നിശബ്ദസൗന്ദര്യത്തിലൂടെ...

കുങ്കര്‍
Fri, 27-09-2013 04:45:00 PM ;

matrimandir

 

ചെന്നൈയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. നിങ്ങൾക്കും കൂടെ പോരാം. ചെന്നൈ നുങ്കംപാക്കത്തു നിന്ന് സ്‌കൈവാക്ക് മാളിനടുത്തുകൂടെ അരുംപാക്കം അമിഞ്ഞിക്കര വഴി കോയമ്പേട്ടിലൂടെ നേരെ ആറുവരിപാതയിലൂടെ വണ്ടി ഓടിക്കാൻ തന്നെ നല്ല ഹരമാണ്. വിശാലമായ റോഡ്. ഇടയ്ക്കിടയ്ക്ക് ചുങ്കം കൊടുക്കാൻ ചവിട്ടേണ്ടി വരുമെന്നു മാത്രം. താമ്പരം വഴിയാണ് പോകുന്നത്. പക്ഷെ താമ്പരം ടൗൺ തൊടാതെ പോവാം. പിന്നെ വണ്ടല്ലൂർ സൂ കാണാം. ചെങ്കൽപേട്ടാണ് മറ്റൊരിടം. അങ്ങിനെയൊരു 150 കിലോമീറ്റർ പിന്നിട്ടാൽ പോണ്ടിച്ചേരി ടൗണിലേക്ക് കടക്കാനുള്ള ചുങ്കം കാണാം. അതിനു തൊട്ടുമുമ്പ് ഇടത്തോട്ട് തിരിയാം. നേരെയൊരു മൂന്നു കിലോമീറ്റർ പിന്നിട്ടാൽ വണ്ടി പാർക്കുചെയ്യാനുള്ള ബോർഡ് കാണാം.

 

വണ്ടി പാർക്ക് ചെയ്ത് മാതൃമന്ദിറിലേക്കുള്ള വഴി ചോദിക്കുക. അതിനു മുമ്പ് പ്രധാനപ്പെട്ടൊരു കാര്യം പറയാൻ മറന്നു. മാതൃമന്ദിറിൽ പോകാൻ മുൻകൂട്ടി അനുവാദം വാങ്ങണം. ഇന്റർനെറ്റ് വഴി ബുക്ക് ചെയ്ത ശേഷം യാത്ര പ്ലാൻ ചെയ്താൽ മതി. ബുക്ക് ചെയ്യാത്തവർക്ക് ഓറോവില്ലയിൽ ചുമ്മാ ചുറ്റികറങ്ങാം.

 

ബുക്ക് ചെയ്തവർക്ക് ആദ്യം ഒരു സ്റ്റഡിക്ലാസുണ്ട്. എന്താണ് മാതൃമന്ദിർ, ആശയം, ലക്ഷ്യം എല്ലാം മനസിലാക്കാൻ ഒരു വീഡിയോ ഷോ, അതു കഴിഞ്ഞാൽ ഒരു നീലടോക്കൺ തരും. അതുമായി ഇലക്ട്രിക് വണ്ടിയിൽ കയറുക. അവർ നിങ്ങളെ മാതൃമന്ദിറിനടുത്തെത്തിക്കും. അവിടെ ബാഗും മൊബൈലുമടക്കം എല്ലാം സമർപ്പിപ്പിച്ച് ഒരു ടോക്കൺ കൂടി വാങ്ങുക.

 

ഒരു വിദേശി വന്നു അടുത്ത ക്ലാസ് എടുക്കും. ഇപ്പോൾ ഞാനിയാളെ വിദേശി എന്നു വിളിക്കില്ല. അവിടെപോയി കഴിഞ്ഞാൽ നിങ്ങളും അയാളെ അങ്ങിനെ വിളിക്കില്ല. കാരണം ഇവിടെ സ്വദേശിയും വിദേശിയുമില്ല, ആഗോള പൗരനേയുള്ളു. അയാൾക്ക് ജാതിയില്ല, മതമില്ല, മാനവികതമാത്രം.

 

എന്തു സംശയമുണ്ടെങ്കിലും നിങ്ങൾക്ക് അയാളോട് ചോദിക്കാം. മാതൃമന്ദിറിനെ പറ്റി ലളിതമായ ഇംഗ്ലീഷിൽ അയാൾ കാര്യം പറയും.

auroville

 

ക്ലാസുകഴിഞ്ഞാൽ വീണ്ടും നടത്തം. പിത്തള തകിടുകൾ അടുക്കിയ ഒരു വലിയ സ്വർണ ഗോളമാണ് അകലെനിന്നു നോക്കുമ്പോൾ മാതൃമന്ദിർ. അടുത്തെത്തുമ്പോൾ അതിനു മറ്റൊരു ഘടന കൂടിയുണ്ട്. അടുക്കടുക്കായി ഇതൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂവിന്റെ, വായുവും ജലവും അഗ്നിയും ആകാശവും മണ്ണും സംഗമിക്കുന്ന പഞ്ചഭൂതാധിഷ്ഠിതമായൊരു നിർമ്മിതിയുടെ.

 

ഇനി ചെരുപ്പ് അഴിച്ചുവെക്കുക. കാലു തുടച്ച് അകത്തേക്ക് കയറുക. ഇനി ഒരക്ഷരം മിണ്ടാന്‍ പാടില്ല. നിങ്ങളുടെ കൂടെ പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവരെ പുറത്തു നിർത്തുകയേ രക്ഷയുള്ളു. അകത്തു കയറിയൽ അവിടെയുള്ള വളണ്ടിയർമാർ നിശബ്ദമായി നിങ്ങൾക്ക് ചില നിർദ്ദേശങ്ങൾ തരും. ഒരു വെള്ള സോക്‌സ് ധരിക്കുക. വെള്ളത്തുണി വിരിച്ച റാംപിലൂടെ മുകളിലേക്ക് കയറുക. ശീതീകരിച്ച ഒരു മുറിയിലേക്കാണ് നിങ്ങൾ കയറുന്നത്. നടുവിലെ ക്രിസ്റ്റലിൽ തട്ടി സൂര്യപ്രകാശം മുറി മുഴുവൻ വ്യാപിച്ചിട്ടുണ്ട്. ഒരു ധവളലിംഗം പോലെ. അതൊരു ശക്തികേന്ദ്രമാണ്. മുറിയിലെ വിരിപ്പിൽ നിങ്ങൾക്ക് ഇരിക്കാം, ധ്യാനിക്കാം, എന്തെങ്കിലും ചിന്തിച്ചിരിക്കാം. ഒരു കാര്യം ഉറപ്പാണ്. നിങ്ങളിപ്പോൾ ഇതുവരെയുള്ള ഒരു ലോകത്തിലല്ല.

 

ഇടയ്ക്ക് തുമ്മാനോ ചുമയ്ക്കാനോ തോന്നിയാൽ പുറത്തേക്ക പോന്നേക്കണം. ആ നിശബ്ദതയിൽ കണ്ണടച്ചിരിക്കുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ ശ്വാസനിശ്വാസങ്ങൾ അറിയാം, അടുത്തിരിക്കുന്നയാളിന്റെ ശ്വാസ നിശ്വാസങ്ങൾ കേൾക്കാം.

 

മതവും ജാതിയുമില്ലാത്ത, വർണ വർഗ വ്യത്യാസമില്ലാത്ത ഒരു ലോകം ഇവിടെ സാധ്യമാണെന്ന് മാതൃമന്ദിർ നമ്മെ ഓർമ്മിപ്പിക്കും. ഇതിന്റെ പൂർത്തീകരണത്തിനു പിന്നിൽ പ്രവർത്തിച്ചവർ  ഉദ്ദേശിച്ചതും അതു തന്നെ.

 

വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും auroville.org സന്ദർശിക്കുക. ബുക്കിങിന് ഈ നമ്പരും മെയിൽ ഐ.ഡിയും ഉപയോഗപ്പെടുത്താം.  (0413) 2622204 between 10 and 11.30 am

by  email to mmconcentration@auroville.org.in up to 3/7 days in advance. Confirmation of such bookings will be by return mail with booking numbers.

Tags: