അദ്ധ്യായം 19: ഉഷ്ണക്കാറ്റ്‌

മീനാക്ഷി
Wed, 11-04-2018 02:38:04 PM ;

reality novel, passbook

ശനിയാഴ്ച രാത്രി. കഴക്കൂട്ടത്തെ ഫഌറ്റിലെ സ്വീകരണമുറിയില്‍ നിയയും റിശയും തമ്മില്‍ കടുത്ത തര്‍ക്കം. മറ്റുള്ളവര്‍ അവരുടെ തര്‍ക്കം ശ്രദ്ധിക്കുന്നതല്ലാതെ ഇടപെടാന്‍ കൂട്ടാക്കുന്നില്ല. നിയ ഇടയക്ക് ഗദ്ഗദകണ്ഠയാവുകയും ചെയ്യുന്നുണ്ട്.

 

നിയ: വൃത്തികേടുകള്‍ പറയുന്നതും കാട്ടുന്നതും നിങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തില്‍ ചിലപ്പോള്‍ മാര്‍ക്കറ്റുണ്ടാക്കിത്തരും. പക്ഷേ അതു മറ്റുള്ളവരുമായുളള ഇടപെടലില്‍ കാണിക്കുന്നത് ചീപ്പാണ്. ചീപ്പെന്നുള്ള വാക്കുമാത്രമേ ഞാനുപയോഗിക്കുന്നുള്ളു. അതിനേക്കാളുമൊക്കെ ഒരുപാടു താഴെയാ യഥാര്‍ത്ഥത്തില്‍ റിശയുടെ പെരുമാറ്റമെന്നു പറായതെ നിവൃത്തിയില്ല.
റിശ: നീ പോടീ തൈക്കെളവി. നിന്റസുഖം എന്താണെന്ന് എനിക്കറിയാം.
ഷിമ: റിശ, നീ കുറച്ചുകൂടി മര്യാദയ്ക്ക് സംസാരിക്കൂ. ഒന്നുമില്ലെങ്കിലും നിന്നേക്കാള്‍ പ്രായമുള്ളയാളല്ലേ ചേച്ചി.
റിശ:  അതാ അവരുടെ പ്രശ്‌നം. പത്തുപതിനഞ്ചുകൊല്ലമായി കെട്ടിയവനുമായി അകന്നിട്ട്. അതിന്റെ പ്രശ്‌നം തീര്‍ക്കാനുള്ള സേഫ്റ്റിവാല്‍വ്വൊന്നുമല്ല ഞാന്‍.

അഞ്ജലി: റിശ, നീ ചേച്ചീടടുത്ത് സോറി പറയണം. നമ്മള്‍ ഇവിടെ ഒരു ചെറിയ പ്രശ്‌നം പോലുമില്ലാതെയാ ഇതുവരെ താമസിച്ചു പോന്നത്. ഞാന്‍  ഹോസ്റ്റലുകളിലും, പേയിംഗ് ഗസ്റ്റായിട്ടുമൊക്കെ പലയിടത്തും താമസിച്ചിട്ടുണ്ട്. അവിടെയെല്ലാം പ്രശ്‌നങ്ങളും നേരിട്ടുട്ടുണ്ട്. ഇവിടെയാണ് ആദ്യമായി രസിച്ചു താമസിച്ചുവന്നത്. ഓഫീസില്‍ നിന്നു സത്യം പറഞ്ഞാല്‍ ഇവിടെത്താനെന്തൊരുത്സാഹമാന്നറിയാമോ. അത് നീയായി ഇല്ലാതാക്കരുത്.

 

റിശ: അതു ശരി . ഞാനാ ഇപ്പോ കുഴപ്പക്കാരിയായത് അല്ലേ. ഞാന്‍ അത്ര വൃത്തികേടൊന്നും കാണിച്ചതായി എനിക്കു തോന്നുന്നില്ല. ഞാന്‍ വാങ്ങിയ ഫാന്‍. ഇവിടെ എ.സിയുണ്ടായിട്ടും ഞാനതു വാങ്ങിയത് പ്രത്യേക ഉദ്ദേശ്യത്തിലാണെന്ന് അറിയാമല്ലോ. ഇന്നു ഞാന്‍ വന്നപ്പോ അതെടുത്തു വച്ചിട്ടായിരുന്നു ഈ പെണ്ണുംപിള്ളേടെ പാട്ടു പഠിത്തം. ഞാന്‍ നീറിപ്പുകഞ്ഞാ ഇവിടേക്കു വരുന്നത്. അപ്പോ എനിക്ക് ഫാന്‍ ഇല്ലെങ്കിലുള്ള അസ്വസ്ഥത വലുതാ. ഞാന്‍ അവരുടെയടുത്തു നിന്നും ഫാനെടുത്തു കൊണ്ടുപോയി ജീന്‍സൂരി തണുപ്പിച്ചു. കുറച്ച് കാറ്റടിച്ചിട്ട് തിരികെക്കൊണ്ടുവയ്ക്കാമെന്നു വിചാരിച്ചാ ഞാനെടുത്തുകൊണ്ടു പോയത്. പക്ഷേ ക്ഷീണംകൊണ്ട് ഞാനങ്ങ് ഉറങ്ങിപ്പോയി. അതീ പെണ്ണുംപിള്ളയോട് ഞാന്‍ പറഞ്ഞുതുമാ. അപ്പോഴത്തേക്ക് ഇവര്‍ക്ക് ആ പാട്ടുമാസ്റ്ററോടങ്ങ് പ്രണയമായിപ്പോയി.

 

അമാന്റ: അയ്യോടീ, പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമന്നല്ലേടി. നിനക്ക് പ്രണയത്തിന്റെ സുഖമൊന്നുമറിയില്ല. അതിന്റെ കുഴപ്പമാ.ഈ ഡയറക്ട് ആക്ഷനൊക്കെ നിര്‍ത്തിയൊന്നു പ്രണയിച്ചു നോക്കു മോളെ. അപ്പോ അറിയാം ചേച്ചി എന്തുകൊണ്ടാ ഇങ്ങനെ വിഷമിച്ചുപോയേന്ന്. പോട്ട് ചേച്ചി. അടുത്ത പാട്ടുക്ലാസ്സില്‍ പാട്ട് മാസ്റ്റര്‍ വരുമ്പോ നമുക്ക് ബെഡ്‌റൂമിലെ എ.സിയിലിരുന്നു പഠിക്കാം.

നിയ: ആമു നീ ആവശ്യമില്ലാതെ സംസാരിക്കരുത്. എനിക്കിത് തമാശയല്ല. നമ്മുടെ വീട്ടിലെത്തിയ ഒരാളെ ഇന്‍സള്‍ട്ട് ചെയ്യുകയെന്നുവെച്ചാല്‍ ആ സംസ്‌കാരമൊന്നും എനിക്കു പരിചയമില്ല.
റിശ: എടി പെണ്ണുംപിള്ളെ നിനക്കു വേണമെങ്കി വേറെ ഫാന്‍ വാങ്ങിവെച്ച് അയാളെ കാറ്റടിക്ക്. എന്റെ ഫാന്‍ ഇനി എടുക്കേണ്ട. കാര്യം തീര്‍ന്നില്ലെ.

ഷിമ: റിശ, നീ അതിരു കടന്നാ സംസാരിക്കുന്നെ. നമ്മടെ കൂടെ ചേച്ചി എല്ലാത്തിനും കൂടുമെങ്കിലും നമ്മുടെ ഗാര്‍ഡിയന്‍ കൂടിയാ ചേച്ചി.
നിമിഷ: അതു ശരിയാ. നമ്മുടെ കാരണവരു തന്നെയാ നിയേച്ചി.
റിശ: ഷിറ്റ്. അയാം അഷേംഡ് ഓഫ് യു . ചുമ്മാതല്ലെടീ ഞങ്ങളൊക്കെ ഇത്രയും കഷ്ടപ്പെട്ട് സമൂഹത്തില്‍ ഫെമിനിസ്റ്റ് ചിന്താഗതി കെട്ടിപ്പെടുത്താന്‍ ശ്രമിക്കുമ്പോ അതൊക്കെ പരാജയപ്പെടുന്നത്. അതുകൊണ്ടാ നിനക്കൊന്നും കാര്യം മനസ്സിലാകാത്തത്. രാവിലെ മുതല്‍ വെയിലും കൊണ്ട് അവിഞ്ഞ് പുഴുങ്ങി വന്ന എനിക്കു തന്നെയായിരുന്നു ഇവിടെ സ്വീകരണമുറിയുടെ മൂലയ്ക്കിരുന്നു പാട്ടു പഠിക്കുന്നവരേക്കാള്‍ ഫാന്‍ ആവശ്യം. നിന്റെയൊക്കെ മനസ്സില്‍ ഇപ്പോഴും ആണിന്റെ അടിമായാകാനുള്ള കൊതിയാ. അതുകൊണ്ടാ നീ കാരണവരാന്ന് പറഞ്ഞെ. നാണമില്ലല്ലോടി.

 

നിമിഷ: നീ പോടി. എനിക്കത്യാവശ്യം ആണിന്റെ അടിമയാകുന്നതിനോട് വലിയ എതിര്‍പ്പൊന്നുമില്ല. നീയെല്ലാം കൂടി പണിഞ്ഞ് പണിഞ്ഞ് ആണിനെ കാണണമെങ്കില്‍ നിന്നേപ്പോലുള്ളവരെ പ്രാപിക്കേണ്ട അവസ്ഥ വരുന്നു. ആ ഒരു പ്രശ്‌നമേ ഉള്ളൂ.
ഷെല്‍ജ: അപ്പോ നമ്മുടെ ഫാന്‍ പ്രശ്‌നം കഴിഞ്ഞിരിക്കുന്നു. ഇനി വേണ്ടത് നിയച്ചേച്ചിയുടെ ഒരു ചിരിയാ. ചേച്ചീ , അവളൊരു ഫെമിനിച്ചിയല്ല്യോ . ക്ഷമിച്ചുകള ചേച്ചീ. എടീ മീഡിയാ, വന്നു ചേച്ചിക്കൊരു ഷേക്ക്ഹാന്‍ഡ് കൊടുത്തേ.
റിശ: നീ പോടീ പൈങ്കിളി. എനിക്ക് തെറ്റു ചെയ്‌തെന്നു ബോധ്യം വന്നാലേ ഞാന്‍ സോറി പറയാറുളളൂ. ഞാന്‍ ഉത്തമബോധ്യമുള്ളതു തന്നെയേ ചയ്യാറുള്ളൂ. തോന്നുന്നതു ചെയ്യുകയും ചെയ്യും. അതിനും മടിയില്ല. നിന്നെയൊക്കെ ഓരോരുത്തന്മാര് വളച്ചോണ്ടു പോയി കാര്യം സാധിക്കും. എടീ നിനക്കറിയാമോ ഞാന്‍ ഓരോരുത്തന്മാരെ തട്ടിക്കൊണ്ടു പോയാ കാര്യം നടത്തുന്നെ. ഐ ഹാവ് ഒണ്‍ളി ജിഗളോസ്.
ഷെല്‍ജ: ഹ , നീയങ്ങ് പിണങ്ങാതെടീ മീഡിയ. ഈ ജിഗളോസിനെ നമ്മക്കു കൂടി കിട്ടാന്‍ വഴിയുണ്ടോടീ. വെറുതേ ചൈനാക്കാരുടെ കളിപ്പാട്ടത്തിനു കാശ് ചെലവാക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത്

 

ഷിമ: അപ്പോ നിയച്ചേച്ചി ഓകെ. ചേച്ചിയെ വിഷമിപ്പിക്കുന്ന രീതിയില്‍ റിശ ഇനി സംസാരിക്കരുത്.
റിശ: ഞാനാരേം അങ്ങോട്ടു കേറി തോണ്ടാന്‍ പോകാറില്ല. എന്റടുത്തേക്കു വന്നാ ഞാന്‍ പ്രതികരിക്കും. അതിനു സംശയവും വേണ്ടാ. ഇനീ ഞാന്‍ നിങ്ങടെ കൂടെ താമസിക്കുന്നത് ബുദ്ധിമുട്ടാണേ പറ. ഈ നിമിഷം ഞാനിവിടുന്ന് വെക്കേറ്റ് ചെയ്യാം.
നിമിഷ: ശ്ശെ, ഇവള്‍ക്കെന്തിന്റെ കുഴപ്പമാ. എടീ, നിന്റെ ഏതെങ്കിലും ജിഗളോച്ചേട്ടനോ അനിയനോ ഒഴിവുണ്ടോന്നു വിളിച്ചു നോക്ക്. നിനക്കതിന്റെ അസ്വസ്ഥതയാണന്ന് തോന്നുന്നു.
അമാന്റ: എടീ , അങ്ങനാണേ ഇഞ്ഞോട്ടു വിളിക്കടീ റിശേ, നിന്റെ ജിഗളോച്ചേട്ടനെ
അഞ്ജലി: ന്നാലും, എന്റെ നിച്ചേച്ചി ഇത്തിരി പ്രണയത്തിലാണെന്നു തോന്നുന്നു.

നിയയെ കെട്ടിപ്പിടിച്ചുകൊണ്ട് അഞ്ജലി പറഞ്ഞു. അന്തരീക്ഷം ഏതാണ്ടൊന്നയഞ്ഞു വന്നു. റിശ വീണ്ടും ഗ്ലാസ്സ് നിറച്ച് മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി. അമാന്റയും ഷിമയും നല്ല ഫോമിലാണ്. അമാന്റ എഴുന്നേറ്റു വന്ന് നിയയെ കേട്ടിപ്പിടിച്ചു.

അമാന്റ: ഈ ചേച്ചി പ്രണയത്തിലാ. ചേച്ചീ, ഇനീ അവളുടെ ഫാനുപയോഗിക്കരുത്. സംഗീതമെന്നാല്‍ ഈശ്വരനല്ലേ. അവളുടെ ഫാന്‍ ഒരശ്ലീലമാ ചേച്ചി. അതറിയാവുന്നതുകൊണ്ടല്ലേ അതവളെടുത്തോണ്ടു പോയത്.
ഇതു കേട്ടപ്പോള്‍ നിയയും പൊട്ടിച്ചിരിച്ചു പോയി.
റിശ: ഹയ്യ, എന്തൊരു കാച്ച്. എടീ മസാലേ, മൂക്കും വായും പോലെയുളള അവയവം തന്നെയാടീ അതും.
അമാന്റാ: എങ്കീ പിന്നെ നീയതുകൊണ്ടു സംസാരിക്കു. വായ്ക്ക് റെസ്റ്റ് കൊടുക്ക്.പ്രശ്‌നം കഴിഞ്ഞല്ലോ. ന്റെ പൊന്നോ. എന്തോന്നിത്.
അഞ്ജലി: എടീ മീഡിയാ. നീ പെറരുത്. കേട്ടോ. നീ പെറുകയാണെങ്കില്‍ ഉറപ്പാ നിനക്കുണ്ടാകുന്നത് ആ വെള്ളത്താടിക്കാരന്‍ കോളേജ് വാദ്ധ്യാര് പറഞ്ഞപോലെ ട്രാന്‍സ് ജെന്‍ഡറേ ഉണ്ടാകൂ. പോരെങ്കീ നീ ഒരുകാലത്തും കഴുകാതെ ജീന്‍സാ ഉപയോഗിക്കുന്നെ.
കൂട്ടത്തോടെ നിയ ഒഴികെ മററുള്ളവരെല്ലാം ചേര്‍ന്ന് 'ആമീന്‍ ആമീന്‍'

 

റിശ: നിയച്ചേച്ചി പോയി ഇത്തിരി ഐസുകൊണ്ടുവരുവോ?
നിയ: ഞാനുമാലോചിച്ചിരിക്കുവാരുന്നു, ഇവക്കടെ തലേലിത്തിരി ഐസു വച്ചാലോന്ന്. ഈ നാല്‍പ്പതു ഡിഗ്രി ചൂടും അതിന്റെ മോളില്‍ ജീന്‍സും അതിന്റെ മോളില്‍ വിസ്‌കിയും അതിന്റെയും മോളില്‍ മാധ്യമപ്രവര്‍ത്തനവും കൂടിയാകുമ്പോ നിനക്കിത്തിരി കൂടുതല്‍ ഐസു വേണം.
റിശ: എടുത്തോണ്ടു വാടീ നീയേ ഐസ്
നിയ: ഓ ഇവള് പെറ്റാ ട്രാന്‍സ്ജന്‍ഡര്‍ ഇരട്ടക്കുട്ടികളായിരിക്കും. ഒരു സംശയവുമില്ല. ക്വഡ്രാപ്ലറ്റായാലും അതിശയിക്കാനില്ല.
അമാന്റ:  സുഹൃത്തുക്കളെ, നമുക്ക് നമ്മുടെ വെള്ളത്താടിക്കാരന്‍ പ്രൊഫസര്‍ക്ക് ഒരു അവാര്‍ഡങ്ങ് കൊടുത്താലോ.
നിമിഷ: അവാര്‍ഡ് ദാനച്ചടങ്ങില്‍ നമുക്കൊരു പാട്ടുകച്ചേരി കൂടി നടത്തിയാലോ.
റിശ: കച്ചേരിയ്‌ക്കൊന്നും ആളിനെ കിട്ടില്ല.നമുക്ക് ഡ്യൂവറ്റ് നടത്തിയാലോ.
    

ഇതു പറഞ്ഞപ്പോഴേക്കും നിയ പാത്രത്തില്‍ ഐസുമായെത്തി. അതില്‍ നിന്നു രണ്ടുമുന്നു കഷണമെടുത്ത് റിശയുടെ മുഖത്ത് തേക്കുകയും ചെയ്തു. അതു തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റിശയുടെ കൈയ്യിലുണ്ടായിരുന്ന സിഗററ്റ് ഐസ് തട്ടി അണയുകയും നനയുകയും ചെയ്തു.
റിശ: ശ്ശൊ, രൂപ പതിനഞ്ചു വെറുതെ പോയി. എടീ തൈക്കളെവിത്തള്ളേ നിന്നെ ഞാന്‍
ഷെല്‍ജ: എടീ നീയും ഞാനുമൊക്കെ ചേച്ചിയെ തൈക്കിളവീന്നു വിളിക്കും. എടീ നമ്മുടെയൊക്കെ ലോഡെങ്ങാനും ചേച്ചിക്കുണ്ടോന്നു നോക്കെടീ. ഇപ്പോഴും പോളിംഗ് വീഴുന്നത് ചേച്ചിക്കാ.
റിശ: എടീ പന്നിഫാമിലെ പന്നീ. എടീ നിനക്കൊന്നും ഇതുവരെ തലയ്ക്കുള്ളില്‍ വെളിച്ചം വീണിട്ടില്ലെ. ഇപ്പോഴും പോളിംഗിനു വേണ്ടി പുറത്തിറങ്ങുന്ന നിന്നേക്കുറിച്ചോര്‍ക്കുമ്പോ പെണ്‍വര്‍ഗ്ഗത്തോടു തന്നെ പുഛം തോന്നുന്നു.
ഷെല്‍ജ: എടീ അതു നീ പെണ്ണാകാഞ്ഞോണ്ടു തോന്നുവാ.
റിശ: നീയൊക്കെ കുറേ നേരം കൊണ്ട് ഉലത്തുന്നല്ലോ. എടീ ആ വെള്ളത്താടിക്കാരന്‍ വാദ്ധ്യാരു പറഞ്ഞപോലെ ട്രാന്‍സ്ജന്‍ഡറുണ്ടാവുകയാണേ അതിനെ ഞാന്‍ ആവേശത്തോടെ വളര്‍ത്തും. നീയോക്കെ ഉണ്ണിയെ സ്വപ്‌നം കാണുന്നിടത്ത് അഭിമാനപൂര്‍വ്വം ഞാന്‍ ട്രാന്‍സ്ജന്‍ഡറെ സ്വപ്‌നം കാണുമെടീ.എന്താടീ അതിനൊരു കുഴപ്പം. അതിനൊക്കെ തലയ്ക്കുള്ളില്‍ ആളുതാമസം വേണം. ചുമ്മാതെ കുറേ ചന്തീം മുലേം കാട്ടി നടന്നിട്ട് കാര്യമില്ല.
 

 

reality novel, passbook

അമാന്റ:  അതില്ലാത്തവരുടെ  മാര്‍ഗ്ഗമാണടീ മോളേ ഈ ബുദ്ധിജീവിത്തരോം കുളിക്കാതേം കഴുകാതേം നടന്നുകൊണ്ടുള്ള മാര്‍ക്കറ്റിഗും. നാറ്റത്തെ അറേബ്യന്‍ സുഗന്ധദ്രവ്യം പോലെ വലിച്ച് വലിച്ച് മൂക്കിലേക്കു കേറ്റി നിന്നെയൊക്കെ പൊക്കിക്കൊണ്ടു നടക്കാന്‍ കുറേ കാര്‍ണീസുകളുമുണ്ട്.
നിമിഷ: ആമൂ, എടീ നാറ്റം വിട്. നമുക്ക് പ്രണയത്തെക്കുറിച്ചു സംസാരിക്കാം. കഴിഞ്ഞാഴ്ച നമ്മള് കോവളത്ത് പാര്‍ട്ടിക്കുപോയപ്പോ രാത്രി രണ്ടു മണിക്ക് നമ്മളെയൊക്കെ ഉപേക്ഷിച്ചിട്ട് ആരൊക്കെയാ അവിടുന്നു മുങ്ങിയേ.
അഞ്ജലി: അയ്യോ നമ്മുടെ ഗന്ധര്‍വ്വനും ഗന്ധര്‍വ്വയുമല്ല്യോ.
നിമിഷ:അവരെങ്ങനെയാ അര്‍ധരാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇവിടെത്തിയെ.
അഞ്ജലി നിയയുടെ അടുത്തേക്കു നീങ്ങിയിട്ട് ' ചേച്ചീ, നിങ്ങളെങ്ങനെയാ ബൈക്കില്‍ വന്നെ. ചേച്ചി പിന്നില്‍ കാലപ്പുറത്തുമിപ്പുറത്തുമിട്ടാണോ ഇരുന്നെ, അതോ ശാലീനത വിടാതെ നാണത്തില്‍ പ്രിയതമന്റെ തോളില്‍ വശം ചരിഞ്ഞമര്‍ന്ന് പിടിച്ചുകൊണ്ടോ.
നിയ: അതോ അങ്ങോരെന്നെ മടീ വച്ചോണ്ടാ വണ്ടിയോടിച്ചെ.
റിശ: ഇവിടെ വന്നു കയറിയതിനു ശേഷമുള്ള കാര്യമല്ല തൈക്കിളവി ചോദിക്കുന്നെ.
നിമിഷ: അര്‍ദ്ധരാത്രിയുടെ അന്ത്യയാമത്തില്‍ ഇവിടെ ഈ ഫഌറ്റിനുള്ളില്‍ കയറിവന്നു ശയിച്ചുവെന്നോ .ഹാ ഹാ........ എന്തൊരു പ്രണയസാന്ദ്രം.
അഞ്ജലി; എടീ , നിന്റെകയ്യില്‍ ഇത്രയും സാഹിത്യമൊക്കെയുണ്ടായിരുന്നോ.
ഷെല്‍ജ: അപ്പോ ഞാന്‍ റോഡില്‍ തെറിച്ചുവീണതും ആശുപത്രിയില്‍ പോയി കിടന്നതുമൊക്കെ വെറുതെയായോ.
റിശ: അതുവിടടീ കള്ളിച്ചെല്ലമ്മേ. നീ അങ്ങോരെ നടുറോഡില്‍ തള്ളിയിട്ട് മറ്റയങ്ങോരെ അടിച്ചുമാറ്റിയില്ല്യോ. എടീ നീയാണ് ശൂര്‍പ്പണഖ. അതുമല്ല, പൂതന.

 

അമാന്റ: പൂതനേന്ന് വിളിക്കരുത്. പൂതനയുടെ ബത്തക്ക സ്ലൈസ്ഡ് വത്തക്കയായിരുന്നു. ഇവളുടെ അണ്‍സ്ലൈസ്ഡല്ല്യോ.
റിശ: ഈ പൂതനയില്ല്യോ, ഇവളുടെ മുഴുവന്‍ ടാര്‍ജറ്റും ആ ചങ്ങാതിയെക്കൊണ്ടാ ഒപ്പിക്കുന്നെ. ഇവള്‍ക്ക് ടാര്‍ജറ്റും കടന്നു ബിസിനസ്സ് ചെയ്യുന്നതിനാല്‍ പ്രൊമോഷനും ഡ്യൂയായിരിക്കുവാ
ഷെല്‍ജ: ജീവിതമാര്‍ഗ്ഗത്തെ കളിയാക്കരുത്. അതു മഹാപാപമാകുന്നു പ്രിയ സഖിമാരേ.
നിമിഷ: അതിരിക്കട്ടെ സംഗീത പഠനം എങ്ങനെയുണ്ട് എന്റെ നിയച്ചേച്ചീ.ഞങ്ങള്‍ക്കൂടെ ഒന്നു പഠിക്കാന്‍ അവസരമൊപ്പിച്ചു തരുവോ.
ബാത്ത്‌റൂമില്‍ നിന്ന് ഉപയോഗിച്ച ഒരു സാനിട്ടറി നാപ്കിനുമായി ഷിമ ഇറങ്ങിവന്നു.

ഷിമ: എടീ റിശേ, നീ ഇന്നാള് ചാനലില്‍ നിന്നു കാച്ചിവിടുന്ന കണ്ടല്ലെ, ആര്‍ത്തവരക്തം വെറും രക്തമാണെന്നും അതു ശുദ്ധമാണെന്നുമൊക്ക. ഇന്നാടി ശുദ്ധരക്തമാണെങ്കി വെറുതെ കളയണ്ടാ. നീ വല്യ മീഡിയായല്ല്യോ. എടീ ഇവിടെ ബ്ലഡ്ബാങ്കുകാരൊക്കെ കിടന്നു പരക്കം പായുവല്ല്യോ. ബ്ലഡ്ഡിനു വേണ്ടി. എടീ മീഡീയാ, നീയൊരു സ്‌റ്റോറി ചെയ്യടീ, കേരളത്തിലെ ഒന്നേമുക്കാല്‍ കോടി സ്ത്രീകളില്‍ ഒന്നരക്കോടി പെണ്ണുങ്ങളെങ്കിലും ശരാശരി ഒരു മുക്കാല്‍ ലിറ്റര്‍ ശുദ്ധരക്തമെങ്കിലും പാഴാക്കിക്കളയുന്നില്ല്യോ. അതെല്ലാം ശേശഖരിക്കുകയാണെങ്കില്‍ അതിന്റെ അനന്തസാദ്ധ്യത ആലോചിച്ചു നോക്കൂ. എടീ അഞ്ജലീ, ഒരു നല്ല സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള സ്‌കോപ്പുണ്ട്. അതു മാത്രമോ ഒരു മുതല്‍ മുടക്കുമില്ലാതെ യൗവ്വനയുക്തകളായ സ്ത്രീകള്‍ക്ക് മൂലധനമില്ലാതെ വരുമാനവും കിട്ടും. എടുക്കടീ ലാപ് ടോപ്പ്. പ്രോജക്ട് റിപ്പോര്‍ട്ട് തള്ളിത്തെറിച്ചു വരുന്നു.
ഷെല്‍ജ: എടീ, ആ വരവ് തല്‍ക്കാലം തടുക്കാന്‍ നീയോരു നാപ്കിന്‍ ഉപയോഗിക്ക്. പിന്നെ നമുക്ക് റിപ്പോര്‍ട്ടുണ്ടാക്കാം.
ഷിമ: എടീ , എന്റെ മനസ്സില്‍  പ്രോജക്ട് റിപ്പോര്‍ട്ടും സ്റ്റാര്‍ട്ടപ്പും വന്നു കഴിഞ്ഞു. അയ്യോ എടീ മീഡിയാ, നാളത്തന്നെ നീ ഇത് എക്‌സ്‌ക്ലൂസീവായി കാച്ചടീ. ഈ വര്‍ഷത്തെ ഏറ്റവും നല്ല റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ഉറപ്പാടീ.
അമാന്റ: എടീ , മീഡിയ,. ഇനീ നീ നിയച്ചേച്ചിയെ തൈക്കെളവീന്ന് വിളിച്ചുപൊകരുത്. അമ്പത്തിയഞ്ചാം ദിവസവും അറുപതാം ദിവസവും പാഡ് തേടുന്ന നിന്നെപ്പോലല്ല. ഇരുപത്തിയെട്ടാം ദിവസത്തില്‍ ചേച്ചി ഉണരുന്നതു പാഡുമായിട്ടാ. അതുമാത്രമല്ല, ഷിമയുടെ പ്രോജക്ട് റിപ്പോര്‍ട്ട് നടപ്പിലാവുകയാണെങ്കില്‍ ചേച്ചീടെ സപ്ലേകൊണ്ട് മാത്രം നമുക്കു വാടക കൊടുക്കാന്‍ കഴിയും.
ഷിമ: എടീ റിശേ ഈ ശുദ്ധരക്തം നിനക്കു വേണോ അതോ

 

റിശ: നീയെടുത്തു വച്ച്ച്ച്........
റിശയുടെ നാവു കുഴഞ്ഞു. അവള്‍ സെറ്റിയില്‍ നിന്നിറങ്ങി തറയില്‍ മലര്‍ന്നു കിടന്നു. പതിയെ മറ്റുള്ളവരും പലയിടത്തുമായി കിടപ്പു പിടിച്ചു. നിയ തുറന്നിരുന്ന മദ്യക്കുപ്പിയും ഭക്ഷണശകലങ്ങളുമെല്ലാം എടത്തു ടീപ്പോയ് വൃത്തിയാക്കി. ഉറക്കം വരാത്തതിനാല്‍ അവര്‍ ടി വി ഓണ്‍ ചെയ്തു. അതിനകത്ത് അപ്പോള്‍ സ്ത്രീപക്ഷ ചര്‍ച്ച. വിഷയം ആര്‍ത്തവവും സാമൂഹ്യാന്ധവിശ്വാസങ്ങളും എന്ന വിഷയത്തില്‍ . തറയിലേക്കൊന്നു നോക്കി. ഷിമ ബാത്തുറൂമില്‍ നിന്നുകൊണ്ടുവന്ന പാഡ് വേസ്റ്റ് ബാസ്‌ക്കറ്റിനുള്ളില്‍ വീണില്ല. അതു പുറത്തു കിടക്കുന്നു. മദ്യത്തിന്റെ ഗന്ധത്തിനുള്ളില്‍ അതിന്റെ ഗന്ധം നിയയ്ക്ക് അനുഭവപ്പെട്ടില്ല. നിയയുടെ ആര്‍ത്തവകാലത്ത് തന്റെ തന്നെ സഹിക്കാന്‍ കഴിയാത്ത ഗന്ധമാണ് ഏറ്റവും വലിയ പ്രശ്‌നമായി അവര്‍ക്കനുഭവപ്പെടുന്നത്. അവര്‍ എഴുന്നേറ്റ് വേസ്റ്റ്ബാസ്‌കറ്റിനു സമീപം കിടന്നിരുന്ന പാഡ് എടുത്ത് അതിനുള്ളിലിട്ടു. തിരികെവന്നപ്പോഴും ആര്‍ത്തവച്ചര്‍ച്ച കൊഴുക്കുകയാണ്. ഒരു താടിക്കാരന്‍ ആര്‍ത്തവത്തിന്റെ മഹത്വത്തേക്കുറിച്ചും പ്രക്രിയയെക്കുറിച്ചും അതിഗംഭീരമായി സംസാരിക്കുന്നു. ആര്‍ത്തവത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്ന മുഖഭാവത്തോടെ ആ ചര്‍ച്ചയിലെ പെണ്‍കുട്ടികളും സ്ത്രീകളും സാകൂതം കേട്ടുകൊണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നു. (തുടരും)

 

Tags: