പുപോലെ പത്മതീര്‍ത്ഥം. താന്‍ ഭീതിതനാവുകയാണോ അതോ ഏതോ ഭ്രമത്തില്‍ അകപ്പെടുകയാണോ എന്ന് ശിവപ്രസാദ് സംശയിച്ചു. അയാള്‍ വേഗം തിരിഞ്ഞ് പടിഞ്ഞാറേകോട്ട ഭാഗത്തേക്ക് നടന്നു. കാരണം അവിടെ നിന്നാല്‍ ചിലപ്പോള്‍ താന്‍ പത്മതീര്‍ത്ഥത്തിനു മുകളിലൂടെ ഇറങ്ങി നടക്കുമോ എന്ന് ഭയന്നു.
പടിഞ്ഞാറെക്കോട്ടവാതില്ക്കലെത്തിയപ്പോള് അതുവഴി നടക്കാന്‍ വയ്യാത്ത വിധം ചവറുകളും മറ്റും കൂടിക്കിടക്കുന്നു. ഉടുത്തു മുഷിഞ്ഞ തുണി നനഞ്ഞാലണ്ടാകുന്നതുപോലുള്ള അതിന്റെ ഗന്ധം അയാളുടെ മൂക്കിലൂടെ തുളച്ചു കയറി. തലേ രാത്രിയില്‍ ശോഭയുമായി സ്റ്റെയര്മുറിയിലെ ഇടുക്കില് ഞെരുങ്ങിക്കിടന്നപ്പോള് അനുഭവപ്പെട്ട അതേ ഗന്ധം. ശോഭയുമായി ചേര്‍ന്ന് കിടന്നപ്പോള്‍ താഴത്തെ മുറിയിലെ വെള്ളം ഭിത്തിയില്‍ വന്നലതല്ലിയതും പത്മതീര്‍ത്ഥത്തിലെ വെള്ളം പടികടന്ന് മുകളിലേക്ക് കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടതുപോലെ മടങ്ങിയതും ശിവപ്രസാദിനെ ഗന്ധത്തിന്റെ ലോകത്തുനിന്നുമകറ്റി. വെളളം മുകളിലേക്ക് കുതിക്കുന്നു.
പടിഞ്ഞാറെക്കോട്ടയ്ക്ക് പുറത്തിറങ്ങിയ ശിവപ്രസാദ് മണക്കാടേക്ക് നടന്നപ്പോള്‍ കുഞ്ഞുന്നാളില്‍ മുത്തശ്ശി ഓരോ വാചകത്തിലുമെന്നോണം പറയുന്ന വാക്കുകള്‍ അയാളുടെ ഉള്ളില്‍ മുഴങ്ങി ' താണനിലത്തേ നീരോടൂ'. അതു ശരിയാണ്. പക്ഷേ എല്ലാ നീരോട്ടവും താഴേക്കല്ല. ജലത്തിന്റെ സ്വപ്നവും ഭവനവും ഭൂമിയല്ല. അതിന്റെ തറവാട് ആകാശമാണ്. ഓരോ നിമിഷവും ഓരോ ജലതന്മാത്രകളും ആകാശം പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തടവിലാക്കപ്പെട്ട ജലമാണ് ഭൂമിയില്‍ ജീവനാകുന്നത്. വീട് നഷ്ടപ്പെട്ടതിന്റെ തീവ്രദുഃഖത്തില്‍ വീണ്ടും തറവാട്ടിലേക്കെത്തിച്ചേരാനുള്ള ശരീരം വിട്ട അന്നമയകോശം കാട്ടിക്കൂട്ടുന്ന വിക്രാന്തിപോലെയാണ് വെള്ളം പ്രളയം സൃഷ്ടിച്ച് ഉയരാന്‍ ശ്രമിക്കുന്നത്. ഓരോ പുല്ലിലൂടെയും മരങ്ങളിലൂടെയും ജലകണികകള്‍ രക്ഷപെടുന്നതും അതിന്റെ തറവാട്ടിലേക്കാണ്. ശോഭയുടെ സ്വീകരണമുറിയുടെ ഭിത്തിക്കുള്ളില്‍ വന്ന് അലതല്ലിയ ഓളങ്ങള്‍ മോചനത്തിനുവേണ്ടിയുള്ള ജല കണികകളുടെ ഗത്യന്തരമില്ലാത്ത തള്ളലായിരുന്നില്ലേ? ശിവപ്രസാദ് ഓര്‍ത്തു. ' ശ്ശൊ, ശരിയാണ് ഈ ഭൂമി വെള്ളത്തിന്റെ തടവറയാണ്. ഓരോ തവണയും മുക്തി നേടി ആകാശത്തെത്തി പറന്നു നടക്കുന്നതിനിടയില്‍ വീണ്ടും താഴേക്കു പതിക്കുന്നു. വരുന്ന ഓരോ തുള്ളിയുടെയും വിധി!
ചില തുള്ളികള്‍ ഭൂമിക്കടിയിലേക്ക് പോകുന്നു. അവ ചിലപ്പോള്‍ ദശാബ്ദങ്ങളും ഒരുപക്ഷേ നൂറ്റാണ്ടും കഴിഞ്ഞിട്ടായിരിക്കാം മോചനം നേടുക. അവ ഭൂമിക്കടിയിലെ ഇരുട്ടില്‍ അകപ്പെട്ട് അനുഭവിക്കുന്ന പാരതന്ത്ര്യത്തിന്റെ കാഠിന്യം എത്രത്തോളമായിരിക്കും. ആ അനുഭവം എന്തായിരിക്കും. ഭൂമിയുടെ ഭാരം മുഴുവന്‍ തന്റെ മേല്‍ പതിക്കുന്നതായിരിക്കുമോ അതോ ആകാശത്തറവാടിനെക്കുറിച്ചുള്ള സ്മൃതിയും അവിടേക്ക് എത്താനുള്ള ത്വരയും അതിനു വേണ്ടിവരുന്ന വൈകലിനെക്കുറിച്ചുമായിരിക്കുമോ'?. ഇത്തരം ആലോചനയില്‍ മുഴുകി നടക്കുന്നതിനിടയില്‍ ശിവപ്രസാദിന് പെട്ടെന്ന് മൂത്രമൊഴിക്കാന്‍ മുട്ടി. കാരണം തലേന്ന് ശോഭയുടെ വീട്ടിലെത്തിയതിനു ശേഷം മൂത്രമൊഴിക്കാന്‍ കഴിഞ്ഞിട്ടില്ല. അട്ടക്കുളങ്ങരഭാഗത്തെങ്ങും ആരെയും കാണാനില്ല. എവിടെയും ചണ്ടിക്കൂനകള് മാത്രം. അയാള്‍ റോഡരികിലേക്ക് മാറി ഒരു ചണ്ടിക്കൂനയക്ക് മേല്‍ മൂത്രമൊഴിച്ചു. റോഡില്‍ തെറിച്ചുവീണ മൂത്രം ആകാശത്തെ കാണുന്നതായി ശിവപ്രസാദറിഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കകം അവയക്ക് തങ്ങളുടെ വീട്ടിലെത്താന്‍ കഴിയുമെന്ന് അയാള്‍ ഓര്‍ത്തു. മൂത്രമൊഴിച്ചു കഴിഞ്ഞപ്പോഴാണയാളറിയുന്നത് എത്രമാത്രം ഭാരമായിരുന്നു അത് തന്നില്‍ ഉണ്ടാക്കിയിരുന്നതെന്ന്. കാരണം ഇപ്പോള്‍ കാറ്റു വന്നാല്‍ ആടി വീണുപോകുമോ എന്നു തോന്നും പോലെയാണ് ഭാരമില്ലായ്മ അനുഭവപ്പെട്ടത്. വീണ്ടും വെള്ളത്തിന്റെ ഗതിയെക്കുറിച്ച് ഓര്‍ത്തുകൊണ്ട് അയാള്‍ നടന്നു.
നടത്തത്തിനിടയില്‍ വഴിവക്കിലെ വീടിനുള്ളിലെ കൂട്ടിനുള്ളില്‍ കിടന്ന് ഒരു തത്തമ്മ സംസാരിക്കുന്നു. എന്തോ അടിയന്തിര സന്ദേശം കൈമാറാനുള്ളതുപോലെയുള്ള സംസാരം. അത് തന്നെ നോക്കുന്നതായി ശിവപ്രസാദിന് തോന്നി. താനതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള നീണ്ട ഒരു കൂടായിരുന്നു അത്. ജയിലിനെ ഓര്‍മ്മിപ്പിക്കുന്ന വിധം അഴികളോടുകൂടിയ ഒരു പ്രത്യേക തരം കൂട്. ആ കൂട് അയാളെ മറ്റൊരോര്‍മ്മയിലേക്ക് കൊണ്ടുപോയി. ഒരിക്കല്‍ കൊച്ചിയിലെത്തിയപ്പോള്‍ ഹില്‍പാലസ് കാണാന്‍ പോയ അനുഭവത്തിലേക്ക്. അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള പണ്ടത്തെ ശിക്ഷാവിധി നടപ്പാക്കുന്നതിനുള്ള മനുഷ്യരൂപത്തിലുള്ള ഇരുമ്പുകൂടിന്റൈ ചിത്രം മനസ്സില്‍ തെളിഞ്ഞു. അന്നത് കണ്ടതിന് ശേഷം ദിവസങ്ങളോളം ശിവപ്രസാദിന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആ കൂട്ടിനുള്ളില്‍ കിടന്നിട്ടുള്ള മനുഷ്യരെക്കുറിച്ച് ഓര്‍ത്ത്. ഇപ്പോഴും ആക്കാര്യമോര്ക്കുമ്പോള് അയാള്‍ക്ക് അടിവയറ്റില്‍ നിന്നും ഒരാന്തലാണ്. തായ്ലാന്‍ഡിലെ ഗുഹയില്‍ പെട്ടുപോയ കുട്ടികള്‍ പുറത്തെത്തുന്നതുവരെ പല രാത്രിയിലും ശിവപ്രസാദിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ച ദിവസം ശിവപ്രസാദറിഞ്ഞ സ്വകാര്യ സന്തോഷം അയാള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഇപ്പോള്‍ മൂത്രമൊഴിച്ചപ്പോള്‍ ശരീരമനുഭവിച്ച ആ ഭാരമില്ലായ്മക്കു സമാനമായ സുഖം.
വീട്ടിലേക്കുള്ള വഴിയിലേക്ക് ശിവപ്രസാദ് തിരിഞ്ഞു. തെരുവുനായ്ക്കള്‍ പതിവില്ലാത്ത വധം തിരക്കു കൂട്ടുന്നതു കണ്ടു. ചില നായ്ക്കള്‍ മാറി നിന്നു മോങ്ങുന്നു. ആ മോങ്ങല് കണ്ട് ശിവപ്രസാദിന് എന്തെന്നില്ലാത്ത ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടു. തന്റെ മുത്തശ്ശിയുടെ മരണത്തിനു ശേഷം പിന്നീടിതുവരെ ഇത്തരം മോങ്ങലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരു പക്ഷേ ശ്രദ്ധിക്കാതെ പോയതാകാം. പണ്ട് ആ പ്രദേശത്ത് എവിടെയെങ്കിലും ഒരു നായ മോങ്ങുന്നത് കേട്ടാലുടന്‍ മുത്തശ്ശി പ്രവചിക്കുമായിരുന്നു, ' ആരാണാവോ പോകാന്‍ പോകുന്നത്.' കാലന് വരുന്നത് കാണാന്‍ നായ്ക്കള്‍ക്ക് കഴിവുണ്ടെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. മുത്തശ്ശി മരിച്ച ദിവസവും നായ മോങ്ങുന്നത് കേട്ടിരുന്നു. അന്ന് മുത്തശ്ശി പറയുകയുണ്ടായി,' ഇതിപ്പോ എനിക്കുള്ള വരവായിരിക്കുമോ എന്ന്' എന്തായാലും അതുപോലെ സംഭവിച്ചു. എന്തുകൊണ്ടാവാം നായ്ക്കള്‍ ഇങ്ങനെ മോങ്ങുന്നത്? കാലനെ കാണുന്നുണ്ടോ ഇല്ലയോ എന്നതല്ല. ഇവറ്റകളുടെ മോങ്ങല് എന്തോ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അയാള്‍ വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി. തലേന്ന് രാത്രിയോ അന്ന് വെളുപ്പാന്കാലത്തോ ഒന്നും പ്രമീള എത്തിയില്ലെന്ന് ഉറപ്പായി.
തന്റെ മുറിയില്‍ കയറി മുഷിഞ്ഞ വസ്ത്രം മാറിയപ്പോള്‍ ഒരു തരം പനിമണം ശിവപ്രസാദിന്റെ മൂക്കിലടിച്ചു. അതോ അത് ശോഭയുടെ ഗന്ധമാണോ എന്നും അയാള്‍ സംശയിച്ചു. ശിവപ്രസാദ് തന്റെ കൈത്തണ്ട മൂക്കിനടുത്തേക്കു കൊണ്ടുവന്ന് ശോഭയുടെ ഗന്ധം അവശേഷിക്കുന്നുണ്ടോ എന്നു നോക്കി. അറിയാതെ അയാളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. എന്തുകൊണ്ടാണ് താന്‍ ആ ഗന്ധമുണ്ടോ എന്ന് നോക്കിയതെന്ന് ഒരു നിമിഷം ആലോചിച്ചു. ശോഭയോട് ചേര്‍ന്ന് ഞെരുങ്ങി തലേ ദിവസം രാത്രിയില്‍ ചെലവഴിച്ച നേരം. അസഹനീയമായി തോന്നിയ ഗന്ധവും കിടക്കുന്നതിനുള്ള സ്ഥലക്കുറവുമൊഴിച്ചാല് മറ്റൊരു അസൗകര്യവും തന്നില്‍ സൃഷ്ടിച്ചില്ലെന്ന് ആലോചിച്ചപ്പോള്‍ ശിവപ്രസാദില്‍ നിര്‍വ്വികാരത അനുഭവപ്പെട്ടു. ശോഭ തന്നെ കുസൃതിയോടെ മൂക്കിന്മേല് നനവു പരത്തി ചുംബിച്ചതും ഓര്‍ത്തു. രാവിലെ ശോഭയോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം അവരോട് പ്രത്യേകിച്ച് ഒന്നും പറയാന്‍ തോന്നിയില്ല. അവരുടെ ഭര്‍ത്താവ് അപ്പോഴും എഴുന്നേറ്റിരുന്നില്ല. ശോഭയുടെ മുഖഭാവവും നിര്വ്വികാരതയിലായിരുന്നോ അതോ മറ്റെന്തെങ്കിലുമായിരുന്നോ എന്നത് പോലും ശിവപ്രസാദിന് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നാല്‍ തലേ ദിവസം രാത്രി കിടന്നപ്പോള്‍ കുസൃതിയോടെ തന്റെ മൂക്കിന്റെ മേല്‍ ചുംബിച്ചതിന് കാരണക്കാരന്‍ താന്‍ തന്നെയാണെന്ന് അയാള്‍ ഓര്‍ത്തു. കിടപ്പുമുറിയിലെ കട്ടിലനടിയില്‍ നിന്ന് സാധനങ്ങള്‍ വാരി അലമാരയില്‍ വയ്ക്കുമ്പോഴും, എന്തിന് രാത്രിയില്‍ കിടക്കാന്നേരം വരെ ശോഭ തന്നെ ഉത്തേജിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി സ്ത്രീസാമീപ്യമറിയാത്ത തന്നില്‍ ശോഭ ആവേശമുണര്ത്തിയതില് അയാള്‍ക്ക് അതിശയവും തോന്നിയിരുന്നില്ല. തനിക്ക് ശേഷിക്കുറവ് സംഭവിച്ചതുമൂലം താല്പ്പര്യമില്ലായ്മയുണ്ടായതാണോ എന്നും അയാള്‍ ഓര്‍ത്തു നോക്കി.
ഒരിക്കലും സാധ്യമാകുമെന്ന് നിനച്ചിരിക്കാത്ത വിധം മനസ്സില്‍ കാണുന്ന അവസരങ്ങള്‍ വരുമ്പോള്‍ തനിക്ക് ഒന്നും തോന്നുന്നില്ല. കാര്യവട്ടത്ത് വച്ച് വാസ്തവത്തില്‍ അപകടമുണ്ടാകാന്‍ കാരണം തന്റെ മുന്നിലൂടെ പോയ ഷെല്‍ജയുടെ രൂപവും പിന്നീട് റിയര്‍വ്യൂ മിററിലൂടെ കണ്ട അവളുടെ നിറഞ്ഞ മാറിടങ്ങളുമാണ്. ഷെല്‍ജയുമായി അടുത്തിടപഴകുമ്പോഴും അവരുടെ നഗ്നത ഏതാണ്ട് ഭാഗികമല്ലാതെ തന്നെ വെളിവാകുമ്പോഴും തനിക്ക് അതില്‍ താല്‍പ്പര്യം നഷ്ടമാകുന്നു. അതുപോലെയായിരുന്നു നിയയുമായുള്ള അടുപ്പവും. കോവളത്തുനിന്ന് രാത്രിയില്‍ വരുമ്പോള്‍ അനുഭവിച്ച സാമീപ്യം ഒരര്‍ത്ഥത്തില്‍ നിയയുടെ മുന്കൈയായിപോലും ശിവപ്രസാദ് അറിഞ്ഞിരുന്നു. പിന്നീട് അവരുമായി ചെലവഴിച്ച നിമിഷങ്ങള്‍. രമേഷിന്റെ ഭാര്യ വിനീതയുടെ രൂപവും അവരുമായുള്ള സാമീപ്യവുമെല്ലാം ശിവപ്രസാദിന്റെ മനസ്സിലൂടെ കടന്നു പോയി.
കുളി കഴിഞ്ഞു വന്ന ശിവപ്രസാദ് നേരേ കട്ടിലില്‍ കിടന്നു. പ്രമീള എവിടെയായിരിക്കുമെന്നുള്ള ചിന്ത പോലും ശിവപ്രസാദിനെ അലട്ടിയില്ല. നായ്ക്കളുടെ മോങ്ങലുമായി ബന്ധപ്പെടുത്തി പ്രമീളയെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിച്ചിട്ടു പോലും അയാള്‍ക്ക് പറ്റിയില്ല. മഴ തോര്ന്നപ്പോഴുള്ള നിശബ്ദത പുലര്‍ച്ചയിലേക്കും പകര്‍ന്നിരിക്കുന്നതുപോലെ ശിവപ്രസാദിന് അനുഭവപ്പെട്ടു. അയല്പക്കങ്ങളില് നിന്നുള്ള ചില അനക്കങ്ങള്‍ നിശബ്ദതയെ ഭഞ്ജിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളായി മുഴങ്ങി. ശിവപ്രസാദ് മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു. അധികം താമസിയാതെ അയാള്‍ ഒരു സ്വപ്നത്തിലേക്കും പ്രവേശിച്ചു. നിശ്ചലമായിക്കിടക്കുന്ന പത്മതീര്‍ത്ഥം. അതിനു ചുറ്റും ഉയര്‍ന്ന് നില്ക്കുന്ന ഭിത്തികള്‍. പകുതി വരെ ഭിത്തിക്കു മേല്‍ മച്ചും. മച്ചില്‍ വെള്ളം മുട്ടാന്‍ ഒരു കൈയ്യകലം മാത്രം. വെള്ളത്തിന്റെ മുകളില്‍ പൊന്തിക്കിടക്കുന്ന നീണ്ട ഒരു പലകക്കഷ്ണത്തില്‍ മച്ചിനടിയിലായി കിടക്കുകയാണ് ശിവപ്രസാദ്. ചെറിയ വെളിച്ചശകലങ്ങള് അവിടിവിടെ നിന്നും ഉള്ളിലേക്കടിക്കുന്നുണ്ട്. ശ്രീകോവിലില്‍ നിന്നും പൂജാതീര്ത്ഥം ഒഴുകിവന്ന് വീഴുന്ന പത്മതീര്‍ത്ഥക്കുളത്തിലെ കിണറിന്റെ മുകളിലായി പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ രൂപം. അതില്‍ നന്നായി വെയില് തിളങ്ങുന്നു. അത് നിഴലാണോ യഥാര്‍ത്ഥമാണോ എന്ന് ശിവപ്രസാദിന് വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ല. കിണറ് വെള്ളത്തിനടിയില്‍ വ്യക്തമായി കാണാം. കുഞ്ഞുകുഞ്ഞു അരഞ്ഞാണങ്ങളാല് സമൃദ്ധമായ കിണര്‍. ശിവപ്രസാദ് കിടക്കുന്ന പലകയില്‍ കൈ തലയ്ക്കു കൊടുത്തുകൊണ്ട് ഗോപുരത്തിന് താഴെയുളള കിണറിലേക്കു നോക്കി കിടന്നു. രണ്ടു പാമ്പുകള്‍ അതാ ഉയര്‍ന്നു പോന്തി. രണ്ടും ഇരുവശങ്ങളിലായി ഗോപുരത്തെ പിണഞ്ഞ് മേല്പ്പോട്ടുയരുന്നു. ഒടുവില്‍ താഴികക്കുടത്തിനു താഴെ രണ്ടു പാമ്പുകളും പത്തിവിടര്‍ത്തി നിന്നു. പത്തി നിശ്ചലമെങ്കിലും ഉടല് നൃത്തം ചെയ്തുകൊണ്ടിരുന്നു. സംഗീതകോളേജിലെ തന്റെ പ്രിയഗുരു ദേവകി അമ്മാളിന്റെ മുഖം പത്മതീര്‍ത്ഥക്കുളത്തിലെ കിണറ്റില്‍ കണ്ടു. അമ്മാളിന്റെ കൈകളാണ് പാമ്പുകളായി ഇടപിരിഞ്ഞ് ഗോപുരത്തെ ചുറ്റി മുകളിലെത്തിയിരിക്കുന്നത്.
പാമ്പുകളുടെ ഉടലിലേക്കു നോക്കുമ്പോള്‍, അവര്‍ അതിദ്രുതമായ നൃത്തലഹരിയിലാണ്. നൃത്തത്തിന് അകമ്പടിയായി മണിനാദവും ദുന്ദുഭിഘോഷവും ശംഖധ്വനിയും വീണാരവവും വേണുഗാനവുമെല്ലാം കേള്‍ക്കുന്നു. ഗോപുരത്തിന്റെ ദീര്ഘചതുരദ്വാരങ്ങളിലൂടെ സൂര്യന് ഈ നാദങ്ങളാസ്വദിച്ച് നൃത്തം കണ്ട് നീങ്ങുന്ന സ്വര്ണ്ണക്കാഴ്ച. പെട്ടെന്ന് ദേവകി അമ്മാള്‍ ആ ദ്വാരങ്ങളെ മറച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. പിന്നിലെ ഗോപുരം അമ്മാളുടീച്ചറിന്റെ പുറകില്‍ ബ്ലാക്ക്ബോര്ഡായി. അതില്‍ നിവര്‍ത്തിയിട്ട മേളകര്‍ത്താരാഗങ്ങളുടെ ചക്രവിഭജനം പഠിപ്പിച്ചു. പൂര്വ്വമേളരാഗങ്ങളിലെ ആറു ചക്രങ്ങളും ഉത്തരമേളരാഗങ്ങളിലെ ആറു ചക്രങ്ങളും വിസ്തരിച്ചുകൊണ്ട് ആദ്യചക്രമായ ഇന്ദുചക്രത്തിലെ ആദ്യമേളകര്ത്താരാഗമായ കനകാംഗിയിലേക്കു പ്രവേശിച്ചു. ശിവപ്രസാദ് സ്വപ്നത്തില്‍ അറിയാതെ വിങ്ങിപ്പോയി. ക്ലാസ്സില്‍ ഇടതുവശത്തെ മുന്‍സീറ്റില്‍ വലത്തേ അറ്റം ഇരുന്നിരുന്ന കനകത്തെ ഓര്‍ത്തു പോയി. സംഗീതം സ്ത്രീരൂപം പ്രാപിച്ച യുവതി. കനകയുടെ മുഖത്തേക്കാള്‍ സൗന്ദര്യമായിരുന്നു അവളുടെ കൈത്തണ്ടകള്‍ക്ക്. അതും പിന്നില്‍ നിന്നു കാണുമ്പോള്‍. കനകാംഗിയുടെ ജന്യരാഗങ്ങളേക്കാള് കൂടുതലായിരുന്നു കനകത്തിനോട് ആ സംഗീതകോളേജിലുള്ളവര്ക്ക് തോന്നിയുരുന്ന അനുരാഗം.
ശിവപ്രസാദിനും അവളോട് അനുരാഗം തോന്നിയിരുന്നു. പക്ഷേ കനകയുടെ കൈത്തണ്ടകള്‍ പിന്നില്‍ നിന്നു കണ്ട്, പിന്നില്‍ പോലും നില്‍ക്കാനുള്ള ആത്മധൈര്യം അയാള്‍ക്കില്ലായിരുന്നു. അമ്മാളു ടീച്ചര്‍ കനകാംഗിയെക്കുറിച്ചു പഠിപ്പിച്ചപ്പോള്‍ എല്ലാവരുടെയും ഉള്ളില്‍ തെളിഞ്ഞതും കനകയുടെ അംഗങ്ങള്‍ തന്നെയായിരുന്നു. അമ്മാളു ടീച്ചര്‍ ശുദ്ധമധ്യമരാഗങ്ങളില് അഗ്നിചക്രത്തിലെ മേളകര്‍ത്താരാഗങ്ങളും പ്രതിമധ്യമരാഗങ്ങളില്‍ ബ്രഹ്മചക്രരാഗങ്ങളും വിസ്തരിച്ച് വിവരിക്കുമ്പോള്‍ കനകയൊക്കെ അപ്രസക്തമായി. സ്നേഹനിധിയായിരുന്ന ടീച്ചറെ കുട്ടികള്‍ പറയാനറിയാത്ത പേടിയോടെ നോക്കിയിരുന്നത് ശിവപ്രസാദ് ഓര്‍ത്തു. ആ സമയം ടീച്ചറുടെ സ്നിഗ്ധമായ കാല്പ്പാദങ്ങളായിരുന്നു കുട്ടികളോട് സംവദിച്ചിരുന്നത്. കനകത്തിന്റെ കൈത്തണ്ടയെപ്പോലും ല്ജ്ജിപ്പിക്കുന്നതായിരുന്നു അമ്മാളുട്ടീച്ചറുടെ പാദങ്ങള്‍. പക്ഷേ ആ പാദങ്ങളില്‍ അപ്പോള്‍ അറിയാതെ മനസ്സുകൊണ്ട് നമസ്കരിക്കുന്ന നിമിഷങ്ങളായിരുന്നു. ടീച്ചറുടെ പാദങ്ങള്‍ വീണ്ടും സ്വര്‍ണ്ണരശ്മികള്‍ പതിച്ചിട്ടെന്ന പോലെ തിളങ്ങുന്നു. ശിവപ്രസാദ് ടീച്ചറുടെ പാദങ്ങളില്‍ തൊട്ടു വണങ്ങി. ഭിത്തിയില്‍ പത്മതീര്‍ത്ഥത്തിലെ ഓളങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മൃദുപ്രഹരം നടത്തി പിന്തിരിയുന്നതിന്റെ ശബ്ദം ശിവപ്രസാദിന്റെ കാതുകളില്‍ മുഴങ്ങി-മായാമാളവഗൗള.
വെള്ളമെടുത്ത് അമ്മാളുട്ടീച്ചറുടെ പാദങ്ങളില്‍ അര്‍പ്പിക്കുന്ന കൂട്ടത്തില്‍ ശിവപ്രസാദ് വെള്ളത്തെയും സ്മരിച്ചു. സ്വതന്ത്ര്യത്തിനുള്ള ശ്രമവും അതിനുള്ള മുറവിളി പോലും രാഗത്തില്‍. അയാള്‍ മായാമാളവഗൗള രാഗം അങ്ങനെ കേട്ടു കിടന്നു. അത് രാഗനാമോച്ചാരണം മാത്രമല്ലായിരുന്നു. ഓളങ്ങളുടെ മൃദുപ്രഹരവും പിന്‍വാങ്ങലും ഏഴുസ്വരങ്ങളുടെയും ആരോഹണാവരോഹണങ്ങളുമായിരുന്നു. ആ ആരോഹണാവരോഹണങ്ങള്‍ അങ്ങനെ കേട്ടുകൊണ്ടു കിടന്നു. ഒരുതവണ ഓളഗതിയില് ശുദ്ധമധ്യമം പ്രതിമധ്യമമായി മാറി. പന്തുവരാളി. അമ്മാളുടീച്ചറിന്റെ മുന്നില്‍ ശിവപ്രസാദ് പന്തുവരാളിയില്‍ ഭക്തിപുരസ്സരം കീര്‍ത്തനം പാടി ടീച്ചര്ക്കര്പ്പിച്ചു. സംപ്രീതയായ ടീച്ചര്‍ അനുഗ്രഹിച്ച് മന്ദഹസിച്ചപ്പോള്‍ ഭിത്തിയില്‍ തട്ടിയ രാഗത്തിലെ പന്തുവരാളിയിലെ അന്ധരഗാന്ധാരം സാധാരണഗാന്ധാരമായി ശുഭപന്തുവരാളിയായി. ടീച്ചറുടെ കാലനക്കത്തില്‍ ക്ഷേത്രഗോപുരം കലങ്ങി തകര്‍ന്നു. ശുഭപന്തുവരാളിയുടെ രോദനവിഷാദത്തില് വിങ്ങിപ്പൊട്ടിക്കൊണ്ട് ശിവപ്രസാദ് ഉണര്‍ന്നു.
ഉണര്‍ന്ന് കട്ടിലില്‍ ഇരുന്ന ശിവപ്രസാദ് താന്‍ കണ്ട സ്വപ്നത്തെ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. എങ്കിലും ശുഭപന്തുവരാളി തന്നില്‍ സൃഷ്ടിച്ച ഗദ്ഗദത്തിന്റെ അനുരണനങ്ങള്‍ അയാളെ വല്ലാതെ സങ്കടപ്പെടുത്തി. തന്റെ അപ്പോഴത്തെ ജീവിതത്തെ കേള്‍പ്പിക്കുന്ന രാഗമാണല്ലോ അതെന്നോര്‍ത്തു പോയി. എഴുന്നേറ്റിരുന്നപ്പോഴും അയാളുടെ ഒരു മനസ്സ് ഗേറ്റിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. പ്രമീളയെ കാണാത്തതില്‍ അയാള്‍ വല്ലാതെ വിഷമിച്ചു. ഉച്ചവരെ കണ്ടില്ലെങ്കില്‍ മണ്ടയ്ക്കാട്ടേക്കു പോകാമെന്നയാള്‍ ഉറപ്പിച്ചു. പറ്റുമെങ്കില്‍ ഹരികുമാറിനെയും കൂട്ടി കാറില്‍ പോകാമെന്ന് അയാള്‍ തീരുമാനിച്ചു. അപ്പോഴും അയാളില്‍ ശുഭപന്തുവരാളിയുടെ സ്വാധീനം അവശേഷിച്ചു. അയാള്‍ ഹാര്‍മോണിയമെടുത്തു കട്ടിലില്‍ വച്ചുകൊണ്ട് മെല്ലെ വായിക്കാന്‍ തുടങ്ങി. ശുഭപന്തുവരാളിയില്‍ നിന്ന് അലോസരമുണ്ടാകാതെ വേണം രാഗയാത്ര. ജലസ്വഭാവത്തെ ഒന്നുകൂടി ഓര്‍ത്തുപോയി. കട്ടയില്‍ ലക്ഷ്യമില്ലാതെ കൈ പരതിയപ്പോള്‍ ഉയര്‍ന്നു ചക്രവാക രാഗം. ഹാര്‍മോണിയത്തില്‍ അതു വായിക്കുന്നതിനിടയില്‍ ഒരു മിന്നലിന്റെ ലക്ഷത്തിലൊന്ന് സമയത്തിലെന്ന പോലെ അതുവരെ തോന്നിയിട്ടില്ലാത്ത വിധം ഒരു പ്രണയാനുഭവം പ്രമീളയോട് തോന്നി. വിരഹത്തിന്റെ തീവ്രഭാവമുതിര്ക്കുന്ന വിധം ചക്രവാകത്തില്‍ അയാള്‍ എല്ലാം മറന്ന് പാടി. മനോധര്‍മ്മങ്ങളുടെ പ്രയോഗത്തില്‍ വന്‍ സദസ്സ് ബലേ ബേഷ് പറയുന്നത് ശിവപ്രസാദറിഞ്ഞു.
വിരഹത്തിന്റെ വേദനാനുഭവത്തിലൂടെ പുരോഗമിച്ച കീര്ത്തനാലപനം കഴിഞ്ഞപ്പോള്‍ പ്രക്ഷുബ്ദതയ്ക്കു ശേഷം നിശബ്ദമായ കടല്‍ ശിവപ്രസാദിനു കാണാന്‍ കഴിഞ്ഞു. നിലാവുള്ള രാത്രിയിലെ ശാന്തമായ ഉള്ക്കടല്പ്പരപ്പ്. വിരഹവും വേദനയുമറിയാത്ത എന്തിന് ചന്ദ്രബിംബം പോലും ഇളകാതെ കാണാന്‍ കഴിയുന്ന കടല്‍. ശിവപ്രസാദ് കണ്ണടച്ചിരുന്നു. നിശബ്ദതയെന്നു വിളിക്കാന്‍ കഴിയില്ല. എങ്കിലും നിശബ്ദം. കടല്പ്പരപ്പ് നേരിയ തോതില്‍ പോലും അനങ്ങുന്നില്ല. അപ്പോഴാണ് ശിവപ്രസാദ് ശ്രദ്ധിച്ചത് താന്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നില്ലെന്നുള്ള കാര്യം. അയാള്‍ ശ്വാസത്തില്‍ ശ്രദ്ധിച്ചു. അത്ഭുതപ്പെട്ടു. ശ്വാസം എടുക്കുന്നുണ്ടോ എന്നുപോലും അറിയാന്‍ കഴിയുന്നില്ല. അയാളുടെ അറിവില്‍ ശ്വാസഗതിയനുഭവപ്പെട്ടില്ല. അയാള്‍ക്ക് കണ്ണു തുറക്കാന്‍ തോന്നിയില്ല. കാരണം അത്രയ്ക്ക് മനോഹരമായ കാഴ്ചകള്‍. എന്നാല്‍ ഒന്നും കാണുന്നതുമില്ല. കാഴ്ച മാത്രം പോലെ. ' പായസം കൊണ്ടുവന്നിട്ടുണ്ട്, വേണോ?' പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് കണ്ണു തുറന്നു നോക്കിയപ്പോള്‍ വെള്ളയില്‍ കാപ്പിപ്പൊടിനിറത്തിലെ കുഞ്ഞുപുള്ളിയുള്ള സാരിയുമുടുത്ത് നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നില്ക്കുന്ന പ്രമീള. പ്രമീളയുടെ മുഖത്ത് നോക്കി തിരിയുന്ന വേളയില്‍ ശിവപ്രസാദിന്റെ കണ്ണുകള്‍ അവരുടെ പാദങ്ങളില്‍ ഉടക്കി. ദേവകി അമ്മാള്‍ ടീച്ചറിന്റെ അതേ കാല്പ്പാദങ്ങള്!(തുടരും)