കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന എന്നു ഏതുകൊച്ചുകുട്ടിക്കും അറിയാം. എന്നാൽ ആനയ്ക്കൊരു ദിവസം എത്ര ആഹാരം വേണമെന്നറിയാമോ? 200 മുതൽ 250 വരെ കിലോ. എന്റമ്മോ എത്ര ചാക്ക് എന്നു തോന്നുന്നുണ്ടോ? ഇനി എത്ര വെള്ളമാണ് കക്ഷിക്ക് വേണ്ടതെന്നല്ലേ 'വെറും' 250 ലിറ്റർ. ഇത്രയും വെള്ളം കുടിക്കുന്ന ഇവൻ എത്ര മൂത്രമൊഴിക്കുമെന്നും അറിയേണ്ടേ, 50 ലിറ്റർ. പിണ്ടമിടുന്നത് ഒരു 150-200 കിലോ. മനുഷ്യർ പത്തുമാസം ചുമന്ന് നൊന്തു പ്രസവിക്കുമ്പോൽ ആനകൾ 20 മാസം ചുമക്കുന്നു. ഹൃദയതാളം നിൽക്കുമ്പോൾ മിനിറ്റില് 28-ഉം കിടക്കുമ്പോൾ മിനിറ്റില് 35-ഉം ആണ്.
ഇതുപോലെ കൗതുകകരമായ കുറേ കാര്യങ്ങളുണ്ട്. എന്താണ് ലക്ഷണമൊത്ത ആനയെന്നറിയാമോ? കരിവീട്ടിയുടെ നിറം, നിലത്തിഴയുന്ന തുമ്പിക്കൈ, ഉയർന്ന തലക്കുന്നി, തള്ളിനിൽക്കുന്ന മസ്തകം, വീണ് എടുത്ത് അകന്ന കൊമ്പുകൾ, തെളിമയുള്ള കണ്ണുകൾ, വിസ്താരമേറിയ ചെവികൾ, കുറിയ കഴുത്ത്, ഉറച്ച കാലുകൾ, ഒരേ നിറത്തിലുള്ള 18 നഖങ്ങൾ, നീളമേറിയ ഉടൽ, നിലത്തു മുട്ടാതെ രോമം നിറഞ്ഞ നീളമുള്ള വാൽ എന്നിവയോടു കൂടിയ കരിവീരനാണ് ലക്ഷണമൊത്തവൻ. സർക്കീട്ടിനിടയിൽ എന്താണൊരാനക്കാര്യം എന്നല്ലേ.
അതാണ് പറഞ്ഞുവരുന്നത്. ആനക്കാര്യം കേൾക്കാൻ, ആനപ്പുറത്തൊന്നു കയറാൻ ഒരു സർക്കീട്ടായാലോ. നമുക്ക് കോന്നിക്കു പോവാം. പത്തനംതിട്ടയിൽ നിന്നും വെറും പത്തു കിലോമീറ്റർ പോയാൽ മതി. കേരളാ വനം വകുപ്പിന്റെ പരിസിഥിതി സൗഹൃദ വിനോദസഞ്ചാരത്തിൽ പെട്ട കോന്നിയിൽ ആനകളും ആനയൂട്ടും ആനസവാരിയുമാണുള്ളത്.
ഗേറ്റു കടന്നാൽ ടിക്കറ്റ് കൗണ്ടറായി. മുതിർന്നവർക്ക് 15 ഉം കുട്ടികൾക്ക് അഞ്ചും രൂപ കൊടുത്ത് ആദ്യം ആനമ്യൂസിയത്തിൽ പോയി ആനക്കാര്യങ്ങളും കുറച്ച് പ്രകൃതിസംരക്ഷണ പ്രാധാന്യവും മനസിലാക്കി ആനകളെ കാണാൻ പോവാം. ആനക്കാര്യം മനസിലാക്കിയ ശേഷം ആനയെ കാണുമ്പോൾ കാഴ്ചപ്പാടുകളിൽ ചില വ്യത്യസമുണ്ടാവും. അതുകൊണ്ടാണ് ഇങ്ങനെയാരു നിർദ്ദേശം മുന്നോട്ടുവെക്കുന്നത്. ഇനി ആനയെ കണ്ടിട്ടേയുള്ളു ബാക്കി എന്നാണെങ്കിൽ അങ്ങനെയുമാവാം. ഒമ്പതേക്കറിലായി നിലകൊള്ളുന്ന ഈ ആനക്കേന്ദ്രത്തിൽ 1942-ൽ കമ്പകം കൊണ്ട് പണിത ആനക്കൂട് ഇന്നും കേടുപാടൊന്നുമില്ലാതെ നിലനിൽക്കുന്നു. അതിനകത്താണ് കുഞ്ഞനാനയുള്ളത്. അവളെ കാണാനും കുസൃതികൾ ആസ്വദിക്കാനും മറക്കണ്ട. ആനപ്പന്തിയിൽ പെൻഷൻ പറ്റിയ സോമനാന മുതൽ ബീഹാറിൽ നിന്ന് അനധികൃതമായി കടത്തികൊണ്ടു വരുമ്പോൾ പിടിയിലകപ്പെട്ട ഡോൺസിങ് എന്ന കൊച്ചയ്യപ്പൻ വരെയുണ്ട്. എല്ലാത്തിനേയും കണ്ട് ഒരാന സവാരി വേണമെന്നു തോന്നിയാൽ ആളൊന്നിന് 125 രൂപ അടച്ച് അതും സാധിക്കാം.
കോന്നിയിൽ ആനപിടിത്തം ആരംഭിക്കുന്നത് 1810-ലാണ്. 1977-ൽ നിർത്തലാക്കുകയും ചെയ്തു. ഇപ്പോൾ കാട്ടിൽ ഒറ്റപ്പെടുന്നവയോ പരിക്കേൽക്കുന്നവയോ ആയ ആനകളെ മാത്രമാണ് ഇങ്ങോട്ടേക്ക് കൊണ്ടുവരാറുള്ളു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പരാമർശിക്കുന്ന കോന്നിയിലെ ആനക്കൂടിന്റെ പെരുമ കടൽ കടന്നിട്ടുണ്ട്. ഇവിടെ നിന്നും സംയുക്ത എന്ന ആനയെ പോർച്ചുഗലിലേക്ക കൊണ്ടുപോയതായും എഴുതിവെച്ചിട്ടുണ്ട്.
ആനയൂട്ട് നടത്തി അതിന്റെ പുണ്യം വേണമെന്നുണ്ടെങ്കിൽ വനം വകുപ്പ് അതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പഴം, ശർക്കര, കൽക്കണ്ടം, മറ്റ് പഴവർഗങ്ങൾ എന്നിവ 10 രൂപ, 50 രൂപ, 100 രൂപ, 200 രൂപ വിലവരുന്ന പായ്ക്കറ്റുകളിൽ ആനത്താവളത്തിലെ ഇക്കോ കാന്റീനിൽ നിന്നു ലഭിക്കും. ആനയുടെ ഒരു ദിവസത്തെ ഭക്ഷണചെലവ് 2000 രൂപയാണ്. ഇത് വഹിക്കുന്നവർക്ക് ആനത്താവളത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. രണ്ട് പേർക്ക് സൗജന്യമായി ആനസവാരിയും അനുവദിക്കും. വനംവകുപ്പ് സർട്ടിഫിക്കറ്റും നൽകും. താത്പര്യമുള്ളവർ യാത്ര പുറപ്പെടും മുമ്പ് ഈ നമ്പരിൽ വിളിച്ച് വിശദമായി കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കും. 0468 2247645