അദ്ധ്യായം എട്ട്: മുന്നും പിന്നും

മീനാക്ഷി
Tue, 21-11-2017 03:52:23 PM ;

reality novel, passbook

രാവിലെ പതിവുപോലെ നാല് മണിക്ക് എഴുന്നേറ്റ് കുളി കഴിഞ്ഞ് ശിവപ്രസാദ് പതുക്കെ ഒന്ന് സാധകം ചെയ്തു നോക്കി. പക്ഷേ പറ്റുന്നില്ല. തലയ്ക്കുള്ളില്‍ എന്തോകിടന്ന് കറങ്ങുന്നതുപോലെ അനുഭവപ്പെട്ടു. അയാള്‍ പതിവിലും താഴ്ന്ന ശ്രുതിയില്‍ ശ്രമിച്ചു നോക്കി എന്നിട്ടും പറ്റുന്നില്ല. അപ്പോഴേക്കും അടുക്കളയുടെ ഭാഗത്തു നിന്ന് മൊബൈലില്‍ ജ്ഞാനപ്പാന ഉച്ചത്തില്‍ കേട്ടുതുടങ്ങി. ശിവപ്രസാദ് സാധനാശ്രമം ഉപേക്ഷിച്ചു. മുന്‍വശത്തെ കസേരയില്‍ വന്നിരുന്നു. സംഗീതക്ലാസ്സില്ലാത്ത ഇടവേളകള്‍ അയാളെ സംബന്ധിച്ചിടത്തോളം നരകതുല്യമാണ്. ആ ഇടവേളകള്‍ അയാള്‍ ചെലവഴിക്കുക  ബൈക്കോടിച്ചായിരിക്കും. അത് മിക്കവാറും പാട്ട് പഠിക്കുന്ന കുട്ടികളുടെ വീട്ടിലേക്കായിരിക്കും യാത്ര. വീട്ടില്‍ മടങ്ങിയെത്തിയാല്‍ പറ്റുമെങ്കില്‍ പ്രാക്ടീസ് ചെയ്യും. വര്‍ഷങ്ങളായി ഈ ദിനചര്യ തുടരുന്നതിനാല്‍ സുഹൃത്തുക്കളും കാര്യമായില്ല. പിന്നെ ഉത്സവകാലമായാല്‍ രാത്രിയില്‍ മിക്കദിവസവും പരിപാടികള്‍ക്ക്  ആള്‍ക്കാര്‍ വിളിക്കും. കൂടുതലും കഥാപ്രസംഗക്കാര്‍. കീബോര്‍ഡ് വായനയില്‍ അഗ്രഗണ്യനാണ് ശിവപ്രസാദ്.
     

 

ജ്ഞാനപ്പാന കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭം എന്ന വരി രണ്ടുമൂന്നു തവണ മൂളിപ്പാട്ടു പോലെ ആവര്‍ത്തിച്ചു. ഇതു കേട്ട പ്രമീള  ചീറ്റപ്പുലിയെപ്പോലെ വന്ന് ശിവപ്രസാദിന്റെ നേര്‍ക്ക് അസഭ്യവര്‍ഷം തുടങ്ങി.
' എടോ ഈ കുങ്കുമം എന്താന്ന് നന്നായിട്ടറിയാം. താനീ കുങ്കുമോം തലേ വച്ചോണ്ട് ചന്തീം മൊലേം കാണിച്ചു നടക്കുന്ന പെമ്പിള്ളാരെ നോക്കി വണ്ടിയോടിച്ച് അവരുടെ മേക്കിട്ട് കേറീട്ട് കഴുതേടെകണക്കിരുന്ന് കരഞ്ഞു തീര്‍ക്കുവാണോ. തനിക്കു നാണമില്ലേടോ ഈ ചെങ്കോട്ടപ്പട്ടീടെ കണക്ക് എപ്പോഴും തേരാപ്പാരാ വണ്ടീം ഓടിച്ച് പെണ്ണുങ്ങടെ പിന്നും മുന്നും നോക്കി നടക്കാന്‍. വൃത്തികെട്ടവന്‍. രാവിലെ എഴുന്നേറ്റ് കുളിച്ചിട്ടൊന്നും കാര്യമില്ലടോ. തന്റെ മനസ്സിനെ കഴുകി വൃത്തിയാക്ക്. എന്റെ മണ്ടയ്ക്കാട്ടമ്മേ ഇയാള്‍ക്ക്  ഇനിയെങ്കിലും തലേല് ബുദ്ധി കൊടുക്കണേ. '

 

പ്രമീളയുടെ ഒച്ച കേട്ട് അകത്തെ മുറിയില്‍ കിടന്ന അരുണിന്റെ മകന്റെ കുഞ്ഞുണര്‍ന്ന് കരഞ്ഞു. അടുക്കളയിലേക്ക് പോയ പ്രമീള അവിടെ നിന്നുകൊണ്ടും ശിവപ്രസാദിനെ വാക്കുകള്‍ കൊണ്ട് എറിഞ്ഞുകൊണ്ടിരുന്നു. കതകു തുറന്ന് വന്ന അരുണിന്റെ ഭാര്യ നിലീനയുടെ കൈയില്‍ നിന്ന് ശിവപ്രസാദ് കുഞ്ഞിനെ വാങ്ങി. ചെറിയ ഈണത്തില്‍ ഒരു താരാട്ട് പാട്ട് പാടി  കുഞ്ഞിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് നിലീനയോട് വേണമെങ്കില്‍ ഉറക്കം തുടര്‍ന്നുകൊള്ളാന്‍ ശിവപ്രസാദ് നിര്‍ദേശിച്ചു. എങ്ങാനും നിലീന അടുക്കള ഭാഗത്തേക്കു പോയാല്‍ ചിലപ്പോള്‍ അയല്‍പക്കക്കാര്‍ പ്രമീളാസുപ്രഭാതം കേള്‍ക്കേണ്ടിവരും എന്നുകൂടി കരുതിയാണ് നിലീനയോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞത്. ശിവപ്രസാദിന്റെ താരാട്ടില്‍ കുഞ്ഞിന്റെ കരച്ചില്‍ അടങ്ങി. പക്ഷേ തുടര്‍ന്നും  പാടാന്‍ നേരം ശിവപ്രസാദിന്റെ തലയ്ക്കുള്ളില്‍ ഇളക്കം. കുറച്ചു ദിവസത്തേക്ക്  ചെറിയ അസ്വസ്ഥത ഉണ്ടായേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതിനാല്‍ ശിവപ്രസാദിന് അത് വലിയ ആവലാതിയുണ്ടാക്കിയില്ല.
     

 

ശിവപ്രസാദിന്റെ ഫോണ്‍ ചിലച്ചു . അപകടത്തെ കുറിച്ച് അറിയാതെ ഒരു കുട്ടിയുടെ അമ്മ വിളിച്ചതാണ്. അന്ന് രാവിലത്തെ ക്ലാസ്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍. അപ്പോഴാണ് തനിക്ക് അല്ലേലും വരാന്‍ പറ്റില്ലെന്നും അപകടം സംഭവിച്ച കാര്യവുമൊക്കെ അവരോട് ശിവപ്രസാദ് പറഞ്ഞത്. അതു കേട്ട മറുതലയ്ക്കലുള്ള സ്ത്രീ അതിന്റെ വിശദവിവരങ്ങള്‍ സ്‌നേഹപൂര്‍വ്വവും ആകാംക്ഷയോടും ചോദിച്ചറിഞ്ഞു. അവരുടെ സംഭാഷണം മധുരസ്വരം പോലെ ആ പ്രഭാതത്തിന്റെ നിശബ്ദതയില്‍ മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ഇതു കേട്ടുകൊണ്ട് പ്രമീള അടുക്കളയില്‍ നിന്ന് അടുപ്പില്‍ ഇളക്കിക്കൊണ്ടിരുന്ന തവിയുമായി എത്തി. വരവു കണ്ട് ശിവപ്രസാദ് ഫോണ്‍ കട്ട്‌ചെയ്തു. പ്രമീളയുടെ വരവും സംഭാഷണവും കണ്ട് ശിവപ്രസാദിന്റെ കൈയിലിരുന്ന കുഞ്ഞ് വീണ്ടും കരച്ചില്‍ തുടങ്ങി. ആ സമയം ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ടു. ശിവപ്രസാദ് എഴുന്നേറ്റ് മുന്‍വശത്തെ കതകു തുറന്നു. ശിവപ്രസാദിന്റെ കൈയിലിരുന്ന കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് അകത്തേക്കു കടന്ന കിരണിന് അച്ഛന്റെ മുഖഭാവത്തില്‍ നിന്ന് രാവിലത്തെ അന്തരീക്ഷം പിടികിട്ടി.
          

 

 അന്ന് ഉച്ചയോടടുക്കാറായപ്പോഴേക്കും ശിവപ്രസാദിന് ഭ്രാന്തു പിടിക്കുന്ന പോലെയുളള അവസ്ഥയായി. താന്‍ അപകടത്തില്‍ പെട്ടതറിഞ്ഞുകൊണ്ടെത്തിയ  അരുണും ഭാര്യയും കുട്ടിയും ഉച്ചയ്ക്ക് ബാംഗ്ലൂര്‍ക്ക്  മടങ്ങി. കിരണും പുറത്തേക്കു പോയി. പ്രമീള വീട്ടുജോലികളൊക്കെ ചെയ്യുന്നതിനിടയില്‍ ശിവപ്രസാദിനെ തനിക്കു പറ്റാവുന്ന വിധത്തില്‍ വാക്കുകൊണ്ടും നോട്ടം കൊണ്ടും കുത്താന്‍ നോക്കുന്നുണ്ട്. എന്തുചെയ്യണമെന്നറിയാതെ ഇരുന്നപ്പോള്‍ ഹരികുമാറിനെ വിളിക്കാന്‍ തീരുമാനിച്ചു. ഫോണെടുത്തപ്പോള്‍ ഷെല്‍ജയുടെ നമ്പര്‍ പെട്ടന്ന് കണ്ണില്‍ പെട്ടു. അയാള്‍ കുറേനേരം ഫോണില്‍ നോക്കിയിരുന്നു. തലേ ദിവസം വീഡിയോ കോളില്‍ കണ്ടരൂപം അയാളുടെ മനസ്സിലുടക്കി.
       

 

reality novel, passbook

അപകടം ഉണ്ടാകുന്നതിനു മുന്‍പ് തന്റെ റിയര്‍വ്യൂ മിററില്‍ പതിഞ്ഞ രൂപത്തിന്റെ ദൂരദൃശ്യമാണ് തലേ ദിവസം താന്‍ സമീപദൃശ്യത്തില്‍ കണ്ടതെന്ന് ശിവപ്രസാദ് ഓര്‍ത്തു . മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന ആഗ്രഹങ്ങള്‍ നിറവേറ്റുവാന്‍ പ്രപഞ്ചം ഗൂഢാലോചനയില്‍ ഏര്‍പ്പെടുമെന്നും, ഒരു വ്യക്തിയും അയാള്‍ ആഗ്രഹിക്കാത്തതായിരിക്കില്ല അയാളുടെ ജീവിതവുമെന്ന് ഒരു ഭഗവദ്ഗീതാ വ്യാഖ്യാതാവ് ടെലിവിഷനില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് പറയുന്നുണ്ടായിരുന്നു.  അതെത്ര ശരിയാണെന്ന് ശിവപ്രസാദ് ചിന്തിച്ചു. ഷെല്‍ജയുടെ ചഞ്ചലവും സമൃദ്ധവുമായ മാറിടങ്ങള്‍ ആദ്യം താന്‍ കാണുന്നത്  റിയര്‍വ്യൂ  മിററിലാണ്. ആ ചാഞ്ചല്യം തന്റെ ബൈക്കിന്റെ ചലനം കൊണ്ടാണോ അതോ ഷെല്‍ജയുടെ വാഹനത്തിന്റെ കുലുക്കം കൊണ്ടുണ്ടാകുന്നതാണോ എന്ന് അയാള്‍ക്ക്  സംശയം തോന്നി.  ആളെ ഒന്ന് സമീപത്ത് കാണാന്‍ ആദ്യം ഷെല്‍ജയെ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ് കാഴ്ച മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഒരേ പോലെ രസകരമെന്ന് ശിവപ്രസാദ് മനസ്സിലാക്കിയത്. അപകടം ഉണ്ടായ സമയത്ത് തന്റെ മുഖം ഷെല്‍ജയുടെ നെഞ്ചത്തിടിക്കുന്നതുവരെ മാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂ എന്നും അയാള്‍ ചിന്തിച്ചു. തന്റെ ആഗ്രഹം എത്ര വിചിത്രവും വ്യക്തവുമായിട്ടാണ് നടത്തപ്പെടുന്നതെന്ന് അയാള്‍ ഓര്‍ത്തു.

 

' ഇയ്യാളെന്തോന്ന് വല്ല പെണ്ണുങ്ങടേം തലേം മുലേം ഓര്‍ത്തോണ്ടിരിക്കുവാണോ. പാല് തീര്‍ന്ന്  പോയി .രണ്ടു കവറ് പാലു വാങ്ങിക്കോണ്ടു വാ' പ്രമീള പറഞ്ഞു.
ശിവപ്രസാദ് സന്തോഷപൂര്‍വം  ഉടുപ്പെടുത്തിട്ട് പാലു വാങ്ങാനായി പുറത്തേക്കിറങ്ങി.
' വല്ല പെണ്ണുങ്ങളേം ചിന്തിച്ചോണ്ട് പോയി വണ്ടിക്ക് വട്ടം വയ്ക്കരുത്. മനുഷ്യനെ മെനക്കെടുത്താനായിട്ട്'
എങ്ങനെയാണ് തന്റെ ചിന്തകള്‍  പ്രമീള അറിയുന്നതെന്ന് അയാള്‍ ആശ്ചര്യപ്പെട്ടു. പ്രമീളയുടെ വലിയ കണ്ണുകളും സമൃദ്ധമായ മാറിടങ്ങളുമാണ് അവളെ ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ പതിഞ്ഞ രൂപം. അത് പ്രമീളയുടെയടുത്ത് ആദ്യകാലത്ത് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിലായിരിക്കും അവള്‍ തന്റെ ചിന്തകള്‍ കാണുന്നതുപോലെ പറയുന്നത്. അതോ അവള്‍ തന്റെ ചിന്തകള്‍ കാണുന്നുണ്ടോ. അയാള്‍ അസ്വസ്ഥനായി. ഷെല്‍ജയെ പ്രമീള കണ്ടിട്ടില്ല. എന്നിട്ടും ഷെല്‍ജയുടെ രൂപം എങ്ങനെ അവര്‍ക്കു  മനസ്സിലായി. അപകടം പറ്റിയത് ലോ ഫ്‌ളോര്‍ ബസ്സിന്റെ വരവു നിമിത്തമാണെങ്കിലും അതിനു മുമ്പ് താന്‍ ഷെല്‍ജയുടെ മുന്‍പും പിന്‍പും അടുത്തു കാണാനും ആസ്വദിക്കാനും ശ്രമിച്ചിരുന്നു. ശിവപ്രസാദ് മെയിന്‍ റോഡിലേക്കിറങ്ങി പാലു വാങ്ങുന്ന സ്‌റ്റോറിലേക്ക് നടന്നു.
    

 

സ്‌റ്റോറില്‍ നില്‍ക്കുമ്പോഴാണ് ഹരികുമാറിന്റെ ഫോണ്‍ വന്നത്. അതും അയാളെ വിസ്മയിപ്പിച്ചു. ഹരികുമാറിനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോഴാണ് ഷെല്‍ജയുടെ രൂപം മനസ്സില്‍ തെളിഞ്ഞത്. ഇപ്പോള്‍ ഹരികുമാര്‍ വിളിക്കുന്നു. താന്‍ മനസ്സില്‍ ആഗ്രഹിക്കുന്നത് അതേ പടി സംഭവിക്കുന്നു.
' ശിവാ നീ ആ കുട്ടിയെ വിളിച്ചിരുന്നോ?
' ഇല്ല, വിളിച്ചിട്ടിപ്പോ.....'
'അല്ല, കേസിന് താല്‍പര്യമില്ലെന്ന് നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന്  പോലീസ് സ്‌റ്റേഷനില്‍ എഴുതിക്കൊടുക്കേണ്ടെ. '
' ങാ , അതു ശരിയാ. അതിനി നാളെ പോരെ. ഇന്ന് ഞായറാഴ്ച തന്നെ വേണോന്നില്ലല്ലോ. മാത്രവുമല്ല, ഇന്നലത്തെ ലക്ഷണം കണ്ടിട്ട് ആ കുട്ടിക്ക് യാത്ര ചെയ്യാറായിട്ടില്ലെന്നും തോന്നുന്നു. എനിക്കും യാത്ര ചെയ്യാന്‍ വയ്യ. അല്ലെങ്കില്‍ ഹരിയെ കാണണമെന്നാഗ്രഹമുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞില്ലേ നമ്മള്‍ പരസ്പരം കണുന്നത്. എന്തെല്ലാം കാര്യങ്ങള്‍ പറയാനുണ്ട്. ഹരിയുടെയും സീനത്തിന്റെയുമൊക്കെ കാര്യം  അറിഞ്ഞിരുന്നു. ഹരി എനിക്കൊരു സംശയം ഞാന്‍ ഐ സി യുവില്‍ കടക്കുമ്പോള്‍ ഒരു ഡോക്ടര്‍ എന്നെ പരിശോധിക്കാന്‍ വന്നിരുന്നു. ഒരു ലേഡീ ഡോക്ടര്‍. പര്‍ദ്ദയിട്ടിരുന്നതുകാരണം അവരുടെ മുഖം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ സ്വരം പരിചയമുള്ളതു പോലെ തോന്നി. ഉറപ്പില്ല, എന്നാലും സീനത്തായിരുന്നോ അത് എന്നൊരു സംശയം ഇല്ലാതില്ല'

 ' ങാ, അതൊക്കെ പോട്ടടാ ശിവാ. അതെല്ലാം കഴിഞ്ഞില്ലേ'.

 

 

ശിവപ്രസാദ് പാല്‍ വാങ്ങി കാരീബാഗ് നിഷേധിച്ച്  രണ്ടു പാല്‍ക്കലവറിന്റെയും മൂല ചേര്‍ത്ത് പിടിച്ച് നടന്നു. മൂല ചേര്‍ത്ത്  പിടിക്കാനായി ഇടതു കൈപ്പത്തിയില്‍ വച്ചപ്പോള്‍ അതിന്റെ മൃദുത്വം തന്റെ അപകടമുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിച്ചു. വീണ്ടും ആ കുട്ടിയുമായി അടുക്കാനുള്ള അവസരങ്ങള്‍ വരുന്നു. തന്റെ മനസ്സിന്റെ ആഗ്രഹം വീണ്ടും നടക്കുന്നു. എന്തുകൊണ്ടാണ് ആകാശംമുട്ടെ സ്വപ്‌നങ്ങളും ആഗ്രഹവവുമായി താന്‍ പ്രമീളയെ വിവാഹം ചെയ്തിട്ട് ജീവിതം നരകതുല്യമാകുന്നു. അയാള്‍ ചിന്തിച്ചു. വെറും ഉടുത്തിരുന്ന സാരിയുമായി മാത്രമാണ് പ്രമീളയെ തന്റെ ജീവിതത്തിലേക്ക് പ്രവേശിപ്പിച്ചത്. അതും വെറുമൊരു സാധാരണ സാരി. അതിന്റെ ഓര്‍മ്മ പോലും അവളില്‍ അവശേഷിക്കുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ശിവപ്രസാദിന്റെ ഉള്ളമൊന്നു വിങ്ങി.
            

 

ഒറ്റക്കൈയില്‍ പാല് പിടിച്ചപ്പോള്‍ കൈ കഴയ്ക്കുന്നു. രണ്ടു കൈയിലും പാലുപിടിക്കാമെന്ന് ചിന്തിച്ച അതേ നിമിഷത്തില്‍ താന്‍ പ്രമീളയുമായി നല്ല ജീവിതം ആഗ്രഹിക്കാത്തതാണോ തന്റെ ജീവിതം ഇങ്ങനെയാകാന്‍ കാരണം എന്നോര്‍ത്തു പോയി. അതിനിടയിലാണ് രണ്ടു കൈകൊണ്ടും പാല്‍ പിടിക്കാന്‍ ശ്രമിച്ചത്. പക്ഷേ ആ ഇടവേളയില്‍ രണ്ടു കവര്‍ പാലും തറയില്‍ വീണു പൊട്ടിത്തെറിച്ചു. അതു സമീപത്തുകൂടെ പോയിരുന്ന ഒരു സ്ത്രീയുടെ ദേഹത്ത് തെറിച്ചു. അവര്‍ എടുത്തവായില്‍ തിരുവനന്തപുരം ഭാഷയില്‍ ശിവപ്രസാദിനെ ഭള്ള്‌വിളിച്ചു. ഓരോന്നാലോചിച്ചുകൊണ്ടു നടന്നോളും മനുഷ്യനെ മെനക്കെടുത്താന്‍. രണ്ടു കവറ് പാല് നേരേ ചൊവ്വേ പിടിക്കാന്‍ വയ്യാത്ത ഇയ്യാളെങ്ങാനാവോ പെണ്ണുമ്പിള്ളേം കുടുംബവുമായി കഴിയണതെന്ന് ഒരു ചോദ്യവും.
 

 

തന്റെ ഭാര്യയുള്‍പ്പടെ സ്ത്രീകളെങ്ങനെയാണ് താന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അറിയുന്നതെന്ന സംശയമായി ശിവപ്രസാദിന്.  മുണ്ടിലേക്കു തെറിച്ചു വീണ പാലൊക്കെ തട്ടിക്കളഞ്ഞിട്ട് പരാജിതനെപ്പോലെ ശിവപ്രസാദ് വീണ്ടും കടയുടെ നേര്‍ക്ക് തിരിഞ്ഞു നടന്നു. പാലുമായി വീടിന്റടുത്തെത്തിയപ്പോള്‍ തന്നെ പ്രമീളയുടെ ശബ്ദം കേള്‍ക്കാം . ഇരുവശത്തുമുള്ള വീട്ടുകാര്‍ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമില്ലാതെ ശിവപ്രസാദിനെ നോക്കി. ചിലര്‍ സൗഹൃദത്തില്‍ ചിരിച്ചു. എങ്കിലും അയാള്‍ തല കുനിച്ച് നടന്ന് വീടിന്റെ ഗേറ്റ് തുറന്ന് അകത്തു കയറി. പ്രമീള കലി തുള്ളി നില്‍ക്കുകയാണ്‌

 

.
' ശോഭേ ,എന്നെ തന്തയും മോനും ചേര്‍ന്നു  കൊല്ലുവാ. എനിക്കെന്തെങ്കിലും ഉടന്‍ സംഭവിച്ചേക്കും . അങ്ങനെയാണെങ്കില്‍ അതിനുത്തരവാദികളിവരായിരിക്കും. ആ പോലീസിന്റെയും വനിതാ കമ്മീഷന്റെയും നമ്പര് താ. എനിക്ക് നീതി കിട്ടണം. ഇങ്ങനെയൊരു ഗാര്‍ഹിക പീഡനം പാടുണ്ടോ. എനിക്ക് പ്രതികരിച്ചേ പറ്റു.  മകനാണെന്നു പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളെ എന്തും ചെയ്യാമെന്നാ അവനും ധരിച്ചു വച്ചിരിക്കുന്നത്. ' പ്രമീള ശിവപ്രസാദ് കേള്‍ക്കുന്നതിനുകൂടിയാണ് അത്ര വിശദമായി പറഞ്ഞത്. അയാള്‍ അതു കേള്‍ക്കാതെ പാലുമായി വീടിനുള്ളിലേക്ക് കയറാനായി എടുത്തുവച്ചകാല്‍ പിന്‍വാങ്ങി. അവിടെയെല്ലാം വെളുത്ത കുപ്പിച്ചില്ലുകള്‍. അകത്തേക്കു നോക്കിയപ്പോള്‍ ഇടതുകൈത്തണ്ട കണ്ണിനു കുറുകെ വച്ചുകൊണ്ട് കിരണ്‍ സോഫയില്‍ കിടക്കുന്നു.

'എന്തു പറ്റി' ശിവപ്രസാദ് സൗമ്യമായി ചോദിച്ചു
' ആ സ്ത്രീക്ക് തലയ്ക്ക് സുഖമില്ല. നിങ്ങളെന്തിനാ അവരുടെ ഭര്‍ത്താവെന്നും പറഞ്ഞു നടക്കുന്നത്. അവരെ ഭ്രാന്താശുപത്രീലാക്കാന്‍ പാടില്ലെ' . ആക്രോശിച്ചുകൊണ്ട് കിരണ്‍ ശിവപ്രസാദിനോട്ചോദിച്ചു. ട്യൂബ് ലൈറ്റും മേശപ്പുറത്തിരുന്ന ഗ്ലാസ്സുകൊണ്ടുളള അലങ്കാരവസ്തുവുമാണ് തറയില്‍ തകര്‍ന്നു  കിടക്കുന്നത്.
' നിന്നെ ഞാനിപ്പോ ഭ്രാന്താശുപത്രീലാക്കാവെടാ എന്നലറിക്കൊണ്ട് ഫോണും ചെവിയില്‍ പടിച്ചുകൊണ്ട് പ്രമീള വീടിനുള്ളിലേക്കു ചാടിക്കയറി. അവര്‍ ചവിട്ടിയത് പൊട്ടിയ ഒരു ട്യൂബ് ലൈറ്റിന്റെ കഷ്ണത്തില്‍. ഒരലര്‍ച്ചയോടെ അവര്‍ നിലത്തേക്ക് വീണു. കൈയ്യില്‍ നിന്നും ഫോണ്‍ തെറിച്ചു പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടം ചോര പടര്‍ന്നൊലിച്ചു. 'എന്നെ കൊല്ലുന്നേ , ഞാന്‍ ചാവാന്‍ പോണേ 'എന്നു പറഞ്ഞുകൊണ്ട് അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. അയല്‍ക്കാര്‍ ആരും കേട്ട ലക്ഷണം കാട്ടിയില്ല. തെറിച്ചുപോയി മേശയ്ക്കടിയിലായ ഫോണില്‍ നിന്ന് ' ഹലോ,ഗുഡാഫ്റ്റര്‍നൂണ്‍, ചാല പോലീസ് സ്‌റ്റേഷന്‍ , ഹലോ ഹലോ എന്ന് ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
കാല്‍വെള്ള പിളര്‍ന്ന പ്രമീളയുടെ ദേഹത്തും പല ഭാഗങ്ങളിലും കുപ്പിച്ചില്ല് തറച്ചു കയറി ചോര പൊടിഞ്ഞു. കൈയൊന്നു പൊക്കി നോക്കിയിട്ട് കിരണ്‍ അതേ പടി കിടപ്പു തുടര്‍ന്നു. ശിവപ്രസാദ് അവരെ മെല്ലെ പിടിച്ചെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു(തുടരും)

 

         

 

 

 

Tags: