അദ്ധ്യായം രണ്ട് : കാര്യവട്ടം

മീനാക്ഷി
Tue, 10-10-2017 03:32:53 PM ;

reality novel, passbook

പതിവിലും നേരത്തേ ഹരികുമാര്‍ തയ്യാറായി. പാങ്ങപ്പാറയിലുള്ള സുഹൃത്ത് രമേഷ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മാസത്തോളമായിരിക്കുന്നു വീട്ടിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ട്. ഏറെ നാളുകള്‍ക്കു ശേഷം വല്ലാത്തൊരു ഉന്മേഷവും ഹരികുമാറിന് അനുഭവപ്പെട്ടു. നേരത്തേ തയ്യാറാകേണ്ടി വന്നതിനാല്‍ പത്രം ഗേറ്റിലെ പത്രക്കുഴലില്‍ നിന്ന് എടുത്തിട്ടില്ല. ഓഫീസില്‍ കൊണ്ടുപോയി വായിക്കാം എന്ന ചിന്തയോടെ ഹരികുമാര്‍ ബൈക്ക് സ്റ്റാന്റില്‍ നിന്നിറക്കി. പെട്ടന്ന് കാര്‍ഷെഡ്ഡിന്റെ പോളിത്തീന്‍ റൂഫിനു മുകളില്‍ വെള്ളത്തുള്ളികള്‍ വീഴുന്നതിന്റെ ശബ്ദം. അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ അന്തരീക്ഷവും ആകാശവും നിരീക്ഷിച്ചു. വലിയ മഴ പെയ്യാന്‍ സാധ്യതയില്ല. എങ്കിലും തീരുമാനത്തിനു മുന്നേ പ്രവൃത്തിയെന്നോണം ഹരികുമാര്‍ ബൈക്കിന്റെ സ്റ്റാന്റിട്ടു. അതേ താക്കോല്‍ കൂട്ടത്തില്‍ തന്നെയുള്ള കാറിന്റെ താക്കോലിലെ റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് കാര്‍ തുറന്ന് കയറാന്‍ തുടങ്ങിയപ്പോഴാണ് ഗേറ്റ് തുറന്നിട്ടില്ലെന്ന കാര്യമോര്‍ത്തത്. ബൈക്കിലാണെങ്കില്‍ അതിലിരുന്നു കൊണ്ട് തന്നെ തുറന്നടച്ചു പോവുകയാണ് പതിവ്.

 

അയാള്‍ ഗേറ്റ് തുറന്ന് കുഴലില്‍ നിന്ന് പത്രമെടുത്തു കൊണ്ട് കാറിന്റെ നേര്‍ക്കു നടന്നു. ഒന്നാം പേജില്‍ ഒരു നടന്‍ അയാളുടെ ഭാര്യയുടെ കഴുത്തില്‍ കൈയ്യിട്ടുകൊണ്ടു നില്‍ക്കുന്ന ചിത്രം. ആ സ്ത്രീയുടെ സുതാര്യമായ വലപോലുള്ള കുപ്പായക്കൈയ്ക്കുള്ളില്‍ മാദകത്വം വിളിച്ചറിയിക്കുന്ന കൈത്തണ്ടയും തോള്‍ഭാഗവും. അഴിയാന്‍ പാകത്തിലുള്ള വലിയ പൊട്ടും നെറ്റിയിലേക്ക് പടരുന്ന സിന്ദൂര തിലകവും എല്ലാം കൂടി സമ്മിശ്ര വികാരം തനിക്കു മറയുയര്‍ത്തി. അന്നത്തെ പ്രധാന വാര്‍ത്ത എന്താണെന്ന് ശ്രദ്ധിക്കാതിരുന്നതിനെ കുറിച്ചോര്‍ത്തത് 'ചെമ്പഴത്തിയില്‍ നിന്ന് ശ്രീകാര്യത്തേക്കുള്ള റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ്. പെട്ടന്നയാള്‍ പത്രം വായനയുടെ അര്‍ഥമില്ലായ്മ ഓര്‍ത്തുകൊണ്ട് പ്രധാന വാര്‍ത്ത ശ്രദ്ധിക്കാതിരുന്നതില്‍ സ്വയം ആശ്വസിച്ചു.സെക്രട്ടേറിയറ്റ് സംബന്ധമായുള്ളതും സംഘടനാ വാര്‍ത്തകളും അറിയാന്‍ വേണ്ടി മാത്രമാണ് ഹരികുമാര്‍ പത്രം വരുത്തുന്നത്.

 

അക്കാര്യം ഓര്‍ക്കുന്നതിനിടയിലും ചുവന്ന കുപ്പായം, സുതാര്യമായ കൈത്തണ്ടകള്‍, ചാമുണ്ഡേശ്വരി എന്ന അനുരണനം ഉണ്ടാക്കുന്ന നടിയുടെ മുഖം അയാളുടെ ഉള്ളില്‍ തെളിഞ്ഞു വരുന്നു. എത്രയോ നഗ്‌ന ചിത്രങ്ങളും അര്‍ധ നഗ്‌ന ചിത്രങ്ങളും 'നെറ്റിലൂടെയും ടി.വി യിലൂടെയും കാണുന്നതാണ്. എന്നിട്ടും പത്രത്തില്‍ വന്ന നടിയുടെ ചിത്രം എന്തുകൊണ്ടിങ്ങനെ മായാതെ നില്‍ക്കുന്നുവെന്നാലോചിച്ചു.മേശയെക്കതിര്‍ വശത്തു നിന്നു കൊണ്ട് തനിക്ക് ഭക്ഷണം വിളമ്പിത്തരുന്ന രമേഷിന്റെ ഭാര്യ വിനീതയുടെ മുഖം അപ്പോള്‍ ഹരികുമാറിന്റെ ഉള്ളില്‍ പൊന്തി വന്നു. പെട്ടെന്ന് ഒരു ചുവന്ന ബനിയനും നീല ജീന്‍സുമിട്ട പയ്യന്‍ ശീല്‍ക്കാരത്തോടെ മറ്റൊരു വാഹനത്തെ ഓവര്‍ട്ടേക്ക് ചെയ്ത് തന്റെ കാറിന്റെയും എതിര്‍ ദിശയില്‍ വന്ന വാഹനത്തിന്റെയും ഇടയില്‍ ലഭ്യമായ ഇത്തിരി വിടവിലൂടെ കടന്നു പോയി. ഹരികുമാര്‍ കുറച്ചു നേരത്തേക്ക് സ്തബ്ദനായിപ്പോയി. ചെമ്പഴന്തി ജംഗ്ഷനിലുണ്ടായിരുന്ന കൈലിയടുത്തു നിന്ന നാട്ടുകാര്‍ കൊല്ലിയാന്‍ പോലെ പോയ ആ പയ്യനെ മുഴുത്ത തെറി വിളിക്കുന്നത് ചില്ലിട്ടിരുന്നെങ്കില്‍ കൂടി ഹരികുമാറിന് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു. ആ യുവാവ് അവര്‍ വിളിച്ച തെറി കേട്ടില്ല. അതു മുഴുവന്‍ കേട്ടത് ഹരികുമാറാണ്. ഒരു പക്ഷേ അവര്‍ ആ തെറി വിളിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ അതു വിളിച്ചു പോകുമായിരുന്നു എന്നും അയാള്‍ക്കു തോന്നി. അയാള്‍ കാര്‍ വശത്ത് ഒതുക്കി നിര്‍ത്തി.കാലുകളില്‍ അനുഭവപ്പെട്ട മരവിപ്പ് മാറിയതിനു ശേഷം പോകാമെന്നുറപ്പിച്ചു.
          

 

തനിക്കു വേണ്ടി അവര്‍ വിളിച്ച അതേ തെറി തന്നെയായിരിക്കുമോ താനും വിളിക്കുമായിരുന്നതെന്ന് ഹരികുമാര്‍ ആലോചിച്ചു. ആ രംഗം അയാള്‍ ഒന്നു പുനര്‍ച്ചിത്രീകരിച്ചു. ' ഇല്ല, ഞാന്‍ ആ തെറി വിളിക്കുമായിരുന്നില്ല'. അയാള്‍ ഓര്‍ത്തു. തിരുവനന്തപുരം നഗരവാസികളുടെ നാവില്‍ തുപ്പല്‍ കിനിയുന്നതു പോലെ ഇടക്കിടെ അവസരത്തിലും അനവസരത്തിലും വന്നു പോകുന്ന പ്രചണ്ഡച്ചീറ്റലോടെയുള്ള തെറിയേ താന്‍ വിളിക്കുകയുണ്ടായിരുന്നുള്ളുവെന്ന് ഹരികുമാര്‍ തിരിച്ചറിഞ്ഞു. മണക്കാടും ചെമ്പഴന്തിയും തമ്മില്‍ ഏറി വന്നാല്‍ ട്രാഫിക് ബ്ലോക്കില്ലെങ്കില്‍ മുപ്പതോ നാല്‍പ്പതോ മിനിട്ടിന്റെ ദൂരമേ ഉള്ളു. ' ഹൊ, ഈ രണ്ടു പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം വല്ലാത്തതു തന്നെ. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെ നഗരവാസികള്‍ കൊണ്ണിയെന്നു പറയുന്നതു ചുമ്മാതല്ല ''. പെട്ടന്നയാള്‍ തന്റെ നാവിന്റെ ഉള്ളില്‍ തെറിയുടെ രൂപത്തില്‍ കയറിക്കൂടിയിട്ടുള്ള നഗരക്കീറിനെ കുറിച്ചാലോചിച്ചു. ചെമ്പഴന്തിക്കാര്‍ വിളിച്ചതിന്റെയും തന്റെ നാവില്‍ പൊങ്ങിവരുമായിരുന്ന തെറിയുടേയും അര്‍ഥം ഒന്നാകാനേ ഇടയുള്ളൂ. രണ്ടു തെറിയും ആ പയ്യന്റെ അമ്മയുടെ സ്വഭാവത്തെ പരാമര്‍ശിച്ചു കൊണ്ടുള്ളതുമാണ്. നഗരത്തിലെ തെറിവാക്കിലെ അമ്മയുടെ സ്വഭാവത്തെ പരാമര്‍ശിക്കുന്ന വാക്കിന്റെ അര്‍ഥം എന്താണെന്ന് അപ്പോഴാണ് ഹരികുമാര്‍ ആലോചിക്കുന്നത്. വര്‍ഷങ്ങളായി കേള്‍ക്കുകയും വല്ലപ്പോഴുമൊക്കെ ഉപയോഗിക്കുകയും ചെയ്യുന്ന വാക്കിന്റെ അര്‍ഥം എന്തുകൊണ്ട് ഇതുവരെ അറിയാതെപോയി എന്നാലോചിച്ചപ്പോള്‍ അയാള്‍ക്ക് ആശ്ചര്യം തോന്നി.
             

 

കൈകാലുകളുടെ അസ്വസ്ഥത വിട്ടപ്പോള്‍ ഹരികുമാര്‍ കാര്‍ മുന്നോട്ടെടുത്തു. ആ പയ്യന്റെ തലതെറിച്ച ഡ്രൈവിംഗാണ്  തനിക്ക് അസ്വസ്ഥതയക്ക് കാരണമെങ്കിലും ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ അല്‍പ്പം കൂടി ശ്രദ്ധയോടെ ഓടിക്കണമെന്ന് സ്വയം ഉപദേശിച്ചു കൊണ്ടാണ് ഹരികുമാര്‍ കാറെടുത്തത്. അപ്പോഴും ഇടിവെട്ടു പോലെ തന്റെ മുഖത്തിന് തൊട്ടു മേല്‍ കൂടെയെന്നോണം പോയ യുവാവിന്റെ ബൈക്കിന്റെ ശീല്‍ക്കാര ശബ്ദം അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അവ്വിധമുള്ള ഡ്രൈവിംഗ് അപകടത്തെ ക്ഷണിച്ചു വരുത്തുക തന്നെ ചെയ്യും. ആ യുവാവ് ഇതിനകം ഏതെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്നും ഹരികുമാറിന് തോന്നി. പെട്ടന്നയാള്‍ തിരിച്ചറിഞ്ഞു ,അതു തന്റെ തോന്നലല്ല ആഗ്രഹമാണെന്ന്. തന്നെ അസ്വസ്ഥനാക്കിയ വ്യക്തി അപകടത്തില്‍ പെട്ട് ശിക്ഷ അനുഭവിക്കണമെന്ന തന്റെ മനസ്സിന്റെ ആഗ്രഹമാണതെന്ന്.

 

ഏതാനും ദിവസം മുന്‍പ് ഓഫീസിലെ സുഹൃത്തുക്കളുമായി താന്‍ നടത്തിയ ചര്‍ച്ച ഹരികുമാറിന്റെ ഓര്‍മ്മയിലെത്തി. ഒരാള്‍ അപകടത്തില്‍പെട്ടാല്‍ അതു വഴി വരുന്ന മറ്റ് വാഹനക്കാര്‍ നിര്‍ത്താതെ പോകുന്നതിന്റെ മനശ്ശാസ്ത്രമായിരുന്നു ചര്‍ച്ചാ വിഷയം. ശീതള്‍ പറഞ്ഞു ' എനിക്ക് അങ്ങനെ അപകടത്തില്‍പെട്ടു കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സീറ്റും കാര്‍പ്പെറ്റുമൊക്കെ നശിച്ചുപോകുമല്ലോ എന്നോര്‍ക്കുമ്പോള്‍ മറ്റാരെങ്കിലും കയറ്റിക്കൊണ്ടു പോകട്ടെ എന്നു തോന്നിപ്പോകും.' താന്‍ ശീതളിനെ അതിന്റെ പേരില്‍ നിശിതമായി വിമര്‍ശിച്ചത് ഹരികുമാര്‍ ഓര്‍ത്തു. ഒരു പരിധി വരെ ശീതളിനെ ഒന്നു ചൊടിപ്പിക്കാന്‍ കൂടി വേണ്ടിയായിരുന്നു അത്. എങ്കിലും മനുഷ്യ സ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള തന്റെ കത്തിക്കയറല്‍ മറ്റ് സുഹൃത്തുക്കള്‍ ആഘോഷിക്കുക തെന്ന ചെയ്തു. ആ താനാണോ ഏതോ ഒരമ്മയുടെ കൗമാരക്കാരന്‍ മകന്‍ അപകടത്തില്‍പെട്ട് ചോരയില്‍ കുളിച്ചു കിടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഹരികുമാറിന് വല്ലാത്ത കുറ്റബോധം തോന്നി. അപകടത്തില്‍പെട്ട് കിടക്കുന്നവരെ ആശുപത്രിയിലെത്തിരുന്നതാണോ അതോ അപകടം വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നതാണോ മനുഷ്യ സ്‌നേഹം.
          

 

reality novel, passbook

കാര്യവട്ടം ജംഗ്ഷനിലെത്തിയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ക്കൂട്ടം .ക്ലീന്‍ ഷേവ് ചെയ്ത, ഡൈ ചെയ്ത മുടി നെറ്റിയിലേക്ക് മാറിപ്പോയ ഒരാള്‍ റോഡില്‍ മലര്‍ന്നു കിടക്കുന്നു. സമീപത്ത് ഒരു യമഹാ ബൈക്കും ഒരു ഹോണ്ടാ ആക്ടിവയും കെട്ടിപ്പിണഞ്ഞെന്നവണ്ണം കിടക്കുന്നു. തൊട്ടടുത്ത് കൈത്തണ്ടയിലെ മാംസം ഊര്‍ന്ന് ദേഹമാസകലം ചോരയുമായി യുവതി കരഞ്ഞുകൊണ്ട് തന്റെ ഭാഗത്ത് തെറ്റില്ലായിരുന്നു എന്നു സമര്‍ഥിക്കാന്‍  ശ്രമിക്കുന്നു. ഹരികുമാര്‍ വാഹനം നിര്‍ത്തി ഇറങ്ങിച്ചെന്നു. നടക്കുന്നതിനിടയില്‍ രണ്ടു കാര്യങ്ങള്‍ അയാള്‍ അറിയാതെ ശ്രദ്ധയില്‍ പതിഞ്ഞു. തറയില്‍ കിടക്കുന്ന മധ്യവയസ്‌കന്റെ ദേഹം മുറിഞ്ഞിട്ടില്ല. യുവതിയുടെ ദേഹത്ത് ചോരയുണ്ടെങ്കിലും മുന്‍വശത്തെ സീറ്റില്‍ പേപ്പറിട്ടിരുത്തിയാല്‍ മതി. ശീതളിനോട് വിവരിക്കാന്‍ ഉഗ്രന്‍ കഥ.

 

 

ഈ ചിന്തകളോടെ അവിടെയെത്തിയപ്പോള്‍ ഏതോ അധികാരി എത്തുന്നതു പോലെ ആള്‍ക്കാര്‍ വഴി മാറി. 'ഡെത്തായിട്ടുണ്ട്. തലയുടെ പിന്‍വശമല്ലേ ഇടിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോയാല്‍ പണിയാ'' എന്നിങ്ങനെയുള്ള മുറുമുറുക്കുകള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുയര്‍ന്നു. 'ബോധം പോയതായിരിക്കും. ഒന്നു കൂടെ നോക്കിയേ. ഇദ്ദേഹത്തിനെ ഒന്നാശുപത്രിയില്‍ കൊണ്ടു പോകുമോ' എന്ന്  യുവതി ആള്‍ക്കൂട്ടത്തിനോടും പ്രത്യേകിച്ച് ഹരികുമാറിനോടുമെന്നോണം ചോദിച്ചു. ആ ചോദ്യത്തിനോടുള്ള പ്രതികരണമെന്നോണം ഹരികുമാര്‍ നിലത്തു കിടന്നയാളുടെ അടുത്തെത്തി. അയാള്‍ ഒരു നിമിഷം ഞെട്ടിത്തരിച്ചു. ഉള്ളില്‍ ശിവാ.... എന്ന നിലവിളി അയാളറിഞ്ഞു. തന്റെ ബാല്യകൗമാര യൗവനകാലത്തെ പ്രിയ സുഹൃത്ത് പാട്ടുകാരനായ ശിവ പ്രസാദ്. ഹരികുമാര്‍ ഒന്നും ആലോചിച്ചില്ല. അയാള്‍ തറയിലിരുന്ന് ശിവ പ്രസാദിന്റെ തല മടിയില്‍ വച്ച് കുലുക്കി വിളിച്ചു. ശിവ പ്രസാദില്‍ നിന്ന് ഞെരക്കം. ' ഒന്നു പിടിക്കൂ' ഹരികുമാര്‍ അലറി. അവിടെ കുടി നിന്നവരുടെയെല്ലാം കൈകള്‍ ഒരേ സമയം ശിവപ്രസാദിനെ പൊക്കിയെടുക്കാന്‍ മുന്നോട്ടാഞ്ഞു. പിന്‍സീറ്റില്‍ അവിടെയുണ്ടായിരുന്ന രണ്ടു പേര്‍ കൂടി കയറി. പരിക്കേറ്റ യുവതി മുന്‍ സീറ്റിലും. ഹെഡ് ലൈറ്റും ഹസാര്‍ഡസ് സിഗ്‌നലുമിട്ട് ഹരികുമാര്‍ അതിവേഗം ആശുപത്രി ലക്ഷ്യമാക്കി വണ്ടി വിട്ടു.ഇടതുവശത്തിരുന്ന യുവതിയുടെ രക്തമൊലിക്കുന്ന കൈത്തണ്ടയുടെ ദൃശ്യം അയാളില്‍ പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ട നടിയുടെ മുഖത്തെ ഓര്‍മ്മിപ്പിച്ചു.(തുടരും....)

 

 

Tags: