ആമിര്‍ ഖാനും അമിതാഭ് ബച്ചനും ഒന്നിച്ച 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഇതിന്റെ പേരില്‍ ആമീര്‍ ഖാന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ മോശം പ്രകടനം ഇപ്പോള്‍ തിയേറ്റര്‍ ഉടമകളെയും ബാധിച്ചിരിക്കുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രം വലിയ ഹിറ്റാകുമെന്ന് കരുതിയിരുന്ന തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് വിതരണക്കാരെ സമീപീക്കാനൊരുങ്ങുകയാണ് തിയേറ്റര്‍ ഉടമകള്‍ എന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം മുന്നൂറ് കോടി മുതല്‍മുടക്കിലാണ് യാഷ് രാജ് ഫിലീംസ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ നിര്‍മ്മിച്ചത്. ഇതില്‍ പകുതി തുക വരെ മാത്രമേ ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് സൂചന. തിയേറ്റര്‍ ഉടമകള്‍ക്കും ചിത്രത്തിനായി മുടക്കിയതിന്റെ 50 ശതമാനം തുകമാത്രമേ ഇതുവനരെ നേടാനായിട്ടുള്ളൂ. നഷ്ടം നികത്താന്‍ അമീര്‍ ഖാനും അമിതാഭ് ബച്ചനും ഞങ്ങളെ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചു.
നേരത്തെ ഷാരൂഖ് ഖാന്, സല്മാന് ഖാന്, രജനികാന്ത് തുടങ്ങിയവര്‍ അവരുടെ ചിത്രം പരാജയപ്പെട്ടപ്പോള്‍ വിതരണക്കാര്‍ക്ക് മുടക്കുമുതല്‍ തിരികെ നല്‍കിയിരുന്നു.