Skip to main content

Diego Maradona

അര്‍ജന്റീനയുടെ മത്സരവേദികളിലെ നിറസാന്നിധ്യമാണ് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. കാണിയുടെ റോളിലാണ് മറഡോണ എത്തുന്നതെങ്കിലും ക്യാമറക്കണ്ണുകള്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കാറുണ്ട്. പ്രത്യേകിച്ചും കളിയുടെ ഉദ്വേഗ നിമിഷങ്ങളില്‍. ലോകകപ്പ് മത്സരം കാണാനെത്തുന്ന മറഡോണയ്ക്ക് ഫിഫ അങ്ങോട്ടാണ് പണം കൊടുക്കുന്നത്. മത്സരം ഒന്നിന് ഒമ്പത് ലക്ഷം വച്ച്. ഒപ്പം യാത്രാ ചെലവും താമസവും ഭക്ഷണവും.

 

എന്നാല്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും എന്തെങ്കിലുമൊരു വിവാദം മറഡോണയുണ്ടാകും. ഐസ് ലന്റിനെതിരായ മത്സരത്തിനിടെ ഏഷ്യന്‍ വംശജരെ കളിയാക്കും വിധം മറഡോണ ആംഗ്യം കാട്ടിയതും, പുകവലി നിരോധനം മറികടന്നതും, നൈജീരിയക്കെതിരായ മത്സരത്തിനിടെ നടുവിരല്‍ പ്രയോഗം നടത്തിയതും ഫിഫയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

 

ഈ സാഹചര്യത്തില്‍ മറഡോണയ്ക്ക് താക്കീതുമായി ഫിഫയെത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിനകത്ത് മാന്യമായി പെരുമാറണമെന്നാണ് ഫിഫയുടെ മുന്നറിയിപ്പ്. എത്ര വലിയ താരമായാലും സ്റ്റേഡിയത്തിനകത്ത് മര്യാദ പുലര്‍ത്തണം, താരങ്ങളും സ്റ്റാഫും ആരാധകരും പരസ്പരം ബഹുമാനിക്കണമെന്നും ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് കോളിന്‍സ് അറിയിച്ചു.