മാഴ്സലോ, നിന്റെ മുഖത്ത് വ്യക്തമായിരുന്നു ബ്രസീലിന്റെ ആകുലത. സാവോ പോളോ കൊറിന്തിയൻസ് അരീനയിലെ മഞ്ഞക്കടലിന് പുറത്തെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ്. എല്ലാത്തിനുമുപരി ലോകമെമ്പാടും കാനറിയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകവൃന്ദത്തിന്റെ നീറ്റൽ. 'മാരക്കാനാസ' മുറിവേറ്റിട്ട് അറുപത്തിനാല് വർഷം കഴിഞ്ഞ് ബ്രസീലിൽ വിരുന്നെത്തിയ ലോക സോക്കർ മാമാങ്കത്തിന് സ്വന്തം പോസ്റ്റിൽ ഗോളടിച്ച് ആതിഥ്യമരുളുക! സാംബാനാട് ഇരുട്ടിലായ നിമിഷമായിരുന്നു ക്രോയേഷ്യക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ മാഴ്സലോയുടെ കാൽപ്പിഴവും ദാനഗോളും.
കളിയുടെ തുടക്കത്തില്‍ മെയ്ക്കരുത്ത് കൊണ്ട് കാനറികളെ മെരുക്കിയ ക്രോയേഷ്യൻ മുന്നേറ്റം തടയാൻ ബ്രസീലിയൻ പ്രതിരോധം പെടാപ്പാട് പെട്ടു. ക്യാപ്ടൻ തിയാഗോ സിൽവയും ഡാനി ആൽവ്സും മാഴ്സലോയും പലവട്ടം പരാജയപ്പെട്ടു. ഇരുപതാം മിനിട്ടിൽ ക്രോയേഷ്യയുടെ ഒലിച്ചിന്റെ ബുള്ളറ്റ് ഹെഡ്ഡർ കാനറി ഗോൾ മുഖത്തേക്ക് പാഞ്ഞപ്പോഴെ ഗോൾമണമുണ്ടായിരുന്നു. ജെലാസിച്ചിന്റെ കാലിൽ സ്പർശിച്ച് ഗോളി സെസറെ ലക്ഷ്യമായി വന്ന ബ്രസൂക്ക മാഴ്സലോയുടെ കാലിൽ തട്ടി കാനറികളുടെ പോസ്റ്റിലേക്ക്. ഗോൾ! ഗ്യാലറിയിലെ 65000 കണ്ഡങ്ങളിൽ വെള്ളംവറ്റി. ബ്രസീലിയൻ താരങ്ങൾ തരിച്ച് നിന്നു. മാഴ്സലോയുടെ മുഖം വിളറി വെളുത്തു.
1930-ലെ ആദ്യ ലോകകപ്പ് മുതൽ തുടങ്ങുന്നു ദാനഗോളുകളുടെ കഥ. മെക്സിക്കോയുടെ മാനുവൽ റോസസ് ആണ് സോക്കർ കാർണിവല്ലിൽ സെൽഫിന്റെ കിക്കോഫ് നടത്തിയത്. ചിലിക്കെതിരെയായിരുന്നു റോസസിന്റെ കാൽപ്പിഴവ്. മത്സരം 3-0 ത്തിന് ചിലി സ്വന്തമാക്കി. 2006-ല്‍ ജർമ്മനിയില്‍ നടന്ന ലോകകപ്പിൽ പരാഗ്വായുടെ കാർലോസ് ഗാമറ മൂന്നാം മിനിട്ടിൽ സ്വന്തം വലയിൽ പന്ത് തട്ടിയതാണ് ലോകകപ്പിലെ വേഗത്തിൽ വീണ സെൽഫ്. ഇതുവരെ 37 തവണ ദാനഗോൾ ലോകസോക്കർ മാമാങ്കത്തിൽ വീണിട്ടുണ്ട്.
യു.എസ് വേദിയായ 1994-ലെ ലോകകപ്പ്. ബ്രസീലിന് വേണ്ടി ദുംഗയും കൂട്ടരും കപ്പടിച്ച മേള. ഉത്തേജക മരുന്നടിച്ചതിന് ഫുട്ബോൾ ദൈവം ഡീഡോ മറഡേണ പിടിക്കപ്പെട്ട ലോകകപ്പ്. വിശേഷണങ്ങൾ അനവധിയാണ്. എന്നാൽ ഈ ലോകകപ്പ് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് ആന്ദ്രേ എസ്കോബാറിന്റെ പേരിലാണ്. ഒരു ദാനഗോളിന്റെ പേരിൽ സ്വന്തം ജീവനാണ് എസ്കോബാറിന് നൽകേണ്ടി വന്ന വില. പ്രക്ഷോഭങ്ങൾക്കിടയിലാണ് കൊളംബിയ എന്ന ലാറ്റിനമേരിക്കൻ രാജ്യം യു.എസിലേക്ക് വണ്ടി കയറിയത്. മയക്കമരുന്ന്, ക്രിമിനല്‍ മാഫിയാ സംഘങ്ങൾ അടക്കിവാണ, തോക്കുകൾ കൊണ്ട് മരണവ്യാപാരം നടത്തുന്ന രാജ്യത്തെ കുറച്ച് ദിവസം സമാധാനത്തിന്റെ മൈതാനത്ത് പിടിച്ചുനിർത്തിയത് കൊളംബിയയുടെ ലോകകപ്പ് പ്രവേശനമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ യു.എസിനെതിരെയുള്ള നിർണായക മത്സരത്തിൽ മുപ്പത്തിയഞ്ചാം മിനിട്ടിൽ അത് സംഭവിച്ചു.
കൊളംബിയൻ പ്രതിരോധത്തിലെ രാജാവായിരുന്ന ആന്ദ്രേ എസ്കോബാറിന്റെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിൽ. കൊളംബിയ ഒന്നടങ്കം കണ്ണീരണിഞ്ഞ നിമിഷം. ദാനഗോൾ വഴങ്ങിയതോടെ എസ്കോബാറിന്റെ രക്തത്തിനായുള്ള മുറവിളി മുഴങ്ങി. മത്സരത്തിൽ ആതിഥേയർ 2-1ന് ജയിച്ചു. നാട്ടിലെത്തി 20 ദിവസത്തിന് ശേഷം 1994 ജൂലായ് രണ്ടിന് ക്ലബ്ബിലെ പാർട്ടി കഴിഞ്ഞ് മടങ്ങവേ മാഫിയാ സംഘത്തിന്റെ വെടിയേറ്റ് ഇരുപത്തിയേഴാമത്തെ വയസിൽ എസ്കോബാർ മരിച്ചു.
മാഴ്സലോ, നിന്നിലൂടെയൊരു ചരിത്രം പിറക്കുമെന്ന് നീ അറിഞ്ഞിരുന്നില്ലയല്ലേ? ലോകകപ്പിൽ ദാനഗോൾ വഴങ്ങുന്ന ആദ്യ മഞ്ഞക്കുപ്പായക്കാരനാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ പ്രതിരോധത്തിലെ ഈ ഉരുക്ക് മനുഷ്യൻ.