അദ്ധ്യായം 11: സ്വാഗതം കൃഷ്ണാ

മീനാക്ഷി
Wed, 13-12-2017 04:30:44 PM ;

reality novel, passbook

ഹരികുമാറും ശിവപ്രസാദും പോലീസ് സ്‌റ്റേഷനില്‍  നിന്ന് കുറച്ചകലെ ഒരു വളവില്‍ കാര്‍ നിര്‍ത്തി  അതിനകത്തിരിക്കുകയാണ്. തന്റെ ജീവിതം വല്ലാത്തൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണെന്ന് ശിവപ്രസാദ് ഹരികുമാറിനോട് പറഞ്ഞു.വരാന്‍ പോകുന്ന ദുരന്തങ്ങളൊക്കെ താന്‍ എങ്ങനെയോ മുന്‍കൂട്ടി കാണുന്നെന്ന തോന്നലും ഹരികുമാറിനോട് പങ്ക് വച്ചു.സംഗീത ക്ലാസ്സുകളില്‍ കുട്ടികളോടൊപ്പം തന്നെ പാടിക്കൊണ്ടാണ് ശിവപ്രസാദ് പരിശീലിപ്പിക്കാറുള്ളത്. അതിനിടയില്‍ കുട്ടികള്‍ക്ക് തെറ്റുന്ന സ്വരസ്ഥാനവും ശ്രുതിയുമൊക്കെ തിരുത്തിക്കൊടുക്കും. അല്ലാതെ കുട്ടികള്‍ക്ക് ആദ്യം പറഞ്ഞു കൊടുത്ത് പിന്നെ അവരെക്കൊണ്ട് പാടിപ്പിച്ച് തിരുത്തി ശരിയാക്കുന്ന രീതിയല്ല ശിവപ്രസാദിന്റേത്. ഏറെ നാളായി മൂന്നാം കാലത്തില്‍ പാടിത്തുടങ്ങുമ്പോള്‍  താന്‍ ഉള്ളില്‍ സിനിമ കാണുന്നതു പോലെ ചില കാര്യങ്ങള്‍ മുന്നില്‍ വരുന്നത് അയാള്‍ ഓര്‍ത്തു. അത് നാലാം കാലത്തിലാകുമ്പോള്‍ ഒരു ത്രീഡീ സിനിമ കാണുന്നതുപോലെ ദൃശ്യങ്ങള്‍ തെളിഞ്ഞു വരുന്നു. അതിനാല്‍ ഇപ്പോള്‍ മൂന്നും നാലും കാലത്തില്‍  കുട്ടികളെക്കൊണ്ട് ജണ്ടവരിശകളും അലങ്കാരവുമൊക്കെ പാടിക്കുമ്പോള്‍ അയാള്‍ക്ക് പേടിയാകാറുണ്ട്. അവ പാടിപ്പിക്കാതിരുന്നാല്‍ കുട്ടികളുടെ പഠനം ശരിയാവുകയുമില്ല. അത്തരത്തിലൊരു നാലാം കാലത്തില്‍ കടന്നു വന്നതാണ് ഷെല്‍ജയുടെ രൂപമെന്നും ഇപ്പോള്‍ ശിവപ്രസാദിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നു. അതുപോലെ ഭാവിയില്‍ പരിചയപ്പെടാന്‍ ഇടയുള്ളവരുടെ മുഖവും  സംഭവങ്ങളും അയാളുടെ ഉള്ളില്‍ തെളിയാറുണ്ട്.          

 

ഒരിക്കല്‍ കല്യാണിയില്‍ മഠ്യതാളത്തില്‍ അലങ്കാരം നാലാം കാലത്തില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ രമേഷിന്റെ ഭാര്യ അടുക്കളയില്‍ മറിഞ്ഞുവീഴുന്നതും അവരുടെ കൈയിലിരുന്ന ചൂടുവെള്ളം നിറഞ്ഞ സ്റ്റീല്‍ ചരുവം തറയില്‍ വീണ് ശ്രുതി ചേര്‍ന്ന് ഉരുണ്ടു വരുന്നതായും ശിവപ്രസാദ് കണ്ടിരുന്നു. താന്‍ ഇങ്ങനെ ചിത്രങ്ങള്‍ കാണുന്ന കാര്യം ഹരികുമാറിനോട് പറയാന്‍ ശിവപ്രസാദിന് തോന്നിയില്ല.ശിവപ്രസാദിന്റെ ഏറ്റവും പ്രിയപ്പെട്ട കീര്‍ത്തനങ്ങളിലൊന്നാണ് മോഹന രാഗത്തിലുള്ള സ്വാഗതം കൃഷ്ണാ.അതും നിത്യശ്രീ മഹാദേവന്‍ പാടിയത്. ആ കീര്‍ത്തനം ആവര്‍ത്തിച്ച് കേള്‍ക്കുക അയാളുടെ പതിവായിരുന്നു. ഒരു ദിവസം അത് കേട്ടുകൊണ്ടിരുന്നപ്പോള്‍ പ്രമീള കലി തുള്ളി. നിത്യശ്രീയുടെ സ്വരം ഉച്ചസ്ഥായിയിലെത്തി ചില രംഗങ്ങള്‍ ഉള്ളില്‍ കണ്ടപ്പോഴാണ് പ്രമീള ആക്രോശവുമായി എത്തിയത്.
' എവളുടെ കീറ്റലും കേട്ടിരിക്കാന്‍ തൊടങ്ങീട്ട് സമയം കോറേയായില്ലേ. നിര്‍ത്ത് ഈ അലമുറയിടീല്‍. മനുഷ്യന് സൈ്വര്യമായിട്ട് വീട്ടിലിരിക്കേണ്ടേ'
   

 

ശിവപ്രസാദ്  കണ്ട ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പ്രമീളയുടെ അലര്‍ച്ച. ഏകദേശം ആ സമയത്തായിരുന്നു ചെന്നൈ അടയാര്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് നിത്യശ്രീയുടെ ഭര്‍ത്താവ് മഹാദേവന്‍ ചാടി ആത്മഹത്യ ചെയ്തത്. കുറേ ദിവസങ്ങള്‍ വേണ്ടി വന്നു അയാള്‍ക്ക് അതില്‍ നിന്നും കര കയറാന്‍. അതിനു ശേഷം നിത്യശ്രീയുടെ കീര്‍ത്തനങ്ങള്‍ ശിവപ്രസാദിന് കേള്‍ക്കാന്‍ പറ്റാതെയായി. വിശേഷിച്ചും സ്വാഗതം കൃഷ്ണാ. അതു കേള്‍ക്കുമ്പോള്‍ അയാളുടെ അടിവയറുമുതല്‍ മേല്‍പ്പോട്ട് എരിച്ചിലോടെ ഇളകി മറിയും. ശിവപ്രസാദിന്റെ ശിഷ്യമാരില്‍ ഒരാള്‍ക്ക് മൂകാബികയില്‍ അര്‍ച്ചനയായി ആ കീര്‍ത്തനം പാടാന്‍ പരിശീലിപ്പിക്കണമെന്ന ആവശ്യമുണ്ടായി.എന്നാല്‍ മൂകാബികയില്‍ ഒരു പാട്ടു മാത്രമേ പാടുന്നുവുള്ളുവെങ്കില്‍ ഗണേശ സ്തുതി പാടുകയാണ് വേണ്ടതെന്ന് പറഞ്ഞ് മഹാഗണപതിം ഭജേ എന്ന കീര്‍ത്തനമാണ് പഠിപ്പിച്ച്‌വിട്ടത്.
      

 

മഹാദേവന്റെ ആത്മഹത്യക്കുള്ള കാരണം എന്താണെന്നുള്ള ചിന്തയാണ് ശിവപ്രസാദിനെ ആ കീര്‍ത്തനം പേടിപ്പെടുത്താന്‍ കാരണം. നിത്യശ്രീയുടെ ആലാപനത്തില്‍ ഒരു ഹരിതാഭ ഭംഗിയും അതിന്റെ തളിരിലയനക്കവുമുണ്ടെന്നാണ് ശിവപ്രസാദ് കരുതുന്നത്. പാടുന്നയാളിന്റെ മനസ്സിന്റെ പ്രതിഫലനമാണ് ആ രീതിയില്‍ പാട്ടിലൂടെ പ്രകടമാകുന്നതെന്നായിരുന്നു ശിവപ്രസാദിന്റെ നിരീക്ഷണം. വീര്യം പകരുന്ന ആരഭിയില്‍ താന്‍ പാടിയാല്‍ പോലും അതിലൊരു ഗുപ്തമായ വിഷാദ ഭാവമുള്ളതായി ശിവപ്രസാദിന് സ്വയം തോന്നിയിട്ടുണ്ട്. തന്റെ അസ്വസ്ഥമായ കുടുംബാന്തരീക്ഷമാണ് അതിന് കാരണമെന്നാണ് ശിവപ്രസാദിന്റെ കണ്ടെത്തല്‍. സംഗീതത്തില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെപോയത് ശ്രുതിയും താളവും തെറ്റിയ തന്റെ കുടുംബ ജീവിതമാണെന്ന് അയാള്‍ പ്രമീളയെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്.
      

 

രാവിലെ സംഗീത ക്ലാസ്സിനു പോകുമ്പോള്‍ പോലും പ്രമീള ശിവപ്രസാദിന് സമാധാനം നല്‍കാറില്ല. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എന്തെങ്കിലും വിഷയമെടുത്തിട്ട് പ്രമീള കലഹമുണ്ടാക്കും. അതിനാല്‍ ദിവസവും ഉള്ളില്‍ തിളച്ചു മറിയുന്ന മനസ്സും തന്റെ വിധിയെ ഓര്‍ത്ത് വിലപിച്ചുമാണ് ബൈക്കോടിച്ചുകൊണ്ട് വീടുകളിലേക്കു പോകുന്നത്. തേച്ച ഷര്‍ട്ടിട്ടാല്‍ , ഷേവു ചെയ്താല്‍, കണ്ണാടിയില്‍ നോക്കി മുടിയൊന്നൊതുക്കിയാല്‍ ഒക്കെ പ്രശ്‌നമാണ്. ഇറങ്ങാന്‍ നേരം അതെടുത്തു പറഞ്ഞുകൊണ്ടായിരിക്കും പൊട്ടിത്തെറികള്‍' ഇയ്യാള് സംഗീതം പഠിപ്പിക്കാന്‍ പോകുന്നോ അതോ ഫാഷന്‍ ഷോയ്ക്ക് പോകുന്നോ. തേച്ചു മിനുക്കി പോണതു കണ്ടേച്ചാ മതി. ശപ്പന്‍ '  കാര്യവട്ടത്ത് അപകടമുണ്ടായ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കേട്ട വാക്കുകളാണത്. എന്നാല്‍ ഓരോ ദിവസവും അയാള്‍ തയ്യാറാകുന്നത് , അന്ന് ഒന്നും കേള്‍ക്കാന്‍ ഇടവരരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടണ്. രാവിലത്തെ ഈ ആചാര വെടി നിമിത്തമാണ് ശിവപ്രസാദ് മെയിന്‍ റോഡ് ഒഴിവാക്കി ഒരുപാടു ദൂരം സഞ്ചരിക്കണമെങ്കിലും ഒഴിഞ്ഞ വഴികളില്‍ കൂടി ബൈക്കോടിച്ചു പോകുന്നത്. ബൈക്കില്‍ പോകുമ്പോള്‍ പ്രമീളയുടെ വാക്കുകള്‍ അയാളുടെ മനസ്സില്‍ ആവര്‍ത്തിക്കപ്പെടും. പലപ്പോഴും അയാള്‍ അറിയാതെ നെഞ്ചിലേക്ക് നോക്കിയിട്ടുണ്ട്. അവിടം വിങ്ങി പൊങ്ങിവന്നിട്ടുണ്ടോ എന്ന്. അത്രയ്ക്കാണ് അയാള്‍ അനുഭവിക്കുന്ന തിളച്ചു മറിയല്‍.തിരക്കുള്ള റോഡിലൂടെ പോയാല്‍ ചിന്തകള്‍ അപകടം ഉണ്ടാക്കുമെന്നും ശിവപ്രസാദിനറിയാം. ഒരു ദിവസം ഇതേ പോലെ ഭാര്യയുടെ പൊട്ടിത്തെറി കേട്ട് പാങ്ങപ്പാറയിലേക്കിറങ്ങിയ ശിവപ്രസാദ് കോവളം ബൈപ്പാസിലേക്ക് പോകാന്‍ തിരിഞ്ഞതാണ്. എതിരേ വരുന്ന ഏതെങ്കിലും ലോറിയുടേയോ വാഹനങ്ങള്‍ കയറ്റിവരുന്ന ട്രെയിലറുകളുടെയോ മുന്നിലിടിച്ച് ജീവിതം അവസാനിപ്പിക്കാമെന്നു കരുതി. പെട്ടന്നാണ് ട്രക്ക് ഓടിക്കുന്ന ഏതോ പാവം ഡ്രൈവറുടെ മുഖം ഉള്ളില്‍ തെളിഞ്ഞത്. അയാളെ എന്തിന് വിഷമിപ്പിക്കണം. എത്ര വികാരമില്ലാത്ത വ്യക്തിയാണെങ്കിലും തന്റെ വാഹനത്തിന്റെ അടിയില്‍ പെട്ട് ഒരാള്‍ മരിക്കാനിടയായല്ലോ എന്നോര്‍ത്ത് അയാള്‍ വിഷമിക്കില്ലേ എന്ന ചിന്തയാണ് അന്നയാളെ വീണ്ടും പാങ്ങപ്പാറയിലേക്ക് തിരിച്ചു വിട്ടത്.
              

 

reality novel, passbook

മഹാദേവനില്‍ നിന്നു കിട്ടുന്ന സ്‌നേഹത്തിന്റെ പ്രതിഫലനത്തിന്റെ ലക്ഷണമാകും നിത്യശ്രീയുടെ ആലാപനത്തിലെ ചൊടിയുടെ കാരണം എന്നായിരുന്നു ശിവപ്രസാദിന്റെ സ്വകാര്യമായ കണ്ടെത്തല്‍. അത് തെറ്റിക്കുന്നതായിരുന്നു മഹാദേവന്റെ ആത്മഹത്യ.അതും അഡയാര്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് ചാടി. ചെന്നൈയിലെ സര്‍വ്വമാലിന്യങ്ങളും ചേര്‍ന്നരഞ്ഞ് കുഴഞ്ഞൊഴുകുന്ന പുഴയിലേക്ക്. ആത്മഹത്യ ചെയ്യുകയാണെങ്കിലും എന്തുകൊണ്ട് അല്‍പ്പം കൂടി വൃത്തിയുള്ള മാര്‍ഗ്ഗം അയാള്‍ തെരഞ്ഞെടുത്തില്ല? ശിവപ്രസാദിനെ വല്ലാതെ കുഴക്കിയ വിഷയമായിരുന്നു അത്. മടുത്ത ജീവിതം അവസാനിപ്പിക്കാനാവില്ല മഹാദേവന്‍ അങ്ങനെ ചെയ്തിട്ടുണ്ടാവുക. അത് നിത്യശ്രീയോടുളള പകവീട്ടലായേ കാണാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ട് ലോകം ആരാധിക്കുന്ന ആസ്വദിക്കുന്ന ഈ അനുഗൃഹീത കലാകാരിയോട് ഭര്‍ത്താവിന് ഇത്രയധികം ദേഷ്യം ഉണ്ടായി. നിത്യശ്രീയുടെ തിരക്കുപിടിച്ചുള്ള ജീവിതത്തില്‍ എപ്പോഴാണ് കുടുംബത്തില്‍ ചെലവഴിക്കാന്‍ സമയം ലഭിക്കുക എന്ന് ശിവപ്രസാദ് ആലോചിച്ചിട്ടുണ്ട്.
       

 

ഭാര്യയുടെ സാമീപ്യം കിട്ടാത്തതുകൊണ്ട് അവരോട് ഇത്ര പക വരേണ്ട കാര്യമില്ല. ചിലപ്പോള്‍ നിത്യശ്രീയുടെ മുന്നില്‍ തോന്നിയ അപകര്‍ഷതാബോധമായിരിക്കുമോ മഹാദേവനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുക.അതോ അവരില്‍ നിന്നുള്ള അവഗണനയോ? എന്തായാലും താന്‍ അനുഭവിച്ച അവസ്ഥയും അതിനോടുള്ള പ്രതികരണവും തന്നെയാണ് അടയാര്‍ ബ്രിഡ്ജില്‍ നിന്ന് ചാടാന്‍ അയാളെ പേരിപ്പിച്ചിട്ടുണ്ടാവുക എന്ന് ശിവപ്രസാദ് ഉറപ്പിച്ചു.ഭര്‍ത്താവുമായി ഇത്രയും മാനസികമായി പൊരുത്തമില്ലാതിരുന്നിട്ടും അവര്‍ എങ്ങനെ ഇവ്വിധം മനോധര്‍മ്മം ഉപയോഗിക്കുന്നു. അവരുടെ കച്ചേരികളില്‍ പാടുന്ന പാട്ടുകള്‍ എത്ര ഊര്‍ജ്ജസ്വലമാണ്. അവരുടെ നീണ്ട കൈവിരലുകളിലൂടെയാണോ സംഗീതം പൊഴിയുന്നതെന്നു തോന്നും അവര്‍ താളമിടുന്നതു കണ്ടാല്‍. അസ്വാരസ്യമുള്ള ദാമ്പത്യബന്ധമാണെങ്കില്‍ അത് സാധ്യമല്ല. അതോ അവര്‍ തന്റെ ദുഃഖങ്ങള്‍ മറക്കാന്‍ വേണ്ടിയാണോ സംഗീതത്തില്‍ ഇത്രയധികം മുഴുകുന്നത്.
         

 

ഒരു പക്ഷേ എല്ലാം മറന്ന് സംഗീതത്തില്‍ മുഴുകാന്‍വേണ്ടിയാണോ ഈശ്വരന്‍ പ്രമീളയെ തന്റെ ജീവിതത്തിലേക്ക് പറഞ്ഞയച്ചത്. തന്റെ ജീവിത വിഷാദത്തില്‍ സ്വാന്തന ലേപനമായിരുന്നു മോഹനം. എന്നാല്‍ താന്‍ മോഹനം ആലപിക്കുമ്പോഴും സംഗീതത്തിന് ശ്രവ്യസുഗന്ധം വന്നിരുന്നില്ല. ബുദ്ധികൊണ്ട്  സംഗീതത്തില്‍ ഒരിക്കലും ഭാവം വരുത്താന്‍ കഴിയില്ലെന്ന് ശിവപ്രസാദ് ഉറപ്പിച്ചത് മഹാദേവന്റെ ആത്മഹത്യയ്ക്ക് ശേഷമാണ്. എല്ലാം മറക്കാനുള്ള ശ്രമം പരമാവധി നോക്കി. മറക്കാന്‍ ശ്രമിക്കുന്തോറും മറക്കേണ്ടത് ഓര്‍ത്തോര്‍ത്തു വന്നു. അത് യാന്ത്രിക മോഹനമായി മാറി.കുട്ടികളെ വരവീണ മൃദുപാണി പഠിപ്പിക്കുമ്പോള്‍ പോലും ഭാവം വരാതെ യാന്ത്രികമായിപ്പോയി. തുടര്‍ന്ന് എല്ലാം മറക്കാനും ആ മറവിക്ക് മറയാക്കാന്‍ സംഗീതത്തെ ഉപയോഗിക്കാനുള്ള ശ്രമവും ശിവപ്രസാദ് ഒഴിവാക്കി. സംഗീതം മറയല്ലെന്നും അത് തെളിച്ചമാണെന്നും ശിവപ്രസാദ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് വിഷാദ രാഗങ്ങള്‍ ശിവപ്രസാദിന് പ്രിയവും ഹരവുമായി മാറിയത്.
       

 

സീരിയലുകള്‍ കണ്ട് കരഞ്ഞാസ്വദിക്കുന്ന വീട്ടമ്മമാര്‍ക്ക് വിഷാദ രാഗാലാപം കൂടുതല്‍ പ്രിയമായി.അതുകൊണ്ടായിരിക്കാം ശിവപ്രസാദ് വിഷാദ രാഗങ്ങള്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അയാളുടെ പാട്ടിന്റെ മാധുര്യത്തെക്കുറിച്ചും പാടാനുള്ള കഴിവിനെക്കുറിച്ചും അമ്മമാര്‍ വാതോരാതെ പുകഴ്ത്തുന്നത്. വിഷാദ നിമിഷങ്ങളില്‍ അങ്ങനെ മോഹന ലേപനം വെടിഞ്ഞ് ശിവപ്രസാദ് വിഷാദരാഗങ്ങളും വിഷാദ ഗാനങ്ങളും കേള്‍ക്കുന്നത് പതിവായി. പല വീട്ടമ്മമാരും പാട്ടുക്ലാസ്സിനു ശേഷം ശിവപ്രസാദിനോട് ചോദിക്കും ' മാഷിന് സിനിമയിലൊന്നു ശ്രമിച്ചുകൂടെ. എത്ര മനോഹരമായിട്ടാ മാഷ് പാടുന്നെ. റിയാലിറ്റി ഷോയില്‍ വരുന്ന ജഡ്ജിമാരേക്കാള്‍ നല്ല പാട്ടാ മാഷിന്റേത്' ഇതിനു മറുപടിയായി ശിവപ്രസാദ് ഒന്നു ചിരിക്കും. ചിലര്‍ കടുപ്പിച്ച് ചോദിക്കുമ്പോള്‍ പറയും' അതിനൊക്കെ തലവരയും ഭാഗ്യവും വേണം. പാട്ടു മാത്രം അറിഞ്ഞാല്‍ പോരാ'. ചില വീട്ടമ്മമാര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ സ്വാധീനം പ്രയോഗിച്ച് സിനിമാക്കാരെ പരിചയപ്പെടുത്തട്ടെ എന്നു ചോദിക്കും. ' എനിക്ക് , കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതോളം സന്തോഷം വേറൊന്നുമില്ല. എനിക്കതിനാ താല്‍പ്പര്യം' എന്നായിരിക്കും ശിവപ്രസാദിന്റെ അപ്പോഴത്തെ മറുപടി.
         

 

ഹരികുമാറിന്റെ കാറിനുള്ളിലെ പാട്ടുപെട്ടി നിത്യശ്രീയുടെ സ്വാഗതം കൃഷ്ണാ പാടാന്‍ തുടങ്ങി. ശിവപ്രസാദ് അസ്വസ്ഥനായി. അയാള്‍ പെട്ടെന്ന് പാട്ട് നിര്‍ത്താന്‍ ഹരികുമാറിനോട് ആവശ്യപ്പെട്ടു. പതിഞ്ഞ സ്വരത്തിലാണ് പാട്ടെങ്കിലും അതു നിര്‍ത്തിയിട്ട് ശിവപ്രസാദിനോട് ചിത്രാംഗദന്റെ കാര്യം പറയണമെന്ന് വിചാരിച്ചപ്പോഴാണ് പാട്ട് നിര്‍ത്താന്‍ ശിവപ്രസാദ് തന്നെ ആവശ്യപ്പെട്ടത്.
' ശിവാ , നീ അടിയന്തിരമായി ചിത്രാംഗദന്‍ സാറിനെ കാണണം. ഞാന്‍ വാസ്തവത്തില്‍ നീ കൂടെയുള്ളതിനാലും ഷെല്‍ജ വരുമെന്നതിനാലുമാണ് കാറെടുത്തത്. കഴിവതും കുറച്ചു നാളത്തേക്ക് കാറ് ഒഴിവാക്കണമെന്ന് ചിത്രാംഗദന്‍ സാര്‍ പറഞ്ഞിരിക്കുവാ. ലോകത്ത് എല്ലാ മനുഷ്യര്‍ക്കും കാലക്കേടുള്ള കാലമാണ് ഇതെന്നാ സാറ് പറയുന്നെ. ഓഖി ചുഴലിക്കാറ്റ് വന്നത് കണ്ടില്ലേ. എത്ര പേരാ മരിച്ചെ. ആര്‍ക്കെങ്കിലുമറിയുമോ. ആവശ്യമുണ്ടെങ്കിലും കാലാവസ്ഥാ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വരാറുള്ളതാ. വെറുതെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുള്ളതാണെന്ന രീതിയിലെങ്കിലും. എന്നിട്ട് അങ്ങനെ പോലും ആരും ശ്രദ്ധിക്കാതെ പോയി. അതൊന്നും വെറുതെ സംഭവിക്കുന്നതല്ല. ദുരന്തം വരുന്നതു കണ്ടാലും കേട്ടാലും അറിയില്ല. അതാണ് കാലക്കേട് എന്നു പറയുന്നത്. ദുരന്തങ്ങളെ കാണുന്നവനാണ് മനുഷ്യരില്‍ ഭാഗ്യമുള്ളവര്‍. അതിനു ശേഷിയില്ലാത്തവര്‍ അതിനു കഴിവുള്ളവരെ കണ്ട് കാലക്കേട് ഒഴിവാക്കാന്‍ ശ്രമിക്കണം. അതു കാണാന്‍ കഴിവുള്ളവര്‍ നമ്മുടെ മുന്‍പിലുള്ളപ്പോള്‍ അവരെപ്പോലും നാം കാണാതിരിക്കുന്നത് കൊടിയ കാലക്കേട് വരുത്തി വയക്കും.'

 

ഹരികുമാറിന്റെ ദുരന്തങ്ങളെ മുന്‍കൂട്ടി കാണുന്നവനാണ് ഭാഗ്യവാന്‍ എന്ന പ്രസ്താവന ശിവപ്രസാദിനെ ഒന്നു പിടിച്ചു കുലുക്കി.
' ദുരന്തങ്ങളെ മുന്‍കൂട്ടി കാണുന്നവന്‍ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയല്ലേ ഹരീ'
' വിഡ്ഡിത്തരം പറയാതെടാ ശിവാ. ചിത്രാംഗദന്‍ സാറിന്റെ ഏറ്റവും മോശം കാലമായിരുന്നു കഴിഞ്ഞ ആറ് മാസം. അതദ്ദേഹത്തിന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതിനാലാണ് വന്‍ അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞത്. ഭാഗ്യം എന്നു പറയുന്നത് കാലക്കേടുകള്‍ ഒഴിഞ്ഞുപോകുന്നതുമാണ്. അതാണ് ഏറ്റവും വലിയ ഭാഗ്യമെന്നാണ് ചിത്രാംഗദന്‍ സാര്‍ പറയുക. നീയൊന്നാലോചിച്ചു നോക്കൂ, രമേഷിന്റെയും ഭാര്യയുടെയും അവരുടെ അയല്‍പ്പക്കത്തുള്ള കുടുംബത്തിന്റെയും കാര്യം. ആ അപകടം ഒഴിഞ്ഞു പോയിരുന്നെങ്കില്‍ അതില്‍പ്പരം ഭാഗ്യം എന്തുണ്ടാകുമായിരുന്നു. ഒട്ടേറെ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായ കുട്ടിയാണ് അന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ലാഭത്തില്‍ മാത്രം നോക്കി ജീവിച്ചു ശീലിച്ച നമുക്ക് ഭാഗ്യമെന്നാല്‍ ലാഭം മാത്രമേ ഉള്ളൂ.അതുകൊണ്ടാണ് ഒഴിഞ്ഞു പോകുന്ന കാലക്കേടിനെ ഭാഗ്യമായി കാണാന്‍ പറ്റാതെ പോകുന്നത്. കുറച്ചു നേരം ചിത്രാംഗദന്‍ സാറിന്റെയടുത്തിരുന്നു കാര്യങ്ങള്‍ കേള്‍ക്കുമ്പോഴാണ് അതൊക്കെ മനസ്സിലാകുന്നത്. സെക്രട്ടറിയേറ്റിലെ സെക്രട്ടറിമാരായ മിക്ക ഐ എ എസ്സുദ്യോഗസ്ഥരും സാറിനെ വിളിച്ചു ചോദിച്ചിട്ടാ ഔദ്യോഗികമായ പല തീരുമാനങ്ങളും  എടുക്കുന്നത് തന്നെ. ചിലപ്പോള്‍ മന്ത്രിമാര്‍ക്ക് നല്‍കേണ്ട ഉപദേശങ്ങള്‍ പോലും അവര്‍ ചിത്രാംഗദന്‍ സാറിനോട് ചോദിക്കാറുണ്ട്. പല സീനിയര്‍ ഓഫീസര്‍മാരും ദിവസേന രാവിലെ വിളിച്ച് സാറിനോട് ചോദിച്ചിട്ടാണ് വ്യക്തിപരമായ ദിനചര്യകളില്‍ പോലും ഏര്‍പ്പെടുന്നത്. '
          

 

എതിര്‍ വശത്ത് ഒരു യൂബര്‍ ടാക്‌സി വന്നു നിന്നു. അതില്‍ നിന്ന് ഷെല്‍ജ  ഹരികുമാറിന്റെ കാര്‍ നമ്പര്‍ നോക്കി ഉറപ്പാക്കി ഇറങ്ങി. ജീന്‍സും ഒരു ലൂസ് വയലറ്റ് റൗണ്ട് നെക്ക് ടീഷര്‍ട്ടുമാണ് ഷെല്‍ജയുടെ വേഷം. ഇടതു കൈ അപ്പോഴും സ്ലിംഗിലാണ്. തന്റെ സ്തനഭാരത്തെ താങ്ങിപ്പിടിച്ചെന്നവണ്ണം ഷെല്‍ജ ഇരുവശവും നോക്കിക്കൊണ്ട് പെട്ടന്ന് ചെറിയ ഓട്ടമെന്നവണ്ണം റോഡ് ക്രോസ് ചെയ്തു. ഇടതു വശത്തെ ഡോര്‍ തുറന്ന് ഷെല്‍ജ പിന്‍സീറ്റില്‍ ഇരുന്നു. ഷെല്‍ജ കയറിയ ഉടന്‍ തന്നെ കാറിനുള്ളില്‍ പ്രത്യേക സുഗന്ധം പരന്നു.പോലീസ് സ്‌റ്റേഷനിലേക്ക് ഹരികുമാര്‍ കാര്‍ വിട്ടു. ചിരകാല സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ പരസ്പരം സംസാരിച്ചത്. ശിവപ്രസാദ് ഷെല്‍ജയോടും ഷെല്‍ജ തിരിച്ചും സുഖാന്വേഷണങ്ങള്‍ നടത്തി. ശിവപ്രസാദിന്റെ ഭാര്യയുടെ വിവരവും ഷെല്‍ജ അന്വേഷിച്ചു. പോലീസ് സ്‌റ്റേഷന്റെ മുന്നിലെത്തിയപ്പോള്‍ അതിനുള്ളില്‍ നിന്ന് ഏതാനും പേര്‍ പുറത്തേക്കു ചാടുകയും പിന്നീട് കൈയ്യിലുള്ള വടിയും കല്ലുമായി അകത്തേക്കു കയറുകയും ചെയ്യുന്നു, അവരെ തല്ലുകയും തടയുകയും ചെയ്യുന്ന പോലീസുകാരെയും കാണാം. പെട്ടന്ന് തോക്കു ധാരികളായ പോലീസുകാര്‍ സ്‌റ്റേഷനില്‍ നിന്ന് ചാടിയിറങ്ങി. അടികൊണ്ട് ദൂരേക്ക് ഓടിയ ഒരാള്‍ ദൂരെ നിന്ന് വലിയൊരു കല്ലെടുത്ത് പോലീസുകാര്‍ക്ക് നേരെ എറിഞ്ഞു. ആ കല്ലു വന്ന് വീണത് ഹരികുമാറിന്റെ കാറിന്റെ മുന്നിലെ ചില്ലിലും.(തുടരും)

Tags: