Skip to main content

ഒന്‍പത് മാസത്തോളം അടച്ചിട്ടതിന് ശേഷം ജനുവരി 5-ാം തീയതി മുതല്‍ തീയേറ്റര്‍ തുറക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഒരു തീയേറ്റര്‍ പോലും തുറന്നിട്ടില്ല. പ്രത്യേക സഹായമോ പ്രത്യേക പാക്കേജോ ഒന്നുമില്ലാതെ തീയേറ്റര്‍ തുറക്കാന്‍ കഴിയില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടും എന്ന രീതിയിലാണ് തിയറ്റര്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ഒരുപാട് കടബാധ്യതകളും മറ്റുമുള്ളതിനാല്‍ തീയേറ്റര്‍ ഇപ്പോള്‍ തുറക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് തിയേറ്റര്‍ ഉടമകളുള്ളത്. തിയേറ്റര്‍ തുറന്നാല്‍ മാത്രമെ മലയാളം സിനിമ മേഖല ഉണര്‍വുണ്ടാവുകയും അതുവഴി സിനിമ മേഖല സജീവമാകുകയും ചെയ്യുകയുള്ളൂ. തിയേറ്റര്‍ തുറക്കാമെന്ന തീരുമാനത്തിനപ്പുറത്ത് അതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവേണ്ടത് ആവശ്യമാണ്. 

മലയാളത്തില്‍ 80ഓളം സിനിമകളാണ് റിലീസ് ചെയ്യാനായി കാത്ത് കിടക്കുന്നത്. ഇതില്‍ പലതും പ്രമുഖ നടന്മാരുടെയും പ്രമുഖ സംവിധായകന്‍മാരുടെയും സിനിമകളാണ്. തിയേറ്റര്‍ ഉടമകള്‍ തിയറ്റര്‍ തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ പ്രതിസന്ധി ആയിരിക്കും വരും ദിവസങ്ങളില്‍ സൃഷ്ടിക്കുക. ഇതിന് ശാശ്വതപരിഹാരം കണേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലേക്കായിരിക്കും പോകുക.