സംഗീതരംഗത്തെ ആത്മഹത്യയെക്കുറിച്ചും നിങ്ങള്‍ ഉടന്‍ കേള്‍ക്കും; സോനു നിഗം

Glint desk
Sat, 20-06-2020 05:46:06 PM ;

സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡില്‍ ഉയരുന്നത്. ഇപ്പോള്‍ ബോളിവുഡ് സംഗീതമേഖലയുടെയും സ്ഥിതി മറിച്ചല്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഗായകന്‍ സോനു നിഗം. ബോളിവുഡ് സംഗീതത്തെ ഭരിക്കുന്നത് രണ്ട് മാഫിയകളാണെന്നും ഈ സ്ഥിതി മുന്നോട്ടു പോയാല്‍ ഗായകരുടെയോ സംഗീത സംവിധാകന്റെയോ ഗാനരചയിതാവിന്റെയോ ആത്മഹത്യയെക്കുറിച്ച് ഉടന്‍ തന്നെ കേള്‍ക്കാമെന്നും സോനു നിഗം പറയുന്നു. 

താന്‍ ഭാഗ്യവാനാണെന്നും ചെറുപ്പത്തില്‍ തന്നെ സംഗീത രംഗത്തേക്ക് വന്നത് രക്ഷയായെന്നും അന്ന് ഇതുപോലെയുള്ള മല്‍സരങ്ങള്‍ ഒന്നും ഇല്ലായിരുന്നു ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

സോനു നിഗം സല്‍മാന്‍ ഖാന്റെ പേരെടുത്തു പറയാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 2016ല്‍ ഒരു പുരസ്‌ക്കാര നിശയില്‍ അര്‍ജിത് സിംഗിന്റെ പെരുമാറ്റ രീതിയില്‍ അസ്വസ്ഥനായ സല്‍മാന്‍ തന്റെ സുല്‍ത്താന്‍ എന്ന സിനിമയില്‍ നിന്ന് അര്‍ജിത് സിംഗ് റെക്കോര്‍ഡ് ചെയ്ത ഒരു ഗാനം ഉപേക്ഷിക്കാന്‍ സംഗീത സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ഇത്രയും കാലത്തെ അനുഭവ സമ്പത്തുള്ള ഗായകരോട് ഇങ്ങനെയാണ് എങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥ ആലോചിച്ച് നോക്കൂ എന്ന് സല്‍മാന്റെ പേരെടുത്തു പറയാതെ സോനു നിഗം പറഞ്ഞു.

Tags: