അര്‍ഹിച്ച വിജയവുമായി ക്രൊയേഷ്യ ഫൈനലിലേക്ക്

Glint Staff
Thu, 12-07-2018 01:50:28 PM ;

croatia

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍. ഞായറാളഴ്ച 8.30 ന് നടക്കുന്ന ഫൈനലില്‍ അവര്‍ ഫ്രാന്‍സിനെ നേരിടും. ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവരുടെ ഗോളുകളാണ്  ക്രൊയേഷ്യയുടെ ഫൈനല്‍ സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ക്രൊയേഷ്യയുടെ തിരിച്ചുവരവ് എന്നതും എടുത്ത് പറയേണ്ടതാണ്.

 

അഞ്ചാം മിനിട്ടില്‍ ഇംഗ്ലണ്ടിന് ലഭിച്ച ഫ്രീകിക്ക് സുന്ദരായി വലയിലെത്തിച്ചത് കെയ്‌റണ്‍ ട്രിപിയറാണ്. തുടര്‍ന്നും പല അവസരങ്ങളും തേടിയെത്തിയെങ്കിലും ഗോളാക്കാന്‍ ഇംഗ്ലണ്ടിനായില്ല. മാത്രല്ല ഗോള്‍ നേടിയ ശേഷം ആക്രമണത്തേക്കാള്‍ പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയതും അവര്‍ക്ക് വിനയായി.

 

അദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനായെങ്കിലും രണ്ടാം പകുതിയില്‍ ഇടവിട്ട് ഇടവിട്ട് വന്ന ക്രൊയേഷ്യന്‍ ആക്രമണത്തെ തടഞ്ഞ് നിര്‍ത്താന്‍ ഇംഗ്ലണ്ടിനായില്ല. ക്രൊയേഷ്യയുടെ അധ്വാനനത്തിന് 68ാം മിനിട്ടില്‍ ഫലമുണ്ടായി. സാലിയ്ക്കോയുടെ തകര്‍പ്പന്‍ ക്രോസിന് കാല് വെച്ചാണ് പെരിസിച്ച് ക്രൊയേഷ്യയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. പിന്നാലെ പല അവസരങ്ങളും ലഭിച്ചെങ്കിലും ക്രൊയേഷ്യയ്ക്ക് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ക്ഫോര്‍ഡ് തടസ്സമായി നിന്നു.

 

അങ്ങനെ കളി എക്സ്ട്രാ ടൈമിലേക്ക്. അപ്പോഴും ഉണര്‍ന്ന് കളിച്ചത് ക്രൊയേഷ്യയായിരുന്നു. അവസാനം അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ മാന്‍സൂക്കിച്ച്, പെരിസിച്ചിന്റെ പാസിലൂടെ ഫൈനലിലേക്ക് പന്തടിച്ചു കയറ്റി. 109ാം മിനിട്ടിലെ ആ ഗോള്‍ ഇംഗ്ലണ്ടിന്റെ ആശകള്‍ക്ക് വിരാമമിട്ടു. അര്‍ഹിച്ച വിജയവുമായി ക്രൊയേഷ്യ ഇനി ഫ്രാന്‍സിനെതിരെ. ഇനി കാത്തിരുന്ന് കാണാം ആര് കപ്പില്‍ മുത്തമിടുമെന്ന്.

 

 

 

Tags: