ലെറ്റ്‌സ് ഫുട്‌ബോള്‍

അമല്‍ കെ.വി
ആസിഫ് മുഹമ്മദ്‌
Thu, 16-11-2017 06:09:58 PM ;

 isl

ഐ എസ് എല്‍ നാലാം സീസണ് നാളെ തുടക്കം. ആദ്യ മത്സരം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍ നടക്കും. ഏറെ മാറ്റങ്ങളോടെയാണ് നാലാം സീസണ്‍ എത്തുന്നത്.. മര്‍ക്കീ താരം എന്ന പരിപാടി ഈ സീസണില്‍ ഒഴിവാക്കി,ലൈന്‍ അപ്പില്‍ സ്വദേശി കളിക്കാരുടെ എണ്ണം അഞ്ചില്‍ നിന്ന് ആറാക്കി വര്‍ധിപ്പിച്ചു.ഇത്തവണ 10 ടീമുകളാവും ഐ എസ് എല്ലില്‍ മാറ്റുരക്കുക. ജംഷെഡ്പൂരും , എഫ് സി ബാംഗ്ലൂരുമാണ് ഐ എസ് എല്ലിലെ പുതുമുഖങ്ങള്‍. ഇത്തവണ സീസണിന്റെ ദൈര്‍ഘ്യവും കൂടുതലാണ്. ഓരോ ടീമിനും 18  ലീഗ് മത്സരങ്ങള്‍ ഉള്‍പ്പെടെ നാലു മാസത്തോളം സീസണ്‍ നീളും.

 

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാം, ആദ്യ സീസണിലെ ഫൈനലിലെ തോല്‍വി. രണ്ടാം സീസണിലെ നാണം കെട്ട അവസാന സ്ഥാനം.  മൂന്നാം സീസണില്‍ ഗംഭീര തിരിച്ച് വരവോടെ വീണ്ടും ഫൈനലില്‍ പക്ഷെ ഫൈനലില്‍ കൊല്‍ക്കത്തയോട് തോല്‍വി. അതേ കൊല്‍ക്കത്തയോട് തന്നെ ഇത്തവണ നാലാം സീസണില്‍ ആദ്യ മത്സരം. എല്ലാത്തിനും പകരം വീട്ടാന്‍ ഒരു മത്സരം അതും കൊച്ചിയില്‍.  

 

 isl

പക്ഷെ ഇരു ടീമുകളും  അടിമുടി മാറിയാണ് പുതിയ സീസണില്‍ എത്തുന്നത്.കൊല്‍ക്കത്തയുടെ സ്പാനിഷ് പങ്കാളികളായിരുന്ന അത്‌ലറ്റികോയുടെ പിന്തുണയില്ലാതെയാണ് കൊല്‍ക്കത്ത ഇത്തവണ എത്തുന്നത്. അത്‌ലറ്റികോ കൊല്‍ക്കത്തയല്ല അമര്‍ തൊമര്‍ കൊല്‍ക്കത്തയാണ് ഇപ്പോള്‍..

 

ബ്ലാസ്റ്റേഴ്‌സും മാറി, ഇംഗ്‌ളീഷ് സാന്നിധ്യമോടെ. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകന്‍ റെനേ മോള്‍സ്റ്റീനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് കളി പറഞ്ഞു കൊടുക്കാന്‍ എത്തിയിരിക്കുന്നത്.ഇന്ത്യയിലേക്ക് വന്നപ്പോള്‍ മാഞ്ചസ്റ്ററിന്റെ പഴയ കുറച്ച് കളിക്കാരെയും മോളസ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടുവന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍ ദിമിറ്റര്‍ ബെര്‍ബറ്റോവ് പ്രതിരോധ നിരത്താരം വെസ് ബ്രൗണ്‍ എന്നിവരാണ്  ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്.

 

ഇയാന്‍ ഹ്യും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തി എന്ന പ്രത്യേകതയും ഉണ്ട്. വെസ് ബ്രൗണ്‍ പരിക്കിന്റെ പിടിയിലാണെങ്കിലും നാളത്തെ ടീമില്‍ ബ്രൗണും ഉണ്ട്..

 

അതേസമയം കൊല്‍ക്കത്ത യുടെ റെക്കോര്‍ഡ് സൈനിംങ് റോബി കീന്‍ പരിക്കേറ്റത്തിനെ തുടര്‍ന്ന് രണ്ടാഴ്ചത്തെ വിശ്രമത്തിലാണ്. മറ്റൊരു വിദേശ താരം കാള്‍ ബേക്കറിനും പരിക്കേറ്റിട്ടുണ്ടെങ്കിലും നാളത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് അറിയുന്നത് .
 

നാളെ രാത്രിയിലാണ് ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത മത്സരം.

 

ഇത്തവണ കൊച്ചിയില്‍ കളികാണാന്‍ എത്തുന്നവരെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് കാത്തിരിക്കുന്നത്.

1. ഹ്യൂമേട്ടന്റെ തിരിച്ചു വരവ്

hume

ഐ. എസ്.എല്ലിന്റെ ആദ്യസീസണില്‍ ബ്ലാസ്റ്റേര്‍സ് മുന്‍ നിരക്കാരനായി കളിച്ച് മഞ്ഞപ്പടയുടെ മനസ്സിലിടം പിടിച്ച താരമാണ് ഇയാന്‍ ഹ്യൂം.  ആദ്യ സീസണു ശേഷം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ ഹ്യൂമേട്ടനെ മറന്നില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബ്ലാസ്റ്റേര്‍സിലേക്ക് തിരിച്ചെത്തുന്ന ഇയാന്‍ ഹ്യൂം ആരാധകര്‍ക്കായി കപ്പടിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്.

2. മുഖം മാറിയ മൈതാനവും ഗാലറിയും

 JNIStadium

അണ്ടര്‍ പതിനേഴ് ലോക കപ്പിനോടനുബന്ധിച്ച് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനകത്ത് എടുത്തു പറയേണ്ട ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനമാണ് അതില്‍ ഒന്നാമത്തേത്, അടുത്തത് ഗാലറിയും. കഴിഞ്ഞ സീസണിലൊക്കെ ഒടിഞ്ഞു വീഴാറായ കസേരയിലിരുന്നാണ് കളി കണ്ടതെങ്കില്‍ ഇത്തവണ നല്ല പുതു പുത്തന്‍ ഇരിപ്പിടങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്. ഇതിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

3. മെട്രോയുടെ കലൂരിലേക്കുള്ള വരവ്

kaloor metro station

കഴിഞ്ഞ മൂന്ന് സീസണുകളിലും കളി കാണാന്‍ പോയവര്‍ക്കറിയാം എന്തൊക്കെ പാട് പെട്ടാണ് സ്റ്റേഡിയത്തിലേക്കെത്തിയിരുതെന്ന്‌. പ്രധാന തടസ്സം മെട്രോയുടെ പണികളായിരുന്നു,  അതുകൊണ്ടുതന്നെ പലരും മെട്രോയെ പ്രാകിയിട്ടുണ്ടാകും. എന്നാല്‍ ഇത്തവണ ആ പ്രാക്കിന്റെ ആവശ്യമില്ല. മഹാരാജാസ് വരെ മെട്രോയുടെ പണി പൂര്‍ത്തിയായിരിക്കുന്നു. കളികാണാന്‍ ഇനി മെട്രോയില്‍ കയറി വരാം ബ്ലോക്കിനെ ഭയക്കാതെ.

 

 

 

Tags: