1994 ലാണ് ഓരാ പ്രോ നോബിസ് വായിച്ചത്. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ അന്ന് നാഷണല്‍ ബുക്സ്റ്റാളിന്റെ ഒരു ശാഖയുണ്ടായിരുന്നു. അവിടെ പൊടിപിടിച്ചു കിടന്നിരുന്ന പുസ്തകങ്ങളെല്ലാം പെറുക്കിക്കൂട്ടി കുറേ ദിവസം അവര്‍ വില കുറച്ച് വില്ക്കാന് വച്ചിരുന്നു. ആ ദിവസങ്ങളിലൊന്നില്‍ കണ്ണൂരില്‍ പോകാനും എന്‍ബിഎസില്‍ കയറി, കയ്യില്‍ കാശില്ലാത്തതിനാല്‍ മിനുത്ത കവര്‍ പേജുമായി വിളങ്ങിയ ആഢ്യന്മാരെ ഒഴിവാക്കി, പൊടിപിടിച്ചു കിടന്നിരുന്ന തിരസ്കൃത വൃദ്ധന്മാരെ തേടി ചെല്ലാനും ഭാഗ്യമുണ്ടായി. അന്ന് അറുപത് ശതമാനം കിഴിവില്‍ കിട്ടിയ പ്രകാശമാനമായ രണ്ട് പുസ്തകങ്ങളാണ്, കലിയുഗവും ഓരാ പ്രോ നോബിസും. പോഞ്ഞിക്കര റാഫി, സബീനാ റാഫി എന്നീ പേരുകള്‍ ആദ്യമായി കേള്‍ക്കുന്നതും അന്നു തന്നെ. അറിവിന്റെയാ പ്രകാശഗോപുരങ്ങളെ അടുത്തു നിന്നു കണ്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചു പോയി. രണ്ട് പുസ്തകങ്ങളും പക്ഷെ എവിടെയോ നഷടപ്പെട്ടു. ഓരാ പ്രോ നോബിസ് ഈയിടെ പ്രണത ബുക്സ് പുന:പ്രകാശനം ചെയ്തു. ബോണി തോമസ്സിന്റെ മനോഹര ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചതാണ് പുതിയ പതിപ്പ്. കലിയുഗത്തെ എവിടെയും കണ്ടില്ല.
വേറൊരു പോഞ്ഞിക്കരക്കാരനിതാ പ്രകാശം പരത്തി മുന്നില്‍ നില്ക്കുന്നു. നനഞ്ഞ മണ്ണടരുകളുമായി. പുതിയ ഓരോ പ്രോനോ ബിസ് വായിച്ചു തീര്ത്തന്നു് ഉച്ചക്കാണ് രതിച്ചേച്ചി എപ്പോഴുമുള്ള തിരക്കോടെ ബാങ്കിലേക്ക് കേറി വന്നത്. എവിടെ സുരേഷ് എന്നന്വേഷിക്കുന്നത് കേട്ട് തല ഉയര്‍ത്തിയപ്പോള്‍ ചേച്ചി മുന്നില്‍. മുഖവുരയേതുമില്ലാതെ ഒറ്റച്ചോദ്യം, ' മിരാന്‍ഡയുടെ നനഞ്ഞ മണ്ണടരുകള്‍ വായിച്ചോ?' ഇല്ലെന്ന എന്റെ മറുപടിക്ക് മറുപടിയായി മാറിലടക്കിപ്പിടിച്ച കടലാസ് കൂടില്‍ നിന്ന് തനഞ്ഞ മണ്ണടരിന്റെ ഒരു കോപ്പി എടുത്തു നീട്ടി. കടലാസു കൂടില്‍ ഇനിയും കുറേ കോപ്പികള്‍. 'ചേച്ചീ, ഇതിന്റെ വില ?' എന്ന എന്റെ വങ്കന് ചോദ്യത്തിന് നിഷേധാര്‍ത്ഥത്തില്‍ കയ്യിളക്കി, 'ഹേയ്... വായിച്ചിട്ടഭിപ്രായം പറ' എന്ന് പറഞ്ഞ് വന്ന വേഗത്തില്‍ തന്നെ ചേച്ചി തിരിച്ചു പോയി. അതാണല്ലോ രതിച്ചേച്ചി. മനുഷ്യരേയും നല്ല സാഹിത്യത്തേയും നല്ലതേതിനേയും തന്നോളം സ്നേഹിക്കുന്ന രതിച്ചേച്ചി.
പുസ്തകം മറിച്ചു നോക്കവേ വീണ്ടും ബോണി തോമസിന്റെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നു. ഏറ്റവും പ്രിയനായ ചിത്രകാരന് മരിയോ മിരാന്റയുടെ പ്രത്യക്ഷ സ്വാധീനമുള്ള ചിത്രങ്ങള്‍. മനോഹരമായി നിര്‍മ്മിക്കപ്പെട്ട പുസ്തകം. ഇംഗ്ലീഷ് പേപ്പര്‍ ബാക് പുസ്തകങ്ങളുടേതു പോലെ ഭാരമില്ലാത്ത കടലാസ്. വൈന്നേരം വീട്ടിലേക്കുള്ള ബസ്സിലിരുന്ന് പുസ്തകം തുറന്നപ്പോഴാണ് കടലാസിന് മാത്രമേ ഭാരമില്ലാതുള്ളൂ എന്ന് മനസ്സിലായത്.
നനഞ്ഞ മണ്ണടരുകള്‍ ഏതൊരാളും ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കും. മനോഹരമായ ഭാഷ. മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍. സന്ദര്‍ഭങ്ങള്‍. മരിച്ചവരെ കുറിച്ചുള്ള ഓര്‍മകള്‍ ഈ പുസ്തകത്തില്‍ നിറഞ്ഞിരിക്കുന്നു. മരണം മനോഹരമായ ഒരു കവിതയാണെന്ന് ഈയിടെയാണല്ലോ ഞാന്‍ പഠിച്ചത്! (സ്നേഹസ്വരൂപനായ സാഹിത്യകാരന് ജസ്റ്റിസ് ജിന്‍ പുത്തേഴത്തിന് നന്ദി. സ്നിഗ്ദ്ധമധുരമായി ഈ പാഠം പഠിപ്പിച്ചതിനു് )
'കുഴിമാടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ ഉചച്ചൂടു കൊണ്ട് ഞെരിപിരി കൊള്ളുകയാണ്..... കാലവര്‍ഷം ചിങ്ങത്തിലും കര്‍ക്കടകത്തിലും തിമര്‍ത്തു പെയ്തു. മണ്ണ് ഒരു ചകിരിക്കുഴി പോലെ വെള്ളം നിറഞ്ഞ് ചതുപ്പായിട്ടും ഒരാള്‍ക്കും തണുപ്പിന്റെ അലട്ടോ ഈര്ഷ്യയോ ഉണ്ടായില്ല. മഴയും തണുപ്പും ആത്മാക്കള്‍ക്ക് എപ്പോഴും ശാന്തിയും സമാധാനവും മാത്രമാണ് തരുന്നത്..... '
മരണം കാത്തുകിടക്കുന്ന സ്വന്തം ഭര്‍ത്താവിനെയും തന്നെയും കുറിച്ചുള്ള വലിയൊരു രഹസ്യം ഭര്‍ത്താവിന്റെ മരണത്തിനു തൊട്ടുമുമ്പ് വെളിവാക്കിത്തന്ന ഏറ്റവുമടുത്ത കൂട്ടുകാരി, വരാന്തയില്‍, 'പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ട് കുത്തിയിട്ടതു പോലെ കുഴഞ്ഞുമറിഞ്ഞ് പൊടിഞ്ഞു വീണു കിടക്കുന്ന'ത് കണ്ടു ഞെട്ടി, പിന്നെ അവളുടെ മരണത്തിന്റെ ആഘാതത്തില്‍ തളര്‍ന്നു വീണ്, മരിച്ചുപോയ ബന്ധുക്കള്‍ അടുത്തേക്ക് വരുന്നതായി കണ്ട് കിടക്കുന്ന മേബിളിന്റെ ഓര്‍മ്മയാണ് ഈ നോവല്‍.
എന്ത് മനോഹരമാണ് ജോണിയുടെ ഭാഷ
കൊച്ചിയുടെ ചരിത്രം സ്വന്തം കുടുംബ ചരിത്രവുമായി കൂട്ടിയോജിപ്പിച്ച് പുസ്തകമാക്കി വയ്ക്കുകയാണ് ഓരാ പ്രോ നോബിസിലെ അംബ്രോസപ്പൂപ്പന് ചെയ്തത്. മേബിള്‍ പക്ഷെ, അവളറിയാതെ കൊച്ചിയുടെ അനതിവിദൂരമായ ഭൂതകാലത്തെ തന്റെ ജീവിതവും ഓര്‍മ്മകളും കൊണ്ട് അടയാളപ്പെടുത്തി വെക്കുന്നു.
മണ്ണടരുകള്ക്കിടയില് മഴയുടെ ഈര്‍പ്പം കൊതിച്ച്, കയ്യനങ്ങാതെ മെയ്യനങ്ങാതെ കാത്തു കിടക്കുന്ന ആത്മാക്കളുടെ പരമ്പരയല്ലാതെ മറ്റെന്താണു് ചരിത്രം?
രതിച്ചേച്ചിക്ക് നന്ദി.. വായിക്കപ്പെടേണ്ട പുസ്തകങ്ങള്‍ക്ക് പ്രചാരം ലഭിക്കാത്ത കാലത്ത് ഒരു നല്ല പുസ്തകം വായിക്കാന്‍ തന്നതിന്.
എന്റെ മനസ്സില്‍ തോന്നിയ ഒന്ന് ഞാന്‍ പറഞ്ഞോട്ടേ? പുതിയ കാലത്തിന്റെ ഓരാ പ്രോ നോബിസാണ് ജോണി മിറാന്‍ഡയുടെ നനഞ്ഞ മണ്ണടരുകള്‍ ..