ശനിയാഴ്ച നിയയ്ക്കും ഷിമയ്ക്കും ഒഴികെ ആര്‍ക്കും ഓഫീസില്ല. തലേന്നു രാത്രി നിയ ഒഴികെ എല്ലാവരും നല്ല മദ്യലഹരിയിലായിരുന്നു. രാത്രിയില്‍ ഷിമയ്ക്ക് ഗൗരി ചുഖിന്റെ ഫോണ്‍ വന്നപ്പോള്‍ നിയയാണ് അറ്റന്റ് ചെയ്തത്, അയാളുടെ ഭാര്യയായിരുന്നു മറുതലയ്ക്കല്‍. അവര്‍ക്ക് സംസാരിക്കാന്‍ തന്നെ വയ്യായിരുന്നു. രാത്രിയില്‍ മകന്‍ ആശുപത്രിയിലെത്തി ഗൗരി ചുഖിനെ കുത്തി പരിക്കേല്‍പ്പിച്ചു. അയാളുടെ നില ഗുരുതരമാണ്. തന്റെ മുന്നില്‍ വച്ചാണ് മകന്‍ അവന്റെ അച്ഛനെ കുത്തിത്താഴെയിട്ടതെന്നും അവര്‍ പറഞ്ഞു. മുംബൈ പോലീസ് അവനെ അന്വേഷിച്ചു നടക്കുകയാണെന്നും അവര്‍ അറിയിച്ചു. പക്ഷേ അപ്പോള്‍ ഷിമ ഉറക്കത്തിലും മദ്യലഹരിയിലുമായിരുന്നതിനാല്‍ അവള്‍ ആദ്യം ഫോണ്‍ അറ്റന്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. പക്ഷേ അറിയാതെ നിയ പൊട്ടിക്കരഞ്ഞു. അതുകണ്ട് അവളെഴുന്നേറ്റ് കാര്യം തിരക്കി ഉടന്‍ തന്നെ മുംബൈയില്‍ എ.സി.പി റാം മോഹനെ ഉണര്‍ത്തി കാര്യമറിയിക്കുകയും ചെയ്തു.
ഗൗരി ചുഖിന്റെ മകനെ കാണാനില്ലെന്നറിഞ്ഞതു മുതല്‍ നിയയ്ക്ക് എന്തെന്നില്ലാത്ത പരിഭ്രമം തുടങ്ങിയതാണ്. മദ്യപാനം ശീലമാക്കാത്തതു കാരണമാണ് അല്ലെങ്കില്‍ തനിക്കും മദ്യപിക്കണമെന്നു തോന്നുന്നുണ്ടെന്ന് അവര്‍ പറയുകയുണ്ടായി. ഗൗരിയെ മകന്‍ കുത്തിയെന്നു കേട്ടപ്പോള്‍ നിയയ്ക്ക് സഹിക്കാനായില്ല. അവളുടെ മകന്റെ കാര്യത്തില്‍ എപ്പോഴും അവള്‍ സംശയിച്ചിരുന്നതൊക്കെയാണ് ഷിമയുടെ സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. തലേന്നു രാവിലെയും ബാംഗ്ലൂരില്‍ നിന്ന് നിയയുടെ മകന്‍ ശ്യാം വിളിച്ചിരുന്നു. അയാള്‍ക്ക് ബിസിനസ്സ് തുടങ്ങാന്‍ രൂപ ആവശ്യപ്പെട്ടുകൊണ്ട്. ഒരു കാരണവശാലും എഞ്ചിനീയറിംഗ് കോഴ്‌സ് കഴിയാതെ അവന്റെ ഒരാവശ്യത്തിനും കാശു കൊടുത്തേക്കരുതെന്നാണ് നിയയുടെ ഭര്‍ത്താവ് ഫിലിപ്പോസിന്റെ നിര്‍ദ്ദേശം. അസ്വസ്ഥനായിട്ടാണ് തലേ ദിവസം മകന്‍ ശ്യാം വിളിച്ചത്. അവന്റെ അപ്പച്ചനെ അയാളെന്നും ആ നാറിയെന്നുമൊക്കെയാണ് അഭിസംബോധന ചെയ്തത്.
തന്റെ ജീവിതത്തിലും എന്തോ അനിഷ്ടം സംഭവിക്കാന്‍ പോകുന്നതിന്റെ നിമിത്തമായി ഗൗരി ചുഖിന്റെ ജീവിതത്തിലെ സംഭവങ്ങളെ നിയ അകാരണമായി കണ്ടുപേടിച്ചു. തന്റെ മകനും തന്റെ സ്വഭാവമാണെന്നാണ് ഫിലിപ്പോസിന്റെ എപ്പോഴുമുളള ആക്ഷേപം. ഒന്നിനും ശുഷ്‌കാന്തിയില്ലെന്നും വെറുതെ ആവശ്യമില്ലാത്ത പുസ്തകങ്ങളും മറ്റും വായിച്ച് ജീവിതം പാഴാക്കിക്കളയുകയാണെന്നാണ് ശ്യാമിനെക്കുറിച്ച് ഫിലിപ്പോസ് എപ്പോഴും പറയുക. ഇന്നലെ രാത്രിയില്‍ മദ്യത്തിന്റെ ലഹരിയില്‍ അമാന്റയും നിമിഷയുമൊക്കെ പറഞ്ഞത് നിയയുടെ ചെവിയില്‍ മുഴങ്ങി. ' ഇയ്യാളെപ്പോലെയുളള ബോറനെ എന്തിന് പേരിന് വച്ചോണ്ടിരിക്കണം. അയാളെക്കൊണ്ട് ശല്യമേ ഉണ്ടാവുകയുളളൂ. അയാള് മുംബൈയില്‍ കിടന്ന് അര്‍മാദിക്കുമ്പോ അക്കനെന്തിനു ജീവിതവും ശേഷിക്കുന്ന യൗവ്വനവും പാഴാക്കിക്കളയണം. ഇങ്ങനെയുളളവര് കാരണം എത്ര ജീവിതങ്ങളാ തേഞ്ഞുപോകുന്നത്. അക്കന്റെ മോന്റെ കാര്യം തന്നെ ആലോചിച്ചു നോക്കൂ. അവനിങ്ങനൊരു തന്തേടെ കാര്യമെന്ത്. എടുത്തുകളയക്കാ' . മറ്റുള്ളവരെല്ലാം ഉറങ്ങിയപ്പോള്‍ നിയ തേങ്ങിക്കൊണ്ട് കട്ടിലില്‍ കിടപ്പിലായിരുന്നു.
നിയ ശ്യാമിനെ വിളിച്ചു. സൗമ്യമായി പതിവ് കുട്ടായെന്ന വിളിയോടെ സംസാരിച്ചു തുടങ്ങി. തലേ ദിവസം തന്റെ അമ്മയോട് മോശമായി സംസാരിച്ചതിന്റെ നേരിയ വിഷമം അവനിലുണ്ടെന്ന് നിയയ്ക്ക് തോന്നി. പക്ഷേ പെട്ടന്നു തന്നെ അവന്‍ വീണ്ടും തന്റെ ആവശ്യം ഉന്നയിച്ചു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് നിയ ഫോണ്‍വച്ചു. ഉടന്‍ തന്നെ അവള്‍ ഫിലിപ്പോസിനെ വിളിച്ചു. രണ്ടാഴ്ചയ്ക്കു ശേഷമുള്ള വിളിയാണ്. അവസാനം വിളിച്ചു വച്ചത് ശ്യാമാവശ്യപ്പെട്ട കാശിന്റെ കാര്യം പറയാനാണ്. ഫിലിപ്പോസ് അന്നു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുന്ന രീതിയില്‍ സംസാരിച്ചു.
'എന്നോടെന്തിന് ഇത്തരം കാര്യങ്ങള്‍ ചോദിക്കണം. എന്റെ തീരുമാനം ഞാന്‍ നേരത്തേ പറഞ്ഞതാണ്. തന്റെ മകന്‍ തന്റെ കാശ്. ഇഷ്ടമുള്ളതു പോലെ ചെയ്യ്'. ഫിലിപ്പോസ് ഫോണ്‍ വച്ചു.
നിയയെ കൗതുകപൂര്‍വമാണ് മറ്റുളളവര്‍ തിരുവനന്തപുരം ശൈലിയില്‍ അക്കാന്ന് വിളിക്കുന്നത്. 'ചേച്ചീ, ഫിലിപ്പോസ് പറയുന്ന കാരണങ്ങളോട് എനിക്ക് യോജിപ്പില്ല. ശ്യാമിന് എഞ്ചിനീയറിംഗ് കണ്ടിന്യു ചെയ്യാന്‍ താല്പ്പര്യമില്ലെങ്കില്‍ അയാളെ അതിനു നിര്‍ബന്ധിക്കുന്നതു ശരിയല്ല. പക്ഷേ ഒരു ക്യാപ്പിറ്റല്‍ ഉപയോഗിച്ചുള്ള ബിസിനസ്സ് ചെയ്യാനുള്ള കേപ്പബിലിറ്റി അയാള്‍ക്കായിട്ടില്ല. ശ്യാം വളരെ ഫ്രസ്സ്‌ട്രേറ്റഡാണ്. അങ്ങനെയുളള അവസ്ഥയില്‍ തുടങ്ങേണ്ട ഒന്നല്ല ബിസിനസ്സ്. അതിന് കൃത്യമായ ആശയവും പ്ലാനിംങ്ങും സ്ട്രാറ്റജിയുമൊക്കെ ആവശ്യമാണ്. എനിക്കു തോന്നുന്നു ഇപ്പോള്‍ ശ്യാം ഫ്രസ്‌ട്രേഷന്‍ മൂലമുള്ള ഡൈവര്‍ഷന്‍കൊണ്ടാണ് ബിസിനസ്സ് ആലോചിക്കുന്നതെന്നാണ്. വിശേഷിച്ചും ഫിലിപ്പോസിനോട് റിബലു ചെയ്യാന്‍.അതിനാല്‍ വലിയ തുക കൊടുക്കുന്നത് നന്നായിരിക്കില്ലെന്നാണ് എന്റെ അഭിപ്രായം. അയാളോട് ഏതെങ്കിലും ഒരു ബിസിനസ്സ് മാനേജ്‌മെന്റ് ഡിഗ്രിയോ ഡിപ്ലോമയോ ചെയ്യാന്‍ അഡൈ്വസ് ചെയ്തു നോക്ക് . അതിനു ശേഷം ബിസിനസ്സിലേക്കിറങ്ങുന്നെങ്കിലിറിങ്ങിക്കോട്ടെ'
' ഞാനെങ്ങെനയാണ് അവനെയതു പറഞ്ഞ് മനസ്സിലാക്കിക്കുന്നത്. എന്തു പറഞ്ഞാലും അവന്റെ ഡാഡി പറഞ്ഞിട്ട് പറയുന്നതാണെന്നേ അവന്‍ കുരുതൂ. എനിക്കവനെ കാണാന്‍ തോന്നുന്നു. '
' എങ്കിലവനോടിങ്ങോട്ട് വരാന്‍ പറ ചേച്ചീ.' ഷിമ നിര്‍ദ്ദേശിച്ചുകൊണ്ട് അകത്തെ ഡ്രായിംഗ്‌റൂമില്‍ നിന്ന് മുറിയിലേക്ക് കയറി.
'എടീ റിലേഷന്‍ഷിപ്പേ എഴുന്നേക്കടീ. നേരം ഉച്ചയായി. ഞാന്‍ നിന്റെ പടമെടുത്ത് വാട്‌സാപ്പിലിടുമേ. '
ഷെല്‍ജ എഴുന്നേറ്റ് കഴുത്തില്‍ നെക്ക്‌ലെസ്സു പോലെ ചുരുങ്ങിക്കയറിയിരുന്ന കാമിസോള്‍ പിടിച്ച് നേരേയിട്ടുകൊണ്ട് കിടക്കയില്‍ എഴുന്നേറ്റിരുന്നു.
' എന്നിട്ട് നീ ഫോട്ടോ എടുത്തോ. ഇല്ലെങ്കി പറ ഷോര്‍ട്‌സൂടെ ഊരിയേക്കാം'.ഷെല്‍ജ മദ്യത്തിന്റെയും ഉറക്കത്തിന്റെയും ചടവില്‍ ചോദിച്ചു.
' ഓ നിനക്ക് മാര്‍ക്കറ്റിംഗ് തീരെ വശമില്ല. പിന്നെങ്ങനാടീ നീ നിന്റെ ടാര്‍ജറ്റ് അച്ചീവ് ചെയ്യുന്നത്. എടീ യു എസ് പി എന്ന് വേണം മാര്‍ക്കറ്റ് ചെയ്യാന്‍. നിന്റെ യു എസ് പി കിടന്നപ്പോഴുള്ളതായിരുന്നു. '
' രാവിലെ ഒരു യുണീക് സെല്ലിംഗ് പ്രൊപ്പോസിഷനുമായി വന്നിരിക്കുന്നു. ഇന്നലത്തെ കോനിയാക് ബാക്കിയുണ്ടോടി. '
' അത് നീ തന്നെയല്ലേ ഊറ്റിക്കുടിച്ചത്. രാവിലെ എഴുന്നേറ്റ് വായില് വെള്ളമൊഴിക്കാന്‍ നോക്കടി'
ശനിയാഴ്ച ഉച്ചവരെ ഉറങ്ങിയാണ് ഷെല്‍ജയും നിമിഷയും അജ്ഞലിയും അമാന്റയുമൊക്കെ അവധി ആഘോഷിക്കാറ്. അന്നും പതിവു പോലെ രാവിലത്തെ ഭക്ഷണം കഴിച്ചിട്ട് നാലു പേരും കിടന്നുറങ്ങി. ഉച്ചയോടടുപ്പിച്ച് ഷെല്‍ജയുടെ വാട്‌സാപ്പ് വീഡിയോ കോള്‍ അടിച്ചു. അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്ന് കൈകൊണ്ട് മുഖം തുടച്ച് ഫോണ്‍ നോക്കി. ഹരികുമാര്‍. അവള്‍ ഫോണ്‍ അറ്റന്റ് ചെയ്തു. അപ്പുറത്ത് ഹരികുമാറും ഒപ്പം പാട്ട്മാസ്റ്ററും, മാസ്റ്ററെ അവള്‍ പെട്ടന്ന് തിരിച്ചറിഞ്ഞു. തന്റെ കാമിസോളിലുള്ള വേഷം അവരെ രണ്ടു പേരേയും അല്‍പ്പമൊന്ന് ഇമവെട്ടിച്ചതായി ഷെല്‍ജയ്ക്ക് തോന്നി.
' എന്റെ ബൈക്കിലാ കൂട്ടീടെ ബൈക്കിടിച്ചത്. ഞാന്‍ ശിവപ്രസാദ്.'
'ങാ , മനസ്സിലായി. അതെങ്ങെനെയാ മാസ്റ്ററെ ഞാന്‍ മാസ്റ്ററുടെ വണ്ടീലിടിക്കുന്നെ . എന്നെ മാസ്റ്ററു വന്നിടിക്കുകയായിരുന്നില്ലേ. '
' അതെങ്ങെനാ ശരിയാവുന്നെ. ഞാന്‍ പലവട്ടം ഹോണടിച്ചാ ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കിയത്. കുട്ടി പക്ഷേ ഒട്ടും ഒതുക്കിത്തന്നില്ല. പിന്നെ എതിരെ ലോഫ്‌ളോര്‍ ബസ്സു വന്നപ്പോള്‍ ഞാന്‍ സ്പീഡെടുത്തപ്പോ എന്റെ ബൈക്കില്‍ വന്ന് കുട്ടീടെ വണ്ടി ഇടിക്കുകയായിരുന്നു.'
' മാസ്റ്ററെ ഞാന്‍ ഒരേ സ്പീഡിലാ പൊയ്‌ക്കോണ്ടിരുന്നത്. ആദ്യം മാസ്റ്ററ് എന്റെ മുന്നിലായിരുന്നു. പിന്നെ പിന്നോട്ട് പോയി, ഓവര്‍ട്ടേക്ക് ചെയ്തു, വീണ്ടും പിന്നിലായി. അതും കഴിഞ്ഞ് ഓവര്‍ടേക്ക് ചെയ്യാന്‍ നേരമാ അപകടമുണ്ടായത്. എനിക്കാണെങ്കി എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കൈയ്ക്ക് നന്നായി പരിക്കേറ്റിട്ടുണ്ട്. ആക്‌സിഡന്റുണ്ടാകുന്നതിന് മുമ്പ് എനിക്കു തോന്നിയത് എന്നെ ആരോ സ്റ്റാക്ക് ചെയ്യുന്നുവെന്നാണ്.'
' ഹേയ്, അങ്ങനെയുളള ആളല്ല ശിവന്‍ ഷെല്‍ജ' ഹരികുമാര്‍ ഇടപെട്ടു പറഞ്ഞു.
'മാസ്റ്റര്‍ എന്നെ സ്റ്റാക്ക് ചെയ്തുവെന്നല്ല പറഞ്ഞത്. എനിക്കങ്ങനെ തോന്നിയെന്നാ. കാരണം പിന്നിലും മുന്നിലുമായി ഇങ്ങനെ......'
' ശിവനും കുഴപ്പമൊന്നുമില്ല. ഡിസ്ചാര്‍ജ് ചെയ്തു. കേസ്സുമായിട്ടെങ്ങാനും മുന്നോട്ടു പോകണോ എന്നറിയാനാ ഞങ്ങളിപ്പോ വിളിച്ചത്. '
' ഇപ്പോ എനിക്കാ സാര്‍ പരിക്കു കൂടുതല്‍ പറ്റിയിരിക്കുന്നത്. കേസ്സിനൊന്നും പോകാന്‍ താല്‍പ്പര്യമില്ല. '
' ഓ കെ. ഗുഡ്. അതാ നല്ലത് . എന്തായാലും രണ്ടു പേര്‍ക്കും ഗുരുതരമായ പരിക്കൊന്നും പറ്റിയില്ലല്ലോ. അത് ഭാഗ്യമായി കണ്ടാല്‍ മതി. വാഹനവും റോഡുമൊക്കെയല്ലേ അപകടം പറ്റാം '
ഹരികുമാര്‍ പറഞ്ഞു. അവരുടെ സംഭാഷണത്തിനിടയില്‍ നിമിഷയും അമാന്റയും കൂടി അവളുടെയടുത്തെത്തി. അവര്‍ വശത്തു നിന്ന് രണ്ടു പേരേയും നോക്കി.
' എനി വേ ടേക്ക് കെയര്‍ ഷെല്‍ജ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ട. കേട്ടോ.' ഹരികുമാര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ തനിക്കും വിരോധമൊന്നുമില്ലെന്ന് ശിവപ്രസാദും പറഞ്ഞു.
' വീ ആര്‍ ഫ്രണ്ട്‌സ് നൗ. മാസ്റ്ററുടെ കണ്ണട കിട്ടിയിരുന്നോ'
ഉടന്‍ അയ്യോ അക്കാര്യം ഞാന്‍ മറന്നു പോയെന്നു പറഞ്ഞ് ഹരികുമാര്‍ ഉടുപ്പിന്റെ പോക്കറ്റില്‍ നിന്ന് ശിവപ്രസാദിന്റെ കണ്ണടയെടുത്ത് അയാള്‍ക്കു കൊടുത്തു. അതു കഴിഞ്ഞ് ബൈ പറഞ്ഞ് സംഭാഷണം നിര്‍ത്തി .
'എടീ ആക്‌സിഡന്റില്‍ അങ്ങേരുടെ മസ്തിഷ്‌കം പകുതിയേ കുലുങ്ങിയിട്ടുള്ളെങ്കില്‍ ഇപ്പോ മുഴുവനും കുലുങ്ങിക്കാണും. നിന്റെ കാമിസോള്‍ ഷോ മാത്രമേ നടത്തിയിട്ടുള്ളോ അതോ ഷോര്‍ട്ട്‌സും കാണിച്ചോ. ' അമാന്റ ചോദിച്ചു.
നിമിഷയുടെ ഫോണ്‍ ശബ്ദിച്ചു.സ്‌ക്രീനില്‍ ഷിമയുടെ പേരു തെളിഞ്ഞു. അവള്‍ അറ്റന്റ് ചെയ്തിട്ട് സ്പീക്കര്‍ ഫോണിലിട്ടു. ' എടീ ചേച്ചി വന്നോ'
'ല്ല. എന്താടി . എന്തു പററി. '
' അതേ ആ ഗൗരി ചുഖ് മരിച്ചു. ചേച്ചിക്ക് അതു കേള്‍ക്കുമ്പോള്‍ ഷോക്കായിരിക്കും.'
' ആ ചെക്കനെ കിട്ടിയോ' അമാന്റ ചോദിച്ചു.
' ഇല്ല, ഞാന്‍ ഇപ്പോഴും റാം മോഹനെ വിളിച്ചിരുന്നു. ഗൗരിയുടെ ഭാര്യയും വല്ലാത്ത അവസ്ഥയിലാണെന്നാണ് റാം പറയുന്നത്. '
' ഹീ കില്ഡ് ഹിംസെല്‍ഫ് ' നിമിഷ പറഞ്ഞു
'ഒബ് വിയസ്ലി. ആ കുട്ടിയുടെ കാര്യമാ കഷ്ടം. അവനാണ് സഹിക്കാന്‍ പോകുന്നത്.എല്ലാ അര്‍ഥത്തിലും.അതും അവന്റെ ജീവിതാവസാനം വരെ..' അമാന്റ അഭിപ്രായപ്പെട്ടു. ഇതെല്ലാം കേട്ടുകൊണ്ട് അഞ്ജലിയും അവരുടെ കൂടെ കൂടി. ' ആ സ്ത്രീയും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. ' അഞ്ജലി പറഞ്ഞു.
' ചുമ്മാതല്ല , ചേച്ചി കുടുംബത്തെ മൂന്നിടത്താക്കി മാറ്റിയത്. ' നിമിഷ ഉറക്കെ ചിന്തിച്ചു.അവരുടെ സംഭാഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നിയയും എത്തി. നിയയോട് സാവധാനം അവര്‍ ഗൗരിചുഖിന്റെ മരണം പറഞ്ഞു. നിയ നിര്‍വികാരയായി അതു കേട്ടുകൊണ്ട് അവിടെയിരുന്നു.
' ചേച്ചീ, ഇത്തരം സന്ദര്‍ഭിങ്ങളിലാണ് നമുക്ക് മദ്യം ഒരു സുഖം തരുന്നത്. ചേച്ചിയെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയല്ല. ചേച്ചീടെ അവസ്ഥ ഞങ്ങള്‍ക്കെല്ലാമറിയാം. ഒരല്‍പ്പം പരീക്ഷിച്ചു നോക്കിക്കൂടെ.' മദ്യലഹരിയില്‍ നിന്നു പുറത്തു വരാതിരുന്ന ഷെല്‍ജ നിര്‍ദേശിച്ചു. പക്ഷേ ചുണ്ടുകളകത്തേക്കു കടിച്ചു തല കുലുക്കിക്കൊണ്ട് നിയ അതു നിഷേധിച്ചു.
' അയ്യേ എന്തായിത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും നാം കണ്ടിട്ടില്ലാത്ത ഒരാള്‍ മരിക്കുന്നു. പത്രങ്ങളുടെ ചരമപ്പേജുകള്‍ കണ്ടിട്ടില്ലേ. അതു വായിച്ചിട്ട് നമ്മള്‍ ദിവസോം കരഞ്ഞോണ്ടിരിക്കുവാ. ചേച്ചീ ചേച്ചിക്കിപ്പോ ഒരു കുഴപ്പവുമില്ല. ശ്യാമവിടെ അടിച്ചു പൊളിച്ച് ബാംഗ്ലൂരില്‍ നടക്കുന്നുണ്ടാകും. നല്ല ചിമിട്ടത്തികളുടെ തോളിലും പള്ളയ്ക്കുമൊക്കെ കൈവച്ച്. അവനൊരു കുഴപ്പവും വരില്ല. ചേച്ചീടെ മോനല്ലേ. ചേച്ചീടെ ബോറന്‍ കെട്ട്യോന്റെ സ്വഭാവമായിരുന്നെങ്കില്‍ പിന്നേം വിഷമിക്കാന്‍ വകയുണ്ടായിരുന്നു. ശ്ശെ, ഇന്നൊരവധിയായിട്ട് ചേച്ചിക്കെന്താ ഒരെന്റര്‍ട്ടൈന്‍മെന്റ്.ങാ, എടി ആമാന്റ നീയാ റിമോട്ടെടുത്ത് ടി.വി ഒന്നോണ്‍ ചെയ്‌തേ. ഞാനിന്നലെ കണ്ട ഒരുഗ്രന്‍ പോണ്‍മൂവിയുണ്ട്. അതൊന്നു ടി.വിയില്‍ കണ്ട് നമുക്കെല്ലാവര്‍ക്കും ഇന്നീയാഫറ്റര്‍നൂണ്‍ അടിച്ചുപൊളിക്കാം'.അഞ്ജലിയുടെ നിര്‍ദ്ദേശം കയ്യടിച്ച് പാസ്സാക്കപ്പെട്ടു.
കുറേ നേരം കഴിഞ്ഞപ്പോള്‍ അസ്വസ്ഥയായ നിമിഷ ഉള്ളിലേക്കു പോയി മദ്യക്കുപ്പിയും ഗ്ലാസ്സുകളുമായെത്തി. ' എന്താടീ , ഈ ലഹരി പോരായോ നിനക്ക്. അതോ നിനക്ക് ടോയി വേണോ. എന്റടുത്തുള്ളത് സ്‌റ്റെറിലൈസ് ചെയ്തതാ അവിടിരിപ്പുണ്ട് വേണേ എടുത്തോടി' അഞ്ജലിയുടെ നിര്‍ദ്ദേശം കേള്‍ക്കാത്ത പോലെ നിമിഷ വീണ്ടും മദ്യം പകര്‍ന്നു .'അവള്ക്ക് വേണ്ടെങ്കില്‍ അതിങ്ങെടുത്തോടി മോളെ' .നിയ പറഞ്ഞു(തുടരും)