'എലിസെന്‍' വായിക്കുമ്പോള്‍

സുരേഷ് ശേഖരന്‍
Sat, 30-01-2021 02:17:26 PM ;

ശ്രീ ജ്യോതിര്‍ഘോഷ്, ഞങ്ങളുടെ  ഘോഷേട്ടന്‍,  കുതിച്ചെത്തിയ  കൊടുങ്കാറ്റുപോലെ നിനച്ചിരിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നയാളാണ്. തികച്ചും ആസ്വാദ്യമായിരുന്നു അക്കാലത്തെ എന്റെ ജീവിതം. രണ്ടായിരത്തിയെട്ട്. ത്രിപ്പൂണിത്തുറയിലെ ബാങ്കില്‍, സ്‌ട്രെസ്സ് ധാരളമുള്ളതായിരുന്നെങ്കിലും ആസ്വദിച്ചനുഭവിച്ച  മാനേജര്‍ ഉദ്യോഗം. ഓണ്‍ ലൈനും ഓഫ് ലൈനുമായ കാവ്യാസ്വാദനം, പതിവു തെറ്റാത്ത വായന, അത്തച്ചമയം, വൃശ്ചികോത്സവം... എന്നിരിക്കിലും എവിടെയോ ഒരസ്വസ്ഥത അണയാത്ത നെരിപ്പോടു പോലെ നീറിക്കൊണ്ടിരുന്നു. എന്തിനെന്നറിയാതെ. പലരോടും ചോദ്യങ്ങള്‍ ചോദിച്ചു. പലതും വായിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകളില്‍ പലതിലും ആഴ്ന്നു മുങ്ങി. നെരിപ്പോട് നീറിക്കൊണ്ടേയിരുന്നു. ശമനമില്ലാതെ !

പിറവി എന്ന പേരില്‍ തിരുവനന്തപുരത്തെ സ്‌ക്കൂള്‍ ഓഫ് ഭഗവദ് ഗീത ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു, ശ്രീ സി.രാധാകൃഷ്ണന്റെ പത്രാധിപത്യത്തില്‍. ഒരു മാസികയുടെ പ്രൊഡക്ഷന്‍ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉദാഹരണമായിരുന്നു, കനത്ത അകക്കാമ്പുണ്ടായിരുന്ന, പിറവി. പിറവിയുടെ താളുകളിലാണ് ഞാന്‍ ആദ്യമായി ഘോഷേട്ടനെ കാണുന്നത്.

എക് ഹാര്‍ട്ട് ടോളിയെന്ന, എനിക്കേറ്റവും ഇഷ്ടമുള്ള ഒരു മഹാത്മാവിന്റെ, മഹത്തായ പുസ്തകം 'പവര്‍ ഓഫ് നൗ' അധികരിച്ച് സ്വതന്ത്രമായ രീതിയില്‍ ലേഖനങ്ങള്‍ എഴുതുകയായിരുന്നു, ഘോഷേട്ടന്‍. രണ്ട് ലക്കം വായിച്ചു കഴിഞ്ഞപ്പോഴേക്കും ആളെ കാണണമെന്ന് കനത്ത മോഹമായി. ലേഖനത്തോടൊപ്പം എഴുത്തുകാരനെക്കുറിച്ചുള്ള കുറിപ്പും മൊബൈല്‍ നമ്പറും ഉണ്ടായിരുന്നെന്നാണോര്‍മ്മ; അതോ ഞാന്‍ പിറവിയുടെ ഓഫീസില്‍ വിളിച്ചാണോ നമ്പര്‍ സംഘടിപ്പിച്ചത്?  എന്തായാലും ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാനങ്ങ് വിളിച്ചു. അങ്ങേത്തലക്കല്‍ ഘനഗംഭീര ശബ്ദം. ഞാന്‍ ലേഖനം വായിച്ചുവെന്നും, നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോള്‍ കാണാമല്ലോയെന്ന് സസന്തോഷം സമ്മതിച്ചു.

ഒരു വൈകുന്നേരം ഘോഷേട്ടന്റ ഓഫീസില്‍ വച്ചായിരുന്നു സമാഗമം. സന്ധ്യയാകുവോളം സംസാരിച്ചു. പവര്‍ ഓഫ് നൗവില്‍ തന്നെയാണ് സംസാരം തുടങ്ങിയത്.  അത് പിന്നെ എന്റെ തീരാത്ത സംശയങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കലിലേക്ക് മാറി. വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ പിരിയുമ്പോള്‍ എന്റെയുള്ളിലെ നെരിപ്പോടില്‍ ചെറുമഴത്തുള്ളികള്‍ പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു. ആകെ തണുപ്പ്. എന്തിനുമുത്തരമുള്ള ഒരു ജ്യേഷ്ഠ സഹോദരന്റെ സ്‌നേഹം ആദ്യമായറിയുമ്പോലെ.

എണ്ണമില്ലാത്ത കൂടിക്കാഴ്ചകള്‍. സുദീര്‍ഘമായ അനേകം ഫോണ്‍ കോളുകള്‍.  2008 അവസാനം ഞാന്‍ ത്രിപ്പൂണിത്തുറവിട്ടു. വടകരയിലേക്ക്. പിന്നെ, ബാംഗ്ലൂരിലേക്ക്. അപ്പോഴൊക്കെ ഘോഷേട്ടന്റെ സ്‌നേഹം പിന്‍തുടര്‍ന്നു. 

രണ്ടായിരത്തി പതിനൊന്നിലാവണം; ഓഫിസാവശ്യാര്‍ത്ഥം ബാംഗ്‌ളൂരില്‍ നിന്ന്  കൊച്ചിയിലെത്തിയപ്പോഴാണ് ഘോഷേട്ടന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞത്. അന്ന് ആശുപത്രിയുടെ കാന്റീനില്‍ കാപ്പി കുടിച്ചിരിക്കുമ്പോഴാണ് പിറവിയില്‍ വന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കാത്ത മറ്റു ചില ലേഖനങ്ങളും ചേര്‍ത്ത് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന 'എലിസെന്‍' എന്ന പുസ്തകത്തിന്റെ കാര്യം എന്നോട് പറയുന്നത്. 

ചെറുതും വലുതുമായ എന്തൊക്കെ കാര്യങ്ങള്‍ അതിനിടെ നടന്നു? ഈ നെരിപ്പോടിന് ഒരു സ്വഭാവമുണ്ട്. തീ അണച്ചാലുമണച്ചാലും ഒരു ചെറുകനല്‍ ബാക്കിയാവും. സാഹചര്യത്തിന്റെ കാറ്റ് തൊട്ടാല്‍ മതി, ആളിക്കത്തുകയായി. ഡിപ്രഷന്റെ, മാനസിക സംഘര്‍ഷങ്ങളുടെ കാറ്റ് നെരിപ്പോടിലെ തീ ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഘോഷേട്ടന്റെ സാന്ത്വനം മാത്രമായിരുന്നു തീ ശമിപ്പിക്കാനുള്ള ഉപാധി. 'എലിസെന്‍ എന്തായി' എന്ന ചോദ്യത്തിന്  'ഉടനെയുണ്ടാകും' എന്ന മറുപടി വര്‍ഷങ്ങളോളം തുടര്‍ന്നു.

ഇതിനിടെ  ഭ്രമണം പൂര്‍ത്തിയാക്കി ഞാന്‍ തൃപ്പൂണിത്തുറയില്‍ തിരിച്ചെത്തി. അപ്പോഴേക്കും ഘോഷേട്ടനും മീനച്ചേച്ചിയും മക്കളുമടങ്ങിയ കുടുംബത്തില്‍ അംഗമായി മാറിയിരുന്നു ഞാന്‍. ഒരു തിരുവോണത്തിന്‍നാള്‍ അച്ഛന്‍ എന്നെന്നേക്കുമായി പടിയിറങ്ങിപ്പോയപ്പോള്‍ 'ഇനിയെനിക്കച്ഛനില്ല' എന്ന് ആദ്യമായി ഞാന്‍ വിളിച്ചറിയിച്ചത് ഘോഷേട്ടനെയായിരുന്നു. അച്ഛന്റെ ചേതന വിട്ടുപോയ ശരീരം കാണാനും ഞങ്ങളെ ചേര്‍ത്തു നിര്‍ത്താനും ആദ്യമായോടിയെത്തിയതും ഘോഷേട്ടനും മീനച്ചേച്ചിയും തന്നെ.

2014 ഫെബ്രുവരി 12ാം തീയതി  മീനച്ചേച്ചിയുടെ മെയില്‍ ഐഡിയില്‍ നിന്ന് എന്റെ ഇന്‍ബോക്‌സില്‍ കുറേ വേര്‍ഡ് ഡോക്യുമെന്റുകള്‍ വന്നു വീണു. എലി സെന്നിന്റെ ആദ്യരൂപം! അല്പസമയത്തിനു ശേഷം ഘോഷേട്ടന്റെ വിളിയും വന്നു. 'സുരേഷേ അതൊന്ന് വായിച്ചു നോക്കൂ. പറ്റുമെങ്കില്‍ ചെറുതായൊന്ന് എഡിറ്റുചെയ്യുകയുമാവാം.' ഞാനും ലതയും കൂടി വായിക്കാന്‍ തുടങ്ങി. ഒരു പുസ്തകത്തിന്റെ ആദ്യവായനക്കാര്‍ എന്ന ആഹ്ലാദത്തോടെ!

'എലിസെന്‍' വായിക്കുമ്പോള്‍

അന്നത്തെ രൂപത്തില്‍ നിന്ന് സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന 15 അദ്ധ്യായങ്ങളും 244 പേജുകളുമുള്ള പുതിയ എലിസെന്നിലേക്ക് പരിണമിക്കുമ്പോള്‍ പുസ്തകം ഏറെ വളര്‍ന്നിരിക്കുന്നു; പക്വമായിരിക്കുന്നു. വലുപ്പത്തില്‍, ഒതുക്കത്തില്‍, അകക്കാമ്പിന്റെ കനത്തില്‍.

നവംബര്‍ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ആദരണീയനായ ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്റെയും പ്രിയങ്കരനായ രണ്‍ജി പണിക്കരുടെയും സാന്നിധ്യത്തില്‍ ലോകമാകെ സാക്ഷിയാക്കി പുസ്തകം പ്രകാശനം ചെയ്ത ശേഷം, ചെറുപുഞ്ചിരിയോടെ  കയ്യൊപ്പിട്ട് ഘോഷേട്ടന്‍ എലിസെന്നിന്റെ കോപ്പി എനിക്ക് തരുമ്പോള്‍, അനുഭവിച്ച ധന്യതയോളം വലുത്, എന്റെ സര്‍ഗ്ഗ ജീവിതത്തില്‍ ഞാനിതുവരെ അനുഭവിച്ചിട്ടില്ല.

ഈ നിമിഷത്തില്‍, ഇവിടെ ഇപ്പോള്‍ ജീവിക്കുക എന്ന ഒറ്റക്കാര്യമാണ് Power Of Now എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. അത് എങ്ങനെ പ്രാവര്‍ത്തികമാവുന്നെന്നതിന്റെ നേര്‍ക്കാഴ്ചയാണ് എലിസെന്നില്‍ കാണാനാവുക. അതും ഒട്ടും വളച്ചുകെട്ടില്ലാതെ, ആത്മാര്‍ത്ഥമായി.

മുണ്ടുമുടുത്ത് വാഴക്കാല ജംഗ്ഷനിലൂടെ രണ്ട് കയ്യിലും ഈരണ്ട് പാല്‍ക്കവറും തൂക്കി നടന്നു പോകുന്ന ഘോഷേട്ടനെ ഞാന്‍ ചിരിയോടെയാണ് കണ്ടത്, മൂന്നാമത്തെ അദ്ധ്യായത്തില്‍. ആ നിമിഷത്തില്‍ ഏതൊരാളുടേയും മനസ്സില്‍ വരുന്ന ചിന്തകളുടെ വേലിയേറ്റത്തെ എന്തു തന്‍മയത്വത്തോടെയാണ് ഘോഷേട്ടന്‍ കാട്ടിത്തരുന്നത്! ഒടുക്കം 'ചങ്ങാതിയെ ' മൃദുവായി പിടികൂടി പതുക്കെ വിടുമ്പോള്‍ അനുഭവിക്കുന്ന സുഖം. ഇവിടെ ഇപ്പോള്‍ ആയിരിക്കുമ്പോഴുള്ള സുഖം. ഇതു തന്നെയാണ് ഞങ്ങള്‍ കണ്ടുമുട്ടാറുള്ളപ്പോഴും ഘോഷേട്ടന്‍ പലപ്പോഴും ഊന്നിപ്പറയുന്ന കാര്യം. 'ഇപ്പോള്‍, ഇവിടെയാവുക' 

'അറിവില്ലായ്മയില്‍ നിന്നാണ് പേടി ജനിക്കുന്നത്. ഓരോ വ്യക്തിയിലേയും പേടിയാണ് എലി. പുറത്തെ എലിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കാട്ടുപോത്തിന്റെ രൂപഭാവത്തിലേക്ക് എലി പരിണമിച്ചു കൊണ്ടിരിക്കുന്നു. അകത്തെ എലിയുടെ ശക്തി വര്‍ദ്ധിക്കുന്നതുമൂലം നാം അക്ഷമരും കോപാകുലരുമാകുന്നു.' എലി സെന്‍ എന്ന അദ്ധ്യായത്തില്‍ നിന്നാണ്. നമുക്ക് ചുറ്റും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളെ അന്തര്‍ ലോകവുമായി താരതമ്യം ചെയ്ത് ആശയങ്ങള്‍ എളുപ്പം മനസ്സിലാകും വിധം അവതരിപ്പിക്കാന്‍, സംഭാഷണത്തിലായാലും ലേഖനരചനയിലായാലും ഘോഷേട്ടനുള്ള കഴിവ് അസാമാന്യമാണ്. ഒരു പക്ഷേ പതിറ്റാണ്ടുകളുടെ പത്രപ്രവര്‍ത്തന പരിചയത്തില്‍ നിന്നു നേടിയതാവാം ഈ നിരീക്ഷണ പാടവം.

ഇരുന്നൂറില്‍പ്പരം പേജുള്ള ഈ പുസ്തകം ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തെന്ന്, പുസ്തക പ്രസാധന ദിനത്തില്‍ രഞ്ജിപ്പണിക്കര്‍ പറഞ്ഞത് അതിശയോക്തിയാണെന്നേ തോന്നിയുള്ളൂ. പക്ഷേ പുസ്തകം വായിക്കാനെടുത്തപ്പോള്‍ മനസ്സിലായി ആ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ലെന്ന് . ഞാനും വായിച്ചു തീര്‍ത്തു ഇരുന്നൂറ്റി നാല്‍പ്പത്തിനാല് പേജുള്ള എലിസെന്‍ ഒറ്റയിരുപ്പില്‍.


 


 

Tags: