അദ്ധ്യായം 17: പഞ്ചമി മരണവും ഝംപ താളവും

മീനാക്ഷി
Thu, 01-03-2018 04:18:51 PM ;

reality novel, passbook

ഏതാണ്ട് ഇരുപത് ദിവസത്തിനു ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. പലകുറി രമേഷും മകള്‍ ദൃപ്തയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം ഫോണ്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.രമേഷ് ഫിസിയോത്തെറാപ്പിക്കു പോയതിന് ശേഷമാണ് ശിവപ്രസാദ് എത്തിയത്. വിനീതയും ഇതുവരെ ഡ്യൂട്ടിക്ക് പ്രവേശിച്ചിട്ടില്ല. വിളിക്കാതെ എത്തിയതു കാരണം ദൃപ്തയ്ക്ക് അന്ന് ക്ലാസ്സിനിരിക്കാന്‍ കഴിഞ്ഞില്ല. എന്‍ട്രന്‍സ് കോച്ചിംഗിനു പോകണമായിരുന്നു.അതിനാല്‍ ക്ഷമാപണത്തോടെ ദൃപ്ത ശിവപ്രസാദിനോട് യാത്ര പറഞ്ഞിറങ്ങി.

 

' മാസ്റ്ററ് കാപ്പികുടിച്ചിട്ട് പോയാ മതി' എന്നു പറഞ്ഞുകൊണ്ട് വിനീത മാസ്റ്ററെ പ്രതീക്ഷിച്ച് ഡൈനിംഗ് ടേബിളിന്റെ നേര്‍ക്ക് നടന്നു. കൈ കഴുകി വന്നിരുന്നപ്പോള്‍ ശിവപ്രസാദ് പറഞ്ഞു,
' എന്റെ അമ്മ മരിച്ചു. അതാ ഞാന്‍ വരാതിരുന്നെ'
' അയ്യോ , എപ്പഴാ മാസ്റ്ററെ , മാസ്റ്ററെന്തേ അറിയിക്കാതിരുന്നെ' തിരിഞ്ഞുനോക്കി വിനീത ചോദിച്ചു.
' അമ്മയ്ക്ക് വയസ്സായിരുന്നു. 86 കഴിഞ്ഞിരുന്നു.പിന്നെ ഇവിടെയല്ല അങ്ങ് നെയ്യാര്‍ ഡാമിനടത്തു പെങ്ങടെ വീട്ടിലായിരുന്നു.'
' ചടങ്ങുകളൊക്കെ കഴിഞ്ഞോ മാസ്റ്ററേ'
' അതൊന്നും പറയാത്തതാ മാഡം നല്ലത്. പറയാന്‍ തുടങ്ങിയാ വല്യ കഥയാ.പതിനാറു ദിവസത്തെ ചടങ്ങുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാ അതൊക്കെ കഴിഞ്ഞത്. ഇനിയുമുണ്ട് ഒരു വര്‍ഷം  നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍. പൂജാരി പറയുന്നത് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ'
' അല്ല മാസ്റ്ററെ പതിനാറ് കഴിഞ്ഞാലും പിന്നെ ചടങ്ങുകളുണ്ടോ'
' എന്റെ മാഡം, ഇപ്പോ എല്ലാവരും പുലിവാല് പിടിച്ചിരിക്കുവാ, ആ പുജാരി കാരണം. അമ്മ മരിച്ച ദിവസം വച്ച് അമ്മേടെ മരണം പഞ്ചമി മരണമാണെന്നാ പൂജാരി പറേണെ. അതുകൊണ്ടാത്രെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പൂജ വേണമെന്നു പറയുന്നെ.'

 

' അതെന്താ മാസ്റ്ററെ, പഞ്ചമി മരണം'
'മറ്റൊരു മാരണം. അല്ലാതെന്തു പറയാനാ മാഡം.ഇപ്പോ പൂജാരിമാരുടെ കാലമല്ലേ. അവറ്റകള്‍ പറയുന്നതിനപ്പുറം ആര്‍ക്കും  ഒന്നും പറ്റില്ലല്ലോ. പഞ്ചമി മരണമായതിനാല്‍ കുടുംബത്തിലുള്ള ചിത്തിര, മകയിരം, അവിട്ടം നാളുകാര്‍ പ്രത്യേകം ശ്രദ്ധിക്കണമത്രെ. പഞ്ചമി മരണം നടന്നു കഴിഞ്ഞാല്‍ വിധിപ്രകാരം ശിവക്ഷേത്രത്തിലെത്തി എല്ലാ ആഴ്ചയിലും മുടങ്ങാതെ പൂജകള്‍ ചെയ്തില്ലെങ്കില്‍ ഒരു കൊല്ലത്തിനകം കുടുംബത്തില്‍ അഞ്ചു മരണമുണ്ടാകുമെന്നാ  പൂജാരി പറയുന്നെ. ഒരു വലിയ ലിസ്റ്റും തന്നിട്ടുണ്ട്. ആ ദിവസം ശിവക്ഷേത്രത്തില്‍ പോയി കൂവളധാര നേര്‍ച്ച നടത്തേണ്ടതിന്റെയും പിന്‍വിളക്ക് കൊളുത്തേണ്ടതിന്റെയുമൊക്കെ ചിട്ടവട്ടങ്ങള്‍ സംബന്ധിച്ച്. എല്ലാവരും ലിസ്റ്റ് മൊബൈലില്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്. ആര്‍ക്കാണ് അടി വീഴുന്നതെന്നറിയില്ലല്ലോ. ഇതൊക്കെ തട്ടിപ്പാ മാഡം. എന്നിരുന്നാലും ഇങ്ങനൊക്കെ പറയുമ്പോ ചെയ്യാതിരിക്കാനുളള ധൈര്യവുമില്ല. '
'അയ്യോ , അങ്ങനെയൊന്നും പറയല്ലേ മാസ്റ്ററെ, എന്നു പറഞ്ഞുകൊണ്ട് വിനീത വിങ്ങി നിര്‍ത്തി '
' എന്തു പറ്റി മാഡം'
'മാസ്റ്ററെ അതൊന്നും അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല. എന്റെ കാര്യത്തില്‍ പറഞ്ഞിട്ടുള്ളതൊക്കെ അച്ചട്ടാ. ജ്യോതിഷക്കാരന്‍ പറഞ്ഞതല്ലാതെ ഇതുവരെ ഒന്നും എന്റെ ജീവിതത്തില്‍ നടന്നിട്ടില്ല. മാസ്റ്ററിനറിയാമോ, ഞങ്ങളുടെ വിവാഹ ബന്ധം പോലും നിലനില്‍ക്കുന്നത് കുറേ വര്‍ഷം  പരിഹാരക്രിയകള്‍ ചെയ്തിട്ടാ. എനിക്ക് ഒരിക്കലും കണ്ണുനീരൊഴിഞ്ഞ സമയമുണ്ടാകില്ലെന്ന് ജ്യോതിഷി പറഞ്ഞത് അതു പോലെയായില്ലേ. കരിംപൂരാടമാ മാസ്റ്ററെ എന്റെ നാള്. കല്യാണം നടന്നതു തന്നെ വന്‍ ഭാഗ്യമായാണ് എന്റെ വീട്ടുകാര്‍ കണ്ടത്. എപ്പോഴും എന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടും കൂടിയാ മാസ്റ്ററെ ഞാന്‍ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു പോകുന്നത്. എല്ലാം ഉപേക്ഷിച്ചു പോയാലും എന്റെ കണ്ണുനീരിന് കുറവുണ്ടാകില്ല.കൂടാനേ സാധ്യതയുള്ളൂ. അതിരിക്കട്ടെ, എന്താ മാസ്റ്ററെ ഈ പിന്‍വിളക്ക്'

 

' ഒരു നീണ്ട ലിസ്റ്റിലെ ഒന്നു മാത്രമാ അത് മാഡം. വിഗ്രഹത്തിന് പിന്നില്‍ വിളക്കു കത്തിക്കുന്നതാണെന്നു തോന്നുന്നു. എന്തായാലും വല്ലാത്തൊരു പെടീലായിപ്പോയി. ഒന്നും ചെയ്യേണ്ടെന്നു വിചാരിച്ചാ അതും പറ്റില്ല. കൊച്ചുമക്കളില്‍ ചിത്തിര, മകയിരം, അവിട്ടം നാളുകാരുമുണ്ട്. എന്റെ രണ്ടാമത്തെ മോനാണെങ്കില്‍, പൂജാരിയേം തെറിവിളിച്ച് ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ലെന്നും പറഞ്ഞ് ഒന്നും ചെയ്യുന്നതുമില്ല. അതുകൊണ്ടാ പിന്നെ ഞാന്‍ മുടങ്ങാതെ എല്ലാ ആഴ്ചയും ചെയ്‌തേക്കാമെന്ന് കരുതിയതും. '

 

'മാസ്റ്ററെ , മോനെക്കൊണ്ട് എങ്ങനെയെങ്കിലും അത് ചെയ്യിപ്പിക്കണം. ഇതൊന്നും അവരു വിചാരിക്കുന്ന പോലെ കളിയല്ല. ഞങ്ങളുടെ സ്ഥാപനത്തില്‍ ഉപഗ്രഹം അയക്കുന്നതിന് മുമ്പ് എന്തെല്ലാം പൂജകളാ നടത്തുന്നെന്നറിയാമോ, പുറം ലോകത്തിനറിയില്ലെന്ന് മാത്രം. അതും ലക്ഷങ്ങള്‍ ചെലവഴിച്ചുള്ളത്. ഈ അടുത്തിടെ തകര്‍ന്ന വിക്ഷേപണമില്ലേ, അത് തിരുമേനി തേങ്ങവെട്ടിയപ്പോള്‍ തന്നെ പറഞ്ഞതാ. ലക്ഷണം ശുഭകരമല്ലെന്ന്. അത് അതുപോലെ തന്നെ സംഭവിച്ചില്ലേ. അത് പരാജയപ്പെട്ടതിനു ശേഷം നടന്ന മീറ്റിംഗില്‍ ഞങ്ങളുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരിലൊരാള്‍ പറഞ്ഞു, ഇനിമുതല്‍ വിക്ഷേപണ ശ്രമം തുടങ്ങുന്നതിനു മുമ്പും വിധിപ്രകാരമുള്ള പൂജ വേണമെന്ന്. ആ ശാസ്ത്രജ്ഞന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞ മറ്റൊരു കാര്യം കേട്ട് മാസ്റ്ററേ ഞാന്‍ ഞെട്ടിപ്പോയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ആഗസ്റ്റ് പതിനഞ്ച് രാഹുവിന്റെ അപഹാരദിനമായിരുന്നു. ഇന്ത്യയിലുള്ള എല്ലാ ജ്യോതിഷിമാരും അങ്ങേയറ്റം അസ്വസ്ഥരായി. ആസ്സാമില്‍ നന്നുള്ള പ്രമുഖ ജ്യോതിഷി മൗണ്ട്ബാറ്റണ്‍ പ്രഭുവിന് കത്തെഴുതി, ആഗസ്റ്റ് പതിനഞ്ചെന്നുളളത് ഒരു ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. തലയില്ലാത്ത രാഹുവിന്റെ അപഹാര ദിവസമായ ആ ദിനത്തില്‍ സ്വതന്ത്രയായാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെല്ലാം ഒന്നൊന്നായി സ്വതന്ത്ര ഇന്ത്യ കണ്ടു. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അവര്‍ പ്രവചിച്ചതല്ലാതെ ഒന്നുമല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ സ്വാര്‍ത്ഥതയാണ് ആ ദിനം തെരഞ്ഞെടുക്കാന്‍ കാരണമായതെന്നും അദ്ദേഹം പറയുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ബര്‍മ്മയില്‍ വച്ച് ജപ്പാന്‍ പട മൗണ്ട് ബാറ്റണ്‍ നയിച്ച പടയുടെ മുന്നില്‍ കീഴടങ്ങിയതിന്റെ സ്മരണാര്‍ത്ഥമായിട്ടാണത്രെ ആഗസ്ത് പതിനഞ്ച് അദ്ദേഹം തെരഞ്ഞെടുത്തത്.'

 

' അങ്ങനെ നോക്കുവാണേ പ്രശ്‌നങ്ങളില്ലാത്ത രാജ്യം ഏതാ മാഡം. നമ്മുടെ ചുറ്റുമുള്ളതില്‍ വച്ച് മെച്ചമായ രാജ്യം ഇപ്പോഴും നമ്മളുടേതല്ലേ. അയല്‍ രാജ്യങ്ങളില്‍ ജനായത്തം പോലുമില്ല. ഗള്‍ഫ് രാജ്യങ്ങള്‍ ഇങ്ങനെ തകര്‍ന്നടിയുന്നത് ഏത് രാഹുവിന്റെ അപഹരണം നിമിത്തമാണ് മാഡം. അമ്മ മരിക്കുന്നതിന്റെ തലേന്ന് എനിക്ക് അമ്പലപ്പുഴയൊരു പരിപാടിയുണ്ടായിരുന്നു. കാഥികന്‍ തുളസീദാസിന്റെ കൂടെ. അവസാനം തല്ല് കൊള്ളാതെ കഷ്ടിച്ച് രക്ഷപെട്ടെന്നു പറഞ്ഞാ മതി. തുളസീദാസ് വലിയ ജ്യോത്സന്‍ കൂടിയാ. ഞങ്ങളുടെ കൂടെ ഡ്രംസ് വായിക്കാമെന്നേറ്റിരുന്ന ഒരു എഞ്ചിനീയര്‍ മധുവുണ്ട്. ഞങ്ങള്‍ അമ്പലപ്പുഴയക്ക് തിരിക്കാന്‍ നേരമാ മധു വിളിച്ചു പറയുന്നെ അയാള്‍ക്ക്  അന്ന് വരാന്‍ പറ്റില്ലെന്ന്. അവസാനം എന്നെയും വയലിന്‍ വായിക്കുന്ന ഒരു സുഹൃത്തിനെയും കൂട്ടി തുളസീദാസ് അമ്പലപ്പുഴയ്ക്ക് പോയി. അവിടെച്ചെന്ന് ഞങ്ങള്‍ കാറിന്റെ ഡ്രൈവറെ സ്‌റ്റേജില്‍ ഞങ്ങളോടൊപ്പം വിളിച്ചിരുത്തി അയാളുടെ കയ്യില്‍ ഒരു തംബുരു എടുത്തുകൊടുത്തിട്ട് അവിടിരുന്നോളാന്‍ പറഞ്ഞു. ദൈവം സഹായിച്ച് വലിയ കുഴപ്പമില്ലാതെ പരിപാടി പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാല്‍ മതി. വാസ്തവത്തില്‍ തുളസീദാസിന് അതാവശ്യമായിരുന്നു. മധുവിന്റെ കൈയില്‍ നിന്ന് വന്‍ തുക ഈടാക്കിയാണ് ഒരു ചെമ്പിലോ പിത്തളിയിലോ എങ്ങാണ്ട് ഒരു കൂടു തയ്യാറാക്കി അയാളുടെ മകളുടെ അരയില്‍ കെട്ടിക്കൊടുത്തത്. മകളുടെ പ്രണയം വിടാന്‍ വേണ്ടി ചെയ്തതാ. പാവം മധു അന്ധമായി അതങ്ങു വിശ്വസിച്ചു. ഞങ്ങളുടെ പരിപാടിയുള്ള ദിവസം മധുവിന്റെ മകള്‍ കൂട്ടുകാരിയുടെ അടുത്ത് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. ഏറെ വൈകീട്ടും കാണാതായപ്പോ കൂട്ടുകാരിയുടെ വീട്ടില്‍ അന്വേഷിച്ചപ്പോഴാണ് മകളവിടെ ചെന്നിട്ടില്ലെന്നറിയുന്നത്. അയാളാകെ തകര്‍ന്നു പോയി. തകിടു കെട്ടിയിരിക്കുന്നത് കാരണം മകള്‍ ഒരുകാരണവശാലും ആ പയ്യന്റെ പിന്നാലെ പോകില്ലെന്ന് കരുതിയിരുന്നതാ അയാള്. അതും മകളെക്കുറിച്ച് അയാള്‍ പറഞ്ഞതൊക്കെ എന്തൊരു കഷ്ടമായ കാര്യമായിരുന്നെന്നോ. ഇതിനകം തന്നെ ആ പയ്യനുമായി പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നൊക്കെ ഈ തുളസീ ദാസ് കാച്ചിവിട്ടിട്ടാണ് അത്രയും തുക വാങ്ങി തകിട് ജപിച്ചു കെട്ടിക്കൊടുത്തത്. ഞങ്ങള് കരുനാഗപ്പള്ളിയിലെത്തിയപ്പോ മധു വിളിച്ചു. മകള്‍ തിരിച്ചെത്തിയെന്നും പറഞ്ഞ്. ആ പയ്യനുമായി എങ്ങാണ്ടൊക്കെ കറങ്ങാന്‍ പോയതാണെന്ന്. അത് കേട്ടപ്പോള്‍ തുളസീദാസ്  പറഞ്ഞതാ രസം. അയാളെ പരാജയപ്പെടുത്താന്‍ വേണ്ടി ആ പെണ്‍കുട്ടി മനപ്പൂര്‍വം പോയതാണെന്ന്. ഇത്രയൊക്കെയുള്ളു മാഡം ഇതിന്റെ കാര്യം. '

 

' എന്നാലും മാഷേ പൂജയും മറ്റും അതുപോലെ കാണല്ല്. അതൊക്കെ വളരെ ഫലമുള്ളതാ'
' ങാ, പിന്നൊരു കാര്യമുണ്ടു മാഡം.അമ്മ ജീവിച്ചിരുന്നപ്പോ നോക്കാതിരുന്നവരൊക്കെ കുറേ നാള് അമ്പലമൊക്കെയൊന്നു കേറിയിറങ്ങട്ടെ.'
' അതെന്തു പറ്റി മാസ്റ്ററെ'
' അതു പറഞ്ഞാ വലിയ കഥയാ മാഡം. ഞങ്ങള്‍ അഞ്ച് മക്കളാ. ഞാനാ മൂത്തത്. മൂന്നു പെങ്ങമ്മാര്‌ നടുക്ക്. ഇളയ പെങ്ങളൊടൊപ്പമായിരുന്നു അമ്മ. അവള്‍ക്ക്  താമസിക്കാനുള്ള വീട് വാടകയ്ക്ക് എടുത്തു കൊടുത്തതും അമ്മയുടെ കാര്യങ്ങള്‍ നോക്കാന്‍ ചെലവ് നേരിട്ടതുമൊക്കെ ഞാനാ. കഴിഞ്ഞ ഒരു കൊല്ലമായി അമ്മയ്ക്ക് ലക്ക് തീരെയില്ലായിരുന്നു. എപ്പോഴും അമ്മയ്ക്ക് നോട്ടം വേണ്ടതിനാല്‍ അത് വേറെ പ്രശ്‌നങ്ങളുമുണ്ടാക്കി. തന്റെ കാര്യം ഭാര്യ നോക്കുന്നില്ലെന്നും പറഞ്ഞ് അവളുടെ ഭര്‍ത്താവ് കുറച്ച് നാള്‍ മുമ്പ് കേസ്സു കൊടുത്തു. രണ്ടു പെങ്ങമ്മാരും അനിയനും അമ്മയെ തിരിഞ്ഞു നോക്കിയിട്ടില്ല. ശരിക്കും അവരാണ് അമ്മയെ നോക്കേണ്ടത്. കാരണം ഓഹരി വച്ചപ്പോ അച്ഛന്‍ എന്നെ ഒഴിവാക്കി. ഇങ്ങനൊരു മകന്‍ തനിക്കില്ലെന്നായിരുന്നു അന്ന് അച്ഛന്‍ പറഞ്ഞത്. എന്റേത് പ്രേമവിവാഹമായിരുന്നു. അച്ഛനതിഷ്ടമല്ലായിരുന്നു. സ്വത്തെല്ലാം അങ്ങനെ അനുജന്റെയും മൂന്ന് പെങ്ങമ്മാരുടെയും പേര്‍ക്ക് എഴുതി വച്ചു. എന്നാ അമ്മയുടെ പേരില്‍ എന്തെങ്കിലും എഴുതിവച്ചോ അതുമില്ല. മക്കളല്ലേ അവര് നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് അച്ഛന്‍ അമ്മയ്ക്കിട്ട് അവസാനമായി കൊടുത്ത പണിയായിരുന്നു അത്. അച്ഛന്‍ ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു മാഡം. അമ്മയെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അമ്മ അവസാന നാളുകളില്‍ അനുഭവിക്കണമെന്നുദ്ദേശിച്ചുകൊണ്ടു തന്നെയാണ് അച്ഛന്‍ അമ്മയുടെ പേരില്‍ ഒന്നും എഴുതിവയ്ക്കാതിരുന്നത്. '

 

' മാസ്റ്ററിനോടെന്തായിരുന്നു അച്ഛനിത്ര ദേഷ്യം'
' ഓ അച്ഛന് പണ്ടേ എന്നെ കാണുന്നത് ഇഷ്ടമല്ലായിരുന്നു. പാട്ട് പഠിക്കാന്‍ പോയതാ ആദ്യത്തെ ദേഷ്യത്തിനു കാരണം. പിന്നെ എന്റെ കല്യാണം ഞാനിഷ്ടപ്പെട്ട് നടത്തിയതായിരുന്നു. അതൊക്കെ പറയാതിരിക്കുന്നതാ മാഡം നല്ലത്. അമ്മ അനുഭവിച്ചത് വച്ചു നോക്കുമ്പോ ഞാനൊന്നും അനുഭവിക്കുന്നില്ല മാഡം. '
' മരണം നടന്നപ്പോ എല്ലാരും ഒത്തുകൂടിയാരുന്നോ മാസ്റ്ററേ.'
'മരിച്ചു കഴിഞ്ഞപ്പോഴാ മാഡം അമ്മയിത്ര വലിയ സംഭവമായിരുന്നുവെന്ന് മനസ്സിലായത്. പെങ്ങേന്മാരൊക്കെ നല്ല സ്ഥിതിയിലുളളവരാ. ഭര്‍ത്താക്കന്മാരൊക്കെ നല്ല സര്‍ക്കാര്‍ ഉദ്യോഗത്തിലിരുന്ന് റിട്ടയര്‍ ചെയ്തവരാ. എന്നാലും , പെങ്ങമ്മാരെണെങ്കിലും പറയാതിരിക്കാന്‍ പറ്റില്ല. ആര്‍ത്തിപ്പണ്ടാരങ്ങളാ. ഇളയ പെങ്ങള്‍ മാത്രമുണ്ട് ഇത്തിരി മനുഷ്യപ്പറ്റുള്ളത്.'
' ഈ ബന്ധങ്ങളിലൊന്നുമൊരര്‍ത്ഥമില്ല മാസ്റ്ററെ. നമ്മള്‍ എത്ര ആത്മാര്‍ത്ഥമായി ചിലരെ സ്‌നേഹിക്കുന്നു. പക്ഷേ അവര്‍ നമ്മളെ വെറുക്കുന്നു. ജീവിതത്തില്‍ അതിന്റെ കയ്പ് ആവോളം കുടിച്ച വ്യക്തിയാ മാസ്റ്ററെ ഞാന്‍. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ നാട്ടുകാരനായ ഒരാളുമായി വലിയ ഇഷ്ടത്തിലായിരുന്നു. ഞങ്ങള്‍ ഒന്നിച്ചല്ലാത്തതായ ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പക്ഷേ അയാളും ഞാന്‍ കരിമ്പൂരാടമമാണെന്നറിഞ്ഞ നിമിഷം മുതല്‍ എന്നെ കാണാന്‍ പോലും മെനക്കെട്ടിട്ടില്ല. ആദ്യം ഹൃദയം വിണ്ടത് അന്നാ മാസ്റ്ററെ. പിന്നെ രമേഷിന്റെ കാര്യം. കരിമ്പൂരാടമായ എന്നെ കെട്ടാന്‍ തയ്യാറായല്ലോ എന്നോര്‍ത്തപ്പോ രമേഷിനോട് എനിക്കു തോന്നിയ സ്‌നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പക്ഷേ ഒരു ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്നു കിട്ടുന്ന സ്‌നേഹം എങ്ങനെയാണെന്നു പോലും ഇത്രയും നാളായിട്ട് എനിക്ക് അനുഭവിക്കാന്‍ പോയിട്ട് അറിയാന്‍ പോലും കഴിഞ്ഞിട്ടില്ല മാസ്റ്ററെ. ഈ വീട്ടിലേക്ക് കാശെത്തിക്കാനും രമേഷിന്റെ ലൈംഗികാവശ്യത്തിനുള്ള ഒരുപകരണവും മാത്രമാ ഞാന്‍. ആ സുഖവും എന്താണെന്ന് ഇതുവരെ ഞാനറിഞ്ഞിട്ടില്ല മാസ്റ്ററെ'
 

 

അതു കേട്ട മാത്രയില്‍ ശിവപ്രസാദിന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പാന്‍സിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്ത് തുടച്ചു.എന്നിട്ട് യാന്ത്രികമായി ചിരിവരുത്താന്‍ ശ്രമിച്ചു. അപ്പോഴും അയാളുടെ കണ്ണുകള്‍ നിറഞ്ഞുകൊണ്ടിരുന്നു.
' എന്തു പറ്റി മാസ്റ്ററെ'
' ഏയ് ഒന്നുമില്ല മാഡം. ഞാന്‍ ചില കാര്യങ്ങളോര്‍ത്തുപോയി, മാഡം ഓരോന്നു പറഞ്ഞപ്പോ. ഉടുത്തിരുന്ന സാരിയും ബ്ലൗസുമായിട്ട് മാത്രമാ ഞാനെന്റെ ഭാര്യയെ എന്റെ ജീവിതത്തിലേക്ക് ഒരുദിവസം കൂട്ടിക്കൊണ്ടു വന്നത്. എന്നിട്ട് ആ ഭാര്യയുടെ ഏറ്റവും വലിയ ശത്രുവാണ് ഞാനിന്നവര്‍ക്ക് മാഡം'
'മാസ്റ്റര്‍ എന്നെ മാഡം എന്നു വിളിക്കുമ്പോള്‍ എനിക്കെന്തോ സുഖമില്ലായ്മ തോന്നുന്നു. എന്നെ മാസ്റ്റര്‍ വിനീതയെന്നു വിളിച്ചാ മതി. '
' ഓ വിളിക്കുന്നതിലെന്തിരിക്കുന്നു മാഡം. ഞാന്‍ എത്രയോ നാളായി മാഡത്തിനെ എന്റെയുള്ളില്‍ അങ്ങിനെയാ വിളിക്കുന്നെ. ഞാന്‍ പറഞ്ഞുവന്നത് ,ജീവിതത്തില്‍ ഒരിക്കല്‍പോലും എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. എന്റെ പല ശിഷ്യന്മാരും ശിഷ്യകളും ഇന്ന് സംഗീതലോകത്ത് അറിയപ്പെടുന്നവരാ. എന്നിട്ട് ഞാനിന്നെവിടെ. മകനെന്ന നിലയിലും സ്‌നേഹമെന്താണെന്നറിഞ്ഞിട്ടില്ല. സഹോദരനെന്ന നിലയിലും അങ്ങനെ തന്നെ. ഒടുവില്‍ സ്‌നേഹിച്ചു കെട്ടിയ ഭാര്യ. മാഡത്തിനറിയാമോ, പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഞങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടിട്ട്. അതുപോകട്ടെ, സ്‌നേഹപൂര്‍വമായ ഒരു വാക്ക് അവരില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നു മാതമല്ല, എന്നെ കാണുന്ന നിമിഷം ഓരോന്നു പറഞ്ഞു തുടങ്ങും. ലോകത്ത് ഒരു പുരുഷനും സഹിക്കില്ല .അതുപോലെയാണവരുടെ വാക്കുകള്‍. പിന്നെ ഈ ജീവിതം ഇങ്ങനെ പോകട്ടെയെന്നു കരുതി . ആകെയുള്ള സന്തോഷം സംഗീതക്ലാസ്സെടുക്കാന്‍ പോകുന്നതാണ്. അടുത്ത ഒരു ജന്മമുണ്ടെങ്കിലും എനിക്ക്  സംഗീതവുമായി ചേര്‍ന്നു  ജീവിക്കണമെന്നേ ഉള്ളൂ'

 

 

' ഹൊ, മാസ്റ്റര്‍ ഇത്രയധികം തീ തിന്നുന്ന ഒരാളാണെന്ന് ഞാന്‍ ഊഹിച്ചിരുന്നതേ ഇല്ല. മാസ്റ്ററുടെ ഭാര്യയെ ഓര്‍ത്ത് എനിക്ക് അസൂയ പോലും തോന്നിയിരുന്നു. കാരണം എന്നും സംഗീതം ആസ്വദിക്കാന്‍ പറ്റുമല്ലോ എന്നു കരുതി. മാസ്റ്റര്‍ ശരിയാണോ പറയുന്നെ, നിങ്ങള്‍ പതിനഞ്ച്  വര്‍ഷമായോ ബന്ധപ്പെട്ടിട്ട്'
'ഞാനെന്തിന് മാഡത്തിനോട് കളവ് പറയണം. അതൊന്നുമെനിക്ക് ഇന്നൊരു പ്രശ്‌നമല്ല. '
' അതില്‍ വലിയ കാര്യമൊന്നുമില്ല മാസ്റ്ററെ. ഞാന്‍ മിക്കദിവസവും അതിനായി ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ മെച്ചമാണ് മാസ്റ്ററിന്റെ അവസ്ഥ. ഞാന്‍ അനുഭവിക്കുന്ന ആത്മനിന്ദയും വിഷമവുമൊന്നും മാസ്റ്റര്‍ക്ക് നേരിടേണ്ടി വരുന്നില്ലല്ലോ'
' മനുഷ്യന്റെ ജീവിതം വളരെ വിചിത്രമാണ് മാഡം'
'മാസ്റ്ററിന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സെക്ഷ്വല്‍ പ്രശ്‌നം കാണും മാസ്റ്ററെ. ചിലപ്പോ താല്‍പ്പര്യമില്ലായ്മയോ മറ്റോ. അതിനവര്‍ കണ്ടെത്തുന്ന ഒരു വഴി കൂടിയായിരിക്കും മാസ്റ്ററിനോട് കാണിക്കുന്ന ദേഷ്യമൊക്കെ. അവരും ചിലപ്പോള്‍ വിഷമിക്കുന്നുണ്ടാകും. അവരുടെ വിഷമമെന്താണെന്ന് അവര്‍ക്കല്ലേ അറിയൂ മാസ്റ്ററെ'
' ഏയ്. അവര്‍ക്ക്  പ്രശ്‌നമൊന്നുമുള്ളതായി തോന്നുന്നില്ല മാഡം. അവര്‍ക്കെന്നെ എപ്പോഴും നോവിച്ചുകൊണ്ടിരിക്കണം. അത്രയേ ഉള്ളൂ. അവര്‍ക്ക്  സെക്‌സ് താല്‍പ്പര്യമൊക്കെയുണ്ട്.'
' അതെങ്ങനറിയാം മാസ്റ്ററെ'
'അവരുടെ ഒരു വലിയ കൂട്ടുകാരിയുണ്ട്. ശോഭ. രണ്ടുപേരും മണ്ടയ്ക്കാട്ടമ്മയുടെ ഭക്തരാ. ചിലപ്പോ ഫോണില്‍ക്കൂടെയൊക്കെ സംസാരിക്കുന്നതു കേട്ടാലറിയാമല്ലോ അവരുടെ താല്‍പ്പര്യങ്ങള്‍. '
' മാസ്റ്ററുടെ ഭാര്യയ്ക്ക് ലെസ്ബിയന്‍ താല്‍പ്പര്യങ്ങളുണ്ടാകാനിടയുണ്ടോ ഇനീ. കേട്ടതനുസരിച്ച് അതിന്റെയൊരു സാധ്യത കാണുന്നുണ്ട്. '
' ഇല്ല മാഡം. അങ്ങനെയൊന്നുമുള്ളതായി തോന്നുന്നില്ല'
'മാസ്റ്ററൊരു പാവമാ. സ്ത്രീകളെ മാസ്റ്റര്‍ക്കറിയില്ല. സ്ത്രീക്ക് സ്ത്രീയെ അറിയാവുന്നതു പോലെ പുരുഷന്മാര്ക്ക് സ്ത്രീയെ അറിയാന്‍ പറ്റില്ല മാസ്റ്ററെ. '
'സ്വവര്‍ഗ താല്‍പ്പര്യമുള്ള എത്ര സ്ത്രീകളെ മാസ്റ്റര്‍ക്കറിയാം'
'ശ്ശൊ, പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അങ്ങനെയുളളവരെയാരെയും ഇതുവരെ നേരിട്ടു പിരിചയമില്ല.'
' അതാ മാസ്റ്ററെ ഞാന്‍ പറഞ്ഞത്. എനിക്ക് എത്ര സ്ത്രീകളെ അറിയാമെന്നോ ആ താല്‍പ്പര്യമുള്ളവരെ. ഞങ്ങളുടെ ഓഫീസില്‍ തന്നെ അങ്ങനെയുള്ള ഒട്ടേറെ പേരുണ്ട്. പലര്‍ക്കും  കട്ടികളും കുടുംബവുമൊക്കെയുള്ളവരാ. അവരും മാസ്റ്റര്‍ പറയുന്നതു പോലെ ഭക്തിമാര്‍ഗ ത്തിലൂടെ ഒന്നിച്ചു സഞ്ചരിച്ചാണ് അവരുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നത്.'

 

reality novel, passbook

' എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. എങ്ങിനെയാണ് ഈ സ്വവര്‍ഗ രതിയിലൂടെ സംതൃപ്തി കണ്ടെത്തുന്നത് എന്ന്. ഇപ്പോ ടി.വി വച്ചാലും പത്രമാസികകളെടുത്താലും അതല്ലാതെ മറ്റൊന്നുമില്ല. അപ്പോഴൊക്കെ ഞാനാലോചിക്കും എങ്ങനെയാണിവര്‍ ബന്ധപ്പെടുന്നതെന്ന്. പത്ര റിപ്പോര്‍ട്ടുകളും ചാനലിലെ അതിനെക്കുറിച്ചുള്ള പരിപാടികളുമൊക്കെ കാണുമ്പോള്‍ സ്വവര്‍ഗ രതി എന്തോ കാല്‍പ്പനികമായി എത്തിപ്പിടിക്കേണ്ട ഒന്നാണെന്നു തോന്നും. അതുപോലെ അടുത്ത ജന്മത്തിലെങ്കിലും ഒരു ട്രാന്‍സ്‌ജെന്‍ഡറായി ജനിച്ചിരുന്നെങ്കില്‍ എന്നും തോന്നിപ്പോകും. ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശൈലിയാണെന്നു തോന്നുന്നു, ഫാഷന്‍ ലോകത്തേയും നിയന്ത്രിക്കുന്നത്'
' മാസ്റ്ററെ ഇതൊക്കെ ഇതിനു മുമ്പും ഇവിടെയുണ്ടായിരുന്നു. ആരുമതറിഞ്ഞിരുന്നില്ലെന്നു മാത്രം. അവരൊക്കെ വളരെ സുഖകരമായി ജീവിച്ചും വരികയായിരുന്നു. അതിനകത്തും പാവപ്പെട്ടവരും പണക്കാരും എന്ന വേര്‍തിരിവുണ്ടെന്ന് മാത്രമേ ഉള്ളൂ. മാസ്റ്റര്‍ക്കറിയാമല്ലോ ഇവിടുത്തെ സ്മൃതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ മ്യൂസിക്'

 

' പിന്നെ, നമ്മുടെ ഷെര്‍ലി രവീന്ദ്രന്റെ സ്ഥാപനം. ഷെര്‍ലി എന്റെ സ്റ്റുഡന്റായിരുന്നു.  അവരുടെ ട്രൂപ്പില്‍  ഒരുപാട് കാലം ഞാനുണ്ടായിരുന്നു. പിന്നെ നിര്‍ത്തി. പരിപാടിക്ക് പോകുന്നിടത്ത് സ്റ്റാര്‍ ഹോട്ടലില്‍ പ്രത്യേകം മുറിയും ഉഗ്രന്‍ ഭക്ഷണവുമൊക്കെ  കിട്ടും. അതൊക്കെ ഉഷാറാ. കാരണം സംഘാടകരാണല്ലോ അതിന്റെയൊക്കെ ചെലവ് വഹിക്കുന്നെത്. അതു പോലെ ചെന്നെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണെങ്കില്‍ പോലും ട്രൂപ്പ് ഫ്‌ളൈറ്റിലേ പോവുകയുളളൂ. പക്ഷേ തീരെ കാശു തരില്ല. അവരുടെ സ്‌കൂളില്‍ ഞാന്‍ മ്യൂസിക്കും പഠിപ്പിച്ചിരുന്നു. അതും അങ്ങനെതന്നെ. കാശ് തരില്ല. റഗുലര്‍ ക്ലാസ്സ് കഴിയുമ്പോ ഇവര്‍ പ്രത്യേകം വന്ന് പഠിക്കാനിരിക്കും. ഇരുന്നിരുന്ന് നമ്മുടെ നടു കഴച്ചിരിക്കുമ്പോഴായിരിക്കും അവര് വരുന്നത്. അതും കുഴപ്പമില്ലായിരുന്നു എന്തെങ്കിലുമൊരു ഫീസ് തന്നിരുന്നെങ്കില്‍. പിന്നെ അവരുടെ ട്രൂപ്പിലേക്ക് പ്രവേശിക്കാനായി ആള്‍ക്കാ രിങ്ങനെ കാത്തുനില്‍ക്കുവല്ലേ. അതു കാരണം ഒരാള്‍ പോയാല്‍ ഉടന്‍ അടുത്തയാളെ കിട്ടും. ഇപ്പോഴും ഞാനുമായി നല്ല ബന്ധമൊക്കെയാണ്. ഇടയ്ക്ക് ഒരിക്കല്‍ ദുബായിലൊരു പരിപാടിക്ക് എന്നെ വിളിച്ചപ്പോ ഞാന്‍ പോവുകയും ചെയ്തിരുന്നു. അപ്പോഴും കാശിന്റെ കാര്യത്തില്‍ പഴയ പടി തന്നെ.

 

അവര്‍ക്ക്  വലിയ കഴിവൊന്നുമില്ല മാഡം. അവരുടെ ശരീരമൊക്കെ കണ്ടില്ലെ.  മോഹിനിയാട്ടത്തിന് സ്‌റ്റേജില്‍ കാണുമ്പോള്‍ നല്ല എടുപ്പാണ്. ആ കണ്ണെന്നൊക്കെ പറയുന്നത് അവരുടെ മുഖത്തിന്റെ പകുതിയും അതാണ്. പക്ഷേ ചത്ത കണ്ണാ. അതുകൊണ്ടു തന്നെ ഒരു ഭാവവും അവരില്‍ വരില്ല. മോഹിനിയാട്ടത്തിന്റെ ഭാവത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. അവരുടെ മോഹിനിയാട്ടം കണ്ടാല്‍ മോഹം പോയിട്ട് ഒരു വികാരവുമുണ്ടാകില്ല. അവരു പക്ഷേ നല്ല സംഘാടകയാ മാഡം. നമ്മുടെ നഗരത്തിലെ വലിയ സംഘാടകന്മാരേക്കാള്‍ കേമിയാ പുള്ളിക്കാരത്തി. ലോകത്തിലെ ഏതു വലിയ കലാകാരിയേയോ കലാകാരനേയോ അവരു കൊണ്ടുവന്ന് പരിപാടി നടത്തിപ്പിക്കും. അങ്ങനെയാ വമ്പന്‍ പണക്കാരുടെ മക്കള്‍ അവിടെ നൃത്തം പഠിക്കാനും സംഗീതം പഠിക്കാനും തള്ളിക്കേറിത്തുടങ്ങിയത്. വാങ്ങിക്കുന്ന ഫീസാണെങ്കില്‍ ഒരു രക്ഷയുമില്ലാത്തത്. പിന്നെ അവിടുന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഈ പേരുള്ളത് കാരണം പെട്ടന്ന് ചാന്‍സും കിട്ടും. '
 

 

' മാസ്റ്ററ് പറഞ്ഞത് ഞാനിങ്ങനെ ശ്രദ്ധിച്ചിരിക്കുകയാരുന്നു. പിന്നെ മാഷിന് അവരെക്കുറിച്ചെന്തെറിയാം'
' ഓ പിന്നെന്താ, സംഗീതം പഠിക്കാന്‍ അവര്‍ തയ്യാറായതും അത് മാര്‍ക്കറ്റ് ചെയ്യാനുള്ള വഴികളെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു. അല്ലാതെ പഠിക്കാനുള്ള താല്പര്യമുണ്ടായിട്ടല്ല. മാത്രവുമല്ല സംഗീതം പഠിപ്പിക്കുമ്പോള്‍ നമുക്കൊരു ഉന്മേഷമൊക്കെ ഉണ്ടാവണം. അല്ലെങ്കില്‍ പഠിപ്പിക്കാന്‍ പ്രയാസമാ. സംഗീതത്തിന്റെ മര്‍മ്മമാണ് ഗമകപ്രയോഗം. ഗണിതശാസ്ത്രം തന്നെയാ അത്. ഉദാരഹരണത്തിന് നമുക്ക് ദശാംശം കഴിഞ്ഞ് എത്ര പൂജ്യം വേണമെങ്കിലുമിട്ട് അവസാന അക്കം ഒന്നാണെങ്കില്‍ കിട്ടുന്ന അളവില്ലെ. അതുപോലുള്ള സ്വരസ്ഥാനപ്രയോഗങ്ങളാ ഈ ഗമകങ്ങളില്‍ ആവശ്യം. അതൊക്കെ ഒരിക്കലും നമുക്ക് ഗുരുമുഖത്തുകൂടെയല്ലാതെ പകര്‍ന്നു കൊടുക്കാന്‍ പറ്റില്ല. ഉദാഹരണത്തിന്  ചില രാഗങ്ങളുടെ സ്വരം മുഴുവന്‍ ശുദ്ധഋഷഭമായിരിക്കും. എന്നാല്‍ ആ രാഗം ശുദ്ധഋഷഭത്തില്‍ പാടിയാല്‍ അത് കിട്ടില്ല. തോടി രാഗം മാഡം കേട്ടിട്ടില്ലേ. അതുപോലൊരു രാഗമാണ്. ഈ വിദ്യയൊക്കെ നമുക്ക് വാക്കുകളിലൂടെ കുട്ടികളിലേക്ക് പകരാന്‍ പറ്റില്ല. കുട്ടികളിലേക്ക് അത് പ്രവേശിക്കുന്നുണ്ടോ എന്ന് നമുക്ക് പഠിപ്പിക്കുമ്പോള്‍ അറിയാന്‍ കഴിയും. പക്ഷേ അതൊന്നും അവര്‍ക്ക് താല്പ്പര്യമില്ല. അവരുടെ കണ്ണു കാണുമ്പോള്‍ തന്നെ ഗമകം പോയിട്ടു സ്വരം പോലും നേരേ വീഴില്ല. പിന്നെ അവര്‍ക്ക് കലയെ നല്ല ബിസിനസ്സാക്കി നടത്താനറിയാം. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലെന്തൊ വലിയ ഉദ്യോഗസ്ഥനായിരുന്നു. അവിടെവച്ച് ഒരപകടത്തില്‍ അദ്ദേഹം മരിച്ചു. അതിന്റെ പേരില്‍ നല്ല കാശ് കിട്ടി. ആ കാശുകൊണ്ടാ അവര്‍ ഈ രീതിയില്‍  സ്‌കൂള്‍ തുടങ്ങി ആഗോളസംഭവമാക്കിയത്'

 

' മാസ്റ്റര്‍ക്ക്  പിന്നെന്തറിയാം ഷെര്‍ളി രവീന്ദ്രനെക്കുറിച്ച്.'
' പിന്നെന്താ മാഡം. അല്ലാതെന്തറിയാനാ. അവരുടെ മോറല്‍ വശത്തെക്കുറിച്ചൊന്നും ആരും ഇതുവരെ മോശമായി പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. പിന്നെ പരിപാടിക്കൊക്കെ പോകുമ്പോള്‍ ട്രൂപ്പിലുളളവരൊക്കെ ഡിസിപ്ലിന്റായിരിക്കും. മോശപ്പെട്ട ഒരു ചെറിയ സംഭവം പോലുമുണ്ടായിട്ടില്ല. ഒരു വിധവയെപ്പോലെയല്ല അവര്‍ ജീവിക്കുന്നത്. എന്ന് വച്ച് മറ്റ് കാര്യങ്ങളൊന്നും ഇതുവരെ എന്റെ ചെവിയില്‍ പെട്ടിട്ടില്ല. പിന്നെ അവര് വടകരക്കാരിയാണെന്നുമറിയാം. എന്തേ മാഡം അങ്ങനെ ചോദിച്ചത്'
' ഇതാ ഞാന്‍ പറഞ്ഞത് , മാസ്റ്റര്‍ക്കെന്നല്ല, പുരുഷന്മാര്‍ക്ക് പൊതുവേ സ്ത്രീകളെ അറിയില്ലെന്ന്'
 അതു പറഞ്ഞിട്ട് വിനീത ഇളകിയൊരു ചിരി ചിരിച്ചു. ഒരിക്കല്‍ ദില്ലിയില്‍ ഷെര്‍ളി രവീന്ദ്രനൊപ്പം പരിപാടിക്കു പോയപ്പോള്‍ മയൂര്‍വിഹാറിലെ ഫ്‌ളാറ്റില്‍ നിന്നും വേദിയിലേക്കു പോകാനിറങ്ങിയ സമയത്ത് ഉണ്ടായ ഭൂമികുലുക്കം പോലൊന്ന് ശിവപ്രസാദിന് ആ ചിരി അനുഭവപ്പെട്ടത്.
വിനീതയുടെ ചുണ്ടിന്റെ വികാസവും ചിരികഴിഞ്ഞ് അവ പൂര്‍വസ്ഥിതിയിലേക്ക് ചുരുങ്ങുകയും ചെയ്തതിലെ വിന്യാസവും, അവരുടെ പല്ലുകളുടെ പ്രകാശവും ശിവാപ്രസാദിനെ ഒരു നിമിഷം അന്ധാളിപ്പിച്ചു. ഹരികുമാറിന്റെ വീട്ടിലെ കോളിംഗ് ബെല്ലിനെ അനുസ്മരിപ്പിക്കുന്ന ചിരിയുടെ കിളിനാദവും. തന്റെ ഉള്ളിലെ പകപ്പ് പുറത്തു കാണിക്കാതിരിക്കാന്‍ ശിവപ്രസാദ് നന്നേ പണിപ്പെട്ടു. ചിരിക്കുമ്പോഴുള്ള അവരുടെ കണ്ണടപ്പാണ് ചുണ്ടിനേയും ചിരിയേയും ഇത്ര സ്വകാര്യമായി ശിവപ്രസാദിനെ അനുഭവപ്പെടുത്തിയത്.

ആ ചുണ്ടുകളിലേക്ക് അവരുടെ കണ്ണുകള്‍ നിമിഷനേരം കൊണ്ട് കുടിയേറിയപോലെ അയാള്‍ക്കു തോന്നി. ചിരി കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ അതിലേക്ക് പല്ലുകളുടെ തിളക്കം തിരിച്ചു കുടിയേറി. 'കണ്‍പോളകള്‍ക്ക് ചുണ്ടിന്റെ വിന്യാസഭാവം. ചിരിക്കുന്ന കണ്ണുകള്‍. സംസാരിക്കുന്ന കണ്ണുകള്‍. ചിരിച്ചുകൊണ്ടു സംസാരിക്കുന്ന കണ്ണുകള്‍. കണ്ണും വദനവും. കണ്‍പോളകളും അധരങ്ങളും.'

 

' എന്തേ മാസ്റ്ററേ, പരിചയമില്ലാത്ത പോലെ നോക്കുന്നെ'
' പരിചയമില്ലാത്തതുകൊണ്ട് തന്നെ. മാഡം മോഹിനിയാട്ടം അവതരിപ്പിക്കുകയാണെങ്കില്‍ വേദിയില്‍ വിസ്മയം തീര്‍ക്കും '
' എനിക്ക് ആഗ്രഹമൊന്നുമില്ലാഞ്ഞിട്ടല്ല മാസ്റ്ററെ. കരിംപൂരാടമായിപ്പോയില്ലേ.'
' വഴിയില്ല മാഡം. തെറ്റിപ്പോയതാകാനാണ് സാധ്യത. ഉത്രാടത്തിലായിരിക്കണം മാഡം ജനിച്ചത്. നാള് തിട്ടപ്പെടുത്തിയതില്‍ പറ്റിയ തെറ്റാകാനേ വഴിയുളളൂ. മാഡത്തിന്റെ കണ്ണുകൊണ്ട് പകരാന്‍ പറ്റാത്ത ഭാവമില്ല'
' ഇല്ല മാസ്റ്ററെ. എന്റെ നാള് കരിംപൂരാടം തന്നെ. അതില്‍ മാറ്റം വരാനിടയില്ല. ഉത്രാടമാണെങ്കില്‍ ഗജകേസരിയോഗം. പക്ഷേ ആനവാലുകൊണ്ടൊരു മോതിരം പോലും അണിഞ്ഞ് ആസ്വദിക്കാനുള്ള നക്ഷത്രയോഗമില്ലാതെയായിപ്പോയി. അത് വിട്'
' മാഡം കലാഭ്യാസത്തിന് പ്രായമൊന്നുമില്ല. ഷെര്‍ളി സുരേന്ദ്രനെക്കണ്ടില്ലെ. അവര്‍ അവരുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷമാ കലാരംഗത്തേക്ക് പ്രവേശിച്ചത്. കലയുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. എന്നാലും അവരുടെ സ്ഥാപനത്തിന് കേരളത്തിന് പുറത്ത് വരെ നല്ല പേരാ'
' ഷെര്‍ളിയെപ്പോലെ എനിക്കാകാന്‍ പറ്റുമോ മാസ്റ്ററേ. മാസ്റ്ററ് തന്നെ പറഞ്ഞില്ലേ അവരുടെ കണ്ണുകളില്‍ വികാരം വരില്ലെന്ന്. അവരുടേതിനേക്കാള്‍ ചെറുതാണെന്റെ കണ്ണുകള്‍. മാസ്റ്റര്‍ പറയുന്നു എല്ലാ വികാരങ്ങളെയും എന്റെ കണ്ണിലൂടെ സംവദിപ്പിക്കാന്‍ പറ്റുമെന്ന്.
മാസ്റ്റര്‍ക്കറിയുമോ, എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഇങ്ങനെയൊരു സ്‌നേഹവാചകം കേള്‍ക്കുന്നത്. പുരുഷന്മാരുടെ നോവിപ്പിക്കുന്ന കുന്തമുനകള്‍ പോലുള്ള നോട്ടം എപ്പോഴും എന്റെ മേല്‍ വന്ന് വീഴാറുണ്ട്. പക്ഷേ ആദ്യമായാണ് എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്ന വാക്കുകള്‍ ഞാന്‍ കേള്‍ക്കുന്നത്. അതിന് മാസ്റ്ററോട് നന്ദിയുണ്ട്. എനിക്കിപ്പോ മാസ്റ്ററുടെ മുഖത്തേക്ക് നോക്കാന്‍ നാണമാകുന്നു' അതു പറഞ്ഞുകൊണ്ട് വീണ്ടും വിനീത ചിരിച്ചപ്പോള്‍ ശിവപ്രസാദിന് ആ ചിരിയില്‍ മോഹനരാഗം കേള്‍ക്കാന്‍ കഴിഞ്ഞു. ഒപ്പം ചുണ്ടില്‍ ഒരു പുല്ലാങ്കുഴല്‍ കാണാനും.

 

'ശ്ശൊ'
'എന്താ മാസ്റ്ററെ'
' ഏയ് ഒന്നുമില്ല , മാഡത്തിന്റെ മോഹനരാഗത്തിലുള്ള ഈ ചിരി കണ്ടപ്പോ പെട്ടെന്ന് ഷെര്‍ളിയുടെ ആ ചിരി കയറിവന്നു. അതും കാശ് തരുന്ന നേരത്ത് അകമ്പടിയായുള്ള വിടവാങ്ങല്‍ ചിരി. ഏതോ മഹാഭാഗ്യം അവരിലൂടെ നമുക്ക് ലഭിച്ചപോലെയാണ് ആ ചിരി.'
'  ആ ചിരിയെ മാസ്റ്റര്‍ക്ക് ഏതെങ്കിലും രാഗത്തിലോ താളത്തിലോ കാണാന്‍ പറ്റുമോ'
'  ഹ ഹ ഹ. അതിന്റെ താളം ഓര്‍മ്മയില്‍ വരുന്നു മാഡം. അതിന്റെ പേരാണ് ഝംപ താളം'
' എന്തു താളമാ മാസ്റ്ററെ'
' ഝംപ താളം. അധികം ആരും പ്രയോഗിക്കാത്ത താളമാ അത്. കണ്ടിട്ടില്ലേ ചില വിദ്വാന്മാര്‍ തലയുഴിഞ്ഞും അന്തരീക്ഷത്തില്‍ നിന്നേതാണ്ട് പെറുക്കിയെടുക്കുന്നതുപോലെ താളം പിടിക്കുന്നത്. കണ്ടിരിക്കുന്ന സദസ്യര്‍ വിസ്മയിച്ചു പോകും. കാരണം സാധാരണ സംഗീതജ്ഞര്‍ക്ക് ആ താളത്തില്‍ പാടാന്‍ പ്രയാസമാണ്. അപാര ജ്ഞാനം നേടിയ ഗണിതശാസ്ത്ര വിശാരദന്മാരെപ്പോലുള്ളവര്‍ക്കേ  ആ താളം അല്‍പ്പമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റൂ. പക്ഷേ ചില വിദ്വാന്മാര്‍ അതിന്റെ പ്രയോഗം പണിപ്പെട്ടു നടത്തും. പേരെടുക്കാന്‍. സംഗീതത്തിന് പ്രാധാന്യം കൊടുക്കാതെ, സംഗീതത്തെ ഉപയോഗിച്ച് ആള്‍ക്കാരെ ഞെട്ടിച്ച് പ്രശസ്തി സമ്പാദിക്കാന്‍. അത് വളരെ അപകടമാ. കാരണം ശുദ്ധസംഗീതജ്ഞര്‍ തഴയപ്പെട്ടുപോകും. ജനം ഝംപ താളക്കാരുടെ പിന്നാലേ പോകും. ഒടുവില്‍ അവര്‍ക്ക്  ഝംപയും അറിയാതാവും സംഗീതവും അറിയാതെയാകും.  അപ്പോഴും ബുദ്ധിജീവി നാട്യത്തില്‍ ഝംപ താളക്കാരന്റെ പ്രശസ്തി പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ഗുരുമുഖത്ത് നിന്നല്ലാത്തെ ആ താളം പഠിക്കാനും പറ്റില്ല. പഠിച്ചവര്‍ അധികം പ്രയോഗിക്കാറുമില്ല. അല്ലെങ്കില്‍ സംഗീതത്തിന്റെ കൈലാസം കയറിയവര്‍ തനിക്കു പിന്നാലെ വരുന്നവര്‍ക്ക്  വേണ്ടി ആ താളത്തില്‍ ചിലത് ചിട്ടപ്പെടുത്തും. ബാലമുരളീകൃഷ്ണയെ പോലുള്ളവര്‍. പക്ഷേ നാം ബാലമുരളീകൃഷ്ണയെ ഓര്‍ക്കുന്നത് ഝംപ താളത്തിന്റെ പേരിലല്ല.'

 

' മാസ്റ്ററെ ഈ ലോകത്തില്‍ ഝംപ താളക്കാര്‍ക്കേ  ഇടം കിട്ടുകയുള്ളൂ. മാസ്റ്ററിപ്പോഴും സംഗീതത്തെ സ്‌നേഹിച്ചു നടക്കുന്നുണ്ടെങ്കിലും ഷെര്‍ളി രവീന്ദ്രന്റെ  ട്രൂപ്പില്‍ വായിക്കാന്‍ പോകുന്നില്ലേ. അത്രയേ ഉള്ളൂ. '
' അങ്ങനെ പറയരുത് മാഡം. സംഗീതത്തില്‍ സംഗീതം മാത്രമേ ഉള്ളൂ. അതുകൊണ്ട് ആനന്ദിക്കാം. ധനം വരുന്നെങ്കില്‍ അതുമാസ്വദിക്കാം. പക്ഷേ ധനത്തിനുവേണ്ടി സംഗീതത്തെ ഉപയോഗിക്കുമ്പോള്‍ സംഗീതം പോകും. എനിക്ക് ജീവിക്കാനുള്ള വക സംഗീതം നല്‍കുന്നുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. പക്ഷേ ഉണര്‍ന്നിരിക്കുമ്പോള്‍ എന്റെ പകുതി ജീവിതം സംഗീതത്തിലാണ്. ആ സമയമൊക്കെ ഞാന്‍ ആനന്ദത്തില്‍ തന്നെയാണ്. അതെനിക്ക് തരുന്ന സുഖം ധനം തരില്ല മാഡം.'
'ഹൊ, മാസ്റ്ററെ അതു കേള്‍ക്കമ്പോ എന്തൊരു സുഖമാ. സത്യം. മാസ്റ്ററ് പറഞ്ഞതാ ശരി. ഓരോരുത്തര്‍ക്കും ഓരോ സന്തോഷമല്ലേ മാസ്റ്ററേ.  നമ്മള്‍ ഷെര്‍ളി രവീന്ദ്രന്റെ കാര്യം പറഞ്ഞ് പൂര്‍ത്തിയാക്കിയില്ലല്ലോ. ഞങ്ങളുടെ സ്ഥാപനത്തിലെ ഏതാണ്ട് നാലഞ്ചുപേര്‍ ഷെര്‍ളി രവീന്ദ്രന്റെ ഭജനട്രൂപ്പിലെ അംഗങ്ങളാ. മാസ്റ്റര്‍ ചിലപ്പോ അവരെയൊക്കെ അറിയുമായിരിക്കും'
'ഞാന്‍ ദുബായില്‍ പോയതും അവരുടെ ഭജനസംഘത്തിന്റെ കൂടെയാ. പിന്നെ ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളിലും ഭജനട്രൂപ്പിന്റെ കൂടെയാണ് ഞാന്‍ പോയിട്ടുള്ളത്. '
' എങ്കീ പിന്നെ മാസ്റ്റര്‍ അറിയണ്ട. മാസ്റ്ററുള്‍പ്പെടെയുള്ള ആണുങ്ങള്‍ക്ക് സ്ത്രീകളെ അറിയാന്‍ കഴിയില്ലെന്നു മാത്രം മനസ്സിലാക്കിയാല്‍ മതി' അതു പറഞ്ഞിട്ടും വിനീത വീണ്ടും മറ്റൊരു രാഗത്തിലും താളത്തിലും ചിരിച്ചു.
' അതു ശരിയല്ല മാഡം. മാഡം ഇത്രയും പറഞ്ഞ നിലയ്ക്ക് അതും കൂടി പറഞ്ഞില്ലെങ്കില്‍ ഇനിയും ഞാന്‍ ഏതെങ്കിലും വണ്ടീടെ അടിയില്‍ കേറിയെന്നിരിക്കും'

 

അതു കേട്ടപ്പോള്‍ വീണ്ടും വിനിതയുടെ മറ്റൊരു രാഗവിസ്താരം ചുണ്ടുകളില്‍.
' അയ്യോ, ഞാന്‍ കാരണം മാസ്റ്ററ് അപകടത്തില്‍ പെടേണ്ട. മാസ്റ്ററ് , നേരത്തേ പറഞ്ഞില്ലേ ഇവരുടെ ട്രൂപ്പില്‍ പോകുമ്പോള്‍ താമസവും മറ്റു കാര്യങ്ങളുമൊക്കെ ഗംഭീരമായിരിക്കുമെന്നും എല്ലാവര്‍ക്കും  പ്രത്യേക മുറിയൊക്കെ ഏര്‍പ്പാടാക്കുന്നതില്‍ അവര്‍ക്ക്  പ്രത്യേക ശ്രദ്ധയാണൊന്നുമൊക്കെ. അതിന് കാരണമുണ്ട്. ആ ഭജന ട്രൂപ്പിന്റെ നേതാവ് ഷെര്‍ളിയാ'
' പക്ഷേ അവര് ഭജനയ്ക്ക് പാടാറില്ല മാഡം'
' അതുകൊണ്ട് നേതവാകാന്‍ പറ്റില്ലെന്നുണ്ടോ. മാസ്റ്ററെ അവരെല്ലാം ലെസ്ബിയന്‍സാണ്. സ്വവര്‍ഗരതിക്കാര്‍. ഷെര്‍ലി രവീന്ദ്രന്‍ അതിന്റെ നേതാവാണ്. ഭജന സംഘത്തിലെ മിക്കവാറും എല്ലാവരും തന്നെ കുട്ടികളും കുടുംബവുമായി കഴിയുന്നവരാ. ആര്‍ക്കുമറിയില്ല ഇക്കാര്യം. അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു പോലും.

 

ഇപ്പോ ഈ പത്രത്തിലും ചാനലിലുമൊക്കെ ആഘോഷിക്കുന്നതിന്റ കൂട്ടത്തിലൊന്നും അവര്‍ വരില്ല. ഞാന്‍ നേരത്തേ പറഞ്ഞില്ലേ, ഒരു സീനിയര്‍ സയന്റിസ്റ്റ് അദ്ദേഹം പറയുന്നത് അതൊക്കെ പാവങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് വിദേശികള്‍ നമ്മുടെ ബുദ്ധിജീവികളെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നാ. പക്ഷേ ഇപ്പോ ഓഫീസില്‍ മിക്കവര്‍ക്കും  ഇതറിയാം. കാരണം പുതിയ കുട്ടികളൊക്കെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇവരടുക്കും. അങ്ങനെയാണ് ഇത് പുറത്ത് വന്നത്.എല്ലാമൊരു ഝംപട താളമല്ലേ മാസ്റ്ററെ. മാസ്റ്റര്‍ നേരത്തേ പറഞ്ഞതുപോലെ ജീവിതമെന്നത് വളരെ വിചിത്രമല്ലേ . അവരും ആനന്ദം കണ്ടെത്തുന്നു'
 

 
വിനീതയുടെ മുഖത്ത് ഏറെ നാളായി കണ്ടിരുന്ന വിഷാദ ഭാവം പിന്‍വലിഞ്ഞ് ഉത്സാഹത്തിന്റെ ചെറിയ വിയര്‍പ്പോടുകൂടിയുള്ള ഭാവമാറ്റം അയാളുടെ ശ്രദ്ധയില്‍ പെട്ടു.ശിവപ്രസാദ് പെട്ടെന്ന് അസ്വസ്ഥനായി. അയാള്‍ മറ്റൊന്നും ആലോചിക്കാതെ തന്നെ എഴുന്നേറ്റിട്ട് പാവുകയാണെന്നു പറഞ്ഞു.
' പഞ്ചമി മരണം വിധിക്കുന്നവരുടെയും ഝംപ താളക്കാരുടെയുമിടയില്‍ നമ്മളെപ്പോലുള്ളവരുടെ ജീവിതം കലങ്ങിപ്പോകുന്നു മാഡം'
' എന്താ മാസ്റ്ററെ വേറെ എവിടെയെങ്കിലും ഇന്നിനി ക്ലാസ്സുണ്ടോ?'
' ഉവ്വ്. ഞാന്‍ സംസാരിച്ചിരുന്നു മറന്നു പോയി. '
ശിവപ്രസാദ് യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് പോകുമ്പോള്‍ ശിവപ്രസാദിന്റെ നെഞ്ചില്‍ ഒരു വലിയ പാറക്കല്ല് കയറ്റിവച്ച അവസ്ഥ. അയാള്‍ക്ക്  വീട്ടിലേക്കു പോകണോ അതോ മ്യൂസിയത്തിലെ ഏതെങ്കിലും തണലില്‍ പോയിരിക്കണോ എന്നു തോന്നി. വിനീത പറഞ്ഞ കാര്യങ്ങളിലേക്ക് അറിയാതെ മനസ്സ് തെന്നിവീണു. അവര്‍ പറഞ്ഞതുപോലെ തന്റെ ഭാര്യ ഇനി സ്വവര്‍ഗരതിയിലേര്‍പ്പെടുന്ന  ആളാണോ. വിനീത പറഞ്ഞത് വച്ചു നോക്കുമ്പോള്‍ ശോഭയുമായുള്ള ബന്ധത്തെ അങ്ങനെ സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇത്തരം ആലോചനകളില്‍ മുഴുകിയതുകൊണ്ട് സ്റ്റാച്ച്യൂ കഴിഞ്ഞപ്പോഴാണ് എവിടെയാണെന്നറിയുന്നത്. അതിനാല്‍ മ്യൂസിയം ഭാഗത്തേക്ക് തിരിയാന്‍ കഴിഞ്ഞില്ല. അയാള്‍ നേരേ വീട്ടിലേക്കു പോയി. വീട്ടിലെത്തി അകത്തേക്ക് കയറിയപ്പോള്‍ പ്രമീള ശോഭയുമായി ഫോണില്‍ സംസാരിച്ചിരിക്കുന്നു.
' രാവിലെ പെണ്ണുങ്ങളെയൊക്കെ മണപ്പിച്ചിട്ട് എത്തിയിട്ടുണ്ട്. ' എന്ന് പ്രമീള ഫോണിലൂടെ പറയുന്നത് കേട്ടുകൊണ്ടാണ് ശിവപ്രസാദ് തന്റെ മുറിക്കുള്ളിലേക്ക് കയറിയത്. പ്രമീള പറഞ്ഞത് വളരെ ശരിയാണെന്ന് അപ്പോഴും അയാള്‍ക്ക് തോന്നി. കാരണം വിനീതയുടെ അടുത്തിരുന്ന് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പ്രത്യേക തരം ഗന്ധം അവരില്‍ നിന്നും പ്രവഹിക്കുന്നത് ശിവപ്രസാദറിഞ്ഞിരുന്നു. എങ്കിലും വിനീത തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞത് ശരിയാരിക്കുമോ, ഒരിക്കലും അങ്ങനെ ആകരുതെ എന്ന പാര്‍ത്ഥനയോടെ ശിവപ്രസാദ് ചിന്തിച്ചു.(തുടരും)

 

 

Tags: