![]() |
പാറ്റ്ന ലോ കോളേജില്‍ ലാലു പ്രസാദ് യാദവിന്റെ ജൂനിയര്‍ ആയിരുന്നു പി.കെ സിങ്ങ്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ഒന്നില്‍ പ്രത്യേക സി.ബി.ഐ ജഡ്ജി എന്ന നിലയില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുവിന് അഞ്ചു വര്‍ഷം തടവ് വിധിക്കുന്നതിനുള്ള നിയോഗവും സിങ്ങിനായിരുന്നു. എന്നാല്‍, രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തന രീതിയിലും ബീഹാര്‍ രാഷ്ട്രീയത്തിലും വ്യാപകമായ സ്വാധീനം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് സിങ്ങിന്റെ ഈ ശിക്ഷാവിധി. 1990-കളില്‍ ചൈബാസ ഖജനാവില്‍ നിന്ന്‍ അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ചെന്ന 17 വര്‍ഷം പഴക്കമുള്ള കേസിലാണ് അന്ന്‍ മുഖ്യമന്ത്രിയായിരുന്ന ലാലുവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
നാട്ടുമൊഴിവഴക്കങ്ങളെ ശക്തമായ രാഷ്ട്രീയ ആയുധങ്ങള്‍ ആക്കി മാറ്റുന്നതില്‍ ലാലുവിനുള്ള കഴിവ് സുവിദിതമാണ്. ലാലുവിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് ചെറുതല്ലാത്ത പങ്ക് ഈ ശൈലിക്കുണ്ട് എന്നതും ഒരു വസ്തുതയാണ്. മാത്രമല്ല, 65 വയസ്സിനുള്ളില്‍ ബീഹാറിലും ദേശീയ രാഷ്ട്രീയത്തിലും ശക്തമായ സാന്നിധ്യമാകുന്നതിനും ഇതിലൂടെ ലാലുവിന് കഴിഞ്ഞു. എന്നാല്‍, തന്റെ പൊതുജീവിതത്തിന്റെ മുദ്രകളായിരുന്ന മറ്റാര്‍ക്കും അനുകരിക്കാനാകാത്ത നര്‍മ്മോക്തികളും ആത്മവിശ്വാസവും വിധി കേള്‍ക്കാനൊരുങ്ങവേ കോടതിമുറിയില്‍ ലാലുവിനെ കൈയ്യൊഴിഞ്ഞു. കുറ്റവാളിയെന്ന് ജഡ്ജി പി.കെ സിങ്ങ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുര്‍ബലവും വിനീതവുമായ ഒരു അപേക്ഷയാണ് സോഷ്യലിസത്തിന്റേയും 1974-ലെ ജെ.പി പ്രസ്ഥാനത്തിന്റേയും ചിറകുകളില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ലാലുവില്‍ നിന്നുണ്ടായത്: തുടര്‍ച്ചയായി രണ്ടുവട്ടം ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്നു താനെന്നും കുറഞ്ഞ ശിക്ഷ നല്‍കുന്ന കാര്യം കോടതി പരിഗണിക്കണമെന്നുമായിരുന്നു ലാലുവിന്റെ അഭ്യര്‍ത്ഥന. വാദം കേള്‍ക്കുന്നതിനിടെ ഫെബ്രുവരി 14-ന് തങ്ങള്‍ സഹപാഠികള്‍ ആയിരുന്ന കാര്യം ജഡ്ജിയെ ഓര്‍മിപ്പിക്കാനും ലാലു ശ്രമിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും ലാലുവിനെ തുണച്ചില്ല.
റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായെത്തുന്ന രണ്ടാമത്തെ മുന്‍ മുഖ്യമന്ത്രിയാണ് ലാലു. ഖനന അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയാണ് നിലവില്‍ ഇവിടെ തടവിലുള്ളത്. രാഷ്ട്രീയത്തെ ക്രിമിനല്‍ വിമുക്തമാക്കാനുള്ള സുപ്രീം കോടതിയുടെ ശ്രമങ്ങളെ അര്‍ത്ഥവത്താക്കുന്നുവെന്ന പ്രശംസയും ഈ വിധി നേടിക്കഴിഞ്ഞു. രണ്ടു വര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധിയുടെ അംഗത്വത്തിന് ഉടന്‍ അയോഗ്യത കല്‍പ്പിച്ചുകൊണ്ട് നേരത്തെ പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ഇതിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും രാജ്യവ്യാപകമായുര്‍ന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‍ ഈ നീക്കത്തില്‍ നിന്ന്‍ പിന്തിരിയുകയായിരുന്നു.
രാഷ്ട്രീയ അവസരങ്ങള്‍
ലാലുവിന്റെ ലോക്സഭാംഗത്വം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് യു.പി.എ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. ലാലുവിന്റെ ശിക്ഷ സാധ്യതകള്‍ തുറന്നിടുന്നത് ബി.ജെ.പി.യ്ക്കും ബീഹാറിലെ ഭരണകക്ഷിയായ ജെ.ഡി.(യു)വിനുമാണ്. ആര്‍.ജെ.ഡിയെ പിന്തുണക്കുന്ന യാദവ് വിഭാഗം വിഭജിതമാകാനുള്ള സാധ്യത ബി.ജെ.പിയ്ക്ക് ഗുണകരമാകുമെന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. ലോക്സഭയില്‍ 40 സീറ്റുകള്‍ ഉള്ള ബീഹാറിലെ 19 ശതമാനത്തോളം വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുമെന്ന് പറയാനാകാത്ത ഇപ്പോഴുള്ളത്. തടവില്‍ കഴിഞ്ഞുകൊണ്ട് തന്റെ ശിക്ഷ ഒരു തെരഞ്ഞെടുപ്പ് നേട്ടമാക്കി മാറ്റാന്‍ ലാലുവിന് കഴിയുമോ എന്നത് സംശയകരമാണ്. പിന്നോക്ക ജാതിയില്‍ പെടുന്ന യാദവ് വിഭാഗത്തിന്റെ 11 ശതമാനം വോട്ടുകള്‍ പരമ്പരാഗതമായി ലാലുവിന്റെ പെട്ടിയില്‍ വീഴുന്നവയാണ്. പരാജിതനായ നായകനോടുള്ള സഹതാപം ജാതിബന്ധങ്ങളെ ശക്തമാക്കാം. എന്നാല്‍, അതിന് പാര്‍ട്ടി ശക്തമായി നില്‍ക്കേണ്ടത് അനിവാര്യമാണ്. അതിനാവശ്യമായ വ്യക്തിപ്രഭാവമോ വാഗ്ധോരണിയോ ലാലുവിന്റെ ഭാര്യ റാബ്റി ദേവിയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും അവകാശപ്പെടാനാകില്ല. റാബ്റി ദേവി ആരോപിക്കുന്ന ‘മുന്നോക്ക ജാതിഗൂഡാലോചനയും’ ‘രാഷ്ട്രീയ പകപോക്കലും’ ഗ്രാമാന്തരങ്ങളിലെ തന്റെ ജനതയുടെ ഹൃദയത്തില്‍ കൊളുത്തിയിടാന്‍ ലാലു ഉണ്ടാകില്ല എന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ കാര്യമായ ചോര്‍ച്ച നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. മകന്‍ തേജസ്വിയെ നേതാവായി പ്രതിഷ്ഠിക്കാനുള്ള ലാലുവിന്റെ ശ്രമം ഇതുവരെ ഫലവത്തായിട്ടില്ല. മാത്രവുമല്ല, അത് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നീരസവും ഉണ്ടാക്കിയിരുന്നു. മറ്റൊരു മകനായ തേജ് പ്രതാപ് തന്റെ രാഷ്ട്രീയ കഴിവുകള്‍ ഇനിയും തെളിയിച്ചിട്ടില്ല. പാര്‍ട്ടിയിലെ രണ്ടാമനായ രഘുവംശ് സിങ്ങ് രാജ്പുത് വിഭാഗത്തില്‍ പെടുന്നയാളാണ്. ഒരു യാദവ് വികാരം ഇദ്ദേഹത്തിന് സൃഷ്ടിക്കാനാകില്ല എന്നതും വ്യക്തമാണ്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ ഒരു രാഷ്ട്രീയ അവസരമായി മാറുകയാണ് ലാലുവിന്റെ ശിക്ഷാവിധി. ആര്‍.ജെ.ഡിയുടെ 22 എം.എല്‍.എമാരില്‍ ഒരു വിഭാഗത്തെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളില്‍ ആയിരുന്നു നിതീഷ്. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിനെ തുടര്‍ന്ന്‍ മന്ത്രിസഭയില്‍ ഒഴിവുവന്ന 11 സ്ഥാനങ്ങള്‍ ഇനിയും നികത്തിയിട്ടില്ല. ലാലുവിന്റെ ശിക്ഷയെ സംബന്ധിച്ച് നിതീഷ് പുലര്‍ത്തുന്ന തണുത്ത പ്രതികരണവും യാദവ് വോട്ടര്‍മാരെ പിണക്കരുത് എന്ന ലക്ഷ്യത്തോടെയാണ്. ലാലുവിന്റെ വിജയത്തിന് ആധാരമായിരുന്ന മുസ്ലിം-യാദവ് സഖ്യത്തില്‍ ശക്തമായ വിള്ളല്‍ ഉണ്ടാക്കിയാണ് നിതീഷ് അധികാരത്തില്‍ വന്നത്. മുസ്ലിം വിഭാഗത്തില്‍ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവരെ ആകര്‍ഷിച്ചതിലൂടെയാണ് അത് സാധ്യമായതെങ്കില്‍ ഇപ്പോള്‍ മുസ്ലിം വോട്ടുകള്‍ മുഴുവനും തന്റെ പിന്നില്‍ അണിനിരത്താന്‍ കഴിയുമെന്ന് നിതീഷ് പ്രതീക്ഷിക്കുന്നു.
ലാലുവിന്റെ ശിക്ഷയെ തുടര്‍ന്നുള്ള സ്ഥിതിയില്‍ ബി.ജെ.പിയ്ക്കും ചില അവസരങ്ങള്‍ തുറന്നുകിട്ടുന്നുണ്ട്. ബീഹാറില്‍ 13-15 ശതമാനം വോട്ടേ ബി.ജെ.പിയ്ക്കുള്ളൂ. യാദവ് വിഭാഗത്തിലെ 11 ശതമാനത്തില്‍ ഒരു ചെറിയ അംശത്തിന്റെ പിന്തുണ പോലും പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. നേരെ തിരിച്ചും സംഭവിക്കാം. അഴിമതിയുടെ പേരില്‍ ലാലുവിനെ തുടര്‍ച്ചയായി എതിര്‍ത്തുപോന്നിരുന്ന ബി.ജെ.പിയ്ക്ക് നേരെ യാദവ് വിഭാഗത്തിലെ ഒരു ചെറിയ അംശം തിരിഞ്ഞാല്‍ തന്നെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ നില പരുങ്ങലില്‍ ആകാം. സംസ്ഥാന നിയമസഭയില്‍ നന്ദ കിഷോര്‍ യാദവിനെ പ്രതിപക്ഷ നേതാവാക്കിയതും (പിന്നോക്ക വിഭാഗക്കാരനായ) നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതും സംസ്ഥാനത്തെ ജാതി രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ സഹായിക്കും എന്നാണ് ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടല്‍.
ലാലുവിനെ സംബന്ധിച്ചിടത്തോളം ഭാവി ശൂന്യവും സങ്കടജനകവുമാണ്. ഹൈക്കോടതി ശിക്ഷ റദ്ദാക്കുന്നില്ലെങ്കില്‍ രാഷ്ട്രീയ തിരിച്ചുവരവ് തന്നെ ബുദ്ധിമുട്ടിലാകും. ഇപ്പോള്‍ 65 വയസുള്ള ലാലുവിന് ശിക്ഷാകാലാവധി അവസാനിക്കുമ്പോള്‍ 70 വയസ്സാകും. സുപ്രീം കോടതി ഉത്തരവനുസരിച്ച് അടുത്ത ആറു വര്‍ഷ കാലയളവിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അതായത്, അടുത്ത 11 വര്‍ഷം ലാലുവിന് സജീവ രാഷ്ട്രീയത്തില്‍ നിന്ന്‍ വിട്ടുനില്‍ക്കേണ്ടി വരും. ഇക്കാലയളവില്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയ ശക്തി നഷ്ടപ്പെടാന്‍ ഇത് ആവശ്യത്തിലധികം ദീര്‍ഘമായ ഒരു കാലയളവാണ്.
ലാലു അവശേഷിപ്പിക്കുന്നത്
1990-ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായിട്ടാണ് ലാലു അധികാരത്തില്‍ പ്രവേശിക്കുന്നത്. മോശം ഭരണനടത്തിപ്പും വിനാശകരമായ രീതിയില്‍ ഉറച്ച ജാതിവ്യവസ്ഥയും മൂലം മാത്രം അറിയപ്പെട്ടിരുന്ന സംസ്ഥാനമായിരുന്നു അന്ന്‍ ബിഹാര്‍. ജാതിവ്യവസ്ഥയില്‍ കീഴെ നിന്നിരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ സ്വരമായി മാറാന്‍ ലാലുവിന് കഴിഞ്ഞു. എന്നാല്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും സംഭാവന ലാലുവില്‍ നിന്നുണ്ടായില്ല. ജാതി പരിഗണനകള്‍ക്ക് മുകളില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതിന് പകരം ആ വ്യവസ്ഥയോട് പറ്റിച്ചേരാനാണ് ലാലു ശ്രമിച്ചതെന്നതാണ് ദൗര്‍ഭാഗ്യകരം. ഏറെ വര്‍ഷങ്ങള്‍ ഒരു പരിധി വരെ അത് ലാലുവിനെ സഹായിച്ചു. അതേസമയം, നാട്ടുമ്പുറത്തുകാരനില്‍ നിന്നുയര്‍ന്നു വന്ന രാഷ്ട്രീയക്കാരനായും ദരിദ്രരുടെ മിശിഹാ ആയും സമുദായ ഐക്യത്തിന്റെ ആള്‍രൂപമായും തന്റെ പ്രതിച്ഛായ നിര്‍മ്മിക്കുന്നതിനും ലാലുവിന് കഴിഞ്ഞു. എന്നാല്‍, കോമാളിത്തരങ്ങളും പരിഹാസദ്യോതക പ്രഭാഷണങ്ങളും പലപ്പോഴും ഗുണ്ടായിസത്തിന്റെ വക്കിലെത്തിയിരുന്ന പരുക്കന്‍ രാഷ്ട്രീയ ശൈലിയും മറ്റ് സംസ്ഥാനങ്ങളില്‍ ദൃശ്യമായ വികസനത്തിന് പകരമാകില്ല എന്ന് സാവകാശം ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
1995-ല്‍ ലാലു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാലിത്തീറ്റ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ലാലു അന്ന്‍ ജയിലില്‍ പോകുന്നതിന് മുന്‍പ് നിരക്ഷരയും യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഭാര്യ റാബ്റി ദേവിയെ മുഖ്യമന്ത്രിയായി അവരോധിക്കുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിന്റെ തെളിവായി അത് വാഴ്ത്തപ്പെട്ടു. എന്നാല്‍, കുടുംബവാഴ്ചയുടെ തുടര്‍ച്ചയായിരുന്നു അത്. ലാലുവും ഭാര്യയും ഭരിച്ച 15 വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാ സാമൂഹ്യ-സാമ്പത്തിക സൂചകങ്ങളിലും ബീഹാര്‍ അവസാന പടികളില്‍ തന്നെ തുടര്‍ന്നു. ഭൂപരിഷ്കരണം അപൂര്‍ണ്ണമായ ഒരു വിപ്ലവമായി മാറി. വ്യവസായങ്ങള്‍ സംസ്ഥാനത്ത് പ്രവേശിക്കാതെ കടന്നുപോയി. റോഡുകള്‍ ഇല്ലാത്ത ബീഹാറിന് കാറുകള്‍ ആവശ്യമുണ്ടോ, റാന്തല്‍ വിളക്കുകള്‍ ഉപയോഗിക്കുന്ന ദരിദ്രര്‍ വൈദ്യുതി കൊണ്ട് എന്തുചെയ്യും എന്നിങ്ങനെ ആയിരുന്നു വോട്ടര്‍മാരോടുള്ള ലാലുവിന്റെ ചോദ്യങ്ങള്‍. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ദളിതര്‍ക്ക് ശബ്ദം നല്‍കിയ ലാലു ചപലമായ പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും തുച്ഛമായ രാഷ്ട്രീയത്തിലും അഭിരമിച്ചു. റെയില്‍വേ മന്ത്രി എന്ന നിലയില്‍ മൃതപ്രായമായിരുന്ന ഒരു സംവിധാനത്തെ വന്‍തോതില്‍ പരിണമിപ്പിച്ചതിന്റെ ക്രെഡിറ്റ് ലാലു അവകാശപ്പെടുന്ന ഒന്നാണ്. ഹവാഡ് സര്‍വകലാശാലയിലെ അടക്കമുള്ള ലോകത്തെ തന്നെ മുന്തിയ ബിസിനസ് പഠന കേന്ദ്രങ്ങളില്‍ ആശ്ചര്യം ഉയര്‍ത്തിയ വിഷയവുമാണിത്. എന്നിട്ടും, ബീഹാറിന്റെ പിന്നോക്കാവസ്ഥ തുടരുന്ന നിലപാടുകള്‍ എന്തുകൊണ്ട് ലാലു സ്വീകരിച്ചു എന്നത് അപ്പോള്‍ സാമാന്യയുക്തി കൊണ്ട് മനസിലാക്കാന്‍ കഴിയുന്ന ഒന്നല്ല.
ലാലുവിന്റെ രാഷ്ട്രീയ ശക്തിയും ഉപയുക്തതയും നാള്‍ക്കുനാള്‍ ക്ഷയിക്കുകയായിരുന്നു എന്നു കാണാന്‍ ഒരാള്‍ രാഷ്ട്രീയ വിശാരദന്‍ ആകേണ്ട കാര്യമില്ല. നാല് എം.പിമാര്‍ മാത്രമുള്ള പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുതരത്തിലും പ്രധാനമാകുന്നില്ല. 243 അംഗം ബീഹാര്‍ നിയമസഭയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 2005-ലെ 54-ല്‍ നിന്ന്‍ 2010-ല്‍ 22 ആയി കുറഞ്ഞു. ബി.ജെ.പി-ജെ.ഡി (യു) പിളര്‍പ്പ് കോണ്‍ഗ്രസും ജെ.ഡി (യു)വും തമ്മില്‍ സഖ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. അത് സംഭവിക്കുകയാണെങ്കില്‍ ലാലുവിന്റെ രാഷ്ട്രീയ വനവാസം കുറേക്കൂടി കടുപ്പമാകാനാണ് സാധ്യത.