അദ്ധ്യായം പത്ത്: പുകമറ

മീനാക്ഷി
Tue, 05-12-2017 03:38:03 PM ;

reality novel, passbook

ശിവപ്രസാദ് രാവിലത്തെ ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയി. മുന്‍വശത്തെ വാതില്‍ തുറന്നിട്ട് ഉള്ളില്‍ കസേരയില്‍ ഇരിപ്പാണ് പ്രമീള. മുറിവേറ്റകാല്‍ ഏതിരെയുള്ള സ്റ്റൂളിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. പെട്ടെന്ന് വീടിന്റെ മുന്നില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. രണ്ടു പോലീസുകാര്‍  കിരണ്‍ തലേ ദിവസം വീട്ടില്‍ വന്നിരുന്നോ എന്ന് അന്വേഷിച്ചു. തനിക്ക് മകനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പ്രമീള പറഞ്ഞു. പോലീസ് സ്വരം അല്‍പ്പം കടുപ്പിച്ച് തെല്ലൊന്ന് വിരട്ടാന്‍ നോക്കി.
' നിങ്ങള് വേണേ അകത്തു കയറി നോക്ക്. ' അല്‍പ്പം കാര്‍ക്കശ്യത്തോടും അസ്‌കിത മറച്ചു വയ്ക്കാതെയും പ്രമീള പോലീസുകാരോട് പറഞ്ഞു.
'അധികം വിളച്ചിലെടുക്കേണ്ട പെണ്ണുമ്പിള്ളേ. നിന്റെ മോനു വേണ്ടി കുറേ നാളത്തേക്ക് കഞ്ഞി തെളപ്പിക്കേണ്ടി വരില്ല' ഒരു പോലീസുകാരന്‍ പറഞ്ഞു
' മര്യാദയക്ക് സംസാരിക്കടോ താനാരാ എന്നെ എടീന്നും നീന്നും വിളിക്കാന്‍. ഞാനെന്തു ചെയ്‌തെന്നാ പറേണെ. നിങ്ങടെ കഴിവുകേടിന് വീട്ടില് എഴുന്നേല്‍ക്കാന്‍ കഴിയാതിരിക്കുന്ന പെണ്ണുങ്ങളെ തെറി വിളിക്കുന്നോ? തന്റെ തൊപ്പി ഞാന്‍ തെറിപ്പിക്കും. ധൈര്യമുണ്ടേ താന്‍ ഇനീ അതുപോലൊന്നു സംസാരിക്കടോ' അത്യാവശ്യം ഉച്ചത്തില്‍ പരിസരത്തു ശ്രദ്ധിച്ചു നിന്നവര്‍ക്ക് കേള്‍ക്കാവുന്ന വിധത്തില്‍ പ്രമീള പോലീസുകാരനോട് കയര്‍ത്തു. കൂടെ ഉണ്ടായിരുന്ന പോലീസുകാരന്‍ അവരുമായി സംസാരിച്ച പോലീസുകാരനെ തന്ത്രത്തില്‍ വിളിച്ച് പുറത്തേക്കിറക്കി ജീപ്പില്‍ കയറി പോയി. പോലീസ് ജീപ്പ് പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ശിവപ്രസാദ് പ്രഭാത ഭക്ഷണവും വാങ്ങി എത്തി. പോലീസുകാരന് കൊടുത്തതിന്റെ ബാക്കി ഒട്ടും ചൂടു പോകാതെ പ്രമീള ശിവപ്രസാദിനും കൊടുത്തു.

 

' എന്തായാലും  ദൈവമുണ്ടെന്ന് തെളിഞ്ഞു. മണ്ടയ്ക്കാട്ടമ്മ ഇപ്പോ ഇരുപത്തിനാലു മണിക്കുര്‍ പോലും കാത്തുനില്‍ക്കില്ല. അതിനു മുന്‍പ് കൊടുക്കാനുള്ളത് അപ്പപ്പോ കൊടുക്കും.'പ്രമീള പറഞ്ഞു.
' താനീ കസേരേല്‍ ഇങ്ങനെ ഇരിക്കുന്നതും മണ്ടയ്ക്കാട്ടമ്മ തന്നതാണോ' ശിവപ്രസാദ് ചോദിച്ചു.
' എന്താടാ വൃത്തികെട്ടവനെ നീ പറേണെ. നീയും നിന്റെ മോനും കൂടി എന്നെ ഇല്ലാതാക്കാന്‍ നോക്കീട്ട് ഇപ്പോ മട്ട് കാണിക്കുന്നോടാ ചെറ്റെ.നിന്റെ മോനുണ്ടല്ലോ അവനിനി കുറേ കാശുണ്ടാക്കും. ജയിലീക്കിടന്ന്. നിന്റെ മോന്‍ എന്നെ നശിപ്പിക്കാന്‍ നോക്കി ഒരു രാത്രി കഴിയുന്നതിന് മുന്‍പ് അവന്റെ കട്ടേം പടോം മടക്കിയത് കണ്ടില്ലേ. പെണ്ണുങ്ങടെ ചന്തിനോക്കി നടക്കുന്ന നാറി.'
' ഒന്നു മര്യാദയ്ക്ക് സംസാരിക്കാന്‍ പാടില്ലെ. ഒന്നുമില്ലെങ്കില്‍ പ്രസവിച്ച തള്ളയാണെന്നെങ്കിലും ഓര്‍ക്കാന്‍ പാടില്ലെ.' ശിവപ്രസാദ് ചോദിച്ചു.
' അങ്ങനൊരു വിഷവിത്തിനെ പെറ്റതോര്‍ക്കുമ്പോ എന്റെ പള്ള കത്തുന്നു'
ശിവപ്രസാദ് വീട്ടില്‍ നിന്നും പുറത്തേക്കു പോകാനായി വാതില്‍ക്കലേക്കു നീങ്ങി.
' എടാ എന്നെ ഇങ്ങനിരുത്തീട്ട് ഏതു പെണ്ണിന്റെ ചന്തി നോക്കാനാ നീ പോണെ'
അതു കേട്ട് ശിവപ്രസാദ് അകത്തേക്കു പോയി. ഹരികുമാറിനെ വിളിച്ച് എന്തെങ്കിലും ആലോചിക്കണമെന്നുണ്ട്. മുന്‍കൂര്‍ ജാമ്യം തേടാന്‍ വല്ല വഴിയുണ്ടോ എന്നൊക്കെ. അത് വീട്ടില്‍ നിന്നുകൊണ്ട് സംസാരിക്കാനും പറ്റില്ല. ഈ അവസ്ഥയില്‍ പുറത്തേക്കു പോയാല്‍ പ്രമീള വലിയ പ്രശ്‌നമുണ്ടാക്കുമെന്നും ശിവപ്രസാദിനറിയാം.
      

 

ശിവപ്രസാദിന്റെ ഫോണ്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍. എങ്കിലുമെടുത്തു. കിരണാണ്.
' അച്ഛാ ഇത് ഞാനാ. പേടിക്കാനൊന്നുമില്ല. ഓഫീസിനുള്ളിലെ ചില പ്രശ്‌നങ്ങളാ കുഴപ്പത്തിലാക്കിയത്. എന്റെ ഭഗത്ത് നിന്ന് തെറ്റൊന്നുമുണ്ടായിട്ടില്ല. പക്ഷേ ഒരു പെണ്ണ് തന്നെ കയറിപ്പിടിച്ചുവെന്നും പറഞ്ഞ് പോലീസില്‍ പരാതി കൊടുത്തു. അതവിടുത്തെ എച്ച്.ആര്‍കാര്‍ പറഞ്ഞിട്ടു കൊടുത്തതാ. ഞാന്‍ സിറ്റിയില്‍ തന്നെയുണ്ട്. ഒരു ഫ്രണ്ടിന്റെ വീട്ടില്‍ .ബ്രിജേഷ് എന്നാണ് ഫ്രണ്ടിന്റെ പേര്. പോലീസെങ്ങാനും വന്ന് അച്ഛന്റെ ഫോണ്‍ പരിശോധിക്കുകയാണെങ്കില്‍ ബ്രിജേഷിന് എന്നെ ഫോണില്‍ കിട്ടാതെ അയാള്‍ അച്ഛന്റെ ഫോണില്‍ വിളിച്ചതാണെന്ന് പറഞ്ഞാ മതി. ബ്രിജേഷ്, പേര് മറക്കേണ്ട..പ്രശ്‌നങ്ങളൊക്കെ ഇന്നത്തോടം കൊണ്ട് കഴിയും. വിഷമിക്കാനൊന്നുമില്ല'

 

കിരണ്‍ ഫ്രണ്ടിന്റെ ബൈക്കുമെടുത്ത് ഹെല്‍മറ്റ് ധരിച്ച് ശാസ്തമംഗലത്തുള്ള ഉദാരശിരോമണി റോഡിലേക്കു പോയി. അവിടെ ഒരു വീടിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി ഇറങ്ങി .വീടിന്റെ കോളിംഗ് ബെല്ലമര്‍ത്തിയപ്പോള്‍ മധ്യവയസ്സിലേക്ക് പ്രവേശിച്ച ഒരാള്‍ കതക് തുറന്നു.
'ശാലിനിയുടെ വീടല്ലേ'
'അതേ.ആരാ'
'ഞാന്‍ ശാലിനിയുടെ ഫ്രണ്ടാ.ശാലിനിയെ ഒന്നു വിളിക്കാമോ'
'മോളേ, ദേ നിന്നെ കാണാന്‍ ഒരു ഫ്രണ്ട് വന്നിരിക്കുന്നു.'
ഉളളില്‍ നിന്ന് ശാലിനി വന്നപ്പോള്‍ കാണുന്നത് കിരണിനെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ അവള്‍ അല്‍പ്പ നേരം വിഷമിച്ചു. സ്വന്തം വീട്ടിലെത്തിയ വ്യക്തിയോട് സംസാരിക്കേണ്ടതിന്റെ മര്യാദ ഒരു ഭാഗത്ത്. തന്നെ അപമാനിച്ചതിന്റെ ദേഷ്യവും അയാള്‍ക്കെതിരെ പോലീസ് കേസ് കൊടുത്തതുമൊക്കെ പൊന്തി വന്ന് ഒരു നിമിഷം വല്ലാതെയായി.
'അങ്കിള്‍ ഞങ്ങള്‍ക്ക് ഒരു പേഴ്‌സണല്‍ കാര്യം സംസാരിക്കാനുണ്ടായിരുന്നു.
'വേണ്ടച്ഛാ. അച്ഛനിവിടിരിക്ക്. അച്ഛന്റെ മുന്നില്‍ വച്ച് സംസാരിക്കാവുന്നത് സംസാരിച്ചാ മതി. '
'എന്താ മോളെ പ്രശ്‌നം. എനിക്കൊന്നും മനസ്സിലാകുന്നില്ല.'
'അച്ഛാ ഇത് കിരണ്‍. കിരണെതിരെയാ ഞാന്‍ പോലീസില്‍ കംപ്ലെയിന്റ് കൊടുത്തിരിക്കുന്നത്. '
'മിസ്റ്റര്‍ കിരണ്‍. നിങ്ങള്‍ ഇപ്പോള്‍ പോകൂ. പോലീസ് കേസ്സ് തീര്‍പ്പാക്കേണ്ടത് ഇവിടല്ല. പ്ലീസ്. അണ്‍പ്ലസന്റ് സിറ്റ്വേഷന്‍ ഉണ്ടാക്കരുത്. വളരെ മാന്യമായി താമസിക്കുന്നവരുള്ള ഒരു കോളനിയാ ഇത്. '
' ഞാന്‍ നിങ്ങടെ മാന്യത ഇല്ലാതാക്കാനോ ബുദ്ധിമുട്ടിക്കാനോ വന്നതല്ല. എനിക്ക് ശാലിനിയോട് പേഴ്‌സണലായി ഒരു കാര്യം പറയാനുണ്ട്. അത് പറഞ്ഞാല്‍ ഞാന്‍ പൊയ്‌ക്കൊള്ളാം'
' ഹേ, മിസ്റ്റര്‍ , ശാലിനിക്ക് തന്റെ സംഭാഷണം കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞില്ലെ. പിന്നെ നിങ്ങള്‍ വെറുതെ എന്തിനാണ് വാശി പിടിക്കുന്നെ. നിങ്ങള്‍ പോയില്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും. പ്ലീസ് നിങ്ങള്‍ പോകൂ'
സെറ്റിയില്‍ ഇരിക്കുകയായിരുന്ന കിരണ്‍ എഴുന്നേറ്റു. വലതു വശത്ത് പാതി തുറന്നു കിടന്ന ഗസ്റ്റ് റൂമിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു ശാലിനി. പോകാനായി തിരിഞ്ഞ കിരണ്‍ പൊടുന്നനെ ശാലിനിയുടെ കൈയ്യില്‍ പിടിച്ചുവലിച്ചുകൊണ്ട് ഗസ്റ്റ് റൂമിലേക്കു കയറി കതകടച്ച് കുറ്റിയിട്ടു. ലോക്കിന്റെ ഹാന്‍ഡില്‍ താഴോട്ടും മേലോട്ടും അതിശക്തവും വേഗതയിലും ഇളക്കിക്കൊണ്ട് അധികം ഒച്ച വയ്ക്കാതെ എന്നാല്‍ പരിഭ്രാന്തമായി ശാലിനിയുടെ അച്ഛന്‍ കതകു തുറക്കാന്‍ ആക്രോശിച്ചു. ഉള്ളില്‍ കുറ്റിയിട്ട കതകിന്‍മേല്‍ ചാരി നിന്നുകൊണ്ട് ശാലിനിയുടെ രണ്ടു കൈയ്യിലും ബലമായി പിടിച്ചുകൊണ്ടു കിരണ്‍ പറഞ്ഞു

 

' എനിക്ക് ഇത് മാത്രമേ പറയാനുള്ളു. താന്‍ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞാനകത്തു പോകും. അതോടെ എന്റെ ജീവിതം കഴിയും. അങ്ങനെ പോകേണ്ടി വരികയാണെങ്കില്‍ ഉറപ്പായി തന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയിട്ടേ ഞാന്‍ കീഴടങ്ങൂ. പിന്നെ തന്റെ കുടുംബത്തിന്റെ ജീവിതവും ഞാന്‍ താറുമാറാക്കും. ക്വട്ടേഷന്‍ കൊടുത്ത് തന്റെ അച്ഛനെ എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത അവസ്ഥയിലാക്കും. തന്റെ അനുജനുണ്ടല്ലോ അവന്‍ ആക്‌സിഡന്റിലും പെടും. സംശയം വേണ്ടാ. ഇന്നുച്ചയ്ക്കു മുന്‍പ് പരാതി പിന്‍വലിച്ചോണം. എച്ച് ആര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സമ്മര്‍ദ്ദം കൊണ്ട് പരാതി തന്നതാണെന്നു പറഞ്ഞാ മതി. ശരി ഞാന്‍ പോകുന്നു.'
കിരണ്‍ കതകു തുറന്ന് ശാലിനിയുടെ അച്ഛനെ തള്ളി മാറ്റി ബൈക്കില്‍ കയറി പോയി.
     

 

ഉച്ചയ്ക്ക് രണ്ടു മണിക്ക് എച്ച് ആറിലെ സംഗീതയെ കിരണ്‍ ഫോണില്‍ വിളിച്ചു. ഓഫീസിലും പോലീസിലും കൊടുത്ത പരാതി ശാലിനി പിന്‍വലിച്ചതറിഞ്ഞു. താമസിയാതെ കിരണ്‍ റൂട്ട് വെര്‍ബിന്റെ ബംഗളൂരിലെ ഓഫീസില്‍ എച്ച് ആറില്‍ പ്രവര്‍ത്തിക്കുന്ന തനിക്കു പരിചയവും അടുപ്പവുമുള്ള വസന്താ കല്‍ബഗാളിനെ വിളിച്ചു. തിരുവനന്തപുരം ഓഫീസില്‍   ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന ചില വിനാശകരമായ നടപടികളെ കുറിച്ചും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ സംഘം ചേര്‍ന്ന് കള്ളക്കേസ്സുകളില്‍ കുടുക്കാനുള്ള ശ്രമങ്ങളെ പറ്റിയും വിശദീകരിച്ചു. . വസന്ത കിരണില്‍ നിന്ന് എല്ലാ വിവരങ്ങളും ശേഖരിച്ചിട്ട് ഉടന്‍ അന്വേഷണം നടത്താമെന്നും അവര്‍ പറഞ്ഞു. മുന്‍പൊരിക്കല്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ കയറാന്‍ സഹായം ചെയ്തുകൊടുത്തതുപോലെ ഇക്കുറിയും ചെയ്യുമല്ലോ എന്ന് വസന്ത കിരണിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
            
 

സ്റ്റാച്ച്യൂവില്‍ ബ്രിജേഷുമായി നിന്നപ്പോള്‍ ഒരു ബാറില്‍ കയറിയാലോ എന്നൊരു ചിന്ത കിരണിനെ പിടികൂടി. അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെങ്കില്‍ മദ്യപിച്ചിട്ട് പോയി ഒരു ഷോ കാണിക്കാനുള്ള ആഗ്രഹം അയാളിലവശേഷിച്ചു. എന്നാല്‍ താന്‍ മദ്യപിക്കുന്ന കാര്യം അച്ഛന്‍ അറിയുന്നതും അച്ഛന്റെ മുന്നില്‍ മദ്യപിച്ചു ചെല്ലുന്നതും കിരണിന് ചിന്തിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ലഹരി പിടിപ്പിച്ചിട്ട് ഏതെങ്കിലും തീയറ്ററില്‍ പോയിരുന്നാലോ എന്നും ആലോചിച്ചു. പക്ഷെ ബ്രിജേഷിന്റെ അസൗകര്യം നിമിത്തം ആ പരിപാടി ഒഴിവാക്കി. കിരണ്‍ നേരേ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. ബ്രിജേഷിന്റെ അടുക്കല്‍ പോയി ബൈക്കുമെടുത്ത് അയാള്‍ വീട്ടിലേക്ക് തിരിച്ചു.
       

 

വീട്ടിലെ തുറന്നു കിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തേക്ക് കയറിയപ്പോള്‍ അമ്മ ടി.വി കാണുന്നു. കാല്‍പ്പെരുമാറ്റം കേട്ട് ശിവപ്രസാദ് കിടക്കമുറിയില്‍ നിന്ന് പുറത്തേക്കു വന്നു. കിരണിനെ കണ്ടപ്പോള്‍ അയാളൊന്നന്ധാളിച്ചു.
' മോനേ നിന്നെ തിരക്കി രാവിലെയും പോലീസുകാരിവിടെ വന്നു. അവരിവിടെ എവിടെങ്കിലുമുണ്ടാകും. നീ എങ്ങോട്ടെങ്കിലും പോകുന്നതാ നല്ലത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ട ഏര്‍പ്പാട് ചെയ്യാമെന്ന് ഹരികുമാറങ്കിള്‍ പറഞ്ഞിട്ടുണ്ട്. നീ ഇവിടെ നില്‍ക്കുന്നത് അപകടമാ'
' അപകടം മറ്റുള്ളവര്‍ക്കാ. ഇവനൊക്കെ ഇനീ അമ്മേ പീഡിപ്പിക്കില്ലെന്ന് എന്താ ഉറപ്പ്' ടി.വി കണ്ടിരുന്ന പ്രമീള പറഞ്ഞു.
ഇടിവെട്ട് ശബ്ദത്തോടെ കിരണ്‍ കൈയ്യിലിരുന്ന ഹെല്‍മറ്റ് തറയില്‍ ഒറ്റയടി. അതില്‍ എല്ലാവരുമൊന്നു ഞെട്ടി. എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത അവസ്ഥയിലിരിക്കുന്ന പ്രമീള ശരിക്കും പേടിച്ചു പോയി. കിരണ്‍ ശാരീരികമായി തന്നെ ആക്രമിക്കുമോ എന്ന് ശങ്കിച്ചതു പോലെ. ശിവപ്രസാദ് തളര്‍ന്ന് കസേരയില്‍ വീണതു പോലെ ഇരുന്നു . കിരണ്‍ പെട്ടെന്ന് അവിടെ നിന്നും തിരിഞ്ഞ് വെളിയിലേക്കിറങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കി അതി ശക്തമായി ആക്‌സിലറേറ്റര്‍ പെരുപ്പിച്ച് പുറത്തേക്കു പോയി. എവിടേക്കു പോകണമെന്നറിയാതെ കിഴക്കേ കോട്ടയിലെത്തിയ കിരണ്‍ ഗാന്ധി പാര്‍ക്കില്‍ ചെന്ന് അവിടെയിരുന്നു.അല്‍പ്പനേരത്തേക്ക് അയാള്‍ക്ക് എന്തെന്നില്ലാത്ത വെപ്രാളമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് താന്‍ ഹെല്‍മറ്റില്ലാതെയാണ് യാത്ര ചെയ്തതെന്ന് ഓര്‍ത്തത്. തിരിച്ചു പോകുമ്പോള്‍ ഹെല്‍മറ്റ് വാങ്ങാമെന്നും മനസ്സില്‍ കരുതി. പഴയത് മാറ്റണമെന്ന് ഏറെ നാളായി വിചാരിക്കുന്നതുമാണ്.
      

 

reality novel, passbook

കുറച്ചു കഴിഞ്ഞപ്പോള്‍ തണലുള്ള ഒരു സ്ലാബില്‍ അയാള്‍ കിടന്നു.  ഫോണില്‍ ഒരു സന്ദേശം വന്നതിന്റെ ബീപ്. നോക്കിയപ്പോള്‍ തന്റെ സഹപ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ സന്ദേശം. ശാലിനി രാജിവച്ചു.കിരണ്‍ എഴുന്നേറ്റിരുന്നു. രാവിലത്തെ ശാലിനിയുടെ വീട്ടിലെ രംഗങ്ങള്‍ അയാളുടെ ഓര്‍മ്മയിലെത്തി. മുറിക്കകത്ത് കയറി രണ്ടു കൈകളിലും പിടിച്ച് കതകില്‍ ചേര്‍ത്തു നിര്‍ത്തി രഹസ്യം പോലെ തന്റെ ഭീഷണി മുഴക്കിയ നിമിഷം. പേടിച്ചു വിറച്ച അവളുടെ മുഖവും  ചുവന്നു തുടിച്ച ചുണ്ടുകളും. ഒരു പ്രത്യേക ഗന്ധവും അവളില്‍ നിന്നുണ്ടായത് കിരണ്‍ ഓര്‍ത്തു. അവളുടെ ചുണ്ടുകളില്‍ ചുംബിക്കാന്‍ ഒരു നിമിഷം ഒരുങ്ങിയതാണ്. എന്തുകൊണ്ടോ അതു വേണ്ടെന്നു വച്ചു. അവിടെ നിന്ന് ഇറങ്ങി കുറച്ചു ദൂരം ചെന്നു കഴിഞ്ഞപ്പോള്‍ ചുംബിക്കാതിരുന്നതില്‍ കിരണിന് നഷ്ടബോധം തോന്നുകയും ചെയ്തു. വാഷ്‌റൂമിലേക്ക് കയറുന്ന ഇടുങ്ങിയ ഇടനാഴിയില്‍ വച്ച് അവളെ കടന്നു പിടിച്ച രംഗവും കിരണിന്റെ മനസ്സില്‍ തെളിഞ്ഞു. ഒരിക്കല്‍ കൂടി വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നെന്നും രാവിലെ തോന്നിയിരുന്നു. എന്നാല്‍ ശാലിനി രാജിവെച്ചു എന്ന സന്ദേശം കിരണില്‍ സമ്മിശ്ര വികാരമുണര്‍ത്തി. പിറ്റേ ദിവസം രാവിലെ താന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ മറ്റുള്ളവര്‍ തന്നെ എങ്ങനെ കാണും എന്ന ചിന്തയാണ് കിരണിനെ കൂടുതല്‍ അലട്ടിയത്.
            

 

കിരണ്‍ വിഷ്ണുവിനെ വിളിച്ചു. എന്നിട്ട് താനൊരു പീഡിപ്പിക്കപ്പെട്ട വ്യക്തി എന്ന രീതിയിലുള്ള ധാരണ വിഷ്ണുവില്‍ സൃഷ്ടിക്കാന്‍  ശ്രമിച്ചു.
' എനിക്ക് ഏറ്റവും സങ്കടമായിപ്പോയത് എന്റെ അച്ഛന്‍ വലിയൊരപകടത്തില്‍ പെട്ട് ഐ.സി.യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വന്നതേ ഉണ്ടായിരുന്നുള്ളു. ആ സമയത്ത് രാവിലെയും വൈകീട്ടുമൊക്കെ പോലീസുകാര്‍ എന്നെ തിരക്കി വീട്ടില്‍ കയറിയിറങ്ങുകയായിരുന്നു. വളരെ ക്രൂരമായിപ്പോയി അവളുടെയും നമ്മുടെ എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുകാരുടെയും നടപടി. ശാലിനിയെ അവര്‍ കരുവാക്കിയതാ. ശാലിനിയോടു വേണേ നീ ചോദിച്ച് നോക്ക്, ഞാനെന്തെങ്കിലും വൃത്തികേട് അയാളോട് ചെയ്തിട്ടുണ്ടോന്ന്.' കരിണ്‍ പറഞ്ഞു.
 

അതിനിടയില്‍ കിരണിന്റെ മുട്ടില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു കൈലിയുടുത്തയാള്‍ കടന്നു പോയി. അയാള്‍കുറച്ച് ദൂരം നടന്നിട്ട് തിരികെ അതേ വഴി വന്നു. സാധാരണ അത്തരം തട്ടിനെ കിരണ്‍ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. അപൂര്‍വ്വം അവസരങ്ങളൊഴിച്ചാല്‍. ഇക്കുറി കിരണ്‍ അമ്പതു രൂപയെടുത്ത് കൈയ്യില്‍ പിടിച്ചിരുന്നു. അയാള്‍ അടുത്തു വന്നപ്പോള്‍ രൂപ തറയിലിട്ടു. തറയില്‍ വീണ രൂപയെടുക്കാനായി താഴേക്കു കുനിയുന്ന വേളയില്‍ ഒരു സിഗററ്റ് കിരണിന്റെ മലര്‍ന്നിരുന്ന കൈവെള്ളയില്‍ വീണു. മുന്‍പ് കനമുള്ള ബീഡിയായിരുന്നു. ഇപ്പോള്‍ സംഗതി പുരോഗമിച്ചല്ലോ എന്നു മനസ്സില്‍ കരുതി,  തൊട്ടടുത്ത് പുകവലിച്ചുകൊണ്ടിരുന്ന ഒരാളില്‍ നിന്നും തീ വാങ്ങി സിഗററ്റ് കത്തിച്ചു. ആദ്യത്തെ പുകയെടുത്തപ്പോള്‍ തന്നെ കിരണിന്റെ ശരീരത്തിന്റെ ഭാരം കുറയുന്നത് അനുഭവപ്പെട്ടു. ഇടവിട്ട് രണ്ടു മൂന്നു പുക കൂടി എടുത്തു. അതു കഴിഞ്ഞപ്പോള്‍ സിഗററ്റണച്ച് പേഴ്‌സിനുള്ളില്‍ വച്ചു.
             

 

കുറച്ചു നേരം ചാല കമ്പോളത്തിലേക്ക് നോക്കിയിരുന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഏതോ പുരാതന കാലത്ത് താന്‍ അകപ്പെട്ടതു പോലെ അനുഭവപ്പെട്ടു. വാഹനങ്ങളുടെ ശബ്ദമൊക്കെ കേള്‍ക്കാതെയായി. പകരം കുളമ്പടി ശബ്ദം. ചാല കമ്പോളത്തിലൂടെ ഉടവാളും ഉയര്‍ത്തിപ്പിടിച്ച് തിരുവിതാംകൂര്‍ മഹാരാജാവ് ആറാട്ടെഴുന്നള്ളത്തിന് വരുന്നത് കിരണ്‍ കണ്ടു. പക്ഷേ അശ്വാരൂഢ സേനയെ കണ്ടപ്പോള്‍ കിരണിനു പേടി തോന്നി. അയാള്‍ ചാല കമ്പോളത്തില്‍ നിന്നും നോട്ടം പിന്‍വലിച്ച് താഴേക്കു നോക്കി കുനിഞ്ഞിരുന്നു. നിര്‍ത്താതെ കണ്ണുനീര്‍ കിരണിന്റെ കണ്ണില്‍ നിന്നും വാര്‍ന്നു വീഴാന്‍ തുടങ്ങി. ഉറക്കെ കരയാന്‍ നോക്കിയിട്ട് പറ്റുന്നില്ല. എല്ലാം ഒരു നിശ്ചല ചലച്ചിത്രത്തിലേതു പോലെ മാത്രമേ അറിയാന്‍ കഴിയുന്നുള്ളു. തന്നെത്തന്നെയും അതിലെ ഒരു കഥാപാത്രം പോലെ മാത്രമേ കിരണിന് അനുഭവപ്പെട്ടുള്ളു.

 

Tags: