കാന്റെ എന്ന ഓള്‍റൗണ്ടര്‍, ഭാഗ്യത്തിന്റെ തോഴന്‍

ആസിഫ് മുഹമ്മദ് കരീം
Sat, 14-07-2018 08:32:46 AM ;

N'Golo Kanté

കുടിയേറപ്പെട്ടവരുടെ ടീമാണ് ഫ്രാന്‍സ്. 15 കളിക്കാരാണ് ഫ്രഞ്ച് ടീമില്‍ ഫ്രാന്‍സിന് പുറത്ത് നിന്ന് കുടിയേറിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ മാലി, അള്‍ജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പലരുടെയും പൂര്‍വികര്‍ ഫ്രാന്‍സില്‍ എത്തിയത്. കുടിയേറ്റക്കാരോടുള്ള ഫ്രാന്‍സിന്റെ മൃദുസമീപനമാണ് അതിന് കാരണം. പല വികസിത രാജ്യങ്ങളും കുടിയേറ്റക്കാരോട് ഇപ്പോഴും വിവേചനം തുടരുമ്പോള്‍ അവരില്‍ നിന്ന് വ്യത്യസ്തരാവുകയാണ് ഫ്രഞ്ചുകാര്‍.

 

ഫ്രാന്‍സ് ടീമിലെ ആദില്‍ റമി, പോള്‍ പോഗ്ബ, റാഫേല്‍ വരാന്‍ തുടങ്ങിയ മിന്നും താരങ്ങളെല്ലാം കുടിയേറപ്പെട്ടവരാണ്. അക്കൂട്ടരില്‍ ഏറ്റവും പ്രധാനിയാണ് എങ്കോളൊ കാന്റെ എന്ന പ്രതിരോധ, മധ്യനിരത്താരം.1980ല്‍ മാലിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയതാണ് കാന്റെയുടെ മാതാപിതാക്കള്‍. പാരിസിലെ റൂള്‍ മാല്‍മിസണില്‍ അവര്‍ സ്ഥിരതാമസമാക്കി. 1991 ലാണ് കാന്റെയുടെ ജനനം. ബമാന രാജവംശത്തിലെ എങ്കോളോ ഡിയാര എന്ന രാജാവിന്റെ പേരാണ് അവര്‍ കുഞ്ഞിന് നല്‍കിയത്. അഫ്രിക്കയിലെ ഏറ്റവും വലിയ പുരാതന രാജവംശമാണ് ബമാന. മോസ്സി സാമ്രാജ്യത്തോടുള്ള യുദ്ധത്തിനിടയിലാണ് എങ്കോളൊ രാജാവ് മരണപ്പെടുന്നത്. മാലിയിലെ പുരാതന രാജാവിന്റെ പേര് തന്നെ കുട്ടിക്ക് നല്‍കാന്‍ കാന്റെയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

N'Golo Kanté

എട്ടാം വയസ്സിലാണ് കാന്റെ ആദ്യമായി ഒരു ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞത്. ഫ്രാന്‍സിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബൊലോങില്‍.2011ല്‍ സീനിയര്‍ ടീമില്‍ ഇടം പിടിച്ചു, എന്നാല്‍ ക്ലബ്ബ് അപ്പോഴേക്കും മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്തപ്പെട്ടിരുന്നു. കാന്റെ ആദ്യ ഗോള്‍ നേടിയതും ആ സമയത്താണ്. 2012-13 സീസണില്‍ ലുസെനാക്ക് ക്ലബ്ബിനെതിരെയായിരുന്നു അത്. പിന്നീട് ലീഗ്2 ക്ലബ്ബായ ക്യാനിലേക്ക് കാന്റെ ചേക്കേറി.38 മത്സരങ്ങള്‍ കളിച്ച കാന്റെ ടീമിനെ ലീഗില്‍ മൂന്നം സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.അതോടെ ക്യാന്‍ ക്ലബ്ബ് ഒന്നാം ഡിവിഷനിലേക്ക് എത്തിപ്പെട്ടു.2014-15 സീസണില്‍ ഏറ്റവും കൂടുതല്‍ പന്ത് കൈവശപ്പെടുത്തിയ യൂറോപ്പ്യന്‍ താരമായിരുന്നു കാന്റെ.

 

2015ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലെസ്റ്ററിലെത്തിയതോടെയാണ് കാന്റെയുടെ ഭാഗ്യം തെളിഞ്ഞത്.നാലു വര്‍ഷത്തെ കരാറിലെത്തിയ കാന്റെ ആസീസണിലെ ലീഗ് കിരീടം ലെസ്റ്ററിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പന്ത് കൈവശപ്പെടുത്തുന്നതിലും,മുന്നിലേക്ക് പന്തെത്തിക്കുന്നതിലും അപാര കഴിവാണ് കാന്റെയെ ശ്രദ്ധേയനാക്കിയത്. ആവശ്യസമയത്ത് പ്രതിരോധത്തിലേക്ക് ഇറങ്ങി കളിക്കാനും കാന്റെയ്ക്ക് അറിയാം. പി.എഫ്.എയുടെ (പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്‍) ആ വര്‍ഷത്തെ മികച്ച ടീമില്‍ ലെസ്റ്ററില്‍ നിന്നുള്ള നാല് താരങ്ങളില്‍ കാന്റെയുമുണ്ടായിരുന്നു.  2015-16 സീസണില്‍ ഏറ്റവും കൂടുതല്‍ ടാക്ലിങ്ങുകള്‍ ചെയ്തതും(175 ടാക്ലിങ്ങുകള്‍) പന്ത് പിടിച്ചെയുത്തതും(157 ഇന്റര്‍സെപ്ഷന്‍) കാന്റെ ആയിരുന്നു. 2016ലെ വേനല്‍ ട്രാന്‍സ്ഫറില്‍ കാന്റെ ചെല്‍സിലെത്തി. ലെസ്റ്ററിന് കാന്റെയുടെ അതേ മികവിലുള്ള പകരക്കാരനെ കണ്ടത്താന്‍ കഴിഞ്ഞതുമില്ല.കാന്റെ ചെല്‍സിയിലേക്കെത്തിയ സീസണില്‍ തന്നെ അവര്‍ ലീഗ് ജേതാക്കളുമായി. അങ്ങനെ ലെസ്റ്ററിലും ചെല്‍സിയിലുമായി അടുപ്പിച്ച് രണ്ട് തവണ ലീഗ് കിരീടം നേടാനും കാന്റെയ്ക്ക് കഴിഞ്ഞു.ചെല്‍സി ലീഗ് ചാമ്പ്യന്‍മാരായപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും കാന്റെ ആയിരുന്നു. അത് ദേശീയ ടീമിലെത്താനും വഴിവെച്ചു.2016 മാര്‍ച്ചില്‍ നെതര്‍ലന്‍ഡിനെതിരെ കാന്റെ ആദ്യമായി ഫ്രാന്‍സ് ജേഴ്സിയണിഞ്ഞു.മൂമ്പ് പല തവണ മാലി ദേശീയ ടീമില്‍ കളിക്കാന്‍ ക്ഷണം വന്നെങ്കിലും ഫ്രഞ്ച് ടീമിലേക്ക് വിളിവരുന്നത് വരെ കാത്തിരിക്കാനായിരുന്നു കാന്റെ തീരുമാനിച്ചത്.

N'Golo Kanté

ചെല്‍സിയിലെ പ്രകടനം ആ വര്‍ഷത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള പി.എഫ്.എ പരസ്‌ക്കാരം കാന്റെയ്ക്ക് നേടിക്കൊടുത്തു.പി.എഫ്.എയുടെ മകിച്ച ടീമിലും തുടര്‍ച്ചയായ രണ്ടാം തവണ കാന്റെ ഇടം പിടിച്ചു.പ്രിമിയര്‍ ലീഗ് സീസണിലെ മികച്ച കളിക്കാരനുള്ള പുരസ്‌ക്കാരവും കാന്റെക്ക് തന്നെ കിട്ടി. എറിക് കന്റൊനയ്ക്ക് ശേഷം വ്യത്യസ്ത ടീമുകളില്‍ തുടര്‍ച്ചയായ രണ്ട് തവണ ലീഗ് കിരീടം നേടുന്ന താരവും കാന്റെയാണ്. 2017 ഫിഫ ബാലന്റ്യോര്‍ പരസ്‌ക്കാര പട്ടികയിലും കാന്റെയുടെ പേരുണ്ടായിരുന്നു. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഫ്രഞ്ച് താരങ്ങളായ പോഗ്ബക്കും, ജിറൂഡിനുമൊന്നും കഴിയാത്ത നേട്ടമാണ് കാന്റെ സ്വന്തമാക്കിയത്. കാന്റെ എന്ന അതുല്യ പ്രതിഭയെ ഇപ്പോഴും ഗ്രീസ്മാന്റെയും എംബാപ്പെയുടേയും നിഴലിലാണ് കാണപ്പെടുന്നത്.എന്നാല്‍ ഫ്രഞ്ച് ടീം റഷ്യന്‍ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിയതിന് മുഖ്യകാരണക്കാരന്‍ കാന്റെയാണ്. തന്റെ ആദ്യ ലോകകപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കൊണ്ട് കാന്റെ കളം നിറഞ്ഞു. ലോകകപ്പില്‍ ഇതുവരെ 48 ഇന്റര്‍സെപ്ഷനുകളാണ് കാന്റെ നടത്തിയത്,മറ്റേത് കളിക്കാരനേക്കാളും കൂടുതല്‍.പോകുന്നിടത്തെല്ലാം ഭാഗ്യത്തിന്റെ തുണയുള്ള കാന്റെ ഫ്രഞ്ച് ടീമിനും ഭാഗ്യം കനിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

 

Tags: