ലോക ഫുട്‌ബോളിന്റെ കളിവിരുന്ന് ഇന്ത്യയിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ 17-ാം പതിപ്പാണ് 2017 ഒക്ടോബറില്‍ ഇന്ത്യയില്‍ അരങ്ങേറുന്നത്.5 കോണ്‍ഫെഡറേഷനുകള്‍,6 സ്റ്റേഡിയങ്ങള്‍, 24 ടീമുകള്‍, 52 മത്സരങ്ങള്‍, 504 യുവപ്രതിഭകള്‍ ഫുട്ബാള്‍ പൂരം ഒക്ടോബര്‍ 6 ന് തുടങ്ങും. ഇനി കണ്ണും കാതും കാല്‍പന്തിലേക്ക്. ഇന്ത്യയിലേക്ക്.
കൊച്ചി , ന്യൂ ഡല്‍ഹി, നവി മുംബൈ , ഗുഹവത്തി, ഗോവ, കൊല്‍ക്കത്ത എന്നിവയാണ് വേദികള്‍. രാജ്യത്തെ 10 സ്റ്റേഡിയങ്ങളില്‍ നിന്നാണ് ഈ 6 വേദികള്‍ ഫിഫ തിരഞ്ഞെടുത്തത്.കൊച്ചിയിലെ കളികള്‍ 7നാണ് ആരംഭിക്കുക. ബ്രസീല്‍,നോര്‍ത്ത് കൊറിയ,നൈജര്‍,സ്‌പെയിന്‍ ടീമുകളുടെ കളികളാണ് കൊച്ചിയില്‍. ഇന്ത്യയുടെ കളികള്‍ ഡല്‍ഹിയിലാണ് നടക്കുക. ഇന്ത്യയുടെ ആദ്യ മത്സരം യൂ. എസ്.എയുമായാണ്.ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 6ന് വൈകിട്ട് 8 മണിക്കാണ് ഇന്‍ന്ത്യയുടെ ആദ്യ കളി.
ഫിഫയുടെ മികച്ച പരാമര്‍ശം കിട്ടിയ കാണികളാണ് കൊച്ചിയിലെ ഫുട്‌ബോള്‍ പ്രേമികള്‍. അവസാന നിമിഷം സ്റ്റേഡിയത്തിന് സമീപമുള്ള കടകള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും എല്ലാം പരിഹരിച്ച് നേരത്തെ തീരുമാനിച്ച ദിവസമായ സെപ്റ്റംബര്‍ 25 ന് തന്നെ കലൂര്‍ സ്റ്റേഡിയം ഫിഫക്ക് കൈമാറി.
ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ കൊച്ചി മെട്രോ കലൂര്‍ വരെ സര്‍വീസ് നടത്തണമെന്നുള്ള ഫിഫയുടെ നിര്‍ദ്ദേശം സഫലമാക്കാനും കേരളത്തിനായി. കൊച്ചിയിലെ ആദ്യ മത്സരങ്ങളുടെ ടിക്കറ്റുകള്‍ എല്ലാം ഇതിനോടകം തന്നെ വിറ്റ് തീര്‍ന്നു. ശേഷിക്കുന്നത് 13 നും 14 നും നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ടിക്കററ്റുകള്‍ മാത്രമാണ്.ഏറ്റവും കൂടുതല്‍ കാണികളെ കൊച്ചിയിലും കൊല്‍കത്തയിലുമാണ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിലൂടെ ഇന്ത്യ സ്വയം ലോകത്തിന് മുന്‍പില്‍ കാഴ്ചവെക്കുകയാണ്. ഇന്ത്യന്‍ ഫുട്ബാളിനെയും.
ഈ ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട ഏതാനും ചില കളിക്കാരുണ്ട്. ബ്രസീലിന്റെ വിനിഷ്യസ് ജൂനിയര്‍,ഇന്ത്യയുടെ മലയാളി താരമായ കെ.പി. രാഹുല്‍, ഫ്രാന്‍സിന്റെ അമിനെ ഗാവ്‌റി,സ്‌പെയിനിന്റെ ആബേല്‍ റയ്‌സ്, യു.എസ്.എയുടെ ജോഷ് സെര്‍ഗന്റ്,ഇന്ത്യയുടെ കോമല്‍ തട്ടാല്‍ അങ്ങനെ നീളുന്നു പട്ടിക. ഇതില്‍ ബ്രസീലിന്റെ വിനിഷ്യസ് ജൂനിയര്‍ ലോകകപ്പിന് ഉണ്ടാവില്ല. ഫ്‌ലെമിങ്ങോ ക്ലബ്ബുമായി വിനിഷ്യസിന് നേരത്തെ ഉള്ള കരാര്‍ പ്രകാരം താരത്തെ ലോകകപ്പിന് വിട്ടുതരില്ല എന്നാണ് ക്ലബ്ബ് പരിശീലകന്റെ തീരുമാനം. എന്നാല്‍ ബ്രസീല്‍ ടീം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിനിഷ്യസിനെ ലോകകപ്പിന് ലഭിക്കുമെന്ന് തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ലോകകപ്പിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇത്രയും മികച്ച ഒരുക്കങ്ങള്‍ നടത്താനായത്.ലോകകപ്പ് ഇന്ത്യന്‍ ടൂറിസത്തിനും കുതിപ്പേകുമെന്നാണ് കണക്കുകൂട്ടലുകള്‍.
ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് A : ഇന്ത്യ, യു.എസ്.എ, കൊളംബിയ, ഘാന
ഗ്രൂപ്പ് B : മാലി, ന്യൂസീലന്റ് , പരാഗ്വേ, തുര്‍ക്കി
ഗ്രൂപ്പ് C :കോസ്റ്ററീക്ക, ജര്‍മനി, ഗിനിയ, ഇറാന്‍
ഗ്രൂപ്പ് D : ബ്രസീല്‍, സ്‌പെയിന്‍,നോര്‍ത്ത് കൊറിയ, നൈജര്‍
ഗ്രൂപ്പ് E :ഫ്രാന്‍സ്, ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂ കാലഡോണിയ
ഗ്രൂപ്പ് F :ചിലി, ഇംഗ്ലണ്ട്, ഇറാക്ക്, മെക്‌സിക്കോ
ആദ്യ ദിവസത്തെ മത്സരങ്ങള്‍
ഒക്ടോബര്‍ 6 വൈകിട്ട് 5 മണിക്ക് :
ന്യൂസീലന്റ് vs തുര്‍ക്കി
കൊളംബിയ vs ഘാന
8 മണിക്ക് :
ഇന്ത്യ vs യു.എസ്.എ
മാലി vs പരാഗ്വേ.