ഭക്ഷ്യസുരക്ഷാ ബില്‍: നേട്ടവും ബാധ്യതയും

എസ്. സുരേഷ്

Tuesday, September 10, 2013 - 9:47am
ദില്ലി ഘട്ട്
S. Sureshമുന്‍ യു.എന്‍.ഐ പ്രതിനിധി എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

ഒരു മനുഷ്യന് മത്സ്യം നല്‍കുമ്പോള്‍ നിങ്ങള്‍ അയാള്‍ക്ക് ഒരു ദിവസത്തേക്ക് ഭക്ഷണം കൊടുക്കുന്നു; മത്സ്യം പിടിക്കുന്നതെങ്ങനെയെന്ന് അയാളെ കാണിച്ച് കൊടുക്കുമ്പോള്‍ നിങ്ങള്‍ അയാള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭക്ഷണം കൊടുക്കുന്നു

- ചൈനീസ് പഴഞ്ചൊല്ല്

സ്വതവേ കോലാഹല മുഖരിതമായ ഇന്ത്യന്‍ ജനാധിപത്യത്തില്‍, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് പടികടന്നു വരുമ്പോള്‍, ഈ ചൈനീസ് പഴമൊഴിയുടെ പ്രാധാന്യം തീര്‍ത്തും തുഛമാണ്. തുടര്‍ക്കഥയായ അഴിമതിയും തരിപ്പണമാകുന്ന സമ്പദ് വ്യവസ്ഥയും മുന്നില്‍ നില്‍ക്കുമ്പോള്‍ യു.പി.എ സര്‍ക്കാറിന്, പക്ഷെ, ഈ ചൊല്ലില്‍ ചില പാഠങ്ങള്‍ തെളിയുന്നുണ്ട്. വിപരീതാത്മകതയെ ജനപ്രിയത കൊണ്ട് മറികടക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

 

എഴുപതുകളില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം കോണ്‍ഗ്രസിനെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്. 2009-ല്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് ആവനാഴിയില്‍ നിന്ന്‍ കോണ്‍ഗ്രസ് പ്രയോഗിച്ച തൊഴിലുറപ്പ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്‍.ഡി.എയെ നിലം പരിശാക്കി. 2014 തെരഞ്ഞെടുപ്പിന് മുന്‍പായി ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിക്കൊണ്ട് അഴിമതി, വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയെ എല്ലാം നിര്‍വ്വീര്യമാക്കാമെന്നാണ് അവരുടെ പ്രതീക്ഷ. 

 

രാജ്യത്തെ ജനസംഖ്യയുടെ 67 ശതമാനം (ഗ്രാമപ്രദേശങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും) വരുന്നവര്‍ക്ക് സബ്സിഡി നിരക്കില്‍ നിശ്ചിത പൊതുവിതരണ വ്യവസ്ഥയിലൂടെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത നിയമപരമായി ഉറപ്പുനല്‍കുകയാണ് സര്‍ക്കാര്‍. കിലോഗ്രാമിന് മൂന്ന്‍ രൂപ നിരക്കില്‍ അരി, രണ്ടു രൂപാ നിരക്കില്‍ ഗോതമ്പ്,  ഒരു രൂപക്ക് ഭക്ഷ്യധാന്യം എന്നിവയില്‍ ഏതെങ്കിലും മാസം അഞ്ചു കിലോ നല്‍കുന്നതാണ് പദ്ധതി.

 

sonia gandhiബില്ലിന്റെ മുഖ്യ പ്രായോജകയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഭാഷയില്‍ രാജ്യത്തെ ‘ശാക്തീകരണ വിപ്ലവ’ത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ പദ്ധതി. “മുഴുവന്‍ പൌരര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇന്ത്യക്കുള്ള ശേഷി സംബന്ധിച്ച വലിയൊരു സന്ദേശമാണിത്. വിശപ്പും പോഷകാഹാരക്കുറവും തുടച്ചുനീക്കുമെന്ന എന്റെ പാര്‍ട്ടിയുടെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണിത്.” – ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ അവര്‍ പറഞ്ഞു. 

 

ബില്‍ നടപ്പാക്കാന്‍ ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കും ചര്‍ച്ചയില്‍ അവര്‍ മറുപടി പറഞ്ഞു: ആവശ്യത്തിന് വിഭവങ്ങള്‍ ഉണ്ടോ ഇല്ലയോ, ഇത് കൃഷിക്കാര്‍ക്ക് ഗുണകരമാകുമോ ഇല്ലയോ എന്നുള്ളതൊന്നുമല്ല ചോദ്യം. വിഭവങ്ങള്‍ നമ്മള്‍ ഒരുക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക് നിയമപരമായ അവകാശം നല്‍കുന്നത് വഴി ഇത് ഭരണകര്‍ത്താക്കളെ കൂടുതല്‍ പ്രതികരണക്ഷമവും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരുമാക്കുന്നു. പരാതികള്‍ പരിഹരിക്കാന്‍ വിശസനീയമായ ഒരു സംവിധാനവും നിയമം മുന്നോട്ട് വെക്കുന്നുണ്ട്. ഇങ്ങനെ പോകുന്നു സോണിയയുടെ വാദങ്ങള്‍.

 

എന്നാല്‍, വിമര്‍ശകരും പ്രതിപക്ഷവും സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണ നല്‍കുന്നവരില്‍ ചിലരും പൂര്‍ണ്ണമായും സംതൃപ്തരല്ല. നല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഒരുദാഹരണം ആയിരിക്കാം ബില്‍. എന്നാല്‍, ഇത് മോശം സാമ്പത്തികശാസ്ത്രത്തിന്റെ ഉദാഹരണവുമായി മാറിയേക്കാം എന്നാണിവര്‍ പറയുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് ഭീമമായ തുക ഖജനാവില്‍ നിന്ന്‍ ചിലവഴിക്കുന്നത് ധനക്കമ്മി വര്‍ദ്ധിപ്പിച്ചേക്കും എന്നാണ് പ്രധാന വിമര്‍ശനം. ദാരിദ്ര്യത്തെ തുടച്ചുനീക്കുകയല്ല, സബ്സിഡിവല്‍ക്കരിക്കുകയാണ് പദ്ധതി ചെയ്യുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജീവന മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കുന്നതിനുള്ള വൈദഗ്ദ്യം നല്‍കുന്നതിന് പകരം സബ്സിഡി ഭക്ഷണം തളികയില്‍ വെച്ച് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം, ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുമെന്ന കാര്യം പദ്ധതി ഉറപ്പക്കുന്നുമില്ലെന്നുമാണ് വിമര്‍ശക പക്ഷം.

 

“ഇത്രയും ഭീമമായ തുക ഈയവസരത്തില്‍ നീക്കിവെക്കുന്നത് ധനക്കമ്മിയില്‍ തീര്‍ച്ചയായും വിപരീത ഫലം ഉളവാക്കും. ഇത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു.” സി.ഐ.ഐ. അധ്യക്ഷന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറയുന്നു. “ജനസംഖ്യയുടെ വലിയൊരു വിഭാഗം ദാരിദ്ര്യരേഖക്ക് കീഴെ കഴിയുന്നതിനാല്‍ ഇവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. എന്നാല്‍, ഇതിന് പൊതുവിതരണ സംവിധാനം ഉപയോഗിക്കുന്നത് ഈ മാതൃകയുടെ കാര്യക്ഷമതയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.” ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

food safety bill

ജനസംഖ്യയുടെ 67 ശതമാനത്തിന് വര്‍ഷം ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപാ ചിലവില്‍ 6.2 കോടി ടണ്‍ അരിയും ഗോതമ്പും ധാന്യങ്ങളും നല്‍കുന്ന പദ്ധതി ലോകത്തില്‍ ഏറ്റവും വലുതാണ്‌. എന്നാല്‍, പൊതുവിതരണ സംവിധാനത്തിലെ 40 ശതമാനവും തുറന്ന വിപണിയിലേക്ക് ഒഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ പൊതുവിതരണ സംവിധാനത്തിലെ ചോര്‍ച്ചയും പാഴ്ചെലവും വഴിമാറ്റലും ഒഴിവാക്കുക എന്നത് പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാകുന്നു. അത് ഒരു ഭഗീരഥ പ്രയത്നവുമാണ്!

 

ബി.ജെ.പി ബില്ലിനെ വോട്ടുസുരക്ഷാ ബില്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയും ബില്ലിന്റെ കൃത്യമായ തിരഞ്ഞെടുപ്പ് വിവക്ഷകളെ തുറന്നുകാട്ടുന്നു. ദരിദ്രര്‍ വിശപ്പ്‌ കാരണം മരിച്ചുകൊണ്ടിരുന്ന വേളയില്‍ എന്തുകൊണ്ടാണ് ഈ ബില്‍ കൊണ്ടുവരാതിരുന്നതെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ ചോദ്യം: “ഇത് വിശക്കുന്ന ജനതക്ക് വേണ്ടിയോ അതോ തിരഞ്ഞെടുപ്പിന് വേണ്ടിയോ? ദാരിദ്രജനസംഖ്യയുടെ ഒരു വിലയിരുത്തലും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഒരു കണക്കും സര്‍ക്കാറിന്റെ പക്കലില്ല. അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.” മുലായം ആരോപിക്കുന്നു.

 

ഒന്നിലേറെ വകുപ്പുകളില്‍ ബില്‍ അപര്യാപ്തമാണെന്നാണ് ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി കണ്ടെത്തുന്നത്. ദാരിദ്ര്യരേഖക്ക് കീഴെ വരുന്നവരെ സംബന്ധിച്ച് വിവിധ കമ്മിറ്റികള്‍ വ്യത്യസ്തങ്ങളായ കണക്കുകളാണ് നല്‍കിയിട്ടുള്ളത്. ഇത് മതിയായ ഭക്ഷണത്തിന്റെ അളവ് കണ്ടെത്തുന്നതിലും തര്‍ക്കങ്ങള്‍ക്ക് കാരണമാകില്ലേ എന്നാണ് ജോഷിയുടെ ആശങ്ക. വാങ്ങല്‍ ശേഷിയാണോ, കലോറി മൂല്യമാണോ അതോ പോഷകാംശമാണോ ഭക്ഷണത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് ഉപയോഗിക്കുകയെന്ന് ജോഷി ചോദിക്കുന്നു. മാത്രവുമല്ല, ബില്‍ സാര്‍വത്രിക ഭക്ഷ്യസുരക്ഷ ഉറപ്പ് നല്‍കുന്നില്ലെന്നും ജോഷി കുറ്റപ്പെടുത്തുന്നു.

 

കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ സര്‍ക്കാര്‍ വാങ്ങുമെന്ന ഉറപ്പ് നല്‍കാത്തതിനാല്‍ കൃഷിക്കാര്‍ക്ക് ബില്‍ പ്രയോജനപ്രദമാകണമെന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ബില്‍ നടപ്പാക്കുന്നതിന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഭക്ഷ്യമന്ത്രി കെ.വി തോമസ്‌ പറയുന്നു. 7.5 കോടി ടണ്‍ സംഭരണ ശേഷി ഇപ്പോഴുണ്ട്. 2014-15 ആകുമ്പോഴേക്കും ഇത് 8.5 കോടി ടണ്‍ ആകും.

 

ബില്‍ ഒരു തുറന്ന പദ്ധതിയാണെന്ന് ചെന്നൈയിലെ തക്ഷശില ഇന്‍സ്റ്റിറ്റ്യൂഷന്റെ മേധാവിയായ നിതിന്‍ പൈ പറയുന്നു. ബില്ലിന് ഒരു എക്സ്പയറി ഡേറ്റില്ല. ജനസംഖ്യയുടെ മൂന്നില്‍ രണ്ടിനെയും ഉള്‍ക്കൊള്ളുമ്പോള്‍ പദ്ധതി യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തവരും ഗുണഭോക്താക്കളുടെ പട്ടികയില്‍ വരുമെന്നും പൈ പറയുന്നു. ജനസംഖ്യ ഉയരുന്നതിനനുസരിച്ച് പദ്ധതിക്കാവശ്യമായ തുകയും ഉയരുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം.

 

ബില്ലിന്റെ ഏതാനും നേട്ടങ്ങളും കാണാതിരുന്നു കൂടാ. ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അന്ത്യോദയ അന്ന യോജന പദ്ധതിയെ നിലനിര്‍ത്തിയിട്ടുണ്ട്. മാതൃ-ശിശു പോഷണത്തിനും സ്കൂള്‍ ഉച്ചഭക്ഷണത്തിനും ഏറെക്കുറെ സാര്‍വത്രികമായ പരിഗണന ബില്‍ നല്‍കുന്നു. പൊതുവിതരണ സംവിധാനത്തിന്റെ ആധുനികവല്‍ക്കരണത്തിനും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനും സംസ്ഥാനങ്ങള്‍ക്ക് വരുന്ന ചിലവിന്റെ പകുതി കേന്ദ്രം നല്‍കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ഈ സഹായം 90 ശതമാനമാണ്.

 

ഭക്ഷ്യസുരക്ഷയ്ക്കായി ഒരു രൂപകല്‍പ്പന യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നു എന്നതില്‍ തര്‍ക്കമില്ലെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ ഗുണകരമാകാന്‍ സാധ്യത കുറവാണ്. ഇന്ത്യയില്‍ ദരിദ്രജനസംഖ്യ കേന്ദ്രീകരിച്ചിരിക്കുന്ന ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ കണ്ടെടുക്കുക ബുദ്ധിമുട്ടാണ് എന്നതുതന്നെ കാരണം. കൂടാതെ, ഏകദേശം പതിനഞ്ചോളം സംസ്ഥാനങ്ങള്‍ ഈ മാതൃകയിലുള്ള തങ്ങളുടെ സ്വന്തം പദ്ധതികള്‍ ആരംഭിച്ചും കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ജയലളിതാ സര്‍ക്കാര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്‌ഗഡിലും ബി.ജെ.ഡി ഭരിക്കുന്ന ഒഡിഷയിലും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം അവകാശമാക്കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

 

ഒരു കാര്യം ഏറെക്കുറെ ഉറപ്പിക്കാം, 2014-ല്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാറിന്റെ കഴുത്തില്‍ തൂങ്ങുന്ന വിലകൂടിയ ഒരു ബാധ്യതയായി ഭക്ഷ്യസുരക്ഷാ ബില്‍ മാറിയേക്കാം.

Tags: