കൊവിഡ് ടെസ്റ്റ് എടുത്തതിന്റെ ഫലം ആരാധകരുമായി പങ്കുവെച്ച് പൃഥ്വിരാജ്. ഫലം നെഗറ്റീവാണെന്നും എങ്കിലും ക്വാറന്റൈനില്‍ തുടരുമെന്നും നടന്‍ കുറിച്ചു.
മെയ് 22നാണ് പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മെയ് 29ന് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടിലും 7 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുമെന്ന് താരം വ്യക്തമാക്കിയിരുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലേക്ക് പോയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങിയിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ അനുമതിയോടെ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സംഘം നാട്ടിലെത്തിയത്.