അച്ചടക്കവും അടിച്ചേൽപ്പിക്കലും

Glint Staff
Tue, 02-09-2014 01:00:00 PM ;

 

അച്ചടക്കം. എല്ലാവരും എവിടേയും ആവശ്യപ്പെടുന്ന ഒന്ന്. അച്ചടക്കം തെറ്റിച്ചാൽ ശിക്ഷ. വിദ്യാരംഭത്തിന്റെ തുടക്കം മുതൽ വിദ്യാർഥികൾ കേൾക്കുന്നു. അവർ ബിരുദാനന്തര ബിരുദത്തിനു വരുമ്പോഴും അതു കേൾക്കുന്നു. അപ്പോഴും അച്ചടക്കം, നടത്തിപ്പുകാർ ഉദ്ദേശിക്കുന്നതുപോലെ സംഭവിക്കുന്നില്ല. മുതിരുന്നതിനനുസരിച്ച് അച്ചടക്ക ലംഘനത്തിനുള്ള ശിക്ഷകളും കഠിനമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല എവിടേയും അച്ചടക്കം പ്രധാനം. എല്ലാ സ്ഥാപനങ്ങളിലും കൊടിയ അച്ചടക്ക ലംഘനത്തിന് പിരിച്ചുവിടൽ വരെ ആകുന്നു ശിക്ഷ. നിരത്തിലും പൊതുസ്ഥലങ്ങളിലുമെല്ലാം അച്ചടക്കം പ്രതീക്ഷിക്കുന്നു. അവിടെയെല്ലാം അതു നടപ്പിലാക്കുന്നതിന് ശിക്ഷയെക്കുറിച്ചുള്ള ഓർമ്മിപ്പിക്കലാണ് വഴിയായി കരുതപ്പെടുന്നത്.

 

കുട്ടികളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തെ ഹനിക്കത്തക്ക വിധം പാലിക്കപ്പെടേണ്ട സ്വഭാവരീതികളാണ് അച്ചടക്കം. ഇപ്പോൾ ഡിജിറ്റൽ യുഗത്തിൽ മൊബൈൽഫോണും മാറിയ പെരുമാറ്റരീതികളുമെല്ലാം കാരണം കൗമാരക്കാർ മുതൽ മുകളിലേക്കുള്ള ക്ലാസ്സിൽ പഠിക്കുന്നവർക്കിടയിൽ അച്ചടക്കം നടത്താൻ ബന്ധപ്പെട്ടവർ കഷ്ടപ്പെടുന്നു.

 

ഒരു അച്ചിൽ ചേരുന്നവിധം, ചേർക്കപ്പെടുന്ന വിധം അഥവാ അടങ്ങുന്ന വിധം സംഭവിച്ചാൽ അത് അച്ചടക്കമായി. ഒരു പ്ലഗ് ഹോളും അതിൽ ഭദ്രമായിരിക്കുന്ന പിന്നും പോലെ. അതാണ് അതിന്റെ പ്രവർത്തനക്ഷമതയും ഭദ്രതയും ഉറപ്പാക്കുന്നത്. അവിടെ ചേരായ്മ വരുന്നില്ല. അച്ചടക്കരാഹിത്യത്തിൽ സംഭവിക്കുന്നത് ചേരായ്മയാണ്. ചേർച്ച സുഖവും ചേരായ്മ അസുഖകരവുമാണ്. എന്നിട്ടും എന്തുകൊണ്ട് അച്ചടക്കം പാലിക്കപ്പെടാൻ ബുദ്ധിമുട്ടാകുന്നു എന്നുള്ളതാണ് ചോദ്യം. പാശ്ചാത്യർ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഡിസിപ്ലിൻ എന്ന പേരിൽ അടിച്ചേൽപ്പിച്ച രീതികളാണ് ഇന്ന് നാം അച്ചടക്കമായി ആചരിച്ചുവരുന്നത്. അവര്‍ നാം സ്വാതന്ത്ര്യം രുചിക്കരുത് എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് അത് ആവിഷ്കരിച്ചത്. അത് ഇപ്പോഴും അവർ ആചരിച്ചതിനേക്കാൾ ഭയാനകമായ രീതിയിൽ തുടരുന്നു. അച്ചടക്കം നടപ്പാകുന്നില്ല എന്നു ബോധ്യം വരുമ്പോൾ കടുത്ത ശിക്ഷാനടപടികൾ കൊണ്ടുവരുന്നു. അതിന്റെ മകുടോദഹരണങ്ങളാണ് ഇപ്പോൾ രാജ്യത്തെമ്പാടുമുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.    

                                                      

എല്ലാ അർഥത്തിലും ഉന്നതമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അച്ചടക്കം പ്രശ്നമേ ആവില്ല. കാരണം ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉന്നതിയിൽ അന്തർലീനമാണ് അച്ചടക്കം. അതൊരുപക്ഷേ ബാഹ്യമായി കാണാൻ പോലും കഴിയാത്തതായിരിക്കും. പൊതു അച്ചടക്ക മാനദണ്ഡങ്ങളുടെ അച്ചിൽ അടങ്ങുന്നതുമാകില്ല. അതിന്റെ വെളിച്ചത്തിൽ പുറമേ നിന്നു നോക്കുന്നവർക്ക് അത് അച്ചടക്കരാഹിത്യമായിപ്പോലും തോന്നിയെന്നിരിക്കും. നല്ല പ്രധാന അധ്യാപികയും അതുപോലുള്ള അധ്യാപകരും ഉണ്ടാവേണ്ട ആവശ്യമേ ഉള്ളു. കാർക്കശ്യത്തിൽ അച്ചടക്കം അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം തങ്ങൾക്ക് അത്തരം മികച്ച അധ്യാപകസമൂഹം ഇല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. നല്ല അധ്യാപകരിൽ നിന്നു വിദ്യാർഥി ഒളിച്ചോടില്ല. മറിച്ച് അത്തരം അധ്യാപകരോട് ചേർന്ന് നിൽക്കാനും ആവരുടെ സാമീപ്യത്തിനുമായി വിദ്യാർഥികൾ കാംക്ഷിക്കും. അത് അവരുടെ സുഖത്തിന് വേണ്ടിയായിരിക്കും. അത്തരം അധ്യാപകര്‍ നിർദ്ദേശിക്കുന്നത് ചെയ്യാൻ വിദ്യാർഥികൾക്ക് ആവേശവും.  ഇന്റേർണൽ അസ്സസ്സ്‌മെന്റിനു വേണ്ടിയായിരിക്കില്ല അവിടെ അസ്സൈൻമെന്റുകൾ ചെയ്യപ്പെടുക.

 

ഡ്രൈവിംഗ് പഠിക്കുമ്പോൾ നിയമങ്ങൾ അനുസരിച്ച് ഓടിക്കാൻ ബുദ്ധിമുട്ടാണ്.  എന്നാൽ അതിൽ പ്രാവീണ്യം നേടിക്കഴിഞ്ഞാൽ അത് ഡ്രൈവിംഗിന്റെ ഭാഗവും ഭംഗിയുമാണ്. നിരത്തും മറ്റ് വാഹനങ്ങളും മറ്റ് യാത്രക്കാരുമെല്ലാമായി ചേർച്ച സംഭവിക്കുന്നു. അപകടവും ഒഴിവാകുന്നു. ഒരേ രാഗത്തിൽ താളനിബദ്ധമായി അനേകം ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതുപോലെയാണ് അച്ചടക്കം. ശ്രുതിചേരുന്നതാണ് അവിടെ അച്ചടക്കം. വെള്ളിവീഴുന്നത് അച്ചടക്കലംഘനവും. വിദേശാധിപത്യകാലത്ത് സായിപ്പ് ചിട്ടപ്പെടുത്തിയ താളമാണ് ഇന്ന് നാം കടന്നുപോകുന്ന അച്ചടക്കതാളം. അവിടെ നടത്തിപ്പുകാർക്ക് ഉത്തരവാദിത്വമില്ല. ഒരേ താളം ആവർത്തിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന മുരടിപ്പ് ഊഹിക്കാവുന്നതാണ്. മുരടിപ്പ് ഒഴിവാക്കാൻ മനുഷ്യൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അതങ്ങനെ തന്നെയാവുകയും വേണം. അതുകൊണ്ടാണ് പുതിയ ഈണങ്ങൾ ലഭിക്കുന്നത്. അവിടെയാണ് അച്ചടക്കം ക്രിയാത്മകവും സർഗാത്മകവുമാകുന്നത്. ഇന്നിപ്പോൾ കാണുന്ന കാഴ്ച മന്ത്രിമാരുടേത് തുടങ്ങി, പോലീസ് വാഹനങ്ങളും ഹൈക്കോടതി ജഡ്ജിമാരുടെ വാഹനവുമുൾപ്പടെയുള്ള ഔദ്യോഗിക വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചോടുന്നതാണ്. സാധാരണ യാത്രക്കാരെ പോലീസുകാർ നേരിട്ടും ക്യാമറ വച്ചും ട്രാഫിക് ലംഘനത്തിന് പിടിച്ചു ശിക്ഷിക്കുന്നു. ഇതേ അവസ്ഥയാണ് സ്കൂളുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും. ശ്രുതിചേർന്ന് അച്ചടക്കം നീങ്ങണമെങ്കിൽ ക്രിയാത്മകവും സർഗാത്മകവുമായ നടത്തിപ്പുകാർ ഉണ്ടാവണം. സർഗാത്മകതയുടെ അഭാവവും അതിനുവേണ്ടിയുള്ള ദാഹവുമാണ് ഇന്ന് ഏതു രംഗത്തും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യത്തിന് കാരണമായി വർത്തിക്കുന്നത്.

Tags: