ഡെജാന്‍ ലോവറേന്‍ എന്ന പ്രതിരോധഭടന്‍

ആസിഫ് മുഹമ്മദ് കരീം
Fri, 13-07-2018 04:52:33 PM ;

Dejan Lovren

1998ന് ശേഷം ക്രൊയേഷ്യന്‍ ടീമിന്റെ രണ്ടാം സുവര്‍ണ തലമുറയാണ് ഇപ്പോള്‍ റഷ്യന്‍ ലോകകപ്പിന്റെ ഫൈനലിലെത്തി നില്‍ക്കുന്നത്.ആദ്യ സുവര്‍ണ തലമുറക്ക് പോലും കഴിയാതെ പോയ നേട്ടമാണ് ഇപ്പോള്‍ അവര്‍ നേടിയിരിക്കുന്നതും.1998ല്‍ ടീമിന്റെ അഭിവാജ്യഘടകമായ ഡേവര്‍ സക്കറിനെ പോലെ 2018ല്‍ ഏവരും ഉറ്റുനോക്കുന്നത് ലൂക്കാ മോഡ്രിച്ചിനെയാണ്. ആക്രമണത്തിലും, മധ്യനിരയിലും, പ്രതിരോധത്തിലും ഒരേ പോലെ കളിക്കുന്ന മോഡ്രിച്ച്.ഇവാന്‍ റാക്കീട്ടിച്ച്,മരിയോ മാന്‍സൂക്കിച്ച്,പെരിസിച്ച്, തുടങ്ങിയ പേരുകളാണ് ഈ സുവര്‍ണതലമുറയില്‍ മോഡ്രിച്ചിനൊപ്പം ഉയര്‍ന്ന് കേട്ടത്. എന്നാല്‍ അവരില്‍ ശ്രദ്ധിക്കാതെ പോയ ഒരു പേരുണ്ട് ഡെജാന്‍ ലോവ്റേന്‍. ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ നേടുംതൂണ്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പ്പൂളിന്റെ ആദ്യ ഇലവനിലെ പരിചിതമുഖം.യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പ്പൂള്‍ എത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഈ പ്രതിരോധനിര താരമാണ്. ഇപ്പോള്‍ ക്രോയേഷ്യയെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചതിലും ലോവ്റേന്റെ കാലുകളുണ്ട്.ഫൈനലില്‍ ഫ്രാന്‍സിന്റെ അക്രമണം തടയുക എന്ന ദൗത്യമാണ് ലോവ്റേന് ഈ ലോകകപ്പില്‍ ഇനി ബാക്കിയുള്ളത്. മെസ്സിയെ പൂട്ടിയ ലോവ്റേന്റെ കാലുകള്‍ക്ക് ആ ജോലി തീര്‍ക്കാനുമാകും.

Dejan Lovren

യുദ്ധമുഖം കണ്ട് വളര്‍ന്നതാരമാണ് ലോവ്റേന്‍.1989 യൂഗോസ്ലേവ്യയില്‍ ജനിച്ച ലോവ്റേന്‍ മൂന്ന് വയസ്സാകും മുമ്പ് തന്നെ ജന്മസ്ഥലം ഉപേക്ഷിച്ചു. 1992ലെ ബോസ്നിയല്‍  യുദ്ധത്തെ തുടര്‍ന്ന് ലോവ്റേനും കുടുംബവും ജര്‍മ്മനിയിലേക്ക് കുടിയേറി.ബോസ്നിയന്‍ സെര്‍ബുകളും ക്രൊയേഷ്യരും വംശീയതക്കെതിരെ നടത്തിയ യുദ്ധമായിരുന്നു അത്.ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ലോവ്റേന്‍ ഏഴ് വര്‍ഷം താമസിച്ചു. ലോവ്റന്‍ പെട്ടെന്ന് തന്നെ ജര്‍മ്മന്‍ ഭാഷയും പഠിച്ചു.സ്‌കൂളില്‍ പോയി അവന്‍ ഒരു കൊച്ചു ക്ലബ്ബില്‍ കളിക്കാനുമാരംഭിച്ചു.എന്നാല്‍ സന്തോഷം തല്ലിക്കെടുത്തിക്കൊണ്ട് വീണ്ടും ലോവ്റേനും കുടുംബവും പാലായനം ചെയ്യേണ്ടി വന്നു.താമസിക്കുന്നതിനുള്ള മതിയായ രേഖകളില്ലാതിരുന്നതിനാല്‍ അവര്‍ ജര്‍മ്മനി വിടാന്‍ നിര്‍ബന്ധതരായി.വീണ്ടും ക്രോയേഷ്യയിലേക്ക് തിരിച്ചെത്തി തലസ്ഥാനമായ സാഗ്റെബിനടുത്തുള്ള കാര്‍ലൊവാക്കില്‍ താമസമാക്കി.തിരിച്ച് നാട്ടിലെത്തിയ ലോവ്റേന്‍ ക്രൊയേഷ്യയോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയിരുന്നു.പഠിച്ചത് ജര്‍മ്മന്‍ ഭാഷ ആയിരുന്നതിനാല്‍ സ്‌കൂളില്‍ പോയ ലോവ്റേന്‍ നന്നേ കഷ്ടപ്പെട്ടു.ക്രൊയേഷ്യന്‍ ഭാഷ സംസാരിക്കുന്ന കുട്ടികള്‍ക്കിടിയല്‍ ഒറ്റപ്പെട്ടതായി ലോവ്റേന്‍ തന്നെ പറയുന്നുണ്ട്.ആദ്യകാലത്ത് കാര്‍ലോവാക്കിലെ തന്നെ ക്ലബ്ബായ എന്‍കെ കാര്‍ലോവാക്കില്‍ ലോവ്റേന്‍  കളിയാരംഭിച്ചു.ജര്‍മ്മന്‍ കുട്ടിക്ലബ്ബില്‍ കളിച്ചുവന്ന ലോവ്റേന്‍ പെട്ടെന്ന് തന്നെ അവിടെ ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് ക്രൊയേഷ്യയിലെ തന്നെ പ്രമുഖ ക്ലബ്ബായ ഡൈനമോ സാഗ്റെബിലെത്തി.2004ല്‍ ടീമിലെത്തിയ ലോവ്റേന്‍ രണ്ട് വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയത്.പിന്നീട് രണ്ട് സീസണ്‍ ഇന്റര്‍ സാപ്രസിക്ക് എന്ന ക്രൊയേഷ്യന്‍ ക്ലബ്ബില്‍ ലോണില്‍ എത്തി. അവിടെ 50 മത്സരങ്ങള്‍ കളിച്ചു, ഒരു ഗോളും നേടി.ലോണ്‍ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ലോവ്റേന്‍ ഡൈനാമോയുടെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായി.2008-09സിസണില്‍ 37 മത്സരങ്ങളിലും കളിച്ചു, മുന്ന് ഗോളും നേടി.ക്രൊയേഷ്യന്‍ ക്ലബ്ബിലെ മികച്ച പ്രകടനം ലോവ്റേനെ ദേശിയ ടീമിലുമെത്തിച്ചു.

Dejan Lovren

 

2009ലാണ് ആദ്യമായി ക്രൊയേഷ്യന്‍ ജേഴ്സിയില്‍ ലോവ്റേന്‍ കളിച്ചത്.2011ല്‍ മാള്‍ട്ടക്കെതിരെ ആദ്യ രാജ്യാന്തര ഗോളും സ്വന്തമാക്കി.2014ലെ ഫിഫ ലോകകപ്പിനുള്ള ടീമില്‍ ലോവ്റേനും ഇടം പിടിച്ചിരുന്നു.2010ല്‍ ഫ്രഞ്ച് ക്ലബ്ബായ ലിയോണില്‍ എത്തിയ ലോവ്റേന്‍ ആദ്യ സീസണില്‍ ഇറങ്ങയിത് വെറും 10  മത്സരങ്ങളില്‍, അതും പകരക്കാരനായി.അടുത്ത സീസണില്‍ തന്നെ ലോവ്റേന്‍ ലിയോണിലെ ആദ്യ ഇലനില്‍ ഇടം നേടി. പ്രതിരോധത്തില്‍ ബ്രസീലിയന്‍ താരം ക്രിസ് മാര്‍ക്കസിനൊപ്പം കളിച്ചു പെരെടുത്ത ലോവ്റേന്‍ ആവര്‍ഷത്തെ മികച്ച യുവ താരത്തിനുള്ള ഡോണ്‍ ബാലോണ്‍ പുരസ്‌ക്കാര പട്ടികയിലും കയറി.3 വര്‍ഷം ലിയോണില്‍ കളിച്ചതിന് ശേഷം 2013ല്‍ പ്രിമിയര്‍ ലീഗിലെ സൗത്താംട്ടണ്‍ ക്ലബ്ബിലെത്തി.അവിടെ നിന്നാണ് ലോവ്റേന്റെ പേര് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.ആന്‍ഫീല്‍ഡില്‍ ലിവര്‍പ്പൂളിനെതിരെ പ്രീമിയര്‍ ലീഗിലെ ആദ്യ ഗോള്‍ നേടിയ ലോവ്റേന്‍ ഇംഗ്ലണ്ടിലും വരവറയിച്ചു. സീസണ്‍ അവസാനിച്ചപ്പോള്‍ യൂറോപ്പിലെ മികച്ച 50കളിക്കാരുടെ പട്ടികയിലും ലോവ്റേനുണ്ടായിരുന്നു.സൗത്താംടണില്‍ ഒരു സീസണ്‍ കളിച്ച ലോവ്റേന്‍ അടുത്ത സീസണില്‍ ലിവര്‍പ്പൂളുമായി നാലു വര്‍ഷത്തെ കരാറിലെത്തി. ഇപ്പോള്‍ 2021വരെ കരാര്‍ പതുക്കിയിരിക്കുകയാണ്.2018ല്‍ ലോവ്റേന്‍ ഇല്ലാത്ത ക്രൊയേഷ്യന്‍ ടീമിനെ പറ്റി കോച്ച് ഡാലിച്ചിന് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ വിഡക്ക് ഒപ്പം ക്രോയേഷ്യയുടെ പ്രതിരോധ മുഖമായി മാറിയിരിക്കുകയാണ് ഡെജാന്‍ ലോവ്റേന്‍.ലോകത്തിലെ തന്നെ മികച്ച പ്രതിരോധനിരത്താരങ്ങളിലൊരാളാണ് ഡെജാന്‍ ലോവ്റേന്‍.

 

Tags: