ഓണത്തിനല്ല, മരക്കാര്‍ അറബിക്കടലിന്റെ സിംഹം മേയ് 13ന്

Glint desk
Sun, 28-02-2021 06:27:22 PM ;

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ്. 2021 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന മരക്കാര്‍ പിന്നീട് ഓണം റിലീസായി മാറ്റിയിരുന്നു. എന്നാല്‍ മേയ് 13ന് പെരുന്നാള്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' 2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം.

കുഞ്ഞാലിമരക്കാരുടെ റോളില്‍ മോഹന്‍ലാല്‍ എത്തുന്ന പിരിഡ് ഡ്രാമയില്‍ പ്രധാന രംഗങ്ങളേറെയും കടല്‍ പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എസ് തിരുനാവുക്കരശ് ക്യാമറയും സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും. പ്രിയദര്‍ശനും അനി ഐ.വി.ശശിയും ചേര്‍ന്നാണ് തിരക്കഥ. റോണി റാഫേല്‍ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നു. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്, രാജീവ് രവി -നിവിന്‍ പോളി ചിത്രം തുറമുഖം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എന്നിവയും പെരുന്നാള്‍ റിലീസാണ്.

Tags: