അദ്ധ്യായം ആറ്: വീരപ്പന്‍ വിന്‍ഡാലു

മീനാക്ഷി
Tue, 07-11-2017 03:17:05 PM ;

reality novel, passbook

ഫ്‌ളാറ്റില്‍ ഒപ്പം താമസിക്കുന്നവരോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഷെല്‍ജയ്ക്ക് ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വേദന തോന്നി. ഷെല്‍ജയോടും ഒപ്പമുള്ളവരോടും പടിയിറങ്ങി താഴെനില്‍ക്കാന്‍ പറഞ്ഞിട്ട് ഷിമ വന്തപ്ലാവില്‍ തന്റെ കാറുകൊണ്ടുവരാന്‍ പോയി. ഷിമ പുതിയ സെഡാന്‍ കാര്‍ വാങ്ങിയതിന്റെ രണ്ടാം ദിവസമാണ്. അതിന്റെ പാര്‍ട്ടിക്കായി പോകാന്‍ എല്ലാവരും ചട്ടം കെട്ടിയിരുന്നതിനിടയിലാണ് ഷെല്‍ജ അപകടത്തില്‍ പെട്ടത്. കാറിന്റെ അടുത്തേക്ക് നീങ്ങിയപ്പോള്‍ ഷിമയുടെ ഫോണ്‍ ശബ്ദിച്ചു. താന്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലയുടെ ഏഷ്യന്‍ ഓപ്പറേഷന്‍ പ്രസിഡണ്ട് ഗൗരി ചുഖാണ് വിളിക്കുന്നത്. താന്‍ അല്‍പ്പം തിരക്കിലാണെന്നും തിരികെ വിളിച്ചാല്‍ മതിയോ എന്നു ചോദിച്ചുകൊണ്ട് ഷിമ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
         

ദേശസാല്‍ക്കൃതബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറായ നിയാ ഫിലിപ്പോസ്, ടെക്‌നോപാര്‍ക്കിലെ വിദേശ ഐ.ടി കമ്പനിയുടെ പ്രോജക്ട് മാനേജരായ അഞ്ജലി അരവിന്ദ്, ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ അനലിസ്‌ററായ നിമിഷ, ബി ആന്‍ഡ് ആര്‍ സെക്യൂരിറ്റീസിലെ അമാന്റാ കുര്യാക്കോസ് എന്നിവരാണ് ഷെല്‍ജയോടൊപ്പമുള്ളത്. അമാന്റയുടെ കൈയില്‍ വലിയ ഒരു ബൊക്കെയുമിരിപ്പുണ്ട്. ഷെല്‍ജയെ ആശുപത്രിയില്‍ കാണാന്‍ വന്ന ബാങ്കിന്റെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി മാനേജര്‍ വശം മാനേജര്‍ മുറിവുശമന ആശംസയോടൊപ്പം കൊടുത്തയച്ചതാണ്. ആശുപത്രിക്കുള്ളിലേയ്ക്കു പോകുന്നവരും പുറത്തേക്കിറിങ്ങി വരുന്നവരുമൊക്കെ വീര്‍ത്ത ഡ്രസ്സിംഗോടുകൂടിയുള്ള ഷെല്‍ജയുടെ കൈയ്യും ഒപ്പം പൂച്ചെണ്ടും നോക്കിയിട്ട് എന്താണെന്ന് പിടികിട്ടാത്തവണ്ണം നോട്ടമെറിയുന്നത് അമാന്റയെ ഇത്തിരി അലോസരപ്പെടുത്തി.

 

' എടീ നിന്റെ എച്ച് ആര്‍ മാനേജരെ ഇവിടെങ്ങാനും വച്ചു കണ്ടിരുന്നെങ്കില്‍ ചങ്ങായീടെ തലയില്‍ വച്ച് കൊടുത്തേനെ ഞാനീ പണ്ടാരം' പരിഹാസത്തോടെ അമാന്റ പറഞ്ഞു.
' വെറുതെ അങ്ങേരെ പറയരുത്. പുള്ളിക്കാരന്റെ പൂച്ചെണ്ട് കിട്ടിയ  ഉടന്‍ തന്നെ അവളെ അഡ്മിഷന്‍ ആവശ്യമില്ലെന്ന് പറഞ്ഞ് വിട്ടില്ലേ. '  അതുകൊണ്ട് ഇതൊന്നും അശാസ്ത്രീയമായ മോഡേണ്‍ മാനേജ്‌മെന്റ് രീതിയാണെന്നൊന്നും നീ പറഞ്ഞുകളയരുത്. ' നിയ പറഞ്ഞു.
'ന്നാ അക്കന്‍ പിടിച്ചോ' എന്നു പറഞ്ഞുകൊണ്ട് അമാന്റ പൂച്ചെണ്ട് കൈകെട്ടി നിന്ന നിയയുടെ നെഞ്ചത്തേക്ക് അമര്‍ത്തിക്കൊണ്ടു വച്ചുകൊടുത്തു. അപ്പോഴേക്കും ഷിമ കാറുമായെത്തി.
'അടിപൊളി' അവളുടെ പുത്തന്‍ കാറിന് പൂച്ചെണ്ടായി' എന്നു പറഞ്ഞുകൊണ്ട് നിയ കാറിന്റെ പിന്‍വാതില്‍ തുറന്ന് അകത്തു കയറി പൂച്ചെണ്ട് സീറ്റിന്റെ മുകളില്‍ പിന്‍ഭാഗത്ത് ഭംഗിയായി വച്ചു. മറ്റ് രണ്ടു പേരും പിന്നില്‍ കയറിയപ്പോഴേക്കും ഷെല്‍ജ മുന്‍സീറ്റില്‍ ഭദ്രമായി.
'നീ ബെല്‍റ്റിടണ്ടാ' ,ഷിമ ഓര്‍മ്മിപ്പിച്ചു.

 

കാര്‍ ആശുപത്രി ഗേറ്റ് കടന്ന് ഉള്ളൂര്‍ ഭാഗത്തേക്ക് നീങ്ങി.' അതിരിക്കട്ടെ ഇന്ന് ആരുടെയാ ചെലവ്' അഞ്ജലി ചോദിച്ചു.
'അതിന് സംശയമെന്താ. ഇന്നത്തെ ചെലവ് നമ്മുടെ റിലേഷന്‍ഷിപ്പ് മാനേജരുടെ തന്നെ. വല്ല ഒടിവോ ചതവോ ഒക്കെ ആയിരുന്നെങ്കില്‍ ഇപ്പോ ആ പാവം പാട്ട് മാഷിനെപ്പോലെ ഐ സി യുവിലോ വാര്‍ഡിലോ ഒക്കെ കിടക്കേണ്ടി വരില്ലായിരുന്നോ. അതിനാല്‍ എന്തുകൊണ്ടും ഇന്നത്തെ ചെലവ് റിലേഷന്‍ഷിപ്പ് മാനേജര്‍ തന്നെ ചെയ്യും' ഷിമ പറഞ്ഞു. ഷെല്‍ജ ഒഴികെ ബാക്കിയെല്ലാവരും അത് ഐകകണേ്ഠന അംഗീകരിക്കുകയും ചെയ്തു.
' ഒരു കാരണവശാലും ഇന്നത്തെ ചെലവു ചെയ്യേണ്ടത് ഞാനല്ല. കാരണം ലാഭം എനിക്കല്ല, നിങ്ങള്‍ക്കാ . എന്റെ തലവല്ലതുമടിച്ച് തട്ടിപ്പോയിരുന്നെങ്കില്‍ നിങ്ങളുടെ ഈ യാത്ര മൂവാറ്റുപുഴയ്ക്ക് വേണ്ടി വന്നേനെ. എങ്ങനെ പോയാലും ആറേഴ് രൂപയും രണ്ടു ദിവസത്തെ ലീവും പോയിക്കിട്ടിയേനെ. അതെല്ലാമൊഴിവായി. ദേ ഒരുത്തിക്കാണെങ്കില്‍ ഒരു ഏര്‍ളി ഔട്ടുപോലും വേണ്ടി വന്നില്ല. അതുകൊണ്ട് എല്ലാവരും കൂടി ഈ സുഹൃദ്ജനസദ്ക്കര്‍മ്മദായികയ്ക്ക് ചെലവു ചെയ്‌തേ പറ്റു.'.ഷെല്‍ജ പറഞ്ഞു.
'എടി മോളെ നിനക്ക് റിലേഷന്‍ഷിപ്പിനേക്കാള്‍ പറ്റിയത് അനലിസ്റ്റ് പണിയാ. ' നിമിഷ പറഞ്ഞു.
     

ശ്രീകാര്യം കഴിഞ്ഞപ്പോള്‍ പുതുതായി തുടങ്ങിയ ന്യൂജന്‍ റസ്റ്റാറണ്ടിനുള്ളിലേക്ക് ഷെല്‍ജ കാര്‍ കയറ്റി. റസ്റ്റാറണ്ടിലെ മൂലയിലെ മേശയ്ക്കു ചുറ്റും അവര്‍ സ്ഥലം പിടിച്ചു. പെട്ടന്ന് മെനുകാര്‍ഡുമായി നേപ്പാളി സുന്ദരി  അടുത്തെത്തി. എല്ലാവരുടെയും നോട്ടം മെനുകാര്‍ഡിലായിരുന്നില്ല. പരുക്കന്‍ ഇളംനീല കുഞ്ഞു ടോപ്പും പ്ലീറ്റില്ലാത്ത ഇളം മഞ്ഞ തോര്‍ത്തുടുത്തപോലെയുള്ള വേഷധാരിണിയായ നേപ്പാളി യുവതിക്കും മനസ്സിലായി അവര്‍ തന്റെ അളവെടുത്തുകണ്ടിരിക്കുകയാണെന്ന്. അതു മനസ്സിലാക്കി ഉപചാരവാക്കുകള്‍ പറഞ്ഞുകൊണ്ട് പല്ലുകാണിക്കാത്തെ വിടര്‍ന്ന ചുവന്ന ലിപ്‌സ്‌ററിക് ചിരിയോടെ അവള്‍ അവര്‍ക്കുവേണ്ടി കാത്തു നിന്നു. ഷെല്‍ജ തനിക്കൊരു ഭീഷണിയോ എന്ന നിലയില്‍ അവളെ നോക്കി.
' ഷിമ, നീയല്ലേ എക്‌സപര്‍ട്ട്. ഓര്‍ഡര്‍ ചെയ്‌തോ. എനിക്ക് സംതിംങ് സക്യുലന്റ് ആന്‍ഡ് ടാംഗി വിന്‍ഡാലൂ. വീരപ്പന്‍ വിന്‍ഡാലു ആയിക്കോട്ടെ'
'എന്തു പറ്റിയടി ഇത്ര സ്‌പൈസീ ടേസ്റ്റിന് കാരണം.' അമാന്റാ ചോദിച്ചു
' ഓ .രാവിലെ ഇന്ന് ഒരിക്കലല്ലേ ഉണ്ടായുള്ളു. അതുകാരണം വിശപ്പു പോയി. അതുകാരണം കട്ടിയായി കഴിക്കാന്‍ തോന്നുന്നില്ല. പിന്നെ അവിടുത്തെ ആ സ്‌മെല്ലും എല്ലാം കൂടി വിശപ്പു വന്നതേ ഇല്ല.' ഷെല്‍ജ പറഞ്ഞു.

 

' അക്കനു പിന്നെ ചിക്കന്‍ ഫ്രൈ വിട്ടൊരു കളിയില്ലല്ലോ.' അമാന്റ മെനുകാര്‍ഡ് പടിച്ചുകൊണ്ടു ചോദിച്ചു.
'ന്യു ജെന്നായതു കാരണം അതൊക്കെയുണ്ടാവുമോ ഇവിടെ. ' നിയ തിരക്കി.' അക്കാ, അതെല്ലാം ഈ യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റിയല്ലേ. പേരിനു മാത്രം ചില വ്യത്യാസം ഉണ്ടാകും. ചിലപ്പോള്‍ രൂപത്തിന് ചില മ്യൂട്ടിലേഷനും വരുത്തിയെന്നിരിക്കും. എല്ലാം ഒന്നല്ലേ അക്കാ. നമ്മടെ കുരുമുളകെന്ന പെപ്പറില്ലേ അതിന്റെത്രയും വരില്ല സ്പാനിഷ് ഹെലാപിനോസ് .എന്നാലും വിത്ത് ഹെലാപിനോസ് ഓര്‍ഡര്‍ ചെയ്യുമ്പോ ഒന്നു ഫ്‌ളര്‍ട്ട് ചെയ്യുന്ന സുഖം. അത്രയേ ഉളളു എന്റക്കാ.ഓര്‍ഡര്‍ ചെയ്യുന്നതും കഴിക്കുന്നതും ഈ പ്രണയവും കല്യാണവും പോലെയാ. പിന്നെ ആള്‍ക്കാരെ കാണിക്കാനും പിന്നെ പറയാനും വേണ്ടിയാ മിക്കവാറും ഈ ഹെലാപിനോസും ശ്രീരാച്ച്‌ഐയോനിയുമൊക്കെ ബുദ്ധിമുട്ടി കഴിക്കുന്നെ'ഷിമ കമന്റ് ചെയ്തു.

 

' അക്കന്റെ ഈ യൗവ്വനത്തിന്റെ രഹസ്യം ഈ ചിക്കനായിരിക്കുമല്ലേ. പക്ഷേ ഈ ഡോക്ടര്‍മാരും ചില സാമൂഹ്യ ഉദ്ധാരകരുമൊക്കെ പറയുന്നണ്ടല്ലോ ഈ ചിക്കനൊക്കെ കഴിച്ചാ അപകടമാണ്. വണ്ണം വയ്ക്കും ഗര്‍ഭാശയത്തില്‍ ഗുണ്ടുണ്ടാവുമെന്നൊക്കെ.  എന്റെ അക്കാ ഇങ്ങനെ ചിക്കനൊക്കെ തിന്നാ പ്രശ്‌നമല്ലേ. അക്കനതെങ്ങനെ മാനേജ് ചെയ്യുന്നു. ഇച്ചായനാണേ ആണ്ടിനും സംക്രാന്തിക്കുമൊക്കെയാ അക്കനെ കാണാന്‍ വരുന്നതും.' അമാന്റ ചോദിച്ചു.
' അക്കന്റെ കൂടെ നമ്മള് എവിടെയെങ്കിലും പോകുന്നത് പാരയാ. എന്റെയൊരു ഫ്രണ്ടിന്റെ വീട്ടില്‍ ഞാനും അക്കനും കൂടി രണ്ടുമൂന്നാഴ്ച മുന്‍പ് പോയിരുന്നു. അവിടെ ഫ്രണ്ടിന്റെ അങ്കിളുണ്ടായിരുന്നു. മൂപ്പരൊരു ചോദ്യം ചോദിച്ചു.ഈ കുട്ടി കോളേജിലാണോ അതോ സ്‌കൂളിലാണോ എന്ന്. അങ്കിള് പ്ലസ്ടുവിനപ്പുറം ജീന്‍സിലും ടോപ്പിലുമായിരുന്ന അക്കനെ  കണ്ടില്ലത്രെ. ' നിമിഷ പറഞ്ഞു.

 

' ഓ പ്ലസ് ടൂവൊക്കെ ഇത്തിരി കടുത്തു പോയി' അഞ്ജലി പറഞ്ഞു.' ആ അതീ അങ്കിളുമാരുടെ പൊതുസ്വഭാവമാണടി' അമാന്റ തട്ടിവിട്ടു.
' എടി പിള്ളാരെ നീയൊന്നും വെറുതെ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഞാന്‍ സന്തൂറൊന്നുമല്ല , ഇട്ടു കുളിക്കുന്നത്. എന്നാലും കോളേജ് പിള്ളാരുടെ ഏറ് എനിയ്ക്ക് ഇപ്പോഴും കിട്ടാറുണ്ട്. നിന്നെയൊക്കെ ചേച്ചീന്ന് വിളിച്ചോണ്ട് കൂടെ കൂടുന്നതും കാണുന്നുണ്ട്. അതുകൊണ്ട് വെറുതെ അസൂയ പൂണ്ടിട്ട് കാര്യമില്ല. ' നിയ പറഞ്ഞു.മെനു പഠിക്കുന്നതിനിടയില്‍ എപ്പോഴോ അപ്രത്യക്ഷമായ നേപ്പാളി സുന്ദരി വീണ്ടും ചിരിയുമായി പ്രത്യക്ഷപ്പെട്ടു. ഷിമ എല്ലാവര്‍ക്കും വേണ്ടത് ഓര്‍ഡര്‍ നല്‍കി.

 

' എനിയ്‌ക്കൊരു സംശയം ഇത് നേപ്പാളിയാണോന്ന്.' അമാന്റ ആലോചനയില്‍ മുഴികിക്കൊണ്ടു ചോദിച്ചു.
' ശരിയാ എനിക്കു തോന്നുന്നു ഫിലിപ്പൈന്‍സാണെന്ന്. ' നിമഷയും അമാന്റയുടെ സംശയത്തില്‍ ചേര്‍ന്നു.
 'ഇത്രയും മുന്‍പും പിന്‍പും സാധാരണ നേപ്പാളിലിനികള്‍ക്ക് ഉണ്ടാകാറില്ല.'അഞ്ജലി പറഞഞു.
 ' ഏയ് ഇത് നേപ്പാളി തന്നെയാ. സംശയം വേണ്ട. ടിപ്പിക്കല്‍. നമ്മടെ സ്ട്രകച്ചറല്ല ഇവര്‍ക്ക് . ബാക്കുള്ളവര്‍ക്ക് ശരിക്കുണ്ടാകും.അതും വല്ലാതെ താഴേന്ന് കിളിച്ച് തൂങ്ങുന്ന പോലെ.ഞാന്‍ കാട്മണ്ഠുവില്‍ ഒന്നരക്കൊല്ലം വര്‍ക്ക് ചെയ്തതല്ലേ. ഒരുപാട് വിഭാഗത്തില്‍ പെട്ടവരുണ്ട്. നമ്മള് പൊതുവേ കാണുന്നത് മംഗോള്‍ ഫേസുള്ള നേപ്പാളികളെയല്ലേ. അതൊന്നുമല്ല. നല്ല ഉയരവും കാഴ്ചയ്ക്ക് രസവുമുള്ള ആണും പെണ്ണും നേപ്പാളികളുടെ കൂട്ടത്തില്‍ ഇഷ്ടം പോലുണ്ട്. നല്ല ഹെല്‍ത്തിയുമാണ് അവര്. ' നിയ പറഞ്ഞു.
 

reality novel, passbook

' എന്തായാലും ചുമ്മാതല്ല കുട്ടപ്പായികളുടെ തിരക്ക് ഇത്ര കൂടുതല്. രുചി കുറച്ച് കുറഞ്ഞാലും കച്ചോടം പൊടിപൊടിക്കും.  ന്നാലും നമ്മുടെ നേപ്പാളിനിക്ക് മുന്‍പും പിന്‍പും ഇത്തിരി കൂടുതലായിപ്പോയി. നമ്മളെപ്പോലെ പാവങ്ങളെയൊന്നും ജീവിക്കാന്‍ വിടുന്ന ലക്ഷണം കാണുന്നില്ല. ' നിമിഷ പറഞ്ഞു.
' ഇപ്പോ മലയാളിക്ക് എല്ലാത്തിനും മറുനാടന്‍ മലയാളികളല്ലേ വേണ്ടു. അതുകൊണ്ട് ഇനി നേപ്പാളി ലോക്കല്‍സിന്റെ എണ്ണം വര്‍ധിക്കാനുള്ള എല്ലാ ചാന്‍സും കാണുന്നുണ്ട്. ' നിയ പറഞ്ഞു.' ഏയ് ആ മാര്‍ക്കറ്റില്‍ അവരുടെ റേറ്റിംഗ് വളരെ പുവറാ. അതുകൊണ്ട് പേടിക്കേണ്ട. ആ മാര്‍ക്കറ്റില്‍ ഇപ്പോഴും നമ്മള് മലയാളി തന്നെയാ ടോപ്പില്' ഷിമ പ്രഖ്യാപിച്ചു.
' ഇപ്പോ ഈ കുട്ടപ്പായിമാരേക്കൂടുതല്‍ നമ്മളെപ്പോലുള്ള വിന്‍ഡാലൂസല്ലെ റസ്റ്റാറിണ്ടില്‍ കേറുന്നത്. എന്നിട്ട് നമ്മളെ ഈ ക്യാപിറ്റലിസ്റ്റുകള് പരിഗണിക്കാത്തത് കഷ്ടമാ' അമാന്റ പരിഭവം പറഞ്ഞു.'
' എന്നുവെച്ചാ' നിയ പുരികമുയര്‍ത്തിക്കൊണ്ട് അമാന്റയെ നോക്കി.
' എന്റക്കാ, ഈ റിലേഷന്‍ഷിപ്പിന് നല്ലൊരു ചലഞ്ച് പോസ് ചെയ്തുകൊണ്ടുള്ള ഈ നേപ്പാളിനികളെ മെയില്‍ പന്നികളെ ഇങ്ങോട്ട് വലിച്ചുകൊണ്ടുവരാന്‍ വേണ്ടിയല്ലെ ഇറക്കുമതി ചെയ്തിരിക്കുന്നേ. നമുക്ക് ഇവറ്റകളു വന്നാ അടിവയറ്റിലാന്തലുണ്ടാകുമെന്നല്ലാതെ എന്താ മെച്ചം. ദേ കണ്ടില്ലെ നമ്മുടെ റിലേഷന്‍ഷിപ്പ് പരാജയമടഞ്ഞിരിക്കുന്നെ. ഇതുവരെ ഇവളുടെ വിചാരം ഇവളുടെ ബംപ്‌സിനെ വെല്ലാന്‍ അധികമാരുമില്ലെന്നായിരുന്നു. നേപ്പാളിനിയുടെ മുന്നില്‍ ഇവള് വെറും ശിശുവായി. നമ്മക്കും രസിക്കാന്‍ പറ്റിയ നല്ല കുണ്ടന്മാരെ ഈ റസ്റ്റാറണ്ട് ക്യാപിറ്റലിസ്റ്റുകള്‍ക്കേ അറേഞ്ച് ചെയ്യാന്‍ മേലേ.' അമാന്റ മൊഴിഞ്ഞു.

 

' ഓ, അതിനേക്കാ നല്ലത് ഈ നേപ്പാളിനികളാ. ഇപ്പോഴത്തെ ചെക്കന്മാര് വന്നിട്ടെന്തിനാ. ടൈയും കെട്ടി നടൂം വളച്ച് നിന്ന് അവരുടെ മേം വിളി കേള്‍ക്കാനോ. ആണുങ്ങളെ കണ്ടിട്ട് കഷ്ടം തോന്നുന്നതിനേക്കാള്‍ ആണുങ്ങളെക്കാണാതിരിക്കുന്നതാ നല്ലത്. ഒന്നാമത് ഈ ക്യാപിറ്റലിസ്റ്റുകള് ഇവരുടെ പെരുമാറ്റത്തിന്റെ വരിയൊടച്ചിട്ടേ ഡ്യൂട്ടിക്കിടൂ. പിന്നെ ഇവന്മാരെ അപ്പനുവിളിച്ചാലും മേം മേമ്ന്നുപറഞ്ഞു നില്‍ക്കും. പോരാത്തതിന് ഈ പാവങ്ങള്‍ക്കെല്ലാം ഇപ്പോ പേടിയാ. ജോലി പോകുമെന്നുള്ളതല്ല.  ഈ ആമാടത്തെപ്പോലുള്ള ഉരുപ്പടികളെങ്ങാനും വല്ല കംപ്ലയിന്റും കൊടുത്തുകഴിഞ്ഞാ പിന്നെ അതോടെ അവന്റെ കഥ കഴിഞ്ഞില്ലെ. ആ സമയത്ത് ഈ നേപ്പാളിനി ഓരോ ടേബിളിലേക്കു പോകുമ്പോ നോക്കിക്കോ. നമ്മുടെ ആണ്‍പുലികളുടെ ബോഡിലാഗ്വേജു മാറുന്നത് കാണാം. നേപ്പാളിനിയുടെ ടൈമിംഗും നോക്കിക്കോണം. എടീ നമ്മളെ ഇപ്പോഴും ഇവന്മാരൊന്നും കസ്റ്റമേഴ്‌സായിട്ട് കരുതിയിട്ടില്ല. ആണ്‍പുലികളെ ആകര്‍ഷിക്കാനുള്ള കളറായിട്ടേ കാണുന്നുള്ളു.നമ്മളങ്ങോട്ട് കാശ് കൊടുത്ത്  അവരുടെ ബിസിനസ്സ് കൂട്ടുവാ ' ഷിമ പറഞ്ഞു.

 

' ഹും... വൈസ് പ്രസിഡണ്ട് പറഞ്ഞത് ശരിയാ' ഒരു സാമ്പത്തിക വിദഗ്ധയുടെ മുഖഭാവത്തില്‍ അമാന്റ  പ്രഖ്യാപിച്ചു.
' എന്തോന്നു ശരിയെടീ' അഞ്ജലി ചോദിച്ചു.
' ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടും ,ഏന്തുവാ നമ്മുടെ നെക്ക് ലെസ്സുപയോഗിക്കുന്ന വാക്ക് , ആ അരിക് വല്‍ക്കരിക്കപ്പെടല്‍, അതുപോലെയായി നമ്മള്‍ വനിതാരത്‌നങ്ങള്‍. ഇതിന് മാറ്റം വരേണ്ടേ.' അമാന്റ ചോദിച്ചു.
' ശ്ശൊ, നമ്മടെ നെക്ക് ലെസ് ഇല്ലാതിരുന്നത് കഷ്ടമായിപ്പോയി. ഇവളുടെ ആക്‌സിഡന്റ് ആഘോഷിക്കാനും പറ്റിയില്ല. അവളുണ്ടായിരുന്നെങ്കില്‍ ഉഗ്രനൊരു ലേഖനശ്രവണം നടത്താമായിരുന്നു. അടുത്ത ലക്കം വാരികയില്‍  അത് വായിക്കുകയും ചെയ്യാമായിരുന്നു' നിമിഷ ഓര്‍മ്മിപ്പിച്ചു.
'നേപ്പാളിനികളിലൂടെ പ്രകടമാകുന്ന സ്ത്രീവിരുദ്ധത എന്ന തലക്കെട്ടില്‍  ' ഷെല്‍ജ സൂചിപ്പിച്ചു.
' കണ്ടോ കണ്ടോ ഇവളെ നേപ്പാളിനി ബീറ്റ് ചെയ്തതിന്റെ കലിപ്പ്. ' അമാന്റ ഷെല്‍ജയെ ചൊടിപ്പിച്ചു.
' നെക്ക് ലെസ്സ്  വരാന്‍ ഇനീം രണ്ടുമൂന്നു ദിവസം കഴിയുമെന്നു തോന്നുന്നു.എന്തായാലും അവളെ ഏതെങ്കിലും സ്പായില് കൊണ്ടു ചെന്ന് തെളപ്പിച്ച് പുഴുങ്ങീട്ട് അകത്തു കേറ്റിയാ മതി' അഞ്ജലി പറഞ്ഞു.

 

' ഓ പിന്നേ, അങ്ങനാന്നേ അവളെ ഇടയ്ക്കിടയക്ക് നമ്മക്ക് തിളപ്പിച്ച് പുഴുങ്ങേണ്ടി വരും. അവക്കതിനിപ്പോ മലേഷ്യയിലേക്ക് പോകേണ്ട കാര്യമൊന്നുമില്ല. 'അമാന്റയുടെ പെട്ടന്നുള്ള പ്രതികരണം എല്ലാവരേയും അത്യാവശ്യം നല്ലതുപോലെ ചിരിപ്പിച്ചു. പക്ഷേ ചിരിയുടെ ഇടയില്‍ ഷെല്‍ജയ്ക്ക് എവിടെയോ വേദനിച്ചത് ആ ചിരിക്കിടയില്‍ അര്‍ധവിരാമം സൃഷ്ടിച്ചു.
 'അതിരിക്കട്ടെ റിലേഷന്‍ഷിപ്പേ ,എങ്ങിനെയാ ആ പാവത്തിന്റെ കണ്ണട നിന്റെ കൈയില്‍ പെട്ടത്. ' നിയ ചോദിച്ചു.
' അക്കാ അതിന്നു പറേണോ . പിന്നെപ്പറഞ്ഞാ പോരെ. ' ഷെല്‍ജ ചോദിച്ചു.
' പോര പോര.അതിപ്പോ തന്നെ അറിയണം ഞങ്ങള്‍ക്ക് .അവിടെ വച്ചേ ചോദിക്കണമെന്നു വിചാരിച്ചതാ. അതും വാങ്ങിച്ച് അവരിറങ്ങിയതിനു പിന്നാലെ ആ ഡോക്ടര്‍ പര്‍ദ്ദ നിന്നെ പരിശോധിക്കാന്‍ വന്നതു കാരണം ഞാന്‍ മറന്നുപോയതാ. ' അഞ്ജലി തിടുക്കം കൂട്ടി.
'പ്ലീസ്, ഞാന്‍ പിന്നെപ്പറയാം. അല്ലേ ഫ്‌ളാറ്റില്‍ ചെല്ലട്ട്. '

 

' നോ നോ.നീ അതുപറ . നിനക്ക് വയ്യാങ്കീ നീ ചരിക്കണമെന്നില്ല. നീ നാളെ ചിരിച്ചോ' അമാന്റ പറഞ്ഞു
' അമാന്റ പറേന്നതു ശരിയാ. ഞാനും ചോദിക്കണമെന്നു വിചാരിച്ചതാ' നിയ പറഞ്ഞു.
' ന്റക്കാ , പുള്ളിക്കാരന്‍ എന്റെ മേത്തേ്ക്ക് വന്നാ വീണേത്. പുള്ളിക്കാരന്റെ ഹെല്‍മറ്റ് വന്ന് ചുണ്ടിലിടിച്ച്. മോന്തയെല്ലാം കൂടെ എന്റെ നെഞ്ചത്തിടിച്ച ലക്ഷണമാ. ചാടിയെഴുന്നേറ്റ് കുറച്ച്  നേരത്തേക്ക് എന്താന്നൊരു പിടിയുമില്ലായിരുന്നു. പിന്നാ, കൈ ഉടഞ്ഞുവാരിയിരിക്കുന്നത് കണ്ടത് . കുറച്ച് കഴിഞ്ഞപ്പോ എന്റെ പള്ളേലൊരിളക്കം'
' ഹൊ, അതിനിടയ്ക്ക് നിന്റെ പള്ളേലായോ?'  ചിരിയുയര്‍ത്തിക്കൊണ്ട് അമാന്റ ചോദിച്ചു.
'പറഞ്ഞില്ലെ ഞാന്‍ ഇത് ടക്കിന്‍ ചെയ്തിരിക്കുകയായിരുന്നു. ഇടയ്‌ക്കെപ്പോഴോ ഞാന്‍ പിടിച്ചു നോക്കിയപ്പോ എന്തോ ഒന്നു തടയുന്നുണ്ടായിരുന്നു. എന്താണെന്ന് അപ്പോഴും പിടി കിട്ടീല്ല. ഈ കൈയ് അനക്കാന്‍ വയ്യാത്ത അവസ്ഥയിലുമായിരുന്നു. പിന്നെ കാഷ്വാലിറ്റിയിലേക്ക് കയറാന്‍നേരം ടോപ്പ് വലിച്ച് പുറത്തിട്ടപ്പോഴാ അറിയുന്നെ അത് കണ്ണാടയായിരുന്നുവെന്ന്. '
' ചുമ്മാതല്ല ആ പാവത്തിന്റെ തലച്ചോറു കുലുങ്ങിയത്.'അഞ്ജലി കളിയാക്കി.
' അത് ബ്രായിലെങ്ങും കുരുങ്ങിക്കിടക്കാതെ നേരേ തഴേക്ക് പോയോ?' നിയ ചോദിച്ചു.
' ഞാനിട്ടിരിക്കുന്നത് അഡ്ഹസീവാണ്'
' എന്തിനാടീ ബാക്കോപ്പണ്‍ ടോപ്പ് അല്ലാതിരുന്നിട്ടും സ്ട്രാപ് ലെസ്സ് ഇട്ടത്. ' ഷിമ തിരക്കി.
' ഇന്നിവള്‍ക്ക് ക്ലയന്റ് മീറ്റിംഗുണ്ടായിരുന്നിരിക്കണം.ല്ലേടി' നിമിഷ ചോദിച്ചു.
' ഇന്നാരുമായിട്ടായിരുന്നെടീ മീറ്റിംഗ്?' അഞ്ജലി ചോദിച്ചു

 

' ഇന്ന് ഐഡിയായുടെ സ്‌റ്റേറ്റ് ഓഫിസില് കുറേ പേരുമായി ഫിക്‌സ് ചെയ്തിരുന്നതാ. നിന്റെ കണക്കുള്ള പണിയല്ല ഞങ്ങളുടേത് . എന്റെ ടാര്‍ജറ്റ് എഴുപത്തിയഞ്ചു കോടിയാ. ആകെ ഇതുവരെ ആയത് വെറും പതിനെട്ടു കോടിയാ മോളെ. '
' ങാ, എങ്കീ ഇനീ കൈ സുഖമായിട്ട് ഇതുപോലൊരു ദിവസം പോയാ മതി ടാര്‍ഗറ്റ് മുഴുവന്‍ തികയ്ക്കാം. ആ പാട്ട് മാസ്റ്റര്‍ മൂക്കും കുത്തി വീണപോലെ ഐഡിയ വീണോളും. ' നിയയുടെ ആ അഭിപ്രായത്തെ ഐക്യകണ്‌ഠേന എല്ലാവരും പിന്തുണച്ചു.
വിടര്‍ന്ന ചിരിയുമായി നേപ്പാളിനി വീണ്ടുമെത്തി. അപേക്ഷയുടെ തെല്ലു ഭാവമില്ലാതെ ചിരിച്ചുകൊണ്ടു തന്നെ അവള്‍ അറിയിച്ചു വീരപ്പന്‍ വിന്‍ഡാലൂ കഴിഞ്ഞു പോയെന്ന്. പകരം ബില്ലി ബീഫ് മതിയോ എന്നും ആരാഞ്ഞു. ബില്ലി ബീഫും ഷെല്‍ജയ്ക്ക് പ്രിയപ്പെട്ടതാണെങ്കിലും വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് എന്നുള്ള ഭാവത്തില്‍ ഓകെ എന്നു പറഞ്ഞ് അവള്‍ നേപ്പാളിനിയോടുള്ള ചെറിയ അസ്‌കിത പ്രകടിപ്പിച്ചു.
 

പെട്ടെന്ന് ഷിമയുടെ ഫോണ്‍ ശബ്ദിച്ചു. ഷിമ തലയില്‍ കൈവച്ചുകൊണ്ട് ഫോണ്‍ എടുത്തു' സോറി ഗൗരി. തിരിച്ചു വിളിക്കാന്‍ മറന്നതല്ല. ഞാന്‍ എന്റെ ഫ്രണ്ടിനെ ആക്‌സിഡന്റ് പറ്റി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജു വാങ്ങി തിരികെ പോവുകയായിരുന്നു. ഇപ്പോ എവിടുന്നാ വിളിക്കുന്നെ. കുച്ചിംഗിലാണോ അതോ ബാങ്കോക്കിലോ'
'ഞാന്‍ മുംബൈയിലെത്തി. ഷിമ, ഞാന്‍ വലിയൊരു കുഴപ്പത്തില്‍ പെട്ടിരിക്കുവാ' ഷിമയുടെ മുഖഭാവം മാറുന്നത് കണ്ട് മറ്റുള്ളവരും ഗൗരവത്തോടെ ഷിമയെ നോക്കി. ഷിമയുടെ മുഖം വീണ്ടും വരിഞ്ഞു മുറുകി.
'കൂള്‍ ഡൗണ്‍ കൂള്‍ ഡൗണ്‍ ഗൗരി.' അതു പറഞ്ഞതിനു ശേഷം ഷിമയുടെ മുഖത്ത് പല ഭാവങ്ങള്‍ മിന്നിമറഞ്ഞു.ഏതാണ്ട് അഞ്ചു മിനിട്ടത്തെ ഫോണ്‍കാള്‍ അവസാനിച്ചപ്പോള്‍ ഷിമ പറഞ്ഞു' വിഷമിക്കാതെ ഇപ്പോള്‍ തന്നെ ഞാന്‍ റാംമോഹനെ വിളിച്ച് ഏര്‍പ്പാടാക്കാം.ഡോണ്ട് വറി. ഒന്നും സംഭവിക്കില്ല. ഹരി വില്‍ ബീ സേഫ്'
 

ഫോണ്‍ വച്ചതിനു ശേഷം. കുറേ നേരം ഷിമ വല്ലാതിരുന്നു പോയി. കാരണം മറുതലയ്ക്കല്‍ ഗൗരി ചുഖ് പൊട്ടിക്കരയുകയായിരുന്നു. അയാളുടെ ഏക മകനെ തലേ രാത്രി മുതല്‍ കാണാതായിരിക്കുന്നു. കുച്ചിംഗില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുന്നതിനു മുന്‍പ് ഗൗരി മുംബൈയിലുള്ള മകനുമായി സംസാരിച്ചപ്പോള്‍ അയാളെ ഒരുപാട് കുറ്റപ്പെടുത്തി സംസാരിച്ചു. കോര്‍പ്പറേറ്റ് ലോകത്ത് താഴെയുള്ള സ്റ്റാഫിനെക്കൊണ്ട് ടാര്‍ജറ്റ് അച്ചീവ് ചെയ്യാന്‍ ശ്രമിക്കുന്നതു പോലെയായിരുന്നു ഗൗരി ചുഖ് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. സി എയ്ക്കു പഠിക്കുന്ന മകന്‍ ഹരി. പരീക്ഷ എഴുതിയ പേപ്പറുകളൊന്നും കിട്ടിയില്ല. അയാള്‍ക്ക് ഏതെങ്കിലും കോളേജില്‍ ചേര്‍ന്നു പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷേ ഗൗരി സമ്മതിച്ചില്ല. ഭാര്യ വിദ്യയക്ക് മകന്റെ ഇഷ്ടം നടത്തിക്കൊടുക്കാനായിരുന്നു താല്‍പ്പര്യം. ഗൗരിയുമായി സംസാരിച്ചതിനു ശേഷം അയാള്‍ വീട്ടിലെ പുതിയ ടി.വിയും മറ്റും അടിച്ചു തകര്‍ത്തിട്ട് പുറത്തു പോയതാണ്.
        

നാഗ്പൂര്‍ എന്‍ ഐ ടിയില്‍ ഷിമയുടെ ക്ലാസ്‌മേറ്റായിരുന്ന റാം മോഹന്‍ മുംബൈയില്‍ എ.സി.പിയായ ഐ.പി.എസ് ഓഫീസറാണ്. മുംബൈയില്‍ വച്ച് ഷിമയോടൊപ്പം റാം മോഹനെ ഗൗരി പരിചയപ്പെട്ടിട്ടുണ്ട്. അയാളുടെ പോലീസ് സഹായത്തിനു വേണ്ടിയാണ് ഗൗരി ഷിമയെ വിളിച്ചത്. രാത്രിയില്‍ വീട്ടില്‍ നിന്നും പോയ മകന്‍ തിരിച്ചു വരാഞ്ഞതിനെ തുടര്‍ന്ന് ഗൗരിയുടെ ഭാര്യ തളര്‍ന്നു വീണ് ആശുപത്രിയിലാവുകയും ചെയ്തു. സുഗന്ധ ദ്രവ്യങ്ങളില്‍ പൊതിഞ്ഞ മണവുമായി ബില്ലി ബീഫും മറ്റും എത്തി.നേപ്പാളിനി എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് വച്ചെങ്കിലും അവളുടെ ചിരി ഷിമയുടെ സുഹൃത്തിന്റെ കഥയ്ക്കുള്ളില്‍ പെട്ടിരിക്കുകയായിരുന്ന മറ്റുള്ളവര്‍ ശ്രദ്ധിച്ചില്ല. നിയ ബാഗിന്റെ വശത്തുള്ള അറയില്‍ നിന്ന് പരിഭ്രമിച്ചതുപോലെ ഫോണെടുത്ത് ഡയല്‍ ചെയ്തു.(തുടരും)

 

Tags: