
മഹാമേളയായി മാറുന്ന ഒരു ഫുട്ബാൾ മാമാങ്കത്തിന് ഇന്ത്യ ശനിയാഴ്ച വേദിയൊരുക്കുകയാണ്. ഇന്ത്യയുടെ ഭൂപടത്തെ ഒപ്പിയെടുക്കുന്ന തരത്തിലാണ് സൂപ്പർ ലീഗ് സംവിധാനം ചെയ്തിട്ടുള്ളത്.
സച്ചിനും റിലയൻസും ചേർന്ന് അവതരിപ്പിക്കുന്ന ഈ കാഴ്ചയുടെ ഉത്സവത്തിന് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വമ്പിച്ച പ്രാധാന്യം കൽപ്പിക്കേണ്ടതുണ്ട്. ക്രിക്കറ്റിനെ ശിരസ്സാ വഹിക്കുകയും ഫുട്ബാളിനെ തന്റെ ഈറ്റില്ലമായി കരുതുകയും ചെയ്യുന്ന സച്ചിൻ തെണ്ടുൽക്കറുടെ ബുദ്ധിമൂശയിൽ നിന്നാണ് ഇങ്ങനെയൊരു ഫുട്ബാൾ വിരുന്ന് രൂപം കൊണ്ടിട്ടുള്ളതെങ്കിലും റിലയൻസ് അത്താണിയായി പ്രത്യക്ഷപ്പെട്ടത് കൊണ്ടാണ് ഈ ആശയം യാഥാർഥ്യമായത്.
കന്നിവർഷം ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അത്ലറ്റികോ ഡി കോൽക്കത്ത കിരീടം ചൂടിയപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സായിരുന്നു കലാശക്കളിക്ക് പ്രതിയോഗിയായി മാറിയത്. അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ അതിന് യോഗ്യത നേടിയത് ആവേശകരമായ ഒരു അനുഭവമായിരുന്നു.
കഴിഞ്ഞ വർഷം ഇംഗ്ലീഷ് രീതി അവലംബിച്ച ബ്ലാസ്റ്റേഴ്സ് വളരെയധികം വേദനാജനകമായ കാഴ്ചയിയിരുന്നു. സ്റ്റീഫൻ ഡിസൂസയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം കിരീടത്തിൽ മുത്തമിട്ടു.
ഇപ്പോഴാകട്ടെ സച്ചിൻ കേരളത്തിന് വലിയൊരു ഓണക്കാഴ്ച നൽകിയിരിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്ന് ദേശീയ-അന്തർ ദേശീയ കളിക്കാരെ വാർത്തെടുക്കുന്ന പദ്ധതിയ്ക്ക് കേരള മുഖ്യമന്ത്രി തന്നെ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. അഖിലേന്ത്യാ തലത്തിൽ നമ്മുടെ പ്രധാനമന്ത്രിയും ദീർഘവീക്ഷണത്തോടെ ഒരു കർമ്മപദ്ധതിയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. മൊത്തത്തിൽ ഇന്ത്യൻ യുവത്വത്തെ ആരോഗ്യമുള്ളവരാക്കി മാറ്റാൻ വിവിധ തലത്തിൽ അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ആധുനിക ഫുട്ബാൾ കളിക്കാരിൽ മാത്രം ഒതുങ്ങുന്നതല്ല. കളിക്കളത്തിന് പുറത്ത് നിൽക്കുന്ന കോച്ചുമാരുടെ നിതാന്ത ജാഗ്രതയ്ക്കും കോപ്രായങ്ങൾക്കും വലിയ വില കൽപ്പിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത് പ്രകടമാണ്.
ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ഫുട്ബാൾ ലീഗാണ് ഐ.എസ്.എൽ. വിവേകാനന്ദ സ്വാമികൾ പറഞ്ഞത് പോലെ ഉരുക്ക് ധമനികളുള്ള യുവത്വത്തെയാണ് നമുക്ക് ആവശ്യം. ലോകമെമ്പാടും ഇതിന്റെ മാറ്റൊലികൾ യോഗയിലൂടെ അലയടിച്ച് തുടങ്ങിയിട്ടുണ്ട്.
***
മുതിർന്ന സ്പോർട്സ് ജേണലിസ്റ്റാണ് ലേഖകൻ