സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരമെന്ന സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. സ്വഭാവമല്ല വൈരമുത്തുവിന്റെ രചനയ്ക്കാണ് ഒ.എന്‍.വി അവാര്‍ഡ് നല്‍കിയതെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം തെറ്റാണെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. നോബല്‍ സാഹിത്യ സമിതിയിലെ ജൂറി അംഗത്തിന്റെ ഭര്‍ത്താവ് മിടൂ ആരോപിതനായതിനാല്‍ 2018 ലെ നോബല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം റദ്ദാക്കിയ സംഭവം ഓര്‍ക്കണമെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
തമിഴ്കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം നല്‍കുവാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ സാംസ്‌കാരിക രംഗത്ത് നിന്നും ഉയര്‍ന്ന് വന്നിരുന്നു. അപ്പോഴാണ് സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരമെന്നും എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.