വേണ്ടെങ്കില്‍ ഇട്ടിട്ട് പോകണം: റെയ്‌നക്കെതിരെ ആഞ്ഞടിച്ച് എന്‍. ശ്രീനിവാസന്‍

Glint Desk
Mon, 31-08-2020 04:02:50 PM ;

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നക്കെതിരേ കടുത്ത വിമര്‍ശനവുമായി ഫ്രാഞ്ചൈസി ഉടമ എന്‍. ശ്രീനിവാസന്‍. ഐ.പി.എല്ലിനായി യു.എ.ഇയിലെത്തി ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ സംഭവത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൂപ്പര്‍ കിങ്‌സ് ടീമുമായി ഉടക്കിയാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. നേരത്തെ അമ്മാവനടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് അത്യാഹിതം സംഭവിച്ചതിനെ തുടര്‍ന്നാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു വാര്‍ത്ത.

പക്ഷേ എന്‍. ശ്രീനിവാസന്‍ ഔട്ട്‌ലുക്കിന് നല്‍കിയ പ്രതികരണമനുസരിച്ച് ടീമുമായി ഉടക്കിയാണ് താരം മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. റെയ്‌നയെ കടുത്ത ഭാഷയിലാണ് ശ്രീനിവാസന്‍ വിമര്‍ശിക്കുന്നത്.രണ്ടു താരങ്ങളടക്കം ചെന്നൈ ടീമിലെ പത്തിലേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയായിരുന്നു റെയ്‌നയുടെ മടക്കം.

'ലഭ്യമായ സൗകര്യങ്ങളില്‍ നിങ്ങള്‍ സംതൃപ്തനല്ലെങ്കില്‍ തീര്‍ച്ചയായും കടിച്ചുതൂങ്ങിക്കിടക്കരുത്. ഒന്നും നോക്കാതെ തിരിച്ചുപോകണം. ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന രീതിയല്ല എന്റേത്. ചില സമയത്ത് വിജയം തലയ്ക്കു പിടിക്കുന്നതാണ്'  ശ്രീനിവാസന്‍ പറഞ്ഞു.

 

Tags: