Skip to main content

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയില്‍. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായ സൂഫീയും സുജാതയുടെയും സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.  ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. 2015ല്‍ പുറത്തിറങ്ങിയ 'കരി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിരുന്നു.