താന്‍ ചെയ്യുന്നതെന്തെന്ന് വിനു വി ജോണ്‍ അറിയുന്നില്ല

Glint Staff
Sat, 16-06-2018 03:29:40 PM ;

 vinu-v-john

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ തുടക്കത്തില്‍ വളരെ സഭ്യമായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു. എന്നാല്‍ സരിത കേസ്സിന്റെ കാലത്തോടെ വിനുവിന്റെ ശൈലി മാറി. അതിന് സരിത കേസ്സുമായി ബന്ധമൊന്നുമില്ല. പക്ഷേ ആ കാലത്താണ് മാറ്റം കണ്ടുതുടങ്ങിയത് എന്ന് മാത്രം. ഇപ്പോള്‍ മിക്ക ദിവസവും ഏഷ്യാനെറ്റില്‍ അന്തിച്ചര്‍ച്ച നയിക്കുന്നത് വിനുവാണ്. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ഏഷ്യാനെറ്റ് ന്യൂസിന്റെ ഉയര്‍ന്ന റേറ്റിംഗിന് വിനു വി ജോണിന്റെ അവതരണം സഹായകരമായതുകൊണ്ടാണ് അദ്ദേഹത്തെ ആ സ്ഥാപനം, ആ പരിപാടിയില്‍ നിലനിര്‍ത്തുന്നത്.
       

 

മത്സരം കടുക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികത മാത്രമാണ് വിനുവിലൂടെ കാണുന്നത്.  ജനത്തിന്റെയും, ജനായത്തത്തിന്റെയും, മാനവികതയുടെയുമൊക്കെയുള്ള പക്ഷത്ത് നിന്നാണ് താന്‍ ചര്‍ച്ച നടത്തുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന വിധത്തിലാണ് വിനുവിന്റെ അവതരണം. ചര്‍ച്ചക്കിടയില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ആക്രോശം നടത്തുന്നതിനും അവരുടെ ചെയ്തികളെ തെരുവിന്റെ ഭാഷയില്‍ വിശേഷിപ്പിക്കുന്നതിനുമൊക്കെ ജനത്തിന്റെ സമ്മതം തനിക്കുണ്ട് എന്ന മിഥ്യാധാരണ വിനുവിനെ നയിക്കുന്നുണ്ട്. ഇപ്പോള്‍ വിനുവിന്റെ അവതരണത്തെ പശ്ചാത്തലമാക്കി കാണിച്ചുകൊണ്ട് ഏഷ്യാനെറ്റിന്റെ ഒരു പരസ്യം വരുന്നുണ്ട്.' ചെങ്ങന്നൂരില്‍ സജി ചെറിയാന് ഏറ്റവും വലിയ ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് വിശകലനത്തിന് ഏഷ്യാനെറ്റിന് തകര്‍പ്പന്‍ റേറ്റിംഗ്' . ഇതാണ് സംഗതി. വിനു ജനത്തിന്റെ പേരിലും ധാര്‍മ്മികതയുടെ പേരിലും പ്രകടമാക്കുന്ന രോഗലക്ഷണസമാനമായ പെരുമാറ്റങ്ങള്‍ ചാനലിന്റെ ധനസ്ഥിതി വര്‍ധിപ്പിക്കുന്നതിനു വേണ്ടിത്തന്നെയാണ്.
      

 

ഒരു വ്യക്തി സംസാരിക്കുമ്പോള്‍, അയാള്‍ മറ്റൊരാളെ എന്തു വിളിച്ചാലും, മറ്റൊരാളുടെ ചെയ്തികളെ എത്ര നീചമായി ചിത്രീകരിച്ചാലും അവിടെ ആ സംസാരിക്കുന്ന വ്യക്തി സ്വയം നിര്‍വചിക്കുകയാണ്. ആ നിലയ്ക്ക് വിനു അവതരിപ്പിച്ച അടുത്ത കാലത്തെ ഏതെങ്കിലുമൊരു ചര്‍ച്ച എടുത്ത് നോക്കിയിട്ട് തന്റെ നിര്‍വചനം എങ്ങനെയുണ്ടെന്ന് വിനുവിന് തന്നെ കണ്ടെത്താവുന്നതാണ്. മനശ്ശാസ്ത്രത്തിലെ ബൈപോളാര്‍ ഡിസീസിന്റെ പ്രകടിത സ്വഭാവമാണ് വിനുവിന്റെ ആക്രോശങ്ങളിലും വിലയിരുത്തലുകളിലും കാണുന്നത്. എന്തെല്ലാം ദോഷങ്ങള്‍ ഉണ്ടെങ്കിലും ഇന്നും നമുക്ക് ജനായത്തം ഉണ്ട് എന്നുള്ളത് അതില്ലാതാകുമ്പോള്‍ മാത്രമേ മനസ്സിലാവുകയുളളു.അതുള്ളതുകൊണ്ടു മാത്രമാണ് വിനുവിന് ഇവ്വിധം പെരുമാറാന്‍ കഴിയുന്നത്. അതിനാല്‍ അത് നിലിനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വം വിനുവിന് കൂടിയുണ്ട്. അത് നഷ്ടമായാല്‍ വിനുവെന്ന വ്യക്തിക്കല്ല നഷ്ടം. ജനത്തിനാണ്.
       

 

മുഖ്യമന്ത്രി വ്യക്തിയുമാണ് അതേ സമയം കേരള ജനതയാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും കൂടിയാണ്. ജനായത്തത്തോട് കാണിക്കുന്ന ബഹുമാനം മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തോട് കാട്ടേണ്ടതാണ്. അദ്ദേഹത്തിന്റെ നിലപാടുകളിലും, പെരുമാറ്റത്തിലും, പ്രതികരണത്തിലും പരുഷതയും ധാര്‍ഷ്ട്യവും ഉണ്ടാകാം. അതിന്റെ പേരില്‍ അദ്ദേഹത്തെ അപലപിക്കുകയല്ല മാധ്യമവും മാധ്യമപ്രവര്‍ത്തകനും ചെയ്യേണ്ടത്. സ്വയം പെരുമാറ്റ രീതിയിലൂടെ സഭ്യതയുടെ മഹത്വമെന്തെന്ന് കാണിച്ചുകൊണ്ട്, മുഖ്യമന്ത്രിയുടെയും ജനങ്ങളുടെയും ശ്രദ്ധയില്‍ അത്  പെടുത്തുകയാണ് വേണ്ടത്. അതുവഴി എങ്ങനെയാണ് ജനായത്തത്തിലെ പരസ്പര ബഹുമാനമെന്നും, സ്വയം ബഹുമാനമെന്നും കാഴ്ചക്കാര്‍ക്ക് മനസ്സിലാകും. അത് നല്ല മാറ്റങ്ങള്‍ക്ക് വഴി വയ്ക്കും. അപ്പോഴാണ് തിരുത്തല്‍ ശക്തിയായി മാധ്യമം മാറുക.  അബോധാവസ്ഥയില്‍ ബോധാവസ്ഥയെ അവതരിപ്പിക്കുക എന്നതാണ് അവതാരകന്റെ ദൗത്യം. ആ സ്ഥാനത്ത് അബോധാവസ്ഥയില്‍ നിന്ന് കൊടിയ അബോധാവസ്ഥയിലേക്ക് നയിക്കുന്ന തരത്തിലാണ് വിനുവിന്റെ അവതരണം. മിക്ക ചാനലുകളിലെയും സ്റ്റാര്‍ അവതാരകരുടെ സ്ഥിതി ഇതാണ്. ഇവിടെ പ്രകടമാകുന്നത് അവതാരകരുടെ വ്യക്തിത്വപ്രശ്‌നമാണ്. ചിലത് ചികിത്സ അര്‍ഹിക്കുന്നതുമാണ്.
         

 

കോണ്‍ഗ്രസിലെ അന്തച്ഛിദ്രത്തെ കുറിച്ച് നടത്തപ്പെട്ട ഒരു അന്തിച്ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയെ നികൃഷ്ടമായി ചിത്രീകരിക്കാനുള്ള തത്രപ്പാടില്‍ അദ്ദേഹത്തിന്റെ അനുയായിയും ഗ്രൂപ്പുകാരനുമായ ഇരിക്കൂര്‍ എം.എല്‍.എ കെ.സി ജോസഫിനെ ഗുണ്ടയെപ്പോലെ എന്ന്  വിനു വിശേഷിപ്പിക്കുകയുണ്ടായി. ഇത് ചാനലില്‍ ഇരുന്നു വിളിക്കുന്നതിനു പകരം ഏതെങ്കിലും പൊതു സ്ഥലത്ത് വച്ച് ജോസഫിന്റെ അനുയായികള്‍ കേള്‍ക്കെ വിളിക്കുകയാണെങ്കില്‍ അവര്‍ പ്രകോപിതരാകും. അവര്‍ വിനുവിനെ കൈ വയ്ക്കുകയും ചെയ്യും. ഇങ്ങനെയാണ് തെരുവ് സംഘട്ടനങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. കോപം അടക്കാന്‍ വയ്യാതെ ആക്രമണത്തിന്റെ ഭാഗമായി വാക്കുകള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍, മുറിവേല്‍ക്കുന്നവര്‍ നടത്തുന്ന പ്രത്യാക്രമണം. അതാണ് എല്ലാ തെരുവ് അക്രമങ്ങളുടെയും പിന്നില്‍  നടക്കുന്നത്. ഈ സംസ്‌കാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരുന്നവരിലേക്കും പടര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ഈ തെരുവ് സംസ്‌കാരത്തിന്റെ കൊഴുപ്പിക്കലിലാണ് റേറ്റിംഗ് ഇരിക്കുന്നത്.

 

ഏറ്റവും വലിയ അപകടം ഇത്തരം ചര്‍ച്ചകള്‍ സ്ഥിരമായി വയ്ക്കുന്ന വീടുകളില്‍ രാത്രിയില്‍ എട്ടു മുതല്‍ ഒമ്പതു മണി വരെ പൊരിഞ്ഞ വഴക്കിന്റെ അന്തരീക്ഷമായിരിക്കും. വീട്ടിലുള്ളവരെ അത് സ്വാധീനിക്കും. അത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപെടലില്‍ നിഴലിക്കുകയും ചെയ്യും. മലയാളിയുടെ കുടുംബാന്തരീക്ഷം സംഘര്‍ഷ പൂരിതമാകുന്നതിലും അക്ഷമ വളരുന്നതിലും ഈ അന്തിച്ചര്‍ച്ചകള്‍ നന്നായി സംഭാവന നടത്തുന്നുണ്ട്. ചാനലുകാരുടെ ഭാഗത്തു നിന്ന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ കാഴ്ചക്കാര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. വസ്തുതകളുടെ വിശകലനമല്ല ഇത്തരം ചര്‍ച്ചകളില്‍ നടത്തുന്നത്. മറിച്ച് വൈകാരിക വേലിയേറ്റങ്ങളുടെ അവതരണമാണ്. അത് വല്ലാതെ കണ്ടിരിക്കാന്‍ കാഴ്ചക്കാരനോ കാഴ്ചക്കാരിക്കോ തോന്നുകയാണെങ്കില്‍ ആ വ്യക്തിയില്‍ ബൈപോളാര്‍ രോഗത്തിന്റെ അണുബാധ കയറിത്തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. രോഗലക്ഷണം കണ്ടു തുടങ്ങിയാല്‍ അതില്‍ നിന്നൊഴിവാകുന്നതിന് നടപടികള്‍ സ്വീകരിക്കാം. അതുപോലെ രോഗമുണ്ടാക്കുന്ന ഘടകങ്ങളെ അകറ്റി നിര്‍ത്തേണ്ടതും വിവേകമുള്ളവര്‍ ചെയ്യുന്ന നടപടികളാണ്.
    

 

നല്ല രീതിയില്‍ വാര്‍ത്ത അവതരിപ്പിച്ചിരുന്ന തന്നെ കാണണമെങ്കില്‍ പഴയ ഏതെങ്കിലും ഒരു പരിപാടി വിനുവിനെടുത്ത് നോക്കാം. ആ വിനുവിനെ തിരിച്ചു പിടിക്കേണ്ട കാര്യമൊന്നുമില്ല. മാധ്യമപ്രവര്‍ത്തകന്‍ സമൂഹത്തിലെ ഏറ്റവും വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയാണ്. ആ നിലയ്ക്ക് സ്വയം മാറാനും മാറ്റിപ്പണിയാനും മാധ്യമപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അപ്പോള്‍ മാത്രമേ മാധ്യമപ്രവര്‍ത്തനവും വികാസം പ്രാപിക്കുകയുള്ളൂ. നിലവില്‍ മാധ്യമപ്രവര്‍ത്തകരിലൂടെ ആ ധന്യപ്രവൃത്തിയുടെ പരിമിതിയാണ് ബോധ്യമാകുന്നത്. മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകരിലൂടെ മാത്രമേ വെളിവാകുകയുളളൂ. അതിനാല്‍ വ്യക്തിയിലുണ്ടാകുന്ന പരിണാമം കൂടിയാണ് മാധ്യമപ്രവര്‍ത്തനത്തിലും സംഭവിക്കുക. ഓരോ ദിവസവും തന്റെ പ്രവര്‍ത്തനത്തനത്തിലൂടെ വ്യക്തിയും തൊഴിലും മിനുസപ്പെട്ടുവരുന്നിടത്താണ് മഹത്വം വെളിവാകുന്നത്. അപ്പോള്‍ മാത്രമേ മാധ്യമപ്രവര്‍ത്തനവും മഹത്വമുള്ളതായി മാറുകയുള്ളു. അല്ലെങ്കില്‍ തെരുവിലൊരാളെപ്പോലെ സിറ്റിസണ്‍ ജേര്‍ണലിസമായി മാധ്യമപ്രവര്‍ത്തനം കലാശിക്കും.

 

 

 

Tags: