Skip to main content

mukkutti

 

ദശപുഷ്പത്തിലെ ഒരംഗമായ മുക്കുറ്റി പല രോഗങ്ങള്‍ക്കും ഒരു പ്രതിവിധിയാണ്. ഓക്സാലിഡേസിയെ (Oxalidaceae) കുടുംബത്തില്‍പ്പെട്ട ബയോഫൈറ്റം സെന്‍സടൈവം (Biophytum Sensitivum) എന്ന ശാസ്ത്രീയനാമമുള്ള മുക്കുറ്റി നമ്മുടെ മുറ്റത്തുകാണുന്ന ഒരു സസ്യമാണ്.  തൊട്ടാവാടിയുടെ ഇലയുടെ സ്വഭാവമുള്ള ഇലയോടു കൂടിയ ഈ ചെടി എട്ടിഞ്ച് വരെ  ഉയരത്തില്‍ വളരും. എന്നാല്‍ സാധാരണ അത്രയും ഉയരം വെക്കാറില്ല. ഒറ്റത്തണ്ടായി ആഗ്രഭാഗത്ത്‌ കൂട്ടമായി ഇലകളോടുകാണുന്ന മുക്കുറ്റിയ്ക്ക് ഒരു ചെറുതെങ്ങിന്റെ ആകൃതിയാണ്. അതിനാല്‍ മുക്കുറ്റിയെ ‘നിലംതെങ്ങെ’ന്ന്‍ വിളിക്കുന്നു. തൊട്ടാവാടി പോലെ തൊടുമ്പോള്‍ ഇലകളും പൂവുകളും കൂമ്പുന്ന സ്വഭാവം ഇതിനുമുണ്ട്.  മഞ്ഞപ്പൂക്കളോടുകൂടിയ മുക്കുറ്റി അതിന്റെ വിത്തുകളിലൂടെയാണ് പ്രജനനം നടത്തുന്നത്.

 

കേരളീയര്‍ക്ക് മുക്കുറ്റി സിദ്ധൌഷധമെന്നതിലുപരി സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. ധനുമാസത്തിലെ തിരുവാതിര ദിവസം കേരള സ്ത്രീകള്‍ മുടിയില്‍ അണിയുന്ന ദശപുഷ്പങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുക്കുറ്റിയാണ്. പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ മലയാളി സ്ത്രീകള്‍ കുളിച്ചിട്ട്‌  മുക്കുറ്റിപ്പൂവ്  മുടിയില്‍ ചൂടുന്നത് ഐശ്വര്യമായി കരുതുന്നു. കൂടാതെ അത്തപ്പൂക്കളത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരിനമാണ്‌ മുക്കുറ്റി.

 

മുക്കുറ്റിയെ ഔഷധമെന്നതിലുപരി ടോണിക്കായും ഉത്തേജകമായും ഉപയോഗിച്ചുവരുന്നു.

 

ഔഷധഗുണങ്ങള്‍

         

ഒട്ടേറെ അസുഖങ്ങള്‍ക്ക് മുക്കുറ്റി പ്രതിവിധിയായി ഉപയോഗിക്കുന്നു. അസുഖങ്ങള്‍ അനുസരിച്ച്, സമൂലമായും വേര്, ഇല ഇവ പ്രത്യേകമായും ഉപയോഗിച്ചുവരുന്നു. വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കല്‍, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങള്‍, ട്യൂമറുകള്‍, പ്രമേഹം, പഴക്കമേറിയ ത്വക്കുരോഗങ്ങള്‍, മുറിവ് തുടങ്ങി പാമ്പിന്റെ വിഷമിറക്കുന്നതിനു വരെ മുക്കുറ്റി ഫലപ്രദമാണ്.

 

വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കല്‍, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങള്‍, ട്യൂമറുകള്‍, പ്രമേഹം എന്നിവയ്ക്ക് മുക്കുറ്റി സമൂലം അരച്ച് ദ്രാവകരൂപത്തില്‍ കഴിക്കേണ്ടതാണ്. നീര്‍ക്കെട്ടിനും പഴക്കമേറിയ ത്വക്കുരോഗങ്ങള്‍ക്കും ഇലകള്‍ അരച്ചു പുരട്ടാം. ഗുഹ്യരോഗങ്ങള്‍ (Gonorrhea), വൃക്ക, ബ്ലാഡര്‍ തുടങ്ങിയവയിലുണ്ടാകുന്ന കല്ലുകള്‍ ഇവയ്ക്ക് മുക്കുറ്റിയുടെ വേര് അരച്ച് കഴിക്കണം. ഇലയും വിത്തുകളും ഉണക്കിപ്പൊടിച്ച് മുറിവില്‍ പുരട്ടി ഭേദമാക്കാവുന്നതാണ്. പാമ്പിന്റെ വിഷമിറക്കുന്നതിനും സമൂലമരച്ചാണ് ഉപയോഗിക്കുന്നത്.

 

നല്ല നിരോക്സിഡീകരണ ശക്തിയുള്ള മുക്കുറ്റി അണുവികിരണത്തിന്റെയും കീമോതെറാപ്പിയുടെയും ദോഷങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

 

സന്ധിവേദന, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം (Carpal Tunnel Syndrome), പിടലിവേദന, കോച്ചിവലിക്കല്‍, ടെന്നീസ്‌ എല്‍ബോ (Tennis Elbow) തുടങ്ങി അനേകം രോഗങ്ങള്‍ക്കും മുക്കുറ്റി ഫലപ്രദമാണ്.

 

നമ്മുടെ ചുറ്റുപാടുമുള്ള ഈ കൊച്ചു മുക്കുറ്റിയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയാല്‍ നമ്മുടെ തന്നെ ആരോഗ്യത്തെ സംരക്ഷിക്കാം.

 

ദശപുഷ്പങ്ങള്‍

 

"പൂവ്വാംകുറുന്തല്‍ തിരുതാളി ഉഴിഞ്ഞ വിഷ്ണുക്രാന്തി നിലപ്പന മുയല്‍ച്ചെവി ഭൃംഗരാജന്‍

 മുക്കുറ്റി ദുറുവ ചെറുള കയ്യോന്നികളിതെന്നിതെല്ലാം പത്തുള്ള പുഷ്പമിവ ചൊല്ലത് കേള്‍പ്പൂ ഞാനും"