'നിങ്ങളുടെ ലൈംഗിക കാല്‍പ്പനിക ലോകത്ത് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതേണ്ട'; അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അപര്‍ണ നായര്‍

Glint desk
Mon, 08-06-2020 12:12:50 PM ;

ഫേസ്ബുക്കില്‍ ലൈംഗിക അധിക്ഷേപം നടത്തിയ ആള്‍ക്ക് മറുപടിയുമായി അപര്‍ണ നായര്‍. ലൈംഗിക അധിക്ഷേപം നടത്തി പ്രൊഫൈലും ചിത്രവും സഹിതമാണ് അപര്‍ണയുടെ പോസ്റ്റ്. 

അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ്;

'എന്റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും. അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോല്‍സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്‍പ്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വികലമായ നീക്കത്തെ കണ്ട് ഞാന്‍ മിണ്ടാതിരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി. 

നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാല്‍സല്യപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസ്സിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെ ഉള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്. 30 സെക്കന്റ് നീണ്ട് നില്‍ക്കുന്ന താല്‍ക്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല'. 

ലോക്ക്ഡൗണ്‍ കാലത്തും സ്ത്രീ അഭിനേതാക്കള്‍ സമൂഹമാധ്യമങ്ങളിലെ കമന്റുകളിലൂടെയും ഇന്‍ബോക്‌സിലൂടെയും നേരിടുന്ന സൈബര്‍ ബുള്ളിയിംഗിന് കുറവില്ല. നേരത്തെ അനുശ്രീ, അനുമോള്‍, ശ്രിന്ദ എന്നിവരും സമൂഹമാധ്യമങ്ങളിലെ കമന്റുകളിലൂടെ അധിക്ഷേപിച്ച ആളുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. 

Tags: