Skip to main content

 croatian-football-team

ലോകത്തിലെ തന്നെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഫുട്ബോള്‍ ടീമുകളിലൊന്നാണ് ഇംഗ്ലണ്ടിന്റേത്. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ കളിച്ചതും ഇംഗ്ലണ്ടാണ്.1872ല്‍ സ്‌കോട്ട്ലെന്‍ഡിനെതിരെ ആയിരുന്നു അത്. എന്നാല്‍ 1990ല്‍ മാത്രമാണ് ക്രൊയേഷ്യക്ക്  ഒരു ഫുട്ബോള്‍ ടീമുണ്ടാകുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഗോസ്ലാവിയയുടെ  ഭാഗമായിരുന്ന ക്രൊയേഷ്യക്ക്, അന്നൊരു ഫുട്ബോള്‍ ടീമുണ്ടായിരുന്നെങ്കിലും അഞ്ച് വര്‍ഷമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പാരമ്പര്യം വലുതായി പറയാനില്ലാത്ത ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിനെ 2018 ലോകകപ്പ് സെമിഫെനലില്‍ കീഴടക്കിയത് എന്നത്് ചരിത്രത്തില്‍ രേഖപ്പെടുത്തും.

 

1990ല്‍ ടീം രൂപികരിച്ച ക്രൊയേഷ്യക്ക് 1993ല്‍ ഫിഫയുടെയും യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും അംഗീകാരം ലഭിച്ചു.1996ലെ യൂറോ കപ്പാണ് ക്രൊയേഷ്യ കളിച്ച ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. പിന്നീട് 1998ല്‍ അവര്‍ ഫിഫ ലോകകപ്പിനും ആദ്യമായി ജേഴ്സിയണിഞ്ഞു. അന്നത്തെ ക്രൊയേഷ്യന്‍ ടീമിനെ ദ ഗോള്‍ഡന്‍ ജെനറേഷന്‍(സുവര്‍ണ തലമുറ)എന്നാണ് വിളിച്ചിരുന്നത്. അത് ആദ്യത്തെ സുവര്‍ണ തലമുറ മാത്രമായിരുന്നു. അന്ന് ലോകകപ്പില്‍  സെമിയിലെത്താനും മൂന്നാം സ്ഥാനം സ്വന്തമാക്കാനും ക്രൊയേഷ്യക്കായി. ക്രൊയേഷ്യന്‍ താരം ഡേവര്‍ സക്കര്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാകുകയും ചെയ്തു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ക്രൊയേഷ്യയുടെ രണ്ടാം സുവര്‍ണതലമുറക്കാര്‍ അവരെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിന് എത്തുന്നത് എന്നതും ശ്രദ്ധേയം.

 

1998ല്‍ സെമിയില്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടിയ ക്രൊയേഷ്യ അന്ന് പരാജയപ്പെടുകയും ഫ്രാന്‍സ് ലോക ചാമ്പ്യമ്പ്യന്മാരാവുകയും ചെയ്തു. ഇപ്പോള്‍ അതേ ഫ്രാന്‍സിനെ അവര്‍ക്ക് ഫൈനലില്‍ എതിരാളിയായി ലഭിച്ചിരിക്കുന്നു. ജൂലായ് 15ന് ക്രൊയേഷ്യ-ഫ്രാന്‍സ് മത്സരം ലോകകപ്പിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നാകും. 2010 ലോകകപ്പിലും 2002 യുറോ കപ്പിലും മാത്രമാണ് ക്രൊയേഷ്യ ഇതുവരെ യോഗ്യത നേടാതിരുന്നത്.

 

ഇന്ന് ലോകകപ്പ് ഫൈനലില്‍ ക്രോയേഷ്യ എത്തി നില്‍ക്കുമ്പോള്‍ അതിന് കരണക്കാരായി ചൂണ്ടിക്കാണിക്കാന്‍ ഒരാളെയുള്ളൂ. ലൂക്കാ മോഡ്രിച്ചെന്ന അഞ്ചടി എട്ടിഞ്ചുകാരന്‍. ക്രോയേഷ്യക്കായി 111 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു മോഡ്രിച്ച്. 1998ല്‍ സക്കര്‍ നേടിയ നേട്ടത്തെക്കാള്‍ മുകളിലാണ് ഇന്ന് മോഡ്രിച്ച് എത്തി നില്‍ക്കുന്നത്.ഇവാന്‍ റാക്കിട്ടിച്ചിനും മരിയോ മാന്‍സുക്കിച്ചിനുമൊപ്പം ക്രോയേഷ്യയുടെ രണ്ടാം സുവര്‍ണതലമുറക്ക് അടിത്തറ ഇട്ടിരിക്കുകയാണ് ഇപ്പോള്‍ ഈ മധ്യനിര താരം.

 

സെമിഫൈനലില്‍ ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് ഇറങ്ങും മുമ്പ് മാന്‍സുകിച് പറഞ്ഞത് ഇങ്ങനെ. ''റഷ്യക്കെതിരെ കളിച്ചതുതിന്റെ ബാക്കി കുറച്ച് ഊര്‍ജ്ജംകൂടി ഞങ്ങളില്‍ ബാക്കിയുണ്ട്. അത് മുഴുവന്‍ ഞങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഉപയോഗിക്കും. എന്നിട്ടും തോല്‍ക്കുകയാണെങ്കിലും ആര്‍ക്കും ഞങ്ങളെ വിമര്‍ശിക്കാന്‍ ഒരവകാശവും ഇല്ല''.  ഫുട്ബോള്‍ മൈതാനം ഇതുലരെ കാണാത്ത ആത്മസമര്‍പ്പണത്തിന്റെ കഥയാണ് ക്രൊയേഷ്യ റഷ്യയില്‍ കാണിച്ചു തന്നത്. 1998 ല്‍ സുക്കറും സംഘവും കളിച്ച ഫുട്ബോളുമായി താരതമ്യം ചെയ്യപ്പെടുകയായിരുന്നു ക്രൊയേഷ്യ ഇതുവരെ. എന്നാല്‍ ഇനി ക്രൊയേഷ്യന്‍ ഫുട്ബോള്‍ 1998ന്റെ നിഴലിലല്ല എന്ന് മോഡ്രിച്ചും സഘവും തെളിയിച്ചുകഴിഞ്ഞു.