റോസ് മല കണ്ടാലോ....!

കുങ്കര്‍
Mon, 15-07-2013 04:00:00 PM ;

കൊല്ലത്തുനിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പന്ത്രണ്ട് കിലോമീറ്റര്‍ പോയാല്‍ റോസുമലയായി. ഇക്കുറി അങ്ങോട്ടാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്. അല്‍പം കഷ്ടപ്പാട് സഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കിലേ കൂടേ പോരേണ്ടു എന്നൊരു മുന്‍കൂര്‍ജാമ്യം കൂടെ എടുത്തുകൊണ്ട് യാത്ര തുടങ്ങട്ടെ. 

 

കാട്ടിലൂടെയുള്ള റോഡിന്റെ കാര്യം കഷ്ടമാണ്. ചെങ്കുത്തായ കയറ്റം. ഉരുളന്‍ കല്ലിന്‍ ചപ്പാത്തുകള്‍. ചിലയിടത്ത് ബസ് കയറിയപോലെ ഇറങ്ങിപ്പോന്നെന്നിരിക്കും. പ്രത്യേകിച്ചു മഴ പെയ്യുമ്പോള്‍. എന്നാലും സര്‍ക്കാരിന്റെ കാരുണ്യം പോലെ ബസ്സ് സര്‍വ്വീസ് മുടങ്ങാതെയുണ്ട്. രാവിലെയും വൈകീട്ടും ഓരോ സര്‍വ്വീസ്.

 

നടന്നുപോകാന്‍ തയ്യാറാണെങ്കില്‍ അതാണ് നല്ലതെന്നു ഞാന്‍ പറയും. കാരണം ഒരു ട്രെക്കിങ്ങുമായി. കാഴ്ചകള്‍ കണ്ടോണ്ട് നടക്കാം. ബസ് യാത്രയുടെ കഷ്ടപ്പാട് അറിയണ്ട. അതിനുവേണ്ടി കാത്തിരിക്കുകയും വേണ്ട. പിന്നെ കൈയില്‍ കാശുണ്ടെങ്കില്‍ ഒരു ഫോര്‍വീല്‍ജീപ്പു യാത്രയുമാവാം. ഏത് മാര്‍ഗമായാലും ഒരു കാര്യം ഉറപ്പു പറയാം. ലക്ഷ്യം സുന്ദരമാണ്. 

 

റോസാദളങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ദളപുടങ്ങള്‍ക്ക് നടുവില്‍ പരാഗകേസരങ്ങള്‍ പോലൊരു താഴ്‌വര. ഇതളൂര്‍ന്ന വീണ ദളങ്ങള്‍ പോലെയുണ്ട് ജലാശയത്തിലെ ഒറ്റപ്പെട്ട കുന്നുകള്‍.

 

ആദ്യം റോസ് മലയിലെ മേലെ കവല ഒന്നു പരിചയപ്പെടുക. പച്ചക്കറി, അരി സാധനങ്ങള്‍ മുതല്‍ തുണികള്‍ വരെ കിട്ടുന്ന മൂന്നു കടമുറികളും ചായക്കടയുമാണ് ആ കവലയിലുള്ളത്. റേഷന്‍ഷാപ്പ്, പോസ്റ്റ്ഓഫീസ്, നാലാംക്ലാസ് വരെ പഠിക്കാന്‍ ഒരു പള്ളിക്കൂടം. വല്ലപ്പോഴും ഡോക്ടര്‍മാര്‍ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം, രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ്, യാത്രയ്ക്ക് വിളിച്ചാല്‍ കിട്ടുന്ന ഫോര്‍വീല്‍ ജീപ്പ്, ഇത്രയൊക്കെയാണ് അവിടുത്തെ സൗകര്യങ്ങള്‍.  ആനയിറങ്ങിയാല്‍ സ്കൂള് മുടങ്ങും. നല്ലൊരു മഴ പെയ്താലും അധ്യാപകരെത്തില്ല.

 

റോസുമലയില്‍ താഴെ കവലയില്‍ എത്തിയാല്‍ ജംങ്ഷനിലെ റസാഖിന്റെ കടയില്‍ നിന്ന് നല്ല നാടന്‍ ഊണോ ചായയോ കഴിച്ചാവാം ബാക്കി യാത്ര. അതൊരു ഉഷാറു തരും. വനംവകുപ്പിന്റെ ഓഫീസില്‍ ചെന്ന് ഒരനുമതി വാങ്ങുക. അവിടെയൊരു വാച്ച് ടവറുണ്ട്. അങ്ങോട്ടു നടക്കുക. നാട്ടുകാരായ ഒരു വഴികാട്ടിയെ കൂടി സംഘടിപ്പിച്ചാല്‍ നല്ലത്. വാച്ച് ടവറില്‍ കയറി താഴോട്ടു നോക്കുക. റോസാദളങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ദളപുടങ്ങള്‍ക്ക് നടുവില്‍ പരാഗകേസരങ്ങള്‍ പോലൊരു താഴ്‌വര. ചുമ്മാതല്ല ഈ സ്ഥലത്തിന് റോസ് മല എന്നു പേരു വീണത്.  ഇതളൂര്‍ന്ന വീണ ദളങ്ങള്‍ പോലെയുണ്ട് ജലാശയത്തിലെ ഒറ്റപ്പെട്ട കുന്നുകള്‍. എന്നാല്‍ ഈ പേരിനു പിന്നില്‍ ഇവിടെ എസ്‌റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ലാന്ററുടെ ഭാര്യ റോസ്‌ലിന്റെ ഓര്‍മകളാണെന്നും ഒരഭിപ്രായമുണ്ട്. എന്തായാലും കാലാവസ്ഥയും പ്രകൃതിയും റോസാപ്പൂപോലെ സുന്ദരമെന്ന് ആരും പറയും. 

 

ഇവിടെ ഉള്‍ക്കാട്ടിലുളള ദര്‍ഭക്കുളത്തേക്കും ട്രക്കിങ് ആവാം. അതിന് വനംവകുപ്പിന്റെ അനുമതി വാങ്ങണം. കാട്ടരുവികളും മുള്‍ക്കാടുകളും താണ്ടിയുള്ള യാത്രയില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങളും തവളകളും കൂണുകളുമെല്ലാം കാണാം. കുളത്തിനരികില്‍ വനംവകുപ്പിന്റെ ചെറിയ ഷെഡുണ്ട്. തൊട്ടു മുന്നിലാണ് ദര്‍ഭക്കുളം. ഉരുളിയാര്‍ ഇവിടെ നിന്നാണ് തുടങ്ങുന്നത്. ആറ്റുവാള, ബാഞ്ചി തുടങ്ങിയ മീനുകളുണ്ട് ഈ കുളത്തില്‍. പായല്‍ നിറഞ്ഞിരിപ്പുണ്ട്. കൊടിയവേനലിലും വെള്ളം വറ്റാറില്ല. ഇവിടെ നിന്നും ചെങ്കോട്ടയ്ക്ക് ഒരു ജീപ്പ് റോഡുണ്ട്. ഏഴ് കിലോമീറ്റര്‍ നടന്നാല്‍ ചെങ്കോട്ടയിലെത്താം. അതുവഴി തമിഴ്‌നാട്ടുകാര്‍ ഇങ്ങോട്ടു വരാറുണ്ട്. അവരുടെ ദൈവം കറുപ്പസ്വാമി പ്രതിഷ്ഠയുണ്ടിവിടെ.

 

പള്ളിവാസലിലേക്കും ട്രെക്കിങ്ങ് ആവാം. രണ്ട് കിലോമീറ്റര്‍ കാട്ടുവഴി. ഇതൊരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്. പണ്ട് സെയ്ദ് മഹ്‌സൂദ് വലിയുള്ള എന്ന സിദ്ധന്‍ സഞ്ചരിച്ചവഴി. ഇവിടെ പള്ളിവാസല്‍ തങ്ങള്‍ എന്നറിയപ്പെടുന്നു. പാറക്കുട്ടങ്ങള്‍ക്കിടയിലൂടെ ഉരുണ്ടൊഴുകുന്ന ഉരുളിയാറിന്റെ കരയില്‍ ഒരു കരിങ്കല്‍ത്തറ. ജാതിമതഭേദമന്യെ വിശ്വാസികള്‍ ഇവിടെ നേര്‍ച്ചയര്‍പ്പിക്കുന്നു. ചന്ദനത്തിരിയും വിളക്കും കത്തിച്ച് പ്രാര്‍ഥിക്കുന്നു. അന്നദാനവും നടത്തുന്നു. കുംഭമാസത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ എത്താറുണ്ട്. വനംവകുപ്പില്‍ പത്തുരൂപ എന്‍ട്രി ഫീ അടച്ച് അനുമതി വാങ്ങിവേണം പോവാന്‍. ഉമയാറിലെ വനംവകുപ്പിന്റെ ഷെഡ് നില്‍ക്കുന്നിടത്തേക്കും ട്രെക്കിങ്ങാവാം. അതിനും മുന്‍കൂര്‍ അനുമതി വാങ്ങണം.

 

Tags: