പൃഥ്വിരാജിനെതിരെ ജനം ടി.വിയുടെ വ്യക്തിഹത്യ, പ്രതിഷേധമറിയിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍; ലേഖനം പിന്‍വലിച്ചു

Glint desk
Thu, 27-05-2021 11:59:17 AM ;

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ വ്യക്തിഹത്യ നിറഞ്ഞതും അധിക്ഷേപിക്കുന്നതുമായ ലേഖനം പ്രസിദ്ധീകരിച്ച ജനം ടിവിക്കെതിരെ പ്രതിഷേധം. അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ്, അനുരാജ് മനോഹര്‍ ഇര്‍ഷാദ് അലി, സുബീഷ് സുധി, ജൂഡ് ആന്റണി, അരുണ്‍ ഗോപി, ഷിയാസ് കരീം, നവജിത് നാരായണന്‍ എന്നിവര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്ത് വന്നു.

കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപന്‍, വി.ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍, സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ എന്നിവരും പൃഥ്വിരാജിന് ഐക്യദാര്‍ഡ്യമറിയിച്ചിട്ടുണ്ട്. സിനിമയിലേതിനേക്കാള്‍ സമൂഹത്തിന് മുന്നില്‍ അഭിനയിക്കുന്ന മഹാനടന്മാര്‍ പൃഥ്വിയുടെ നിലപാടുകളുടെ പ്രഭക്ക് മുന്നില്‍ നിസാരരാണ്. സംഘ് പരിവാര്‍ നരേറ്റീവുകള്‍ക്ക് പൃഥ്വിയെന്ന നിലപാടിന്റെ നാമത്തെ തകര്‍ക്കാനാവില്ല എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.

പൃഥ്വിരാജിനെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്തുകയും ചെയ്യുന്നു' എന്നാണ് വി.ടി ബല്‍റാം എഴുതിയത്. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി എന്ന തലക്കെട്ടില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് ചാനല്‍ വെബ് സൈറ്റില്‍ ലേഖനം എഴുതിയത്. ഈ ലേഖനം ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ചാനലാണ് ജനം ടി.വി

ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്ന് സുരേഷ് ബാബു. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്‌നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും ചാനലിന്റെ വെബ് സൈറ്റിലുള്ള ലേഖനത്തില്‍ സുരേഷ് ബാബു.

Tags: