ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് നടി വാമിഖ ഗബ്ബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നു താന്‍ ലജ്ജിക്കുന്നുവെന്നും കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നുമായിരുന്നു വാമിഖയുടെ പരാമര്‍ശം.
'ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു. എന്നാല്‍ ഇവരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ലജ്ജ തോന്നുന്നു. ഹിന്ദു എന്നതിന്റെ അര്‍ത്ഥം തന്നെ സ്‌നേഹം എന്നതാണ്. ഒരു പക്ഷേ, രാവണന്‍ ശരീരത്തില്‍ കയറിയാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ ആകുമായിരിക്കും. ഇത്രയധികം കോപവും വെറുപ്പും... വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കള്‍ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നു!'വാമിക ട്വീറ്റ് ചെയ്തു. വാമികയുടെ ട്വീറ്റിന് പിന്നാലെ താരത്തെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
അവരെന്നെ ബ്ലോക്ക് ചെയ്തതില്‍ ഏറെ സന്തോഷം. അവരുടെ മുന്‍ ട്വീറ്റുകളില്‍ സ്ത്രീകളോട് മറുപടി നല്‍കിയത് പോലെ എന്നോടും പറഞ്ഞിരുന്നുവെങ്കില്‍ എന്റെ ഹൃദയം തകര്‍ന്നേനെ...ദൈവം നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം നിറയ്ക്കട്ടെ...തന്നെ കങ്കണ ബ്ലോക്ക് ചെയ്ത വിവരം പങ്കുവച്ച് വാമിക കുറിച്ചു.
കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ചതിനെതിരേയാണ് കങ്കണയ്‌ക്കെതിരേ പ്രതിഷേധം. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കിസ് ബാനുവാക്കി ചിത്രീകരിച്ചത്. 100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.