കോയമ്പത്തൂര്‍ വെള്ളിയാന്‍ഗിരി കുന്നിന്‍ ചരിവിലുള്ള അതി വിശാലമായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷാ കേന്ദ്രം. പ്രകൃതിയോട് ഇണങ്ങിക്കൊണ്ട് എങ്ങനെ വാസ്തുശില്‍പ്പവിദ്യ പ്രയോഗിക്കാമെന്നുള്ളതിന്റെ ഉദാഹരണം കൂടിയാണ് ഇഷാ സെന്റര്‍. ആദിയോഗി ശിവന്റെ പ്രതിമയും ധ്യാനലിംഗവുമാണ് സദ്ഗുരുവിന്റെ പ്രബോധനത്തിന് പുറമേ ഇഷാകേന്ദ്രത്തിലെ പ്രധാന ആകര്‍ഷണം. കേന്ദ്രത്തിന്റെ ഓരോ ഭാഗത്തും പ്രത്യേകശ്രദ്ധയുണ്ട്. അതാണ് മാനേജ്‌മെന്റ് പരിപ്രേക്ഷ്യത്തില്‍ അവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകത. കൃത്യതയും വ്യക്തതയും എല്ലാ ആചാരങ്ങളിലും ഓരോ ചെടികളിലും മരങ്ങളിലുമെല്ലാമുണ്ട്. ആചാരങ്ങളുടെ ശാസ്ത്രീയതയെ വിശദീകരിക്കുന്നുവെന്നതുകൊണ്ടാണ് മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് അവിടം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ധ്യാനലിംഗപ്രതിഷ്ഠയുടെ പുറത്തായി മുന്നിലുള്ള സ്തൂപത്തില്‍ ടാവോയിസം തുടങ്ങി പ്രധാനമതങ്ങളുടെയെല്ലാം പ്രതീകാത്മക ചിഹ്നങ്ങള്‍ ഉളളതും അതിനാലാണ്. അതുപൊലെ ധ്യാന-യോഗ പരിപാടികളും അവിടെ വളരെ കൃത്യതയോടെ നടത്തപ്പെടുന്നു.
സ്വാഭാവികമായും ശിവലിംഗാരാധനയില്‍, ഒഴിച്ചുകാടാന്‍ പറ്റാത്തതായ അഗ്രത്തില്‍ മൂന്നിലകളോടുകൂടിയ ബിലവല്‍ മരം ധാരാളമായി അവിടെയുണ്ട്. അതിലുമെല്ലാം മാനേജ്‌മെന്റിന്റെ ശ്രദ്ധ കാണാം. ഒരു നിശ്ചിത ഉയരം വരെ (ഏകദേശം ആറടി) ഇലകള്‍ വെട്ടി നിര്‍ത്തിയിരിക്കുകയാണ്. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും അലക്ഷ്യമായി ആരും അതില്‍ പിടിക്കാതിരിക്കത്തക്ക വിധത്തിലും. വെയിലത്ത് അവിടെയെത്തുന്നവര്‍ക്ക് വിശ്രമിക്കാനും ആ മരങ്ങള്‍ ഇടം നല്‍ക്കുന്നു.
ആ മരച്ചുവട്ടില്‍ രണ്ടുവയസ്സുള്ള കുഞ്ഞുമായി ഒരാള്‍ വന്ന് നില്‍ക്കുന്നു. ഏകദേശം ആറടി ഉയരമുള്ളയാള്‍. അയാളുടെ കൈയിലിരിക്കുന്ന കുഞ്ഞ് മരത്തിന്റെ ഒരു ചില്ലയില്‍ പിടിച്ചു. പിന്നെ അതു താഴേക്ക് ലേശം വലിച്ചു. ആ മരത്തിന്റെ കീഴിലുള്ള സെക്യൂരിറ്റി ചുമതലയുളള വിവാഹിതയായ യുവതി അതു കാണുന്നുണ്ട്. അവര്‍ സ്വതസിദ്ധമായ തമിഴ് കൗതുകത്തോടെ കുഞ്ഞിനെ നോക്കുന്നുണ്ട്. പെട്ടെന്ന് അവിടേക്ക് അല്‍പ്പം ദൂരെ നിന്ന് ചുവന്ന ഷാള്‍ ധരിച്ച ഒരു വോളണ്ടിയര്‍ പാഞ്ഞെത്തി. പിന്നെ ഒരു ഇടിമിന്നലും മഴയും പോലെ ആംഗലേയത്തില്‍.' അയ്യോ അതു വളരെ വിശുദ്ധമായ മരമാണ്. അതു നശിപ്പിക്കല്ല്. ആ കുഞ്ഞിനെ അവിടെ നിന്നു മാറ്റൂ, പ്ലീസ്, പ്ലീസ് ' എന്നത് പല തവണ, ഏതാണ്ട് നാലാംകാലത്തില്‍ തുടങ്ങി ഷഡ്കാലത്തിലേക്ക് നീങ്ങിക്കൊണ്ട് അവര്‍ അലറുക തന്നെ ചെയ്തു. അലര്‍ച്ചയ്ക്കിടെ പല തവണ സെക്യൂരിറ്റി ചുമതലയുളള യുവതിയെയും അവര്‍ ശാസനാരൂപേണ നോക്കി. കരാണം അവരുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ് അതൊക്കെ. അതു ചെയ്യാതിരുന്നതിലുളള അമര്‍ഷവും ശാസനയുമാണ് ആ നോട്ടത്തിലൂടെ പാഞ്ഞത്. എന്തായാലും അവരുടെ അലര്‍ച്ചയില്‍ കുഞ്ഞും വിരണ്ടു പോയി. അത് മരച്ചില്ലയില്‍ നിന്ന് കൈയെടുത്തു.
ആ വോളണ്ടിയറുടെ സമ്മര്‍ദ്ദത്തെ എന്തായാലും കുഞ്ഞു ശമിപ്പിച്ചതിനാല്‍ നാല്‍പ്പതുകളിലുള്ള അവര്‍ പെട്ടെന്ന് അവിടെ നിന്നു അടുത്ത ധ്യാനപരിപാടി നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായി പിന്‍വാങ്ങി. അവര്‍ പോയിക്കഴിഞ്ഞപ്പോഴും ആ കുഞ്ഞിനെ നോക്കി കൗതുകം പൂണ്ടിരുന്ന സെക്യൂരിറ്റി തമിഴ് യുവതിയുടെ ഭാവം ഒരു ചിരിയായി വിടര്‍ന്നു. ' എന്തോരം ഇലകള്‍ കൊഴിഞ്ഞു വീണു പോകുന്നു. ആ കുഞ്ഞ് പിടിച്ചാല്‍ ഒന്നോ രണ്ടോ ഇലകള്‍ വീഴുമായിരിക്കും.അതുകൊണ്ടെന്തു കുഴപ്പമുണ്ടാകാനാ' അവര്‍ കുട്ടിയുടെ കൂടെയുള്ളവരെ ആശ്വസിപ്പിച്ചുകൊണ്ടും കുട്ടിക്ക് വിഷമം തട്ടാതിരിക്കാന്‍ നൈസര്‍ഗ്ഗികമായി വിടര്‍ന്നു ചിരിച്ചുകൊണ്ടും പറഞ്ഞു.
സദ്ഗുരുവിന്റെ പ്രഭാഷണങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട് ആകൃഷ്ടനായ കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു, 'ഇവിടെ വന്ന് സദ്ഗുരുവിനെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞു. ഈ കുഞ്ഞ് ഇലയില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്ന ദൃശ്യം കണ്ടുകൊണ്ട് സദ്ഗുരു വിന്നിരുന്നെങ്കിലും ആ സെക്യൂരിറ്റി യുവതിയുടെ ഭാവമായിരിക്കും ഉണ്ടായിരിക്കുക. ഒരു പക്ഷേ അദ്ദേഹം പറയുന്നതും ആ യുവതി പറഞ്ഞത് തന്നെയായിരിക്കും' .താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞയാളാണ് ആ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്ത്രീ. ആംഗലേയഭാഷാ ജ്ഞാനവും വിദ്യാഭ്യാസവും തമ്മില്‍ ബന്ധമില്ലെങ്കിലും, പരിമിതമായ ഭാഷയിലൂടെ അവര്‍ അന്യഭാഷക്കാര്‍ക്ക് സംശയവും നിവര്‍ത്തിക്കൊടുക്കുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ വിദ്യാഭ്യാസം കൊണ്ട് നേടേണ്ട വ്യക്തിത്വ ഔന്നത്യം അവരില്‍ വേണ്ടുവോളം പ്രകടം. അത് സംസ്‌കാരത്തില്‍ നിന്നും അവരിലേക്ക് സന്നിവേശിക്കപ്പെട്ടതാണ്. പിന്നെ അവരുടെ വ്യക്തിപരമായ സവിശേഷതയും. അതുകൊണ്ടുകൂടിയാണല്ലോ ഇത്തരമൊരു സ്ഥലത്ത് അവര്‍ ജോലിക്കായി എത്തിയതും തുടരുന്നതും.
സദ്ഗുരു പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നതും ആ സംസ്‌കാരത്തിന്റെ ജൈവവും ശാസ്ത്രീയവുമായ വശങ്ങളെയാണ്. സംസ്‌കാരം അബദ്ധാചാരങ്ങളുടെ തടവറയ്ക്കുള്ളില്‍ പെട്ട് ശ്വാസം മുട്ടുകയും വികലമാക്കപ്പെടുകയും ചെയ്തതാണ് വര്‍ത്തമാനഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനൊരു പരിധിവരെ കാരണം ഈ രാജ്യത്തിന്റെ സാംസ്‌കാരികാംശം വളരെ ബുദ്ധിപരമായി വേര്‍പെടുത്തി, സാമ്രാജ്യത്വാവശ്യത്തിനായി മെക്കാളെ പ്രഭു നടപ്പില്‍ വരുത്തിയ വിദ്യാഭ്യാസ രീതി സ്വാതന്ത്ര്യത്തിനു ശേഷവും രാജ്യത്ത് തുടര്‍ന്നതിന്റെ ഫലമാണ്. ആ വിദ്യാഭ്യാസത്തിലൂടെ സംസ്‌കാരം നഷ്ടമായ ഇന്ത്യയിലെ പരിഷ്‌കൃത ജനതയുടെ പ്രതിനിധിയാണ് രണ്ടുവയസ്സുള്ള കുഞ്ഞ് ഒരിലയില്‍ പിടിച്ചു വലിച്ചപ്പോള്‍ സമനില തെറ്റിയ വോളണ്ടിയര്‍ സ്ത്രീ. അവര്‍ ആ മരത്തില്‍ വിശുദ്ധി കാണുന്നു. ശരിയാണ് അതു വിശുദ്ധമായ മരം തന്നെയാണ്. അതിനു ദോഷം വരാതെ പെരുമാറേണ്ടത് അവിടെയെത്തുന്ന ഒരോ വ്യക്തിയുടെയും ചുമതല തന്നെയാണ്.
എന്നാല്‍ ഒരു രണ്ടു വയസ്സുള്ള കുഞ്ഞ് പിടിച്ച് വലിച്ചാല്‍ നഷ്ടപ്പെടാവുന്നത് ഇലകള്‍ മാത്രമാണ്. ചില്ല ഒടിയ്ക്കാനുള്ള ആരോഗ്യം രണ്ടു വയസ്സുള്ള കുഞ്ഞിനുണ്ടാവില്ല. പക്ഷേ സദ്ഗുരു എന്താണ് പറയുന്നതെന്ന് മനസ്സിലാക്കി സ്വന്തം ജീവിതത്തെ പരിവര്‍ത്തനത്തിലൂടെ കടത്തിവിടാന്‍ ആ സ്ത്രീയ്ക്ക് കഴിയുന്നില്ല. അതവരുടെ ബോധപൂര്‍വ്വമായ പോരായ്മയല്ല. അവര്‍ കടന്നുവന്ന വഴിയുടെ സ്വാധീനമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടി ചിലപ്പോള്‍ ഉന്നത പദവി വഹിക്കുന്നതോ വഹിച്ചതോ ആയ സ്ത്രീയായിരിക്കാം അവര്‍. രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഒരു മരത്തെയും ഒരുമിച്ചു കണ്ടപ്പോള്‍ അവര്‍ക്ക് യോഗസെന്റര്‍ നിയമം മാത്രമേ ആ നിമിഷം ഓര്‍മ്മയിലെത്തിയുള്ളൂ. ആ മരത്തേക്കാള്‍ എത്രയോ വിശുദ്ധമായ കുഞ്ഞിനെ അവര്‍ക്ക് ആ സമയം കാണാനായില്ല. അതവരുടെ കാഴ്ചയില്‍ തെളിയാഞ്ഞില്ല. കാരണം സദ്ഗുരുവില്‍ അബദ്ധമായ ആരാധന വന്നു. അതിനാല്‍ ശീലിച്ചുവന്ന ആചാരപ്രതിബദ്ധത അവരെ അവിടുത്തെ നിയമാവലി പാലിക്കുന്നതിലെ കാര്‍ക്കശ്യത്തിലേക്കു നയിച്ചു. കൂട്ടത്തില്‍ അധികാരവും. എന്താണ് ആ സെന്ററിന്റെ ലക്ഷ്യം എന്നതു മറന്ന് ആ സെന്ററില്‍ മാത്രമായി അവരുടെ ശ്രദ്ധ. അതാണ് അവര്‍ ആ കുഞ്ഞിനു പോലും ആഘാതമുണ്ടാകുന്ന വിധത്തില്‍ അലറിയതും ശാസനാരൂപത്തില്‍ സെക്യൂരിറ്റി ജീവനക്കാരിയെ നോക്കിയതും. ഈ മാനസികാവസ്ഥയിലാണ് എല്ലാ സംസ്‌കാരവും നശിക്കുന്നത്. അവിടെ ലക്ഷ്യം മറയുന്നു. യാഥാര്‍ത്ഥ കാഴ്ചയെ കാണാന്‍ കഴിയാതാകുന്നു. അത് വ്യക്തിയുടെ പരിമിതി അഥവാ ആന്ധ്യമാണ്. കുഞ്ഞിന്റെ കൈ ഇലകളില്‍ നിന്ന് വിടുവിച്ചത് ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം സെന്ററിനോട് നീതി പുലര്‍ത്തിയെന്ന ആശ്വാസം നല്‍കുന്നു. എന്നാല്‍ പരിവര്‍ത്തനത്തിലേക്ക് നോക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ഇത്തരത്തിലുള്ള ഒരു സെന്ററിലെ വോളണ്ടിയര്‍ ഇവ്വിധം പെരുമാറുന്നത് ശരിയോ എന്ന് അതു കണ്ടു നിന്ന പലരിലും സംശയമുണ്ടായി. ആ സംശയം ശരി തന്നെയാണ്. അതേ സമയം കണ്ടു നിന്നവരില്‍ ആ സംശയം ഉണ്ടായതു പോലും അവരുടെ അവസ്ഥ കാണാന്‍ കഴിയാതെ വന്നതുകൊണ്ടാണ്. ഇത്തരമൊരു സെന്റര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ മനസ്സില്‍ ചില ധാരണകള്‍ വരും. ആ ധാരണയനുസരിച്ച് കാര്യങ്ങള്‍ കാണുന്നതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ ഉയരുന്നത്. ഇതാണ് മനുഷ്യപ്രകൃതി. ആളുകള്‍ എത്തിയെങ്കില്‍ മാത്രമേ അത്തരമൊരു കേന്ദ്രം നടത്തിക്കൊണ്ടു പോകുവാന്‍ കഴിയുകയുള്ളൂ. അതാണ് അതിന്റെ ഉദ്ദേശ്യവും. ആ കേന്ദ്രം തുടര്‍ന്നുപോകണമെങ്കില്‍ ചിട്ടകളും നടത്തിപ്പു രീതികളും ആവശ്യവുമാണ്.
ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ ആ സ്ത്രീയും സമാധാനം തേടി തിരിഞ്ഞതാകാനാണ് സാധ്യത. അവര്‍ അവരുടെ അന്വേഷണത്തിന്റെ വഴിയിലാണ് .അതുകൊണ്ടാണ് അവര്‍ അവിടെ വോളണ്ടിയര്‍ ആയി തുടരുന്നതും. അങ്ങനെയുള്ളവര്‍ക്ക് എത്താനുള്ളത് തന്നെയാണ് ഇത്തരം കേന്ദ്രങ്ങള്‍. ചിലപ്പോള്‍ ഈ കുഞ്ഞിനു നേരേ അലറിയതും ആ സെക്യൂരിറ്റി ജീവനക്കാരി ശാന്തതയോടും വാത്സല്യത്തോടും സാക്ഷ്യം വഹിച്ചതുമൊക്കെ അവരുടെ ഉപബോധമനസ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകാം. ഏതെങ്കിലും ധ്യാന വേളയില്‍ അല്ലെങ്കില്‍ ശ്രവണവേളയില്‍ അവര്‍ക്കത് തന്റെ തിരിച്ചറിവിലേക്ക് തിരിയാനുള്ള ചൂണ്ടുപലകയായി മാറിയെന്നുമിരിക്കാം. അങ്ങനെ സംഭവിക്കാതെ പുറത്ത് ചെറിയൊരു സംഗതി കണ്ടാല്‍ പോലും അസ്വസ്ഥമാകുന്ന മനസ്സുമായി അവര്‍ ദീര്‍ഘകാലം കഴിഞ്ഞെന്നോ ജീവിതാവസാനം വരെ അങ്ങനെ തുടര്‍ന്നെന്നോ ഇരിക്കാം.
വിദ്യാസമ്പന്നരായ അധികാരമുള്ളവര്‍ ഇത്തരം ആന്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലങ്ങളാണ് അബദ്ധാചാരാങ്ങള്‍ പ്രമാണങ്ങളായി, മതങ്ങളും പ്രസ്ഥാനങ്ങളും സംസ്‌കാരങ്ങളും ജീര്‍ണ്ണിക്കാന്‍ കാരണമാകുന്നത്. ജനായത്ത സംവിധാനം അതിനു മറ്റൊരു ഉദാഹരണം. ഇന്നത്തെ നേതാക്കള്‍ ഈ അലറിയ സ്ത്രീയെ പോലെ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നു കരുതി ഏത് അധാര്‍മ്മികതയിലും മുഴുകുന്നു. ജനം വിസ്മരിക്കപ്പെടുന്നു. അതിനു കാരണം സ്വയം തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണെന്നുള്ള ആന്ധ്യമാണ്. പക്ഷേ താക്കോല്‍ സ്ഥാനങ്ങള്‍ അവരുടെ കൈകളിലേക്ക് എത്തപ്പെടുന്നു. അവരിലുണ്ടാകുന്ന സാങ്കേതിക വിജ്ഞാനം തിരിച്ചറിവുള്ളവരുടെ കൈവശവുമില്ലാതെ വരുന്നു. അതുകൊണ്ടാണ് ധ്യാനലക്ഷ്യം അവരറിയാതെ തന്നെ ജീവിതശൈലിയായ യുവതി സെക്യൂരിറ്റി ജീവനക്കാരിയായത്. പല ദേശങ്ങളില്‍ നിന്നെത്തുന്നവരെ യോഗയിലേക്കും ധ്യാനത്തിലേക്കും നയിക്കുന്ന പ്രവൃത്തി ആ യുവതിയെ ഏല്‍പ്പിക്കാനും പറ്റില്ല. ഇതാണ് വിദ്യാഭ്യാസവും സംസ്‌കാരവും തമ്മില്‍ വിടവുണ്ടാക്കിയാല്‍ സംഭവിക്കുന്ന പ്രതിഭാസം. അതാണ് ഇന്ത്യയില്‍ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരെയും തള്ളുക ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രയല്ല. എല്ലാവരിലും ഒരേ ശേഷിയും ശേമുഷിയും തന്നെയാണുള്ളത്. അതിനാല്‍ എല്ലാവരെയും ഉള്‍ക്കൊണ്ടു മാത്രമേ മുന്നോട്ടു നീങ്ങാനാകൂ. അവരിലാണ് മാറ്റം വേണ്ടത്. അതുകൊണ്ടാണ് ഗുരുവിന്റെ ആവശ്യകതയും. ആ വോളണ്ടിയറുടെ ശേഷിയും സെക്യൂരിറ്റി യുവതിയുടെ ഭാവവും ഒരാളില്‍ പ്രകടമാകുമ്പോള്‍ അവിടെ പരിവര്‍ത്തനം സംഭവിക്കുന്നു. അതാണ് ലയം. അഥവാ യോഗ എന്ന യോഗം.