ബ്രസൂക്കയുടെ ലോകം

അനൂപ് എം.ടി
Thu, 12-06-2014 12:00:00 PM ;

brazuca

 

ഭൂമിയൊരു ഗോളം, സൂര്യനെ ചുറ്റുന്നതും ഗോളാകൃതിയിൽ. ഈ ഗോളത്തിന്റെ സ്പന്ദനം ഇന്ന് മുതൽ 'ബ്രസൂക്ക'യെന്ന ഗോളത്തിലേക്ക് ചുരുങ്ങും. ഫുട്ബോളിന്റെ ഹൃദയഭൂമിയായ ബ്രസീലിൽ പന്തുരുണ്ട് തുടങ്ങുന്നു. സാംബാ താളത്തിന്റെ നാട്ടിലെ ആവേശ കിക്കോഫിനായി ലോകം മുഴുവൻ കണ്ണും നട്ടിരിക്കുന്നു. എങ്ങും സോക്കർ വിശേഷങ്ങൾ മാത്രം. 32 രാജ്യങ്ങൾ, 8 ഗ്രൂപ്പുകൾ, 64 കളികൾ, 12 വേദികൾ, 736 കളിക്കാർ. ലോകകപ്പ് ഭൂമിയോളം തന്നെയുണ്ട്.

 

ബ്രസീലിൽ ആരാവും സ്വർണകപ്പിൽ മുത്തം വയ്ക്കുന്നത്. ഫുട്ബോൾ ലോകം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പലരും പല ഉത്തരങ്ങൾ പറഞ്ഞ് മൈതാനം നിറഞ്ഞിരിക്കുന്നു. അവസാനത്തെ ഫ്രീകിക്ക് കാനറികളുടെ മാഷായ സ്കൊളാരിയുടെ വകയായിരുന്നു. ബ്രസീൽ - അർജന്റീന ഫൈനലിന് സാദ്ധ്യത. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന സ്വപ്നഫൈനൽ.

 

ഇരുപതാമത് ലോകകപ്പിൽ കിരീടത്തിനായി ബ്രസീൽ, അർജന്റീന, ജർമ്മനി, ഇറ്റലി, ഹോളണ്ട്, സ്പെയിന്‍, ഫ്രാൻസ്, ഉറുഗ്വേ തുടങ്ങിയ വമ്പൻമാർ മുതൽ ചെറുമീനുകളായ  ഹോണ്ടുറാസ്, അൾജീരിയ വരെ കച്ചകെട്ടിയാണ് ബ്രസീലിയൻ മണ്ണിൽ കാല് കുത്തിയത്. ലാറ്റിനമേരിക്കയിൽ നടന്ന ലോകകപ്പുകളിൽ കിരീടം കടൽ കടന്ന് പോയിട്ടില്ലെന്നത് വൻകരയിലെ ടീമുകളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ആറാം കിരീടം തേടുന്ന ബ്രസീലോ മൂന്നാം കപ്പ് ലക്ഷ്യം വയ്ക്കുന്ന മെസിയുടെ അർജന്റീനയോ ഇത്തവണ ലോകം കീഴടക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു. ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിലൂടെ തിരിച്ചുവരവറിയിച്ച ഉറുഗ്വേ ബ്രസീലിൽ വിസ്മയം തീർക്കാൻ പോന്ന സംഘമാണ്. ലൂയി സുവാരസും ഡീഗോ ഫോർലാനും അടങ്ങുന്ന സംഘം പ്രതാപം വീണ്ടെടുക്കുമെന്ന് ഫുട്ബോൾ ലോകം കരുതുന്നു. ഉറുഗ്വേ അവസാനമായി  ലോകചാമ്പ്യൻമാരായത് 64 വർഷം മുമ്പ് ബ്രസീലിൽ വച്ചായിരുന്നു. ആതിഥേയർ എന്ന നിലയിൽ കാനറികൾക്കും അയൽക്കാരായ അർജന്റീനയ്ക്കുമാണ് കനക കിരീടത്തിൽ മുത്തമിടാൻ സാദ്ധ്യത. ലയണൽ മെസി, എയ്ഞ്ചൽ ഡി മരിയ, ഗോൺസാലോ ഹിഗ്വേൻ, സെർജിയോ അഗ്യൂറോ, മഷ്റാനോ എന്നിവരാണ് അർജന്റീനയുടെ തുറുപ്പ് ചീട്ടുകൾ. കോച്ച് അലക്സാന്ദ്രോ സബേല്ലോയുടെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ കപ്പ് ബ്യൂണസ് ഐറസിൽ എത്തിക്കാമെന്ന് ദൈവത്തിന്റെ പിൻഗാമികൾ കണക്കുകൂട്ടുന്നു. ഇതോടെ 28 കൊല്ലത്തെ കാത്തിരിപ്പിന് അറുതി വരുത്താം.

 

നെയ്മറിൽ നെയ്തുകൂട്ടുന്ന കാനറികളുടെ സ്വപ്നങ്ങളെല്ലൊം അവസാനിക്കുന്നത് ബ്രസീൽ കിരീടധാരണത്തിലാണ്. കഴിഞ്ഞ വർഷത്തെ ഫെഡറേഷൻ കപ്പ് കിരീടധാരണം സാംബാ നർത്തകരുടെ പ്രതീക്ഷകളെ വാനോളമുയർത്തുന്നു. ക്യാപ്ടൻ തിയാഗോ സിൽവ, ഡാനി ആൽവ്സ്, ഹൾക്ക്, മുന്നേറ്റത്തിൽ ഫ്രെഡ്, ഓസ്കാർ എന്നിവർ കാനറികളുടെ കുന്തമുനകളാണ്.

world cup stars 

 

യൂറോപ്യൻ കരുത്തുമായി ജർമ്മനി, ഇറ്റലി, സ്പെയിന്‍, ഹോളണ്ട്, ഫ്രാൻസ്, പോർച്ചുഗൽ എന്നിവര്‍ക്കൊപ്പം കറുത്ത കുതിരകളെന്ന് പേരെടുത്ത ബെൽജിയവും ചേരുന്നു. ക്ലബ് വസന്തത്തിന്റെ വൻകരയിലെ പോരാളികളായാണ് ഡെൽബോസ്കിന്റെ സ്പെയിന്‍ എത്തുന്നത്. നിലവിലെ ചാമ്പ്യൻമാരായ സ്പാനിഷ് പടയ്ക്ക് ലോകകപ്പിൽ മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ല. ബി ഗ്രൂപ്പിലെ മരണപ്പോരാട്ടങ്ങളിൽ എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സ്പാനിഷ് തേരോട്ടം. കഴിഞ്ഞ ലോകകപ്പിലെ കലാശപ്പോരാട്ടത്തിന്റെ തനിയാവർത്തനമായിരിക്കും സ്പെയിനിന്റെ ആദ്യ മത്സരം. പക്ഷേ മത്സരത്തിന്റെ ഗതി വാൻപെഴ്സിയുടെ ഡച്ച് പട നിയന്ത്രിക്കാനാണ് സാദ്ധ്യത. ബാഴ്സലോണയുടെ സ്റ്റാര്‍ സ്ട്രൈക്കർ അലക്സിസ് സാഞ്ചസിന്റെ ചിലി ലാറ്റിനമേരിക്കൻ കരുത്തുമായി ഗ്രൂപ്പിലുള്ളത് ചാമ്പ്യൻമാർക്ക് കനത്ത വെല്ലുവിളിയാണ്. ഗ്രൂപ്പിൽ രണ്ടാമതായാൽ ചെന്ന് പെടുന്നത് കാനറികളുടെ മുന്നിലേക്കായിരിക്കാമെന്നത് കൂടി സ്പാനിഷ് പടയുടെ ചങ്കിടിപ്പ് കൂട്ടും.

 

ജർമ്മനി, പോർച്ചുഗൽ, ഘാന, യു.എസ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് ജിയും ഉറുഗ്വേ, കോസ്റ്ററിക്ക, ഇംഗ്ലണ്ട്, ഇറ്റലി എന്നിവര്‍ കൊമ്പുകോർക്കുന്ന ഗ്രൂപ്പ് ഡിയുമാണ്‌  ബ്രസീലിലെ മറ്റ് മരണക്കയങ്ങൾ. ഒറ്റനോട്ടത്തിൽ അത്ര കടുപ്പമൊന്നും തോന്നാത്ത  ഗ്രൂപ്പായി ജിയെ തോന്നാം. എന്നാൽ ഇതായിരിക്കും യഥാർത്ഥ മരണഗ്രൂപ്പ്. യൂറോപ്യൻ ഫുട്ബോൾ കളിക്കരുത്തിന്റ ഈറ്റില്ലമായി മാറിയിരിക്കുകയാണ് മുള്ളറും ബെക്കൻബോവറും അടക്കിവാണ ജർമ്മനി. ഫിഫ ലോകതാരം ക്രിസ്റ്റിയാനോ റൊണോൾഡേയുടെ സ്വന്തം പോർച്ചുഗലാണ് ഈ ഗ്രൂപ്പിലെ മറ്റൊരു ശ്രദ്ധേയ ടീം. ക്രിസ്റ്റിയുടെ പരിക്ക് ടീമിനെ ബാധിച്ചെങ്കിലും അത് അവരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക്  തടസ്സമാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം നാനി പോർച്ചുഗീസ് ടീമിന്റെ നട്ടെല്ലാണ്. 2010-ൽ കറുത്ത ഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിലെ ഘാനയെ സോക്കർ പ്രേമികൾക്ക് മറക്കാനായില്ല. ക്വാർട്ടർ ഫൈനലിൽ സുവാരസ് കൈകൊണ്ട് തട്ടിതെറിപ്പിച്ചത് ഒരു വൻകരയുടെ സ്വപ്നങ്ങളായിരുന്നു. ഇത്തവണ രണ്ടിലൊന്ന് ഉറപ്പിച്ചാണ് സ്റ്റീഫൻ അപ്പിയയും സംഘവുമെത്തുന്നത്. 2006-ൽ ചെക്ക് റിപ്പബ്ലിക്കിനെയും യു.എസിനേയും അട്ടിമറിച്ച് പ്രീക്വർട്ടറിൽ എത്തിയത് ഘാനയുടെ കരുത്ത് വിളിച്ചോതുന്നു. ജർമ്മൻ സൂപ്പർതാരമായിരുന്ന യുർഗൻ ക്ലിൻസ്മാൻ പരിശീലിപ്പിക്കുന്ന യു.എസ് അട്ടിമറി സാദ്ധ്യതയുള്ള സംഘമാണ്. ക്ലിൻസ്മാന്റെ തന്ത്രങ്ങളും ജർമ്മൻ ആക്രമണവും കാണാൻ ഫുട്ബോൾ ലോകം കാത്തിരിയ്ക്കുകയാണ്.

 

കാനറിനാട്ടിൽ ഡി ഗ്രൂപ്പിലെ മരണപ്പോരിന് ഉറുഗ്വേയും കോസ്റ്ററിക്കയും ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടുമ്പോൾ ലോകം ശ്വാസം വിടാതെ ബ്രസൂക്കയിൽ കണ്ണും നട്ടിരുന്ന് പോകും. പ്രതാപികളാണെങ്കിലും ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകില്ല. ജെറാഡും ലംപാഡും റൂണിയും സ്റ്ററിഡ്ജും പ്രീമിയർ ലീഗിലെ വമ്പൻ താരങ്ങളാണെങ്കിലും ഇംഗ്ലീഷ് ജേഴ്സിയിൽ ശോഭിക്കാറില്ല. ഇറ്റലിയുടെ ഭാവി ശോഭനമാണ്. മദ്ധ്യനിരയിലെ സൂത്രധാരൻ ആന്ദ്രേ പിർലോ, ചൂടൻ സ്ട്രൈക്കർ മരിയോ ബലോട്ടെല്ലി, ഫിയോറന്റീനയുടെ പുതിയ താരോദയം ഗ്യൂസെപ്പെ റോസി എന്നിവർ അസൂറികളുടെ കരുത്താണ്. അതേസമയം, പ്രതാപം വീണ്ടെടുത്ത് ഉറുഗ്വേ പോരാടിയാൽ ബ്രസീലിൽ ചരിത്രം വിരിയും.

 

കൊളംബിയ, ബെൽജിയം, ഐവറികോസ്റ്റ്, റഷ്യ, ഇക്വഡോർ എന്നിവർ സാംബനാട്ടിലെ കറുത്ത കുതിരകളാകാൻ കച്ചകെട്ടുന്നവരാണ്. റൊമേലു ലുക്കാകു, അഡ്നാൻ ജനുസായ്, വിൻസെന്റ് കൊമ്പാനി എന്നിവരുടെ പ്രകടനമായിരിക്കും ബെൽജിയത്തിന്റെ കുതിപ്പിന് പിന്നിൽ. ഐവറികോസ്റ്റിൽ ദ്രോഗ്ബ, കാലു, ആഫ്രിക്കൻ മെസി ഗാർവിഞ്ഞേ എന്നിവരായിരിക്കും തുറുപ്പ് ചീട്ടുകൾ.

 

ഫുട്ബോളിൽ പ്രവചനങ്ങൾക്ക് കാല് പന്തിൽ തൊടുന്ന ആയുസേയുള്ളു. എട്ടിഞ്ച് വ്യാസമുള്ള ബ്രസൂക്കയ്ക്ക പിന്നാലെയുള്ള ലോകത്തിന്റെ ഓട്ടത്തിന് ഇന്ന് തുടക്കമാകുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ പ്രവചനങ്ങൾ എത്രമാത്രം യാഥാർത്ഥ്യമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഒരു ബ്രസീൽ-അർജന്റീന പോരാട്ടം പോലെ.

Tags: