സുശാന്തുമായി വഴക്കിട്ട് ഇറങ്ങിപ്പോന്നെന്ന് റിയ; നടിയെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു

Glint desk
Fri, 19-06-2020 05:07:09 PM ;

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രബര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. 9 മണിക്കൂറാണ് നടിയെ മുംബൈ പോലീസ് ചോദ്യം ചെയ്തത്. ലോക്ക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പിന്നീട് ഒരു വഴക്കുണ്ടായതിനെ തുടര്‍ന്ന് തിരിച്ചു പോന്നെന്നും നടി പറഞ്ഞു. അതിന് ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും മരിക്കുന്നതിന്റെ അന്ന് പോലും ഫോണില്‍ സംസാരിച്ചിരുന്നെന്നും 2020 അവസാനത്തോടെ തങ്ങള്‍ വിവാഹം കഴിക്കാന്‍ ഇരിക്കുകയായിരുന്നു എന്നും വീട് വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെന്നും റിയ പോലീസിനോട് പറഞ്ഞു. റിയയുടെ ഫോണ്‍ പോലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും മറ്റും ശേഖരിച്ചു.

വിഷാദരോഗത്തിന് സുശാന്ത് ചികില്‍സ തേടിയിരുന്നു എന്നും റിയ പോലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത് എന്നും മരുന്ന് കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും നടി വ്യക്തമാക്കി. 

ഇത് രണ്ടാം തവണയാണ് റിയയെ പോലീസ് ചോദ്യം ചെയ്യുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു. അമേരിക്കന്‍ റൊമാന്റിക് ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്.

 

Tags: