പോയി ചൈനയെ തോല്‍പ്പിക്കൂ സിംഹപ്പെണ്ണേ എന്ന് അനുരാഗ് കശ്യപ്, മണ്ടനെന്ന് വിളിച്ച് കങ്കണ

Glint desk
Fri, 18-09-2020 04:10:19 PM ;

കങ്കണ പങ്കുവെച്ച ട്വീറ്റിന് പരിഹാസവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആരുടെയും മുന്നില്‍ തല കുനിക്കില്ല എന്നുമുള്ള കങ്കണയുടെ ട്വീറ്റിന് പരിഹാസവുമായാണ് അനുരാഗ് കശ്യപ് രംഗത്തെത്തിയത്. നിങ്ങളാണ് ഒരേയൊരു മണികര്‍ണ്ണിക. നാലഞ്ച് പേരെ കൂട്ടിക്കൊണ്ടുപോയി ചൈനയെ തോല്‍പ്പിക്കൂ എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി കങ്കണയും രംഗത്തെത്തി. എന്ന് മുതലാണ് ഇങ്ങനെ വിഡ്ഢിയായി മാറിയതെന്നും നമ്മള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത് നിങ്ങള്‍ക്കല്‍പ്പം കൗശലമൊക്കെ ഉണ്ടായിരുന്നു എന്നുമാണ് കങ്കണ മറുപടിയായി ട്വീറ്റ് ചെയ്തത്. 

'നിങ്ങളാണ് ഒരേയൊരു താരം സഹോദരി, ഒരേയൊരു യഥാര്‍ഥ മണികര്‍ണിക. നാലഞ്ച് പേരെ കൂട്ടി പോയി ചൈനയെ തോല്‍പ്പിക്കൂ. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ അതിക്രമിച്ച് കയറിയത് കണ്ടില്ലേ. ഞങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉള്ളിടത്തോളം കാലം ഇന്ത്യയ്ക്ക് ഭയക്കാനില്ലെന്ന് അവര്‍ക്ക് കാണിച്ച് കൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്'' എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

'ശരി ഞാന്‍ അതിര്‍ത്തിയില്‍ പോകാം. നിങ്ങള്‍ അടുത്ത ഒളിമ്പിക്‌സിന് പോകണം. നമ്മുടെ രാജ്യത്തിനായി സ്വര്‍ണമെഡല്‍ കൊണ്ടുവരണം. കലാകാരന്മാര്‍ക്ക് എന്തുമാകാന്‍ സാധിക്കുന്ന ബി-ഗ്രേഡ് ചിത്രമല്ല ഇത്. നിങ്ങള്‍ അലങ്കാര വാക്കുകളെ അതുപോലെ തന്നെ മനസിലാക്കുകയാണ്. എന്ന് മുതലാണ് ഇങ്ങനെ വിഡ്ഢിയായി മാറിയത്. നമ്മള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത് നിങ്ങള്‍ക്കല്‍പം കൗശലമൊക്കെ ഉണ്ടായിരുന്നു'. എന്നാണ് കങ്കണ മറുപടിയായി ട്വീറ്റ് ചെയ്തത്.

Tags: