അദ്ധ്യായം 20: ഇടനാഴിയിലെ പ്രളയം

മീനാക്ഷി
Sat, 23-06-2018 05:02:38 PM ;

novel passbook

വേനല്‍മഴയും കൊടുങ്കാറ്റും. നഗരവീഥികള്‍ നദിയായി മാറി. ചാനലുകളില്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ നനഞ്ഞുകുളിച്ച് വെള്ളത്തിനുളളില്‍ നിന്നുകൊണ്ട് തത്സമയ റിപ്പോര്‍ട്ടിംഗ്. ഒരാള്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നു. പെട്ടെന്ന് അവരുടെ പിന്നില്‍ ഒരു മരമൊടിഞ്ഞുവീണു. കഷ്ടിച്ചാണ് രക്ഷപെട്ടത്. പരിഭ്രാന്തയായ ആ വനിതാ റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ടിംഗ് ദൃശ്യങ്ങള്‍ അതോടെ അവസാനിച്ചു. സ്റ്റുഡിയോയില്‍ നിന്നുള്ള ന്യൂസ് റീഡറായ യുവാവ് കൊടുങ്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. വനിതാ റിപ്പോര്‍ട്ടര്‍ നിന്നിരുന്ന പടിഞ്ഞാറെക്കോട്ടയില്‍ മരം വീണതിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും തങ്ങളുടെ റിപ്പോര്‍ട്ടര്‍ അപകടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപെട്ടതിന്റെയും വിവരം നല്‍കി. മണിക്കൂറില്‍ നൂറ്ററുപതു കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞു വീശുന്ന കാറ്റിന്റെ പേര് ഓഖിയെന്നാണെന്നും പൂന്തുറ കടപ്പുറത്തു നിന്നും കടലില്‍ പോയ നൂറുകണക്കിന് മുക്കുവര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞു.
       

ഓഖി വാര്‍ത്തകള്‍ കണ്ട് ശിവപ്രസാദ് അസ്വസ്ഥനായി. തലേ ദിവസം മണ്ടയ്ക്കാട്ടു പോയ പ്രമീള ഇതുവരെ തിരിച്ചെത്തിയിട്ടില്ല. എവിടെ തിരക്കുമെന്നുള്ളതിനെക്കുറിച്ച് എത്തും പിടിയുമില്ല. അയാള്‍ കിരണിനെ ഫോണില്‍ വിളിച്ചു. കുറേ തവണത്തെ റിംഗിനുശേഷമാണ് ഫോണെടുത്തത്. അമ്മയിതുവരെ എത്തിയിട്ടില്ലെന്നും കിള്ളിപ്പാലത്തുള്ള അമ്മയുടെ കൂട്ടുകാരി ശോഭയുടെ ഫോണ്‍നമ്പര്‍ ഉണ്ടോ എന്നും ശിവപ്രസാദ് കിരണിനോടു തിരക്കി. കിരണ്‍ അര്‍ദ്ധബോധാവസ്ഥയിലാണ് സംസാരിച്ചത്.' ആ പെണ്ണുംപിള്ള പോയി തൊലയട്ടെ. നിങ്ങളാ ഹാര്‍മോണിയം പെട്ടിയെടുത്തു വച്ചുകൊണ്ടവിടങ്ങാനും ഇരിക്ക്'. കിരണിന്റെ ഈ വാചകം കേട്ട് ശിവപ്രസാദ് ഫോണ്‍ വച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. വല്ലാതെ വിങ്ങി. പ്രമീളയെക്കുറിച്ചുള്ള വിവരമില്ലാത്തതിനാലാണോ അതോ തന്റെ മകന്‍ അവ്വിധം സംസാരിച്ചതിലാണോ തന്റെ ഉള്ളു നീറുന്നതെന്ന് ശിവപ്രസാദിന് അറിയാന്‍ കഴിഞ്ഞില്ല. ശിവപ്രസാദ് ഹരികുമാറിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.
      

ഹരികുമാറുമായി സംസാരിച്ചതിന് ശേഷവും ശിവപ്രസാദ് ശോഭയുടെ നമ്പര്‍ കണ്ടു പിടിക്കാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ഏതെങ്കിലും വിധത്തില്‍ ശോഭയുടെ വീട്ടിലെത്തി അന്വേഷിക്കാന്‍ ഒടുവില്‍ ഹരികുമാര്‍ നിര്‍ദേശിച്ചു. ഇട്ടിരുന്ന പാന്റ്‌സ് മാറ്റി മുണ്ടുടുത്തുകൊണ്ട് പുറത്തിറങ്ങാന്‍ ശിവപ്രസാദ് തീരുമാനിച്ചു. കിടക്കമുറിയിലേക്ക് കയറിയപ്പോള്‍ ചാനല്‍ വാര്‍ത്തയില്‍ അയാള്‍ കേട്ടു, പാറശ്ശാലയ്ക്കടുത്തു വച്ച് തിരുവനന്തപുരത്തേക്കു വരികയായിരുന്ന ഒരു ബസ്സ് കാറ്റില്‍ പെട്ട് നദിയില്‍ വീണുവെന്ന്. ആ വാര്‍ത്ത കേട്ടതോടെ അയാള്‍ ആകെ പരിഭ്രാന്തനായി. വീടുപൂട്ടി കിള്ളിപ്പാലത്തേക്ക് തിരിച്ചു. പടിഞ്ഞാറെക്കോട്ടയിലെത്തിയപ്പോള്‍ അവിടമെല്ലാം കായല്‍ പോലെ കിടക്കുന്നു. ചാലയ്ക്കു പുറകിലുള്ള ചില വഴികളിലൂടെ ശിവപ്രസാദ് കിള്ളിപ്പാലത്തേക്ക് നടന്നു. അവിടെയെത്തി ശോഭയുടെ വീട് കണ്ടു പിടിച്ചു. കോളിംഗ് ബെല്ലടിച്ചപ്പോള്‍ കതകു തുറന്നത് ശോഭ തന്നെയാണ്. അത് ശിവപ്രസാദിനെ ഒന്നു ഞെട്ടിച്ചു.
       

 

തന്റെ ഭര്‍ത്താവിന് പെട്ടെന്ന് പനി വന്നതു കാരണം ഇക്കുറി മണ്ടയ്ക്കാട്ടു പ്രമീള തനിച്ചാണ് പോയതെന്നും തലേ രാത്രി മുതല്‍ പ്രമീളയെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും ശോഭ പറഞ്ഞു. മണ്ടയ്ക്കാട്ടാണെങ്കില്‍ ഒട്ടും പരിഭ്രാന്തിപ്പെടാനില്ലെന്നും അവിടെ പ്രമീളയ്ക്ക് എല്ലായിടത്തും നല്ല പരിചയമാണെന്നും ശോഭ ശിവപ്രസാദിനോട് ആശ്വസിപ്പിക്കുന്ന വിധം പറഞ്ഞു. അയാള്‍ കൂടുതല്‍ അസ്വസ്ഥനായി. ഇനി എന്തു ചെയ്യണമെന്നറിയാതെ അയാള്‍ അവിടെയിരുന്നു പോയി. ശോഭ ചായയുമായെത്തി വീണ്ടും സ്‌നേഹപൂര്‍വ്വം സംസാരിച്ചു. മഴ കോരിച്ചൊരിഞ്ഞു പെയ്തു. ദുരന്തങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ ചാനലില്‍ വന്നുകൊണ്ടിരുന്നു. പാറശ്ശാലയ്ക്കടുത്ത് കാറ്റില്‍ പെട്ട് നദിയില്‍ വീണ ബസ്സിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും മരണ സംഖ്യ കൂടുതലാകാനിടയുണ്ടെന്നുമുള്ള വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസത്തെ ഭജനമിരിക്കാനാണ് പ്രമീള പോയിട്ടുള്ളതെന്നും അതിനാല്‍ അന്നു മടങ്ങിവരാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബസ്സില്‍ പെടാന്‍ ഇടയില്ലെന്ന് പറഞ്ഞ് ശോഭ ശിവപ്രസാദിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് വീടിന് പുറത്ത് കാതടപ്പിക്കുന്ന ശബ്ദം. പുറത്തേക്കു നോക്കിയപ്പോള്‍ വീടിന്റെ മതിലും ഗേറ്റും തകര്‍ത്ത് വെള്ളം വീട്ടുമുറ്റത്തേക്കു കുത്തിയൊഴുകി വരുന്നു. എന്തു ചെയ്യണമെന്നറിയാതെ ശോഭയും ഭര്‍ത്താവും ഒരു നിമിഷം കുഴങ്ങി നിന്നു. വെള്ളം ഇരച്ചു കയറി മുറ്റം നിറഞ്ഞു മുന്‍വശത്തെ സിറ്റൗട്ടിലേക്കുള്ള ഒരു പടി മുങ്ങി. താമസിയാതെ വീടിനുള്ളിലേക്കും  വെള്ളം കയറുമെന്ന സ്ഥിതിയാണ്.

 

ശിവപ്രസാദിന്റെ ഫോണ്‍ ശബ്ദിച്ചു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ധൃതിയില്‍ ഫോണെടുത്തു. എല്ലാവരും പ്രമീളയുടെ വിളിയായിരിക്കുമോ എന്ന ശങ്കയില്‍ ഫോണിലേക്ക് ശ്രദ്ധിച്ചു. പക്ഷെ കിരണാണ് വിളിക്കുന്നത്.
കിരണ്‍: ആ തള്ളേടെ വല്ല വിവരോം കിട്ടിയോ?
ശിവപ്രസാദ്: ഇല്ല, ഞാനിപ്പോ ശോഭാന്റീടെ വീട്ടിലാ. അവര്‍ക്കും ഒന്നും അറിയില്ല.
കിരണ്‍: അവരീ കാറ്റത്തോ മഴയിലോ ഒലിച്ചു പോയിട്ടുണ്ടാകും. നിങ്ങള് അവരെ അന്വേഷിക്കാന്‍ നടക്കാതെ വേറെ പണി നോക്ക്.                                    കിരണിന്റെ ശബ്ദം മറ്റുള്ളവര്‍ക്കും കേള്‍ക്കാമായിരുന്നു. പെട്ടെന്ന് ശിവപ്രസാദ് ഫോണ്‍ കട്ടു ചെയ്തു.
ശോഭ: സാരമില്ല സാറേ. കുട്ടികളല്ലേ. അവര്‍ക്ക് എന്തെങ്കിലുമൊക്കെ വിഷമമുണ്ടാകും. അതാ അങ്ങനെ സംസാരിക്കുന്നെ.
ശി.പ്ര: ഓ അതു സാരമില്ല. എനിക്ക് സന്തോഷമെന്താന്നറിയാത്തതുകൊണ്ട് വിഷമം തോന്നാറേയില്ല. അതൊരു പ്രശ്‌നമല്ല. എല്ലാം സഹിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ?
ശോഭ: അവള്‍ക്കും നല്ല വിഷമമുണ്ട് സാറേ. അവളെ ഈ ഭൂമുഖത്ത് സ്‌നേഹിക്കുന്നതായി ആരുമില്ലെന്നാണ് പറയുന്നെ. അവള്‍ സാറ് വിചാരിക്കുന്ന പോലൊന്നുമല്ല. സാറിനോടൊക്കെ നല്ല സ്‌നേഹമാ.
ശി.പ്ര: ഇപ്പോ അതൊന്നുമല്ലല്ലോ പ്രശ്‌നം. അവളെവിടെയുണ്ടെന്ന് അറിയുകയെങ്കിലും ചെയ്താ മതിയായിരുന്നു. എവിടെയെങ്കിലും പോയി ഒന്നു പരാതിപ്പെടണമെങ്കില്‍ പോലും എന്താ പറയുക. എങ്ങോട്ടാണ് പോയത് എന്ന് എനിക്ക് എങ്ങനെ പറയാന്‍ പറ്റും.
ശോഭ: അവള് മണ്ടയ്ക്കാട്ടു തന്നെയാണ് സാറേ പോയിരിക്കുന്നെ. അല്ലാതെ അവള്‍ പോകാന്‍ വേറെ സ്ഥലവുമില്ലല്ലോ.

 

ശിവപ്രസാദിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വീണ്ടും ഫോണ്‍  ശബ്ദിച്ചു. പക്ഷേ അയാള്‍  എടുത്തില്ല. കിരണായിരിക്കും എന്നു കരുതിയാണ് എടുക്കാതിരുന്നത്. കുറേ അടിച്ചപ്പോള്‍ ഫോണെടുക്കാന്‍ ശോഭ നിര്‍ദേശിച്ചു. നോക്കിയപ്പോള്‍ ഹരികുമാറാണ് . താന്‍ ശോഭയുടെ വീട്ടിലെത്തിയതും ശോഭ പ്രമീളയോടൊപ്പം പോയിട്ടില്ലെന്നും ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.

 

ശോഭയുടെ വീടിന്റെ സിറ്റൗട്ട് മുങ്ങി. എപ്പോള്‍ വേണമെങ്കിലും സ്വീകരണമുറിയിലേക്ക് വെള്ളം കയറാം. തറയില്‍ കിടന്നിരുന്ന ചില സാധനങ്ങളൊക്കെ അവര്‍ പെറുക്കി സെറ്റിയിലും മറ്റുമൊക്കെ വച്ചു. ശോഭയുടെ ഭര്‍ത്താവിന് ഇപ്പോഴും നന്നായി പനി  ഉണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട്. അവരുടെ മകന്‍ മംഗലാപുരത്ത് പഠിക്കുകയാണ്. വീടിനുള്ളിലേക്ക് പോയ ശോഭ ഒരോരോ സാധനങ്ങള്‍ വേഗത്തിലെടുത്ത് മേശപ്പുറത്തും കട്ടിലിന്റെ പുറത്തും വച്ചു. വെള്ളം സ്വീകരണ മുറിയിലേക്കു കയറി. കിടക്കമുറിയില്‍ കട്ടിലിനടയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ നിറച്ചിരുന്ന സാധനങ്ങള്‍ ശോഭ വലിച്ച് പുറത്തെടുത്തു. ചില പുസ്തകങ്ങളും പേപ്പറുകളുമൊക്കെയാണ്. ശോഭയുടെ ഭര്‍ത്താവ് എന്തു ചെയ്യണമെന്നറിയാതെ അവരുടെയടുത്തു നിന്നു. അയാള്‍ക്ക് ശോഭയെ സഹായിക്കാന്‍ പറ്റുന്നില്ല. പനികൊണ്ട്  വിറയ്ക്കുകയാണ്. ശോഭ പെട്ടെന്ന് അലമാര തുറന്ന് അടിത്തട്ടില്‍ കുത്തിത്തുരുകി വച്ചിരുന്ന പഴയ സാരികളും മറ്റു തുണികളുമെടുത്ത് മുറിയുടെ വാതിലില്‍ ഒരു വരമ്പുണ്ടാക്കി. ഒഴുകിവന്ന വെള്ളം അടുക്കളയുടെ നേര്‍ക്കൊഴുകി. ശോഭയുടെ ഭര്‍ത്താവ് ആകെ ആശങ്കയിലായി. അവിടെ നിന്ന് എങ്ങോട്ടെങ്കിലും മാറേണ്ടി വരുമോ എന്ന ചിന്തയും അയാളെ പിടികൂടി. അയാള്‍ കിടക്കമുറിക്ക് പുറത്തിറങ്ങി ശിവപ്രസാദിനോട് സഹായമഭ്യര്‍ത്ഥിച്ചു. ശിവപ്രസാദ് ഉടന്‍ തന്നെ കിടക്കമുറിയിലേക്കു ചെന്നു. അലമാരയ്ക്ക് താഴെ കിടന്ന ചില തുണിച്ചുരുളുകളുമായി ശോഭയുടെ ഭര്‍ത്താവ് പുറത്തേക്കിറങ്ങി . സ്വീകരണമുറിയിലേക്കു പോയി. സിറ്റൗട്ടില്‍ നിന്നുള്ള പ്രധാന കതകിന്റെ അടിയില്‍ ആ തുണി തിരുകാന്‍ നോക്കി.
      

 

കിടക്കമുറയില്‍ കട്ടിലിനടിയില്‍ നിന്ന് പുറത്തേക്ക് വലിച്ചു വച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടി കെട്ടിയിട്ടില്ല. നല്ല ഭാരവുമുണ്ട്. അടിയില്‍ കൈകൊടുത്തുകൊണ്ട് പെട്ടി പൊക്കാനായി ശോഭയും ശിവപ്രസാദും കുനിഞ്ഞു. ബ്രേസിയര്‍ ധരിക്കാത്ത ശോഭയുടെ മാറിടം മാക്‌സിയെ താഴേക്ക് തള്ളി അതിന്റെ കഴുത്തിനെ വാതില്‍ പോലെ തുറന്നു. കണ്ണ് താഴേക്ക് പതിച്ചിട്ടും സമീപദൃശ്യമായ ആ വാതില്‍ക്കാഴ്ച പ്രകടസാന്നിദ്ധ്യമായി. കാര്‍ഡ്‌ബോര്‍ഡ് പെട്ടി പൊക്കിയതും അതാ കിടക്കുന്നു അതിനുള്ളിലുണ്ടായിരുന്ന ബുക്കുകളും മറ്റു സാധനങ്ങളും തറയില്‍. കൂട്ടത്തില്‍ ഒരു കവര്‍ കോണ്ടവും തെറിച്ചു ദൂരെ വീണു. ക്രിക്കറ്റ് ബാള്‍ ക്യാച്ച് ചെയ്യുന്ന വേഗതയില്‍ ശോഭ ആ കവര്‍ എടുത്ത് തുറന്നു കിടന്നിരുന്ന അലമാരയ്ക്കുള്ളില്‍ വച്ച് കതകടച്ചു. ശിവപ്രസാദിന്റെ മുഖത്ത് വിരിഞ്ഞ ചിരിയുടെ പ്രതികരണമെന്നോണം കൗമാരക്കാരിയുടെ ഭാവവുമായി നിലത്തു വീണ ബുക്കടുക്കിയെടുത്തുകൊണ്ട് ശോഭ പറഞ്ഞു, ' പീരിയേഡ്‌സ് നിന്നിട്ടില്ല സാറെ. ഞാന്‍ ഡെലിവറി നിര്‍ത്തിയതല്ല' . ഏതാനും സെക്കന്റിനുള്ളില്‍ നടന്ന കാഴ്ചയിലും സംഭവത്തിലും ശിവപ്രസാദ് മറ്റൊരു ലോകത്തിലേക്കു പ്രവേശിച്ചു. ഓഖിയും വെള്ളപ്പൊക്കവും വീട്ടിനുള്ളില്‍ വെള്ളം കയറുന്നതും പ്രമീളയെക്കുറിച്ചുള്ള വിവരമില്ലാത്തതും മകന്റെ നോവിപ്പിക്കുന്ന സംഭാഷണവുമെല്ലാം മാറിനിന്ന നിമിഷം. ശോഭയും വെള്ളപ്പൊക്കത്തെ മറന്നു. അവരുടെ ബുക്കടുക്കലില്‍ പെട്ടിപൊക്കിയപ്പോഴുണ്ടായ വേഗത കണ്ടില്ല. ശിവപ്രസാദും അവര്‍ക്കൊപ്പം ബുക്കടുക്കാന്‍ കൂടി. തറയില്‍ വീണതെല്ലാം പെറുക്കി ഇരുവരും കൂടി കട്ടിലിനു മേല്‍ വച്ചു. അടുത്ത പെട്ടി കട്ടിലിനടിയില്‍ നിന്നു വലിച്ചു വച്ചു. അതിനുള്ളില്‍ ചില പാത്രങ്ങളും മറ്റുമാണ്. അതു ശിവപ്രസാദ് സ്വയം പൊക്കി കട്ടിലില്‍ വച്ചു. വീണ്ടും കട്ടിലനിയില്‍ ചില ചെറിയ പെട്ടികള്‍ അവശേഷിച്ചു. അതുകൂടി കുനിഞ്ഞു തല ഉള്ളിലേക്ക് കയറ്റി ശോഭ മെല്ലെ വലിച്ചിട്ടു. ആ കാഴ്ചയില്‍ ശോഭയുടെ ആകാരവടിവ് മാക്‌സിക്കുള്ളില്‍ തെളിഞ്ഞു. എത്രയോ കാലമായി പേരു കേട്ടാല്‍ അസ്വസ്ഥത തോന്നിയിരുന്ന ഒരു വ്യക്തിയുടെയടുത്ത്, സ്വകാര്യമായി അസ്‌കിത തെല്ലുമില്ലാതെ അവരുടെ സാമീപ്യം ആസ്വദിക്കുന്നതില്‍ ശിവപ്രസാദിന് ഉള്ളില്‍ കൗതുകം തോന്നി.
        

മുന്‍വശത്തെ  വാതിലന്നടിയിലെ വിടവ് തുണിതിരുകി വെള്ളം തടയാനുള്ള ശോഭയുടെ ഭര്‍ത്താവിന്റെ ശ്രമം ഭാഗികമായിട്ടേ വിജയിച്ചുള്ളൂ. പുറത്ത് വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മതില്‍ വീണതോടെ കുത്തൊഴുക്കോടെയാണ് അവരുടെ വീട്ടിലേക്ക് വെള്ളമെത്തുന്നത്. പനികൊണ്ട് ക്ഷീണിതനായ ശോഭയുടെ ഭര്‍ത്താവ് നേരെ നില്‍ക്കാന്‍ പറ്റുന്നില്ല. കതകിനടിയില്‍ തിരുകാന്‍ ശ്രമിച്ച തുണിയെ തള്ളിയകറ്റിക്കൊണ്ട് വീടിനുള്ളില്‍ അതി ശക്തിയോടെ വെള്ളം ഇരച്ചു കയറി. വെള്ളത്തിന്റെ തണുപ്പ് പനി വര്‍ദ്ധിപ്പിച്ച് അയാളെ വല്ലാതെ വിറകൊള്ളിച്ചു. ഉള്ളില്‍ ഒളിപ്പിച്ച കൗതുകത്തിന്റെ സ്വകാര്യതയിലും രഹസ്യതയിലും ശാന്തരായി ശിവപ്രസാദും ശോഭയും കിടപ്പുമുറിയുടെ പുറത്തിറങ്ങി. അപ്പോഴേക്കും ഇടനാഴി തോടുപോലെയായി. വെളളത്തില്‍ നിന്നു വിറയ്ക്കുന്ന തന്റെ ഭര്‍ത്താവിനെ ശോഭ എതിര്‍ വശത്തുള്ള മുറിയിലെ കട്ടിലില്‍ കിടത്തി പുതപ്പിച്ചു. പരിഭ്രാന്തി കൊണ്ടാണോ പനികൊണ്ടാണോ അയാള്‍ വിറയ്ക്കുന്നതെന്ന് മനസ്സിലാകാതെയായി. കട്ടിലിലേക്കും വെള്ളം കയറിയാല്‍ എന്തു ചെയ്യുമെന്ന് അയാള്‍ ദൈന്യഭാവത്തോടെ ശോഭയോടു ചോദിച്ചു. അപ്പോഴാണ് ശോഭയും അതെപ്പറ്റി ആലോചിക്കുന്നത്.
ഇടനാഴിയില്‍ നിന്നുകൊണ്ട് ശിവപ്രസാദ് ചോദിച്ചു, ' നമുക്ക് പോലീസിലോ ഫയര്‍ഫോഴ്‌സിലോ വിവരമറിയിച്ചാലോ?'
' എനിക്കെന്തു ചെയ്യണമെന്നറിയില്ല സാറെ' ശോഭ കരയുന്ന വിധം പറഞ്ഞു.

 

ശി.പ്ര: കരയാതിരിക്കൂ. കരഞ്ഞിട്ടു കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ കാര്യമാണല്ലോ ബുദ്ധിമുട്ട്. ഈ പനിയും വച്ചുകൊണ്ട് , ഹേ എന്തു ചെയ്യാനാ.....' എന്ന ആത്മഗതത്തോടെ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് ശിവപ്രസാദ് ഫോണെടുത്ത് ഹരികുമാറിനെ വിളിച്ചു. പക്ഷേ കോള് പോകുന്നില്ല. അയാള്‍ ആവര്‍ത്തിച്ച് ശ്രമിച്ചു. പരിധിക്കു പുറത്തോ അല്ലെങ്കില്‍ സ്വിച്ച് ഓഫ് ചെയ്തതായിരിക്കുയോ ആണെന്ന റിക്കോഡഡ് സന്ദേശമാണ് കിട്ടുന്നത്. ശിവപ്രസാദ് ഫയര്‍ഫോഴ്‌സിലേക്കു വിളിച്ചു. അവിടെ ഫോണെടുത്തു. ശിവപ്രസാദ് കാര്യം പറഞ്ഞു. പക്ഷേ നിലവില്‍ അവിടേക്ക് വരാനുള്ള യുണിറ്റുകളൊന്നും ലഭ്യമല്ലെന്നും ഇരുനില വീടാണെങ്കില്‍ രണ്ടാമത്തെ നിലയില്‍ കയറി നില്‍ക്കാനുള്ള നിര്‍ദേശവുമാണ് കിട്ടിയത്. എല്ലാ ഫയര്‍ഫോഴ്‌സ് യുണിറ്റുകളും ദുരന്തമുഖത്തേക്കു പോയിരിക്കുന്നു. രണ്ടു യൂണിറ്റുകള്‍ പാറശ്ശാലയ്ക്കടുത്ത് ബസ്സ് നദിയിലേക്കു വീണതിനെത്തുടര്‍ന്ന് അവിടേക്കു പോയിരക്കുകയാണെന്നും ഫോണെടുത്ത ഫയര്‍ഫോര്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപ്പോഴാണ് കുറേ സമയത്തിനു ശേഷം താന്‍ പ്രമീളയുടെ കാര്യം ചിന്തിക്കുിന്നതെന്ന് ശിവപ്രസാദ് അല്‍പ്പം കുറ്റബോധത്തോടെ ഓര്‍ത്തു.
 

' മണ്ടയ്ക്കാട്ടമ്മയാണ് സാറിനെ ഈ നേരത്തിവിടെ കൊണ്ടുവന്നത്. സാറില്ലായിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു' ശോഭ ഭീതിയിലാണ്ട സ്വരത്തില്‍ പറഞ്ഞു. ഉള്ളില്‍ നിന്ന് വിറയിലിനൊപ്പം ശോഭയുടെ ഭര്‍ത്താവിന്റെ ഞെരക്കവും മൂളലും.
    

ശിവപ്രസാദ് ഫോണെടുത്ത് കിരണിനെ വിളിച്ചു. ഫോണെടുത്ത കിരണ്‍ ആദ്യം തന്നെ ചോദിച്ചത്, ' ആ തള്ളേ കണ്ടു കിട്ടിയോ ' എന്നാണ്. എന്നാല്‍ ശിവപ്രസാദ് വിളിച്ചത് കിരണ്‍ ഭദ്രമായ സ്ഥലത്താണോ എന്നറിയാനാണ്. അയാള്‍ കുടപ്പനക്കുന്നില്‍ ഒരു സുഹൃത്തിനൊപ്പമാണ് . നഗരത്തില്‍ ഇത്തരത്തിലൊരു വെളളപ്പൊക്കമുണ്ടായതിനെ പറ്റി അറിഞ്ഞ ലക്ഷണം പോലും അയാളുടെ സംഭാഷണത്തിലുണ്ടായില്ല.
        

 

വീടിന്റെ പിന്‍വശത്തും വെള്ളം കയറിയതിനെ തുടര്‍ന്ന് തുടര്‍ന്ന വീടിനുള്ളിലെ ജലനിരപ്പും ഉയര്‍ന്നു. പെട്ടെന്ന് ഒരലര്‍ച്ചയോടെ ശോഭ ശിവപ്രസാദിന്റെ നേര്‍ക്കൊരു ചാട്ടം. ശിവപ്രസാദിന്റെ ദേഹത്തേക്കു വീണ ശോഭ ശിവപ്രസാദുമൊന്നിച്ചു നിലത്ത് വെള്ളത്തില്‍ വീണു. അലര്‍ച്ച തുടര്‍ന്നുകൊണ്ട് ശോഭ ചാടിയെഴുന്നേറ്റു. എന്താണ് സംഭവിച്ചതെന്നറിയാതെ ശിവപ്രസാദും. നനഞ്ഞ മാക്‌സി പൊക്കി കുടഞ്ഞപ്പോള്‍ ഒരു പാമ്പ് തെറിച്ച് ദൂരെ വീണു. അത് വേഗം അപ്രത്യക്ഷമായി. ശോഭ മോഹാലസ്യത്തിലേക്കു പോകുമോ എന്നയാള്‍ സംശയിച്ചു. അവരെ പിടിച്ചുകൊണ്ട് പാമ്പ് കടിക്കുകയെങ്ങാനും ചെയ്‌തോ എന്ന് അയാള്‍ തിരക്കി. ശോഭയുടെ ശരീരം ഐസു പോലെ തണുത്തു. ശോഭയുടെ ഭര്‍ത്താവ് കട്ടിലില്‍ എഴുന്നേറ്റിരുന്ന് എന്താണ് സംഭവിച്ചതെന്ന് വിറയാര്‍ന്ന സ്വരത്തില്‍ അന്വേഷിച്ചു. പേടിക്കാനൊന്നുമില്ലെന്നും വെള്ളത്തിലൂടെ വന്ന ഒരു കൊച്ചു പാമ്പ് ശോഭയുടെ തുണിയില്‍ കയറിയതാണെന്നും ശിവപ്രസാദ് പറഞ്ഞു. ശോഭ അര്‍ദ്ധബോധത്തില്‍ ശിവപ്രസാദിന്റെ മേല്‍ക്ക് ചെരിഞ്ഞു. അയാള്‍ ഒരു വിധം അവരെ നടത്തിക്കൊണ്ട് സ്വീകരണമുറിയില്‍ നിന്നു ടെറസ്സിലേക്കുള്ള പടിയിലേക്കു പിടിച്ചു കയറ്റി. ശോഭ അവിടെ തളര്‍ന്നിരുന്നു. തണുത്തു വിറച്ച അവര്‍ക്കിത്തിരി ചൂടു വെള്ളം കൊടുക്കാനായി അയാള്‍ അടുക്കളയിലെത്തി. ചൂടു വെള്ളം ഇല്ലാതിരുന്നതിനാല്‍ ഗ്യാസ് സ്റ്റൗ കത്തിച്ച് ഒരു ചെറിയ സ്റ്റീല്‍ പാത്രത്തില്‍ വെള്ളം തിളപ്പിച്ചു. ഗ്യാസ് സിലിണ്ടറിന്റെ ഏതാണ്ട് കാല്‍ഭാഗത്തോളം മുങ്ങിയിരിക്കുകയാണ്. അയാള്‍ ശോഭയ്ക്കു ചൂടുവെള്ളം കൊടുത്തതിനു ശേഷം ഗ്യാസ് സിലിണ്ടറും സ്റ്റൗവ്വും എടുത്തുകൊണ്ട് മുകളിലത്തെ സ്‌റ്റെയര്‍ റൂമില്‍ കൊണ്ടു വച്ചു. അപ്പോഴേക്കും  ആഘാതത്തില്‍ നിന്നും ശോഭ പുറത്തു വന്നിരുന്നു.

 

' അത്യാവശ്യം കഞ്ഞിവയ്ക്കാനുള്ള അരിയും മറ്റു സാധനങ്ങളും അടുക്കളയില്‍ നിന്നെടുക്കൂ. താമസിയാതെ ഇവിടം മുഴുവന്‍ മുങ്ങും.' ശിവപ്രസാദ് ശോഭയോട് പറഞ്ഞു.
' അയ്യോ സാറേ, എനിക്കു വയ്യ പേടിയാവുന്നു. അരിയും സാധനങ്ങളുമൊക്കെ സ്റ്റോര്‍ മുറിയിലും പാതി പുറത്തുമായി ഇരിപ്പുണ്ട്. അയ്യോ , എന്റെ മണ്ടായ്ക്കാട്ടമ്മേ , ഈ വയ്യാത്ത ആളെയും കൊണ്ട് ഞാനെന്തു ചെയ്യും' ശോഭ വിലപിച്ചു. മണ്ടയ്ക്കാട്ടമ്മയെന്ന വിളി കേട്ടപ്പോള്‍ ശിവപ്രസാദിന് കലി കയറി' ഇപ്പോ മണ്ടായ്ക്കാട്ടമ്മേം വിളിച്ചോണ്ടു നിന്നാ കാര്യം നടക്കില്ല. ഫയര്‍ഫോഴ്‌സും പോലീസുമൊന്നും വരുന്ന പ്രശ്‌നമില്ല. രക്ഷ വേണമെങ്കില്‍ എന്തേലും ഇപ്പോ ചെയ്‌തേ പറ്റു. ആ സാറിനെ നിങ്ങള് പോയി പതുക്കെ പടികയറ്റി മുകളിലെത്തിക്കാന്‍ നോക്കൂ. പുള്ളിക്കാരന്റെ മരുന്നുമെല്ലാമെടുത്തോളു. ഒപ്പം അത്യാവശ്യം വേണ്ട കമ്പിളിയും തുണികളുമൊക്കെ. ' ആജ്ഞാപിക്കുന്ന രീതിയില്‍ ശിവപ്രസാദ് പറഞ്ഞു.

 

അത് ശോഭയ്ക്ക് ചെവിക്കൊള്ളാതിരിക്കാന്‍ പറ്റിയില്ല. അവര്‍ മാക്‌സി മടക്കി മുട്ടിനു മേല്‍ കയറ്റി തിരുകി വച്ച് വെള്ളത്തില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് നടന്നു. ശോഭയുടെ ഭര്‍ത്താവ് കമ്പിളിക്കുള്ളില്‍ വിറയ്ക്കുകയാണ്. അവര്‍ കൈയില്‍ കിട്ടിയ തുണികളും കമ്പിളിയുമൊക്കെ എടുത്തു കൊണ്ട് ഭര്‍ത്താവിനെ താങ്ങി അയാളുടെ മുണ്ട് നനയാതെ പൊക്കിപ്പിടിച്ചുകൊണ്ട് വെള്ളത്തിലൂടെ നടത്തി പടിയില്‍ കൊണ്ടിരുത്തി. അപ്പോഴേക്കും അയാള്‍ കൂടുതല്‍ അവശനായി. ശോഭ അയാളെ മുകളിലേക്കു കയറ്റി സ്‌റ്റെയര്‍ റൂമിലെ കൈവരിക്ക് വശത്തുള്ള സ്ഥലത്ത് തുണി വിരിച്ച് അവിടെക്കിടത്തി. അപ്പോഴേക്കും അരിയും കയ്യില്‍ കിട്ടിയ പാത്രങ്ങളുമെടുത്ത് ശിവപ്രസാദും അടുക്കളിയില്‍ നിന്നെത്തി പടി കയറി മുകളിലെത്തി.
          

ജനാലയുടെ കതകുകളുടെ ഇടയിലൂടെയും വെള്ളം അകത്തേക്കു വീണു തുടങ്ങി. തന്റെ വീടും താഴ്ചയിലാണ്. അവിടവും മുങ്ങിക്കാണില്ലേ എന്ന് ശിവപ്രസാദ് ചിന്തിച്ചു. ഇനി ഇവിടെ നിന്ന് എങ്ങനെ, എപ്പോള്‍ പുറത്തേക്കു പോകാന്‍ കഴിയുമെന്നുള്ള ആലോചനയില്‍ അയാള്‍ പടിയിലിരുന്നു. വെള്ളം ഏതാണ്ട് പാതി പടി വരെ എത്തി.  ശിവപ്രസാദ് ഫോണ്‍ നോക്കി. ചാര്‍ജ്ജ് തീരാറായി. കറണ്ട് നേരത്തേ പോയതാണ്. പടിയുടെ അഭിമുഖമായുള്ള ഭിത്തിയിലാണ് ഈ എല്‍.സി.ബി ശിവപ്രസാദ് എഴുന്നേറ്റ് താഴേക്കിറങ്ങി മെയിന്‍ ഓഫ് ചെയ്തു. ശോഭ പിന്നില്‍ നിന്നു വിളിച്ചു ചോദിച്ചു,' സാറേ തീപ്പെട്ടിയോ ലൈറ്ററോ എങ്ങാനുമെടുത്തായിരുന്നോ?' അപ്പോഴാണ് ശിവപ്രസാദ് അക്കാര്യം ഓര്‍ത്തത്.
' തീപ്പെട്ടി എവിടെയാ വച്ചിട്ടുള്ളത്'
' സ്റ്റൗവ്വിന്റെ ഇടതു വശത്തുള്ള സ്റ്റാന്‍ഡിലാ സാറേ'
' ഓ അതിപ്പോള്‍ മുങ്ങിക്കാണും'
'  സ്റ്റൗവ്വിരിക്കുന്ന സ്ലാബിനടിയിലുളള ഡ്രോയില്‍ ലൈറ്ററുണ്ട് സാറെ'
അടുക്കള വരെ എത്തണമെങ്കില്‍ അരവരെ നനയും. ശിവപ്രസാദ് മുണ്ടും ഷര്‍ട്ടും ഊരി പടിയില്‍ വച്ചിട്ട് അടിവസ്ത്രമിട്ടുകൊണ്ട് വെള്ളത്തിലേക്കിറങ്ങി. നേരത്തെ ശോഭയുടെ ദേഹത്തേക്ക് കയറിയ പാമ്പിന്റെ കാര്യവും ശിവപ്രസാദ് ഓര്‍ത്തു. പക്ഷേ അതാലോചിച്ചു നില്‍ക്കാതെ ശിവപ്രസാദ് വെള്ളത്തിലേക്കിറങ്ങി. അടുക്കളയുടെ ദിശയിലേക്കു നടന്നു. പലതും വന്ന് ദേഹത്ത് മുട്ടുന്നുണ്ട്. അടുക്കളയിലെത്തി  വെളളത്തിനുള്ളില്‍ അതിന്റെ പിടി പരതി പിടിച്ചു. തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒടുവില്‍ പണിപ്പെട്ട് അതു തുറന്നു. കത്തികള്‍ക്കും മറ്റു ലട്ടുലുടുക്ക് സാധനങ്ങള്‍ക്കും ഇടയില്‍ നിന്ന് ഒരു വിധത്തില്‍ ലൈറ്റര്‍ കണ്ടെത്തി. അതെടുത്ത് കത്തിച്ച്‌ നോക്കിയപ്പോള്‍ തീപ്പൊരി വരുന്നുണ്ട്. ആ ആശ്വാസത്തില്‍ അയാള്‍ വേഗം നടന്ന് പടയില്‍ കയറി ലൈറ്റര്‍ ശോഭയെ ഏല്‍പ്പിച്ചു. മുകളില്‍ നിന്ന് ശോഭയുടെ ഭര്‍ത്താവിന്റെ ഞെരക്കവും ഉയര്‍ന്നുകൊണ്ടിരുന്നു. അപ്പോഴേക്കും നേരം സന്ധ്യയായി.
       

novel passbook

ശോഭ എഴുന്നേറ്റ് പിന്നിലേക്കു മാറിയപ്പോള്‍ ശിവപ്രസാദ് മുണ്ടുടുത്തിട്ട് അടിവസ്ത്രം ഊരിപ്പിഴിഞ്ഞ് പടിയുടെ കൈവരിയിലിട്ടു.
' തൊണ്ട വരളുന്നു.വയറ്റില്‍ വെപ്രാളം' ശോഭയുടെ ഭര്‍ത്താവ് അവശതയുടെ സ്വരത്തില്‍ പറഞ്ഞു.
' കാപ്പിയെങ്ങാനും ഉണ്ടാക്കി കൊടുക്കാന്‍ പറ്റുമോന്നു നോക്ക്' താഴെനിന്നെടുത്ത പ്ലാസ്റ്റിക് ഭരണികളില്‍ കാപ്പിപ്പൊടിയുടെയും പഞ്ചസാരയുടെയുമൊക്കെ ഉണ്ടായിരുന്നത് ശിവപ്രസാദിനറിയാമായിരുന്നു. ശിവപ്രസാദ് മുകളിലേക്കു കയറി ഗ്യാസ് സ്റ്റൗവ്വില്‍ സിലിണ്ടറില്‍ നിന്നുള്ള ട്യൂബു ഘടിപ്പിച്ചു. അതിനുശേഷം അത് നെടുകെ മുകളിലെ കൈവരിയില്‍ വച്ച് പിടിച്ചുകൊണ്ടു ശോഭയോടു പറഞ്ഞു' ഞാനിത് പിടിച്ചോണ്ടു നില്‍ക്കാം. ശോഭ കാപ്പിയുണ്ടാക്കിക്കൊള്ളൂ'
' അയ്യോ, സാറെ വെളളം എങ്ങനെയാ'
' ആ പാത്രമിങ്ങെടുക്ക്' എന്നു പറഞ്ഞിട്ട് സ്റ്റൗ അവ്വിധം പിടിക്കാന്‍ ശോഭയെ ഏല്‍പ്പിച്ച് ശിവപ്രസാദ് വളരെ ശ്രദ്ധയോടെ, ശോഭയുടെ ഭര്‍ത്താവിന്റെ ദേഹത്ത് ചവിട്ടു കൊള്ളാതെയും അദ്ദേഹത്തിന് അലോസരമുണ്ടാകാതെയും കതകിനടുത്തേക്കു നടന്നു. വളരെ ശ്രദ്ധിച്ചാണ് കതക് തുറന്നത്. പുറത്ത് നല്ല കാറ്റുണ്ട്. അത് കതകിന്റെ നേര്‍ക്കല്ലാത്തതിനാല്‍ വലിയ ശല്യമുണ്ടായില്ല. പുറത്തിറങ്ങി പാരപ്പെറ്റിനടിയില്‍ നിന്നുകൊണ്ട് പാത്രം മഴയത്തു കാണിച്ചു. അല്‍പ്പ നേരം പിടിച്ചുകൊണ്ടു നിന്നപ്പോഴേക്കും പാത്രം നിറഞ്ഞു. ശിവപ്രസാദ് പരിസരത്തേക്കു നോക്കി. റോഡും മതിലുകളുമൊന്നും കാണാനില്ല. കായലിനു നടുക്കു വീടുകള്‍ നില്‍ക്കുന്ന പോലുള്ള ദൃശ്യം മാത്രം. എവിടെയും ആരെയും കാണാനില്ല. അകത്തേക്കു കടന്ന ശിവപ്രസാദ് അവിടെ നിന്നുകൊണ്ടു തന്നെ വെള്ളം ശോഭയുടെ കൈയില്‍ കൊടുക്കാന്‍ നോക്കിയപ്പോഴാണ് അവര്‍ സ്റ്റൗ പിടിച്ചുകൊണ്ടു നില്‍ക്കുന്നതു ശ്രദ്ധിച്ചത്. ആ വെളളവുമായി ശോഭയുടെ ഭര്‍ത്താവിനെ കവച്ച്‌ പോവുകയാണെങ്കില്‍ ചിലപ്പോള്‍ അതു തുളുമ്പി അദ്ദേഹത്തിന്റെ ദേഹത്ത് വീഴാനിടയുണ്ട്.

 

' ശോഭ , സ്റ്റൗ താഴെ വച്ചിട്ട് ഈ വെള്ളം വാങ്ങൂ. ആ വലിയ കലവും കൂടിയെടുത്തോളു. കുറച്ചു വെള്ളം കൂടി പിടിച്ചു വയ്ക്കാം. '
പാത്രവും കൊടുത്ത് ശിവപ്രസാദ് നീട്ടിയ വെള്ളവും വാങ്ങിക്കൊണ്ട് ശോഭ ചോദിച്ചു, ' അല്ല സാറെ തറയില്‍ വച്ച് സ്റ്റൗ കത്തിച്ചുകൂടെ. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല'
അതു കേട്ട് ശിവപ്രസാദിന് ചിരിയടക്കാന്‍ പറ്റിയില്ല.
' എന്താ സാറെ ചിരിക്കുന്നെ?'
അവശതയിലും പരമാവധി ഉച്ചയില്‍ അതിനുത്തരം പറഞ്ഞത് ശോഭയുടെ ഭര്‍ത്താവാണ്' സാറെ ഇവളെ വല്ല മ്യൂസിയത്തിലെങ്ങാനും കൊണ്ടിരുത്തണം'
ശോഭ ഒന്നും മനസ്സിലാകാതെ നിന്നു. ' എടി കഴുതെ , തറയില്‍ വച്ച് സ്റ്റൗകത്തിച്ചാ സിലിണ്ടറ് പൊട്ടിത്തെറിക്കും'
' ശ്ശൊ, ഞാനതങ്ങു മറന്നു പോയി' ലജ്ജകൊണ്ടു ചുമന്ന മുഖത്തോടെ ശോഭ പറഞ്ഞു. ശിവപ്രസാദ് പാത്രവുമായി പുറത്തേക്കിറങ്ങി അതിലും വെളളം നിറച്ചുകൊണ്ട് അകത്തു കയറി. ഉള്ളില്‍ ഇരുട്ടായി. എങ്കിലും അത്യാവശ്യം കാണാം. കലവും വെള്ളവും രണ്ടു കൈകൊണ്ടും ശ്രദ്ധയോടെ പിടിച്ച് ശോഭയുടെ ഭര്‍ത്താവ് ഒതുങ്ങിക്കൊടുത്ത സ്ഥലത്തു കൂടി ശിവപ്രസാദ് സ്റ്റൗവ്വിനടുത്തെത്തി. ശോഭയും ശിവപ്രസാദും അവിടെ നില്‍ക്കുമ്പോള്‍ വെള്ളം വയ്ക്കാന്‍ ഇടമില്ല.

' ശോഭയൊരു കാര്യം ചെയ്യൂ, ഈ പാത്രങ്ങളെല്ലാമെടുത്ത് പടിയിലേക്കു വയ്ക്കൂ. പാതി പടിവരെയെത്തി നില്‍ക്കുകയാണ് വെള്ളം. ശോഭ തന്റെ ഭര്‍ത്താവ് കിടക്കുന്നതിനു പിന്നില്‍ വച്ചിരുന്ന പാത്രങ്ങളും മറ്റുമെടുത്ത് ഓരോ പടികളിലായി വച്ചു, മൂന്നു പടികള്‍ ഒഴിച്ചിട്ടിട്ട്. മുകളിലേക്ക് കയറുന്നതിനിടയില്‍ ശോഭയുടെ കൈ തട്ടി കൈവരിയില്‍ വിരിച്ചിട്ടിരുന്ന ശിവപ്രസാദിന്റെ അടിവസ്ത്രം ഊര്‍ന്ന് വെള്ളത്തില്‍ വീണു. അയ്യോ എന്നുള്ള ശബ്ദം കേട്ട് ശിവപ്രസാദ് അങ്ങോട്ട് നോക്കിയപ്പോള്‍ അതു വെള്ളത്തില്‍ താഴുന്നതാണ് കണ്ടത്. വലിയ വിഷമം തോന്നാതെ സാരമില്ല എന്ന ഭാവത്തില്‍ ശിവപ്രസാദ് ശോഭയെ നോക്കി. ഉളളില്‍ ദ്വാരവും കീറ്റലുമൊന്നുമില്ലാത്ത അടിവസ്ത്രമാണല്ലോ എന്ന അറിവാണ് ശിവപ്രസാദില്‍ ആ ശാന്തത നിറച്ചത്.
     

ഹാന്‍ഡ് റെയിലിന്റെ മുകളില്‍ ശിവപ്രസാദ് പിടിച്ചുകൊണ്ടു നിന്ന സ്റ്റൗവ്വില്‍ വച്ച് ശോഭ കാപ്പിയുണ്ടാക്കി. ഭര്‍ത്താവിനു മാത്രമല്ല മൂന്നു പേര്‍ക്കും. നല്ല ഇരുട്ടില്‍ സ്റ്റൗവ്വിന്റെ തീയുടെ വെളിച്ചത്തില്‍ ശോഭയുടെ മുഖം പ്രത്യേക കാന്തിയില്‍ തിളങ്ങി. തന്റെ ഭാര്യയേക്കാളും മുതിര്‍ന്നതാണെങ്കിലും യൗവ്വനം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. നേരിയ വെളിച്ചത്തില്‍ അവരുടെ ചുണ്ടുകള്‍ ലിപ്സ്റ്റിക്കിട്ടപോലെ ചുവന്നു കാണപ്പെട്ടു. ഇരുട്ടായതിനാലും ശോഭയുടെ ശ്രദ്ധ കാപ്പിപ്പാത്രത്തിനുള്ളിലായതിനാലും, അവരറിയാതെ വളരെ അടുത്തു നിന്നുകൊണ്ട് ശിവപ്രസാദ് അത്‌ നോക്കി നിന്നു. ' പുരുഷന്റെ പിന്നില്‍ നിന്നുള്ള നോട്ടം പോലും ശരീരത്തിന്റെ ഏതുഭാഗത്താണ് പതിക്കുന്നതെന്ന് അറിയാനുള്ള ഐന്ദ്രികശേഷി സ്ത്രീക്കുണ്ടെന്ന് ' ടെലിവിഷനില്‍ ഏതോ പരിപാടിക്കിടയില്‍ കേട്ടത് ശിവപ്രസാദിന്റെ ഉള്ളില്‍ മുഴങ്ങി. താന്‍ നോക്കുന്നുണ്ടെന്നുള്ളത് അറിഞ്ഞതുകൊണ്ടാണോ ശോഭ മന്ദസ്മിതം തൂകിയപോലെ കണ്ണു താഴേക്കാക്കി നില്‍ക്കുന്നതെന്നും ശിവപ്രസാദ് സംശയിച്ചു.
      

 

കാപ്പി കുടിക്കാനായി പണിപ്പെട്ടാണെങ്കിലും ശോഭയുടെ ഭര്‍ത്താവ് എഴുന്നേറ്റിരുന്നു. ' ദൈവമുണ്ടെന്ന് എനിക്ക് മനസ്സിലായി സാറെ. ദൈവമായിട്ടാ സാറിനെ ഈ നേരത്ത് ഇവിടെ കൊണ്ടെത്തിച്ചത്. ' അദ്ദേഹം പറഞ്ഞു.ദൈവം ഇല്ലെന്നാണ് തോന്നുന്നതെന്ന്‌ തന്റെ അനുഭവങ്ങളും അപ്പോഴത്തെ അവസ്ഥയും മുന്‍നിര്‍ത്തി പറയണമെന്ന് ശിവപ്രസാദിനുണ്ടായിരുന്നു. പക്ഷേ അവരെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഒന്നും മിണ്ടിയില്ല. പ്രമീളയുടെ മുഖം ശിവപ്രസാദിന്റെ ഉള്ളില്‍ തെളിഞ്ഞു. അവള്‍ എവിടെയായിരിക്കും. ദൈവനിഷേധം പോലുള്ള ചിന്ത അയാളില്‍ വന്നതില്‍ പശ്ചാത്തപിച്ചു. ഈ നിമിഷം ആ ശക്തിയില്‍ ആശ്വാസം കൊള്ളുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ശിവപ്രസാദ് അറിഞ്ഞു. പ്രമീള മണ്ടയ്ക്കാട്ടു പോയില്ലായിരുന്നുവെങ്കില്‍ താന്‍ ജീവിതിത്തിലാദ്യമായി ഇവിടെ വരില്ലായിരുന്നു. ഇവരുടെ സഹായലഭ്യതയ്ക്കു വേണ്ടിയാണോ പ്രമീള ഒറ്റയക്ക് മണ്ടയ്ക്കാട്ടു പോയത്. അല്ലാതാകാന്‍ വഴിയില്ലല്ലോ എന്ന ശിവപ്രസാദ് ഓര്‍ത്തു.. വിചിത്രം! അയാള്‍ ഉള്ളില്‍ മന്ത്രിച്ചു. ആ വീട്ടിലേക്ക് താന്‍ എത്തിയതും ശോഭയോടുള്ള ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഇപ്പോള്‍ അവരെ സഹായിച്ചുകൊണ്ട് നില്‍ക്കുന്നു. ജീവിതത്തിന്റെ വൈചിത്ര്യങ്ങള്‍ക്ക് അന്തമില്ല. ശിവപ്രസാദ് കോച്ചിക്കൊളുത്തിപ്പിടിച്ചപോലെ ഒന്നു നടുങ്ങി. ശോഭ കരുതി സ്റ്റൗ മറിയാന്‍ പോയതാണെന്ന്.
'  എന്തു പറ്റി സാറെ?'
' ഏയ് ഒന്നുമില്ല' എന്നു പറഞ്ഞിട്ട് ഉള്ളില്‍, പറഞ്ഞു, ഏയ് , അങ്ങനെയൊന്നുമുണ്ടാവില്ല. നദിയിലേക്കു മറിയുന്ന ബസ്സില്‍ നിന്നും ഊര്‍ന്നു വീഴുന്ന പ്രമീളയുടെ ഒരു ദൃശ്യം ഞൊടിയിടയില്‍ ശിവപ്രസാദിന്റെ മനസ്സില്‍ മിന്നിയതായിരുന്നു ആ നടുക്കത്തിന് കാരണം. ശോഭയുടെ ഭര്‍ത്താവ് കാപ്പി കുടിച്ചു കഴിഞ്ഞപ്പോള്‍ ' സ്റ്റൗ ഇനി അണച്ചേക്കാം' എന്നു പറഞ്ഞുകൊണ്ട് ശിവപ്രസാദ് തീ കെടുത്തി. സ്റ്റൗ തറയില്‍ ഒരു വശത്തേക്ക് നീക്കി വച്ചിട്ട് അവശേഷിച്ച സ്ഥലത്ത് ശോഭയും ശിവപ്രസാദും ഇരുന്നു.

 

' പ്രമീളയ്ക്ക് ഒരു കുഴപ്പവും വരില്ല സാറെ. ഞങ്ങള്‍ക്ക് നല്ല പരിചയമുള്ള സ്ഥലമാ. അവിടെ എല്ലാവര്‍ക്കും പ്രമീളയെ നന്നായി അറിയുകയും ചെയ്യാം. സാറ് ഒന്നുകൊണ്ടും വിഷമിക്കേണ്ട. ' ശോഭ വീണ്ടും ആശ്വസിപ്പിച്ചു.
' ശരിയായിരിക്കാം. അതങ്ങനാവട്ടെ. അവള്‍ക്ക് ശോഭയെയെങ്കിലും ഒന്നു വിളിക്കാമായിരുന്നല്ലോ.'
'നമ്മക്കറിയില്ലല്ലോ സാറേ, അവിടുത്തെ സ്ഥിതിയെന്താണെന്ന്. അവിടെ ഇതിനു മുന്‍പ് എത്രയോ തവണ പ്രമീളയും ഞാനുമൊക്കെ പോയിരിക്കുന്നു. മണ്ടയ്ക്കാട്ടമ്മ ഒരു കുഴപ്പവും വരുത്തില്ല'
 ശോഭയുടെ മണ്ടയ്ക്കാട്ടമ്മ പ്രയോഗം കേട്ടപ്പോള്‍ ശിവപ്രസാദിന്റെ കാല്‍പ്പാദങ്ങളില്‍ നിന്ന് സോഡക്കുപ്പിയുടെ അടപ്പിളക്കുമ്പോള്‍ അടിയില്‍ നിന്നു നുരഞ്ഞു പൊന്തിവരുന്ന കുമിളകള്‍ പോലെ എന്തോ ഇരച്ചു കയറുന്നതായി തോന്നി. അതയാളുടെ ശരീരത്തില്‍ ചില അസ്വസ്ഥതയായി മാറി. ഇരുട്ടിലായിരുന്നതിനാല്‍ അത് സൃഷ്ടിച്ച മുഖഭാവം ശോഭയുടെ ശ്രദ്ധയില്‍ പെട്ടില്ല.   

 

ഇരുട്ട് കനത്തു. വൈദ്യുതി നിലച്ചിരിക്കുന്നതിനാല്‍ എവിടെയും വെളിച്ചത്തിന്റെ ചെറുനാളം പോലുമില്ല. ആ ഇരുട്ടില്‍ വീടിനുള്ളിലെ വെളളത്തിന്റെ ഓളം വെട്ടല്‍ ഉള്‍ക്കടലിലെ കടലിരമ്പം പോലെ, നിശബ്ദതയുടെയും ഏകാന്തതയുടെയും ആഴം വര്‍ദ്ധിപ്പിച്ചു. ശോഭയുടെ ഭര്‍ത്താവിന്റെ ഇടയ്ക്കിടെയുള്ള നേര്‍ത്ത ഞരക്കം ആ അവസ്ഥയെ ഒന്നുകൂടി കനപ്പിച്ചു. ശോഭയുടെ ശ്വസോച്ഛ്വാസത്തിന്റെ ഗതി അവരുടെ നാസരന്ധ്രങ്ങളെയും ഉയര്‍ന്നു താഴുന്ന മാറിടങ്ങളേയും ശബ്ദത്തിലൂടെ കാഴ്ചപ്പെടുത്തുന്നതുപോലെ അനുഭവപ്പെട്ടു.
' സാറെ കിടക്കമുറിയും ഇതുപോലെ നിറഞ്ഞിട്ടുണ്ടാകുമോ?' ശോഭ ചോദിച്ചു.

'തീര്‍ച്ചയായും നിറഞ്ഞിട്ടുണ്ടാകും.' ശിവപ്രസാദ് പ്രതികരിച്ചു. ' എന്റെ മണ്ടയ്ക്കാട്ടമ്മേ , അലമാരയക്കുള്ളില്‍ വെള്ളം കയറാതിരുന്നാല്‍ മതിയായിരുന്നു. വീടിന്റെ പ്രമാണവും പ്രധാനപ്പെട്ട പേപ്പറുകളുമൊക്കെ അതിനുള്ളിലാ ഇരിക്കുന്നെ. ഭാഗ്യത്തിന് അതൊരു പ്ലാസ്റ്റിക് കവറിലിട്ടാണ് വച്ചിരിക്കുന്നെ. അത്രയും ആശ്വാസം'. ആ പാമ്പ് എന്റെ ദേഹത്ത് കയറിയതോടെ പിന്നെ എന്റെ ലക്കു പോയി സാറെ. അല്ലെങ്കില്‍ കുറേ സാധനങ്ങള്‍ കൂടി മാറ്റാമായിരുന്നു.' അലമാരയ്ക്കുള്ളില്‍ വെള്ളം കയറിയാല്‍ അതിന്റെ മുകളില്‍ പൊന്തിക്കിടക്കുന്ന ചെറിയ കവറോര്‍ത്ത് ശിവപ്രസാദിന് ചിരി വന്നു.
    

'ഇനി എപ്പോഴാ നമ്മള്‍ക്കിവിടെ നിന്ന് ഇറങ്ങാന്‍ പറ്റുക. അതുവരെ എങ്ങനെ കഴിച്ചു കൂട്ടും. സാറ് ആ അരിയും മുളകും ഉപ്പുമൊക്കെ എടുത്തതിന്റെ പേരില്‍ എന്തേലും വെച്ചുണ്ട് കഴിച്ചുകൂട്ടാം. വെള്ളം ഇത്ര കയറുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല സാറെ. നമ്മള് പാടുപെട്ട് കട്ടിലിനടിയില്‍ വച്ചിരുന്നതൊക്കെ പുറത്തെടുത്ത് വച്ചത് വെറുതെയായി.'
'ങാ ചിലതൊക്കെ അലമാരയ്ക്കുള്ളിലും വയ്ക്കാന്‍ കഴിഞ്ഞില്ലേ' എന്ന് അതിനു പ്രതിവാക്യമായി ശിവപ്രസാദ് പറഞ്ഞപ്പോള്‍ ശോഭ വളരെ രഹസ്യമായി ശിവപ്രസാദിനെ ഒന്നു നുള്ളി. ആ നുള്ളലിന് വേദനയുണ്ടായിരുന്നുവെങ്കിലും ശിവപ്രസാദ് അനങ്ങിയില്ല. കരാണം ചെറിയ നിശ്വാസം പോലും ശബ്ദമായി കേള്‍കുന്ന അന്തരീക്ഷമാണ്.
' അയ്യോ സാറേ......' ശോഭ ഉറക്കെ നിലവിളിപോലെ
' എന്തു പറ്റി' ശിവപ്രസാദ് തിരക്കി. ഒപ്പം ഞെരക്കത്തെ വാക്കാക്കി പരിണമിപ്പിച്ചെന്ന പോലെ ശോഭയുടെ ഭര്‍ത്താവും എന്താണെന്ന് തിരക്കി.
' ഞാന്‍ ഫോണ്‍ രണ്ടും എടുക്കാന്‍ മറന്നു പോയി. രണ്ടും താഴെയിരിക്കുവാ' ശോഭ പറഞ്ഞു.
' ഇനിയിപ്പോ തലേ കൈവെച്ചിട്ട് കാര്യമില്ല. പോയത് പോയി. ജീവനുണ്ടല്ലോ. അതു തന്നെ വലിയ കാര്യം. 'ശോഭയുടെ ഭര്‍ത്താവ് മുരണ്ടു.
' ചിലപ്പോ പ്രമീള എന്റെ ഫോണില്‍ വിളിച്ചിട്ടുണ്ടാകും'  ശോഭ സംശയം പ്രകടിപ്പിച്ചു.
' എന്റെ ഫോണ്‍നമ്പര്‍ പ്രമീളയുടെ ഫോണിലുണ്ടാകാനിടയില്ല' ശിവപ്രസാദ് സ്വരം താഴ്ത്തി പറഞ്ഞു.
'അവളെ സാറ് വിളിച്ചിരുന്നില്ലേ'
 'വ്വ്. പക്ഷേ അങ്ങനൊരു നമ്പര്‍ നിലവിലില്ലെന്നാണ് കിട്ടുന്ന പ്രതികരണം'
' സാറ് എതു നമ്പരിലാ വിളിച്ചെ. 3848-ല്‍ അവസാനിക്കുന്ന നമ്പരിലാണോ? '
' അതേ'
' അയ്യോ സാറെ , ആ നമ്പര്‍ പോയിട്ട് ഒന്നൊന്നര വര്‍ഷമെങ്കിലുമായിട്ടുണ്ടാകും. ഇപ്പോഴത്തെ അവളുടെ നമ്പറ് അവസാനിക്കുന്നത് 6006-ലാ.'
അതു കേട്ട് ശിവപ്രസാദ് ആ ഇരുട്ടില്‍ അര്‍ത്ഥവത്തായി ഒന്നു ചിരിച്ചു. മുഖഭാവം ശോഭയ്ക്ക് വായിച്ചെടുക്കാന്‍ പാകത്തില്‍. ഈര്‍ച്ചവാള്‍ കൊണ്ട് ഉണങ്ങിയ തടി അറുക്കുന്നതുപോലെ ശോഭയുടെ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി. അത്  നടുക്കടലിലെ ആകാശത്ത് പരേതാത്മാക്കളുടെ സാന്നിധ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ ശിവപ്രസാദിന് അനുഭവെപ്പെട്ടു.

 

' സാറേ നമുക്ക് ഉള്ള ഭക്ഷണം കഴിച്ചാലോ. നേരത്തേ പോലെ ഗ്യാസ് കത്തിക്കാംഇത്തിരി വെളിച്ചത്തിന്'
' ഓ അതു മെനക്കേടാ. എന്തായാലും ഇന്നു രാത്രിയോടെ എന്റെ ഫോണിന്റെ ചാര്‍ജ്ജ് തീരും. കുറച്ചു നേരം ഫോണിന്റെ ടോര്‍ച്ച് ഓണ്‍ ചെയ്ത് പെട്ടെന്ന് ഭക്ഷണമങ്ങു കഴിക്കാം. ' അങ്ങനെ നിര്‍ദേശിച്ചുകൊണ്ട് ശിവപ്രസാദ് ഫോണിന്റെ ടോര്‍ച്ച് ഓണ്‍ ചെയ്തു. പടിയില്‍ ഇരുന്നിരുന്ന പാത്രങ്ങളില്‍ നിന്ന് ചോറും കറിയുമെടുത്ത് അവിടെയുണ്ടായിരുന്ന രണ്ടു ചെറിയ സ്റ്റീല്‍ ചരുവങ്ങളിലിട്ടു രണ്ടു പേരും ക്ഷണത്തില്‍ കഴിച്ചു. ശോഭയുടെ ഭര്‍ത്താവ് പനിയുടെ ക്ഷീണത്തില്‍ ഉറങ്ങുന്നതിനാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്നും ഉണരുമ്പോള്‍ വേണമെങ്കില്‍ കഞ്ഞി വെച്ചു കൊടുക്കാമെന്നും ശോഭ പറഞ്ഞു.
     

ഭക്ഷണം കഴിഞ്ഞ് ശിവപ്രസാദ് പാത്രങ്ങളിരുന്ന പടികള്‍ക്കു മുകളിലൂടെ ശ്രദ്ധിച്ച് കാല്‍ വച്ച് താഴേക്കിറങ്ങി. വെള്ളത്തിനടുത്തെത്തി പാത്രങ്ങള്‍ രണ്ടും കഴുകി. കലത്തിലുണ്ടായിരുന്ന വെള്ളത്തില്‍ നിന്ന് കുറച്ചെടുത്ത് ശോഭ ശിവപ്രസാദിന് വായ് കഴുകാന്‍ നല്‍കി. വായ് കഴുകി താഴെ വെള്ളത്തിലേക്കു തന്നെ ശിവപ്രസാദ് തുപ്പി. അതു കഴിഞ്ഞ് ടോര്‍ച്ചണച്ച് പടി കയറിച്ചെല്ലുന്നിടത്തു വീണ്ടും ഇരുന്നു. രഹസ്യം പറയുന്ന പോലെ അവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചിരുന്നു.നേരം നന്നായി ഇരുട്ടി.
' സാറെ നമുക്ക് കിടക്കണ്ടേ'
' എന്തായാലും ഇങ്ങനെയിരുന്ന് നേരം വെളുപ്പിക്കാന്‍ പറ്റില്ലല്ലോ' ശിവപ്രസാദ് മറുപടി പറഞ്ഞു. കഷ്ടിച്ച് ഒരാള്‍ക്ക് കാലുകള്‍ മടക്കി മലര്‍ന്നു കിടക്കാനുള്ള ഇടമേ സ്റ്റെയര്‍ റൂമില്‍ ബാക്കിയൊള്ളൂ. കൈവരിയ്ക്കും ഭിത്തിക്കുമിടയ്ക്കുള്ള സ്ഥലം. ' ഇപ്പോ എന്താ ചെയ്യുക? ' ശിവപ്രസാദ് ചോദിച്ചു.
' ഉള്ള സ്ഥലത്ത് കിടക്കാം സാറെ. അല്ലാതെ നമുക്കെന്തു ചെയ്യാന്‍ പറ്റും. '
' നമ്മള്‍ രണ്ടു പേര് ചരിഞ്ഞു കിടന്നാല്‍ തന്നെ ഞെങ്ങിഞെരിയും. ശോഭയ്ക്ക് ഭര്‍ത്താവിന്റെയടുത്ത് എങ്ങനെയെങ്കിലും കിടക്കാന്‍ പറ്റുമോ?'
' അതു പറ്റത്തില്ല സാറെ. ഇപ്പോ തന്നെ അണ്ണന്‍ ഒരുവിധം കിടക്കുവാ.  അണ്ണന് തന്നെ സ്ഥലമില്ല. പനിയില്ലായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു.

 

കുഴപ്പമില്ല സാറെ, നമുക്ക് രണ്ടു പേര്‍ക്കു കൂടി ഇവിടെ ചരിഞ്ഞ് ഉള്ള സ്ഥലത്തു കിടക്കാം. അതു പറഞ്ഞുകൊണ്ട് ഭിത്തിയോട് ചേര്‍ന്ന ഭാഗത്ത് ശോഭ കിടന്നു. കൈവരിയില്‍ പിടിച്ചുകൊണ്ട് ശിവപ്രസാദും. തറിയില്‍ വിരിച്ച ഷീറ്റില്‍ തല പതിയുന്നതിനു മുന്‍പ് ശോഭയുടെ സ്വതന്ത്രമായ മാറിടങ്ങള്‍ ശിവപ്രസാദിനെ വരവേറ്റു. ശിവപ്രസാദ് വലതുകൈ ഉയര്‍ത്തി ശോഭയുടെ തലയ്ക്ക് പിന്നിലൂടെ നീട്ടി വച്ചു. ' ശ്ശൊ, എന്റെ ഇടതു കൈ എന്തു ചെയ്യണമെന്നറിയില്ല.' ശോഭ ശ്വാസ സ്വരത്തില്‍ മന്ത്രിച്ചു. അടിയില്‍ നിന്ന് ഒരു വിധത്തില്‍ അവര്‍ കൈവലിച്ചെടുത്ത് തലയ്ക്ക് മുകളിലൂടെ ശിവപ്രസാദിന്റെ കൈയ്ക്ക് മേല്‍ വച്ചു.
' എന്തായാലും തണുപ്പ് മാറി' ശിവപ്രസാദ് ശോഭയോട് മന്ത്രിച്ചു.അതിനു പ്രതികരണം ശോഭയുടെ പൊടുന്നനെയുള്ള ചുംബനമായിരുന്നു. അത് ശിവപ്രസാദിന്റെ മൂക്കിനു മേലാണ് പതിഞ്ഞത്. നേരത്തെ ശിവപ്രസാദിന്റെ മനസ്സില്‍ ചെറിയ നടുക്കമുണ്ടാക്കി കടന്നുപോയ, ബസ്സില്‍ നിന്ന് ഊര്‍ന്ന് വീണ് നദിയിലേക്കു പോകുന്ന പ്രമീളയുട മുഖം വീണ്ടും അയാളുടെ മസ്തിഷ്‌ക്കത്തെ കീറി മുറിച്ചു.' എന്താ സാറെ ആലോചിക്കുന്നെ,  ആ നിശബ്ദതയില്‍ ചെവി കൂര്‍പ്പിച്ചാല്‍ മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ ശോഭ ചോദിച്ചു. ' ഞാന്‍ പ്രമീളയെക്കുറിച്ച് ഓര്‍ക്കുകയാ'. അതിനുത്തരമായി ശോഭ മന്ത്രിച്ചു, ' സാറ് പേടിക്കേണ്ട. അതു മണ്ടയ്ക്കാട്ടമ്മ നോക്കിക്കൊള്ളും. ' ആ പ്രയോഗം ആദ്യമായി ശിവപ്രസാദിനുള്ളില്‍ നടുക്കടലിലെ ശാന്തമായ കാറ്റിന്റെ സ്‌നേഹസ്പര്‍ശം പോലെ അനുഭവപ്പെട്ടു. അയാള്‍ സ്വയം ഉള്ളില്‍ മന്ത്രിച്ചു' ശരിയാ മണ്ടയ്ക്കാട്ടമ്മ രക്ഷിക്കും'.  ശിവപ്രസാദ് പ്രാര്‍ത്ഥന പോലെ ' എന്റെ മണ്ടയ്ക്കാട്ടമ്മേ'  എന്ന് മന്ത്രിച്ചു. തന്റെ മന്ത്രം പ്രതിധ്വനിപ്പിക്കുന്നതു പോലെ താഴത്തെ മുറിയിലെ വെളളം ഭിത്തിയില്‍ ഓളം വെട്ടി. (തുടരും)

 

 

Tags: