ടൊയോട്ട സാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്റിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ എ-ലീഗില്‍ നിന്നുള്ള മെല്‍ബെണ്‍ സിറ്റി എഫ്.സി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസറ്റേഴ്‌സുമായി ഏറ്റുമുട്ടും. ആകെ മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ സ്പാനീഷ് ലാ ലീഗയില്‍ നിന്നുള്ള ജിറോണ എഫ്. സിയാണ് മൂന്നാമത്തെ ടീം.
ജിറോണ തങ്ങളുടെ ആദ്യമത്സരത്തില്‍ ജൂലൈ 27നു മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും.
കളികാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇടപ്പള്ളി ബൈപ്പാസ് മുതല്‍ ഹൈക്കോടതി ജംഗ്ഷന്‍ വരെ (ബാനര്‍ജി റോഡ്) ചെറിയ വാഹനങ്ങള്‍ക്കും സര്‍വ്വീസ് ബസുകള്‍ക്കുമൊഴികെ കര്‍ശന നിയന്ത്രണം. മറ്റു വാഹനങ്ങള്‍ രണ്ടു മണി മുതല്‍ പാലാരിവട്ടം-ഹൈക്കോടതി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ പ്രവശിക്കരുത്. ഒരു വാഹനവും പാര്‍ക്ക് ചെയ്യാനും പാടില്ല.
സ്റ്റേഡിയത്തിന്റെ മെയിന്‍ ഗെയ്റ്റ് മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയത്തിലും ചുറ്റമുള്ള റോഡിലും സ്റ്റേഡിയത്തിന്റെ പിന്‍ഭാഗം മുതല്‍ കാരണക്കോടം വരെയുള്ള റോഡിലും പാര്‍ക്കിംഗ് പാടില്ല.
മത്സരം കാണാനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട്-തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്ത് നിന്ന് എസ് എ റോഡ്, കടവന്ത്ര, കതൃക്കടവ്, കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിറകിലെത്താം. ഇവര്‍ക്ക് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ എം എ ഗ്രൗണ്ട്, വാട്ടര്‍ അതോറിറ്റി മൈതാനം, ഹെലിപ്പാഡ് മൈതാനം എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാം. വലിയ വാഹനങ്ങള്‍ ഇടപ്പള്ളി-വൈറ്റില ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളിലും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം.
വൈപ്പിന്‍, ഹൈക്കോടതി ഭാഗങ്ങളില്‍ നിന്നു സ്റ്റേഡിയത്തിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ മണപ്പാട്ടിപ്പറമ്പ് പാര്‍ക്കിംഗ് മൈതാനം, സ്റ്റേഡിയത്തിന് മുന്നിലുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വൈപ്പിന്‍-ചേരാനല്ലുര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വലിയ വാഹനങ്ങള്‍ കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷന്‍, ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആളെയിറക്കി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം.
ബോള്‍ഗാട്ടിയില്‍ നിന്നു ഗോശ്രീ ഒന്നാം പാലം വഴി സര്‍വ്വീസ് ബസ്സുകള്‍ മാത്രമേ രണ്ടു മണി മുതല്‍ നഗരത്തിലേക്കു പ്രവേശിപ്പിക്കൂ.
വടക്കന്‍ ജില്ലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ മണപ്പുറം, മെട്രോ സ്റ്റേഷന്‍, കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷന്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ആളെ ഇറക്കി, ആലുവ മണപ്പുറം, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
തെക്കന്‍ ജില്ലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ജംഗ്ഷനില്‍ ആളെ ഇറക്കി, പാലാരിവട്ടം-കുണ്ടന്നൂര്‍ ദേശീയപാതയുടെ ഇരുവശത്തെയും സര്‍വ്വീസ് റോഡുകളില്‍ പാര്‍ക്ക് ചെയ്യണംപാസുള്ളവരുടെ വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കൂ.പ്രത്യേക സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കില്ല.
മത്സരങ്ങളുടെ ദിവസങ്ങളില്‍ രാത്രി 9.30 മുതല്‍ കതൃക്കടവ് ജംഗ്ഷനില്‍ നിന്നും കാരണക്കോടം ജംഗ്ഷനിലേക്കും തമ്മനം ജംഗ്ഷനില്‍ നിന്ന് കാരണക്കോടം ജംഗ്ഷനിലേക്കുമുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. കാരണക്കോടം ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ബാക്ക് വരെ നാലു വരിപ്പാതയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു വാഹനത്തിനും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ പാര്‍ക്കിംഗ് അനുവദിക്കില്ല.