അനശ്വരതയുടെ സസ്യം - കൂണ്‍

കെ.ജി. സുധീര്‍ ബാബു
Sat, 14-09-2013 05:45:00 PM ;

Mushroom

 

മനുഷ്യരാശിക്ക് ഏറ്റവും അനുഗ്രഹീതമായിട്ടുള്ള പെനിസിലിന്‍ സമ്മാനിച്ച, കുമിള്‍ വംശത്തില്‍ പെട്ട ഒരു സസ്യമാണ് കൂണ്‍. പുരാതന കാലംമുതലേ മനുഷ്യര്‍ ആഹാരമെന്ന നിലയില്‍ കൂണ്‍  ഉപയോഗിച്ചു വരുന്നു. ഏറെരോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്.

 

ഹരിതകം ഇല്ലാത്ത സസ്യമായ കൂണ്‍, കുമിള്‍ അഥവാ ഫംഗസ് വിഭാഗത്തില്‍പ്പെട്ടതാണ്. ജീവനില്ലാത്തതും അഴുകിയതുമായ ജൈവവസ്തുകളില്‍ വളരുന്ന കുമിളുകള്‍ക്ക് ഹരിതകമില്ലാത്തതിനാല്‍ സ്വന്തമായ് ആഹാരം ഉണ്ടാക്കുവാന്‍ സാധ്യമല്ല, ജീര്‍ണിച്ച ജൈവ പ്രതലങ്ങളില്‍ നിന്നും ആഹാരം വലിച്ചെടുത്താണവ വളരുന്നത്.

 

മഴയുടെ ആരംഭത്തില്‍ പറമ്പുകളില്‍ കുടയുടെ ആകൃതിയില്‍ വിവിധയിനം കൂണുകള്‍ മുളച്ചുവരുന്നത് കാണാം. ഇവയാണ് സാധാരണയായി ലഭ്യമാകുന്ന കൂണ്‍. എന്നാല്‍ ഇന്ന് കൂണ്‍ വളരെ വ്യാപകമായി കൃഷി ചെയ്തുവരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ലൂയി പതിനാലാമന്റെ കാലത്താണ് ആദ്യമായി കൂണ്‍ കൃഷി ആരംഭിക്കുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ അന്ന് വിവരിച്ച കൂണ്‍ കൃഷി രീതികള്‍ ഇന്നും പ്രസക്തമാണ്. നമ്മുടെ ചുറ്റുപാടും വിവിധയിനം കുമിളുകള്‍ കാണാറുണ്ട്. ഭക്ഷ്യയോഗ്യമായവ, വിഷമുള്ളവ, ഔഷധഗുണമുള്ളവ,  ലഹരി തരുന്നവ തുടങ്ങിയ വ്യത്യസ്ത ഗുണങ്ങള്‍ ഉള്ളവയാണിവ. വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയില്‍ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ   മാര്‍ഗങ്ങള്‍ വിരളമാണ്. ഇവ ജീവഹാനിവരെ വരുത്തുന്നതുമാണ്. പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ.

 

ഭക്ഷ്യയോഗ്യമായ കച്ചിക്കൂണ്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തില്‍  വളര്‍ത്തിയെടുക്കാവുന്നതാണ്. ഗ്യനോഡര്‍മ, ഫെല്ലിനസ്, കോറിയോലസ് മുതലായവയാണ് ഔഷധഗുണമുള്ള കുമിളുകള്‍. ഇന്ത്യയില്‍ താരതമ്യേന വളരെ അടുത്ത കാലത്താണ് ഭക്ഷ്യയോഗ്യമായ   കൂണിന്റെ കൃഷി ആരംഭിക്കുന്നത്. 1960കളുടെ ആരംഭത്തില്‍ ഹിമാചല്‍ പ്രദേശിലാണ് ഇതിനായുള്ള ആദ്യശ്രമം നടത്തിയത്.

 

Mushroomഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥം എന്ന നിലയിലും കൂണ്‍ അഥവ കുമിളിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ക്കും, മാംസത്തിന്റെ അമിതവിലയും കണക്കാക്കുമ്പോള്‍ മറ്റേതൊരു പച്ചക്കറിയെക്കാളും കൂടുതല്‍ മാംസ്യം (പ്രോട്ടീന്‍) കുമിളിലടങ്ങിയിട്ടുണ്ട്. അതേസമയം, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ്  കുമിളില്‍ വളരെ കുറവാണ്. പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്. സാധാരണയായി കൃഷി ചെയ്യുന്ന കൂണുകളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഇപ്രകാരമാണ്:  ബട്ടണ്‍ കുമിള്‍ (Agaricus bisporus) - 28%, കച്ചിക്കൂണ്‍ (Volvariella volvacea )- 21% , ചിപ്പിക്കൂണ്‍ (Pleurotus sps) - 27-37%.

 

കേരളത്തിലെ കാലാവസ്ഥക്ക് വളര്‍ത്തിയെടുക്കാവുന്ന കുമിളുകളാണ് ചിപ്പിക്കൂണ്‍ , കച്ചിക്കൂണ്‍ എന്നിവ. വളരെ രുചികരമായ ബട്ടണ്‍ കൂണ്‍ തണുപ്പുള്ള  കാലാവസ്ഥയിലാണ് (12*C to 18*C) വളരുന്നത്‌. അതിനാല്‍ നമ്മുടെ നാട്ടില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്.

 

ചിപ്പികൂണ്‍ കൃഷി ചെയ്യുന്ന വിധം

 

ആവശ്യമായ വസ്തുക്കള്‍:

  • കൂണ്‍ വിത്തുകള്‍ (സ്പോണ്‍) - വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വിത്ത് വാങ്ങുന്നതാണ് നല്ലത്.
  • കൂണുകള്‍ വളര്‍ത്തി എടുക്കുന്നതിനുള്ള ഒരു മാധ്യമം - കച്ചി,അറുക്കപ്പൊടി മുതലായവ. ജീര്‍ണിച്ച ജൈവ പ്രതലമാണ് മാധ്യമമായി ഉപയോഗിക്കുന്നത്. കച്ചി, അറുക്കപ്പൊടി, മറ്റു പല ജൈവ പാഴ്വസ്തുക്കള്‍, സംസ്കരിച്ചെടുത്ത ചകിരിച്ചോര്‍ മുതലായവ ഇതിന്റെ മാധ്യമമായി ഉപയോഗിക്കാം.
  • പോളിത്തീന്‍ കവര്‍, പൊട്ടാസിയം പെര്‍മാംഗനേറ്റ് (കൈകാര്യം ചെയ്യുന്നവരുടെ കയ്യും കാലും അണുവിമുക്തമാക്കാന്‍).

 

Mushroom

 

കച്ചി കുതിര്‍ത്ത് അണുവിമുക്തമാക്കണം. അധികം പുതിയതും പഴയതുമല്ലാത്ത ഉണങ്ങിയകച്ചി 10-12 മണിക്കൂര്‍ ശുദ്ധജലത്തില്‍ കുതിര്‍ത്ത് വെള്ളം വാര്‍ത്തിക്കളഞ്ഞതിനു ശേഷം വീണ്ടും ശുദ്ധജലത്തില്‍ അരമണിക്കൂര്‍ നന്നായി തിളപ്പിച്ച്‌ അണുവിമുക്തമാക്കണം. രാസവസ്തുക്കള്‍ (ഫോര്‍മാലിന്‍, ബാവസ്ടിന്‍) ഉപയോഗിച്ചും അണുവിമുക്തമാക്കാം. അതിനുശേഷം വെള്ളം വാര്‍ത്തിക്കളഞ്ഞ്‌ കച്ചിയുടെ നനവ്‌ 60% (വെള്ളം ഇറ്റുവീഴാത്ത പരുവത്തില്‍) ആക്കുക. കച്ചി ഏതാണ്ട് 5 സെ.മീ. കനത്തില്‍ ചുമ്മാട് പോലുള്ള ചുരുളുകളായി പോളിത്തീന്‍കവറില്‍ അടുക്കിവെക്കണം. 55 സെ.മീ. x 30 സെ.മീ. പോളിത്തീന്‍ കവറുകളോ രണ്ടു വശവും തുറന്ന പോളിത്തീന്‍ ട്യൂബുകളോ ഉപയോഗിക്കാം. 300 ഗ്രാമിന്റെ പായ്ക്കറ്റുകളിലാണ് കൂണ്‍ വിത്തുകള്‍ (സ്പോണ്‍) വാങ്ങാന്‍ കിട്ടുക. 5 ചുരുളുകള്‍ വീതം വെക്കുന്ന 2 കവറുകളിലേക്ക് (150 ഗ്രാം വീതം) ഇത് ഉപയോഗിക്കാം. അണുവിമുക്തമായ ഒരു പാത്രത്തില്‍ 150 ഗ്രാം (സ്പോണ്‍) വിത്തെടുത്ത് 5 തുല്യഭാഗങ്ങളായി ഭാഗിച്ച്‌ വെക്കുക. ഒരു കച്ചിച്ചുരുള്‍ എടുത്ത് പോളിത്തീന്‍ കവറില്‍ ഇറക്കി കൈകൊണ്ടമര്‍ത്തി വെച്ചതിനുശേഷം അഞ്ചിലൊന്നു ഭാഗം സ്പോണ്‍ കച്ചിച്ചുരുളിന്റെ നടുഭാഗം ഒഴുവാക്കി അരികിലായി വിതറുക. അങ്ങനെ ബാക്കി നാലു ചുരുളുകളിലും സ്പോണ്‍ വിതറുക. കച്ചി ചുരുള്‍ കവറിനുള്ളില്‍ വെക്കുമ്പോള്‍ ഇടയ്ക്കു വിടവില്ലാതെ അമര്‍ത്തി വെക്കേണ്ടതാണ്. അവസാനത്തെ കച്ചിച്ചുരുളിലും സ്പോണ്‍ ഇട്ടശേഷം കവറിന്റെ മുകള്‍ ഭാഗം അമര്‍ത്തി നല്ലവണ്ണം കെട്ടുക. കവറില്‍ മൊട്ടുസൂചി ഉപയോഗിച്ച് അങ്ങിങ്ങായി നാല്പതോളം ദ്വാരങ്ങള്‍ ഇടുക. കവറിന്റെ അടിയില്‍ വശങ്ങളിലായി  അധികജലം വാര്‍ന്നു പോകുന്നതിനു രണ്ടു ദ്വാരങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്.  സ്പോണ്‍ ഇട്ടു തയ്യാറാക്കിയ പോളിത്തീന്‍ കൂട (ബെഡ്ഡുകള്‍) സ്പോണ്‍ വളര്‍ച്ചാ മുറിയിലേക്ക് മാറ്റേണ്ടതാണ്. ഈര്‍പ്പവും വൃത്തിയും വായുസഞ്ചാരവുമുള്ള ഇരുട്ടുമുറിയാണ് ഇതിനായി തയാറാക്കേണ്ടത്. ഈ മുറിയില്‍ ബെഡ്ഡുകള്‍ അനക്കാതെ വെക്കുക. ഇവ തട്ടുകളിലൊ ഉറികളിലൊ വെക്കാവുന്നതാണ്. പതിനഞ്ചു മുതല്‍ പതിനെട്ടു ദിവസത്തിനകം കച്ചിക്കെട്ടുകള്‍, കുമിളിന്റെ മൈസീലിയം വളര്‍ന്ന്‌, ഒരു പഞ്ഞിക്കെട്ടു പോലെയാകും. ഈസമയം കവറില്‍  മൂര്‍ച്ചയുള്ള കത്തിയോ മറ്റോ ഉപയോഗിച്ച് കീറലുകള്‍ ഉണ്ടാക്കിയശേഷം വിളവെടുപ്പു മുറിയിലേക്ക് മാറ്റേണ്ടതാണ്. ഈര്‍പ്പവും വൃത്തിയും വായുസഞ്ചാരവും വെളിച്ചവുമുള്ള ഒരു മുറിയാണ് ഇതിനു വേണ്ടത്. ഈ മുറികളില്‍ ഉറികളിലായി ബെഡ്ഡുകള്‍ തൂക്കിയിടാം. അടുത്ത അഞ്ചാറു ദിവസം സ്പ്രയെര്‍ ഉപയോഗിച്ച് ബെഡ്ഡുകള്‍ നനച്ചുകൊടുക്കണം. ഈ സമയം ‘പഞ്ഞിക്കെട്ടില്‍’ മുകുളങ്ങള്‍ മുളച്ചു തുടങ്ങും. അതിനുശേഷം മുറിയുടെ തറനനച്ച് ചൂട് ക്രമീകരിക്കുന്നതാണ്  ബെഡ്ഡുകള്‍ നനച്ചുകൊടുക്കുന്നതിനേക്കള്‍ അഭികാമ്യം. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുപ്പ് നടത്താം. വളര്‍ച്ചയെത്തിയ കൂണ്‍ ബെഡ്ഡിനോട് ചേര്‍ത്ത് കൈകൊണ്ട് ഒടിച്ചെടുക്കാവുന്നതാണ്. ആദ്യത്തെ വിളവെടുപ്പിനുശേഷം ബെഡ്ഡുകള്‍ വീണ്ടും നനച്ചുകൊടുക്കണം എട്ടു പത്തു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വിളവെടുപ്പും അടുത്ത പത്തു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ (അവസാനത്തെ) വിളവെടുപ്പും നടത്താം. മൂന്നു വിളവെടുപ്പിലും കൂടി ശരാശരി ഒരു കിലോ കൂണ്‍  ലഭിക്കുന്നതാണ്.

 

കൂണ്‍ കൃഷിയില്‍ ശുചിത്വം ഏറ്റവും പ്രധാനമാണ്. രോഗങ്ങള്‍ വരാതെയും കീടങ്ങളില്‍ നിന്നുള്ള സംരക്ഷണവും അത്യാവശ്യമാണ്. പച്ചക്കുമിള്‍ രോഗമാണ് പ്രധാനമായും കാണുന്നത്. കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വം, വൃത്തിയുള്ള മാധ്യമവും ചുറ്റുപാടും ഇവകൊണ്ട് രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കാം. രോഗം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ കുമിള്‍ നാശിനി ഉപയോഗിച്ച് പ്രതിവിധി നടത്തേണ്ടതാണ്. കീടങ്ങളെ ഒഴിവക്കുന്നതിന് കൂണ്‍ബെഡ്ഡുകള്‍ വെച്ചിരിക്കുന്ന മുറിക്കു ജനലുകളോ മറ്റ്‌ തുറന്നഭാഗങ്ങളോ ഉണ്ടങ്കില്‍ അവ കൊതുകുവല ഉപയോഗിച്ച് അടക്കേണ്ടതാണ്. മുറിയുടെ പരിസരത്ത് കുറ്റിക്കാടുകളോ വളക്കുഴികളോ ഉണ്ടങ്കില്‍ അവ ഒഴുവാക്കേണ്ടതാണ്. അല്‍പം താല്‍പ്പര്യമുള്ള ആര്‍ക്കും സ്വന്തമായി കൂണ്‍ കൃഷി വലിയ ബുദ്ധിമുട്ടില്ലാതെ നടത്താം. ഇതിനാവശ്യമുള്ള വിത്ത് അടുത്തുള്ള കാര്‍ഷികസര്‍വകലാശാല കേന്ദ്രത്തില്‍നിന്നോ ഏതെങ്കിലും കൂണ്‍കൃഷി കേന്ദ്രങ്ങളില്‍ നിന്നോ വാങ്ങാവുന്നതാണ്.

Tags: