മഴയില്‍ ബുദ്ധന്‍

സുരേഷ് ബാബു
Tue, 24-10-2017 04:53:16 PM ;

മഴയില്‍ ബുദ്ധന്‍ cover page

ആഗസ്റ്റ് മൂന്നാം തീയതി  പ്രത്യേകതയുള്ള ദിവസമാണ്. അനിയന്റെ ബര്‍ത്ത്‌ഡേയാണ്. ഇക്കഴിഞ്ഞ ആഗസ്ത് മൂന്നാം തീയതി പക്ഷെ കുറെക്കൂടി സന്തോഷകരമായിരുന്നു . കെ.ടി. സൂപ്പി മാഷിന്റെ കവിതാ പുസ്തകം, മഴയില്‍ ബുദ്ധന്‍, ഏറണാകുളത്ത് വച്ച് പ്രകാശനം ചെയ്യപ്പെടുന്നു. D C ബുക്‌സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍.

 

കവി മാഷിന്റെ ആദ്യ പുസ്തകത്തിന് അനുഗ്രഹം തേടി നിത്യചൈതന്യയതിയെ കാണാന്‍ പോയത് അത്യപൂര്‍വമായ ഒരോര്‍മയാണ്. സൂപ്പി മാഷിന്റെയും പ്രമുഖ വാഗ്മി, ഗാന്ധിയന്‍, കെ.പി.എ.റഹിം മാസ്റ്ററുടേയും, പ്രിയ മിത്രം ഖാലിദിന്റെയും കൂടെയുള്ള മനോഹര യാത്ര. കണ്ണൂരില്‍ ഒരു വീട്ടിലാണ് യതിയെ കണ്ടത്. നിഷ്‌കളങ്കമായ സംഭാഷണം. പുതുതായി കിട്ടിയ ശ്രവണ സഹായി ഞങ്ങളെ കാണിച്ചു. കര്‍ണദ്വാരങ്ങളില്‍ തിരുകി വെക്കാവുന്നതരത്തിലുള്ള ചെറിയ ഉപകരണങ്ങളായിരുന്നു അവ. 'ചോക്ക്‌ലേറ്റ് പോലെയുണ്ടല്ലേ ' എന്ന് കളി പറഞ്ഞ് ചിരിച്ചു. 'നിനക്ക് ' എന്ന സൂപ്പി മാഷിന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ യതി പറയുന്നു. 'ഞാനിങ്ങോട്ട് വരുമ്പോള്‍ നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു നിറഞ്ഞിരുന്നു. പന്ത്രണ്ടാണ്ടുകള്‍ക്കിടയില്‍ വിരിയുന്ന വ്യാഴവട്ട മലരി. സൂപ്പി മാഷില്‍ കവിത പൂത്തിരിക്കുന്നു. 'നിനക്കിന് ' ശേഷം മൂന്ന് സമാഹാരങ്ങള്‍, (വചനം, ഒരു പൂവ്, വീഴുന്ന ഒരിലയില്‍)

 

മാഷിന്റെ കവിതാ പുഷ്പം എന്നെ ദത്തെടുത്ത നഗരത്തില്‍ വിരിയുന്നു. എനിക്കെങ്ങനെ ഈ അവസരം നഷ്ടപ്പെടുത്താനാവും?  പുസ്തക പ്രകാശനച്ചടങ്ങ് കഴിഞ്ഞ ശേഷമാണ് മറൈന്‍ ഡ്രൈവില്‍ എത്തിച്ചേര്‍ന്നത്. നഗരത്തിരക്കും ജോലിത്തിരക്കും വകഞ്ഞുമാറ്റി, അപ്പൊഴെങ്കിലും എത്താന്‍ കഴിഞ്ഞല്ലോ! സൂപ്പി മാഷിന്റെ പ്രസംഗം കഴിഞ്ഞിരുന്നില്ല. കാര്യമാത്ര പ്രസക്തമായി അദ്ദേഹം സംസാരിച്ചു. തന്റെ പുസ്തകത്തെ കുറിച്ചോ കവിതകളെ കുറിച്ചോ, എന്നത്തെയും പോലെ ഒന്നും പറഞ്ഞില്ല. തന്റെയൊപ്പം പ്രകാശനം ചെയ്യപ്പെട്ട ഒരു പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുക മാത്രം ചെയ്തു.

 

ഒരുപാടു നാളു കൂടി കണ്ടതിന്റെ ആനന്ദം പങ്കുവച്ച്, കെട്ടിപ്പിടിച്ചുമ്മവച്ച്, പുസ്തകത്തിന്റെ  താളില്‍ സ്‌നേഹം ഓട്ടോഗ്രാഫായി കോറി വച്ച് , മെറൈന്‍ ഡ്രൈവിവിലെ വൈകുന്നേരത്തില്‍ നിന്ന് സൂപ്പി മാഷ്, കുറ്റ്യായാടിയിലേക്ക് മടങ്ങിപ്പോയി. പുസ്തവും ഞാനും തനിച്ചായി. കവിതകള്‍ ചിലതെല്ലാം കുറ്റ്യാടിയിലെ സൗഹൃദങ്ങള്‍ പോലെ പരിചിതം; ഊഷമളം.

 

കവിതാ പുസ്തകം നോവല്‍ പോലെ ആദ്യ പുറംതൊട്ട് അവസാനത്തേതു വരെ നിര്‍ത്താതെ വായിച്ച് പോവുന്നതല്ലല്ലോ .. അത് അസ്സോര്‍ട്ടഡ് ബിസ്‌കറ്റ് ടിന്‍ പോലെയല്ലേ.. ഇടവേളയില്‍ ഒരെണ്ണം വായിലിട്ട് അലിയിച്ച് ... അങ്ങനെ ..ആദ്യം തുറന്ന പേജില്‍ നിന്ന് ഒരു  ചില്ലുകഷണം കണ്ണില്‍ തെറിച്ചു ... ഹൈക്കു പോലെ ഒരു കുഞ്ഞി ക്കവിത, നോട്ടം...

' മൂങ്ങ
കരിയിലകളിലൊളിച്ച്, എന്നെ നോക്കുന്നു.
ഞാന്‍
ശബ്ദങ്ങളില്‍ കളിച്ച്,
അവളെയും.'

 

പിന്നെക്കണ്ടത് നാല്പത്തി രണ്ടാം പുറത്ത് ചെറിയ കുമ്പളത്തെ കാക്കകളെയാണ്. കുറ്റ്യാടിയെന്ന  ചെറിയപട്ടണത്തിന്റെ പ്രശാന്ത ഗ്രാമമാണ് ചെറിയ കുമ്പളം. ഒരു കാക്ക, കുറ്റ്യാടി ടൗണില്‍ ഷോക്കടിച്ച് ചത്തു പോയതിനു പിറകെ കാക്കകളെല്ലാം ചെറിയ കുമ്പളത്തേക്ക് പലായനം ചെയുന്നതായി കവിത ആരംഭിക്കുന്നു. എനിക്കോര്‍മയുണ്ട്... എന്റെ കൗമാരത്തില്‍ ഞങ്ങളുടെ പുരയിടം നിറയെ കാക്കകളായിരുന്നു. കറ്റിയാടിയങ്ങാടിയില്‍ പകല്‍ മുഴുവന്‍ കറങ്ങി, സന്ധ്യയാകുമ്പോള്‍ അവ ചെറിയ കുമ്പളത്തേയും, കട്ടന്‍ കോടിലേയും പുരയിടങ്ങളിലെ സമൃദ്ധമായ തെങ്ങിന്‍ തോപ്പുകളില്‍ ചേക്കേറി. സന്ധ്യകള്‍ അവറ്റകളുടെ ഒച്ചയാല്‍ സമാധാനമില്ലാത്തവയായി.. വര്‍ഷാവസാനം പുര മേയാന്‍ ഓല വെട്ടിയപ്പോള്‍ എല്ലാം കൊത്തിക്കീറി വച്ചിരിക്കുന്നു. മുഴുക്കെ കാക്ക കാഷ്ടവും. പുരമേയാന്‍ ഓല കാശു കൊടുത്ത് വാങ്ങി. നാട്ടുകാര്‍ തെങ്ങിലേക്ക് ടോര്‍ച്ചടിച്ചും കല്ലെറിഞ്ഞും കാക്കകളെ അകറ്റാന്‍ ശ്രമിച്ചു. വീട്ടില്‍ എനിക്കായിരുന്നു കല്ലെറിയല്‍ ജോലി. കിണറ്റിന്‍കരയില്‍ കുളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന അച്ഛന്റെ നെറ്റിയില്‍ ഞാനെറിഞ്ഞ ഒരു കല്ല് ചെന്ന് കൊണ്ടു.അതോടെ ആ ഉദ്യോഗം ഞാനപേക്ഷിക്കുകയും ചെയ്തു.

 

ചെറിയ കുമ്പളത്തെ കാക്കകള്‍ എന്ന കവിതയുടെ താത്പര്യം ഈ പറഞ്ഞതല്ല.ചിലത് വന്ന് തൊടുമ്പോള്‍ നാം മറന്നു വച്ചതെല്ലാം ഊക്കോടെ പുറത്തേക്കൊഴുകും. കഴിഞ്ഞയാഴ്ച ഞാന്‍ ചെറിയ കുമ്പളത്തുണ്ടായിരുന്നു. 'കാറ്റായ കാറ്റിനെയൊക്കെ വകഞ്ഞു മാറ്റി '  അധിവസിച്ച ഒരു കാക്ക പോലും, സത്യമായും, ഇപ്പോഴിവിടെയില്ല. 'ചെറിയ കുമ്പളത്തിപ്പോള്‍ സെല്‍ ഫോണ്‍ കമ്പനികള്‍ക്കെല്ലാം നല്ല റേഞ്ചുണ്ട് ' കവി ഇങ്ങനെ പറഞ്ഞ് നിര്‍ത്തുമ്പോള്‍ ഒരു സാമൂഹികാവസ്ഥയോട്, മനുഷ്യ പ്രതികൂലമായ ശീഘ്ര മാറ്റത്തോട്,  സര്‍ഗ്ഗധനനായ ഒരു കവിക്ക് എത്ര നന്നായി തന്റെ മാധ്യമത്തിലൂടെ പ്രതികരിക്കാനാകുമെന്ന് നാമറിയുന്നു.

 

സൂപ്പി മാഷിന്റെ കവിതയുടെ സൗന്ദര്യം അതിന്റെ ലാളിത്യമാണ്. കുന്നിക്കുരു പോലെ രണ്ടു മൂന്ന് ചെറു കവിതകള്‍.. വാര്‍ദ്ധക്യം, വെളിപാട്, ശേഷം ... ഒരു മഞ്ഞുതുള്ളിയില്‍ നീല വാനവും, കുഞ്ഞു പൂവില്‍ ഒരു വസന്തവും ഒളിച്ചുവെക്കുന്ന കവിതയുടെ മാന്ത്രിക വിദ്യ ഇവിടെ കാണാം.

 

സ്ത്രീയെന്ന കവിതയാണടുത്തത്.. മൂവന്തിയില്‍ കുരുങ്ങിരിക്കുകയാണ് ശുഭരാത്രി നേരുന്ന കവി. മൂവന്തി സൂപ്പി മാഷിന് എന്നും ഇഷ്ടമുള്ള വിഷയമാണ്. പാലേരിയിലെ വയല്‍ വരമ്പുകളിലൂടെ എത്ര വൈകുന്നേരങ്ങള്‍ കവിതയും പറഞ്ഞ് ഞങ്ങള്‍ നടന്നിരിക്കുന്നു... മൂവന്തി, ജനിമൃതികള്‍ക്കിടയിലെ,  സന്ധ്യാ പുണ്യമാണെന്ന് അങ്ങനെയൊരു സായന്തന സവാരിക്കിടയിലല്ലേ മാഷ് പറഞ്ഞത്. ദുഷ്ചിന്തകളാല്‍ മൂവന്തിയെ മലിനമാക്കുന്നതെന്തിനെന്ന് , വയലിനക്കരെനിന്നലറിയെത്തിയ രാഷ്ട്രീയ പ്രസംഗം കേട്ട് മാഷ് അസഹ്യതയോടെ മുഖം കോട്ടിയതും ഓര്‍ക്കുന്നു. ആത്മീയതയോടുള്ള ചേര്‍ന്നു നില്‍പ്പാണ് സന്ധ്യയോടുള്ള മാഷിന്റെ ആരാധനയ്ക്കാധാരം.

 

'ശിലയില്‍', ആകാശത്തിന്റെ വിളി കേട്ട് ആയാസത്തോടെ കുന്ന് കേറി പോകുന്ന ശിലയുടെ ആത്മസാക്ഷാത്ക്കാരവാഞ്ഛ നാം വായിക്കുന്നു. നാറാണത്തെ ദാര്‍ശനികനൊപ്പം കുന്നേറിയ ശിലയും സ്വാഭാവികമായും ദാര്‍ശനികനാവുമല്ലോ..

 

ഹല്ലാജ് എന്ന കവിതയില്‍ ദിവ്യത്വമാര്‍ജ്ജിച്ച മഹത്തുക്കളെ സമൂഹം തിരസ്‌കരിക്കുന്ന വേദന, കവി അറിഞ്ഞനുഭവിക്കുന്നു. 'മുന്തിരി വീഞ്ഞാകും നാളില്‍ എന്നെയും നിങ്ങള്‍ ഭ്രാന്തനെന്ന് വിളിക്കേണമേ..പൊതുവഴിയില്‍, എനിക്കു മാത്രമായ്, ഒരു കഴുമരം ഒരുക്കേണമേ '. ഈ അര്‍ത്ഥനയില്‍ മന്‍സൂര്‍ അല്‍ ഹല്ലാജ് അനുഭവിച്ചറിഞ്ഞ പീഢകളുടെ മുഴുവന്‍ വേദനയും ഘനീഭവിക്കുന്നു.

 

സൂഫി, ഇസ്ലാം, വേദന്തദര്‍ശനങ്ങളാണ് കണ്ടു പരിചയപ്പെട്ട നാള്‍ മുതല്‍ സൂപ്പി മാഷിന്റെ പഠന വിഷയം. മുഹമ്മദ് നബിയെ കുറിച്ചുള്ള ഒരു ഭീമന്‍ പുസ്തകം (മാര്‍ട്ടിന്‍ ലിംഗ്‌സ് ) ഇംഗ്ലീഷില്‍ നിന്ന് മാഷ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നബിയില്‍ അനുരക്തനാണ് മാഷ്.. പാതിര വരെ നീണ്ടു പോവാറുണ്ടായിരുന്ന സായാഹ്ന ചര്‍ച്ചകള്‍ മുഴുവന്‍ നിറഞ്ഞത്, ദിവ്യത്വത്തെക്കുറിച്ചുള്ള അനുഭൂതി ദായകമായ ചിന്തകള്‍ ..

 

മുട്ടായി നുണയുമ്പോലെ നുണഞ്ഞു നുണഞ്ഞറിയേണ്ടവയാണ് ഈ പുസ്തകത്തിലെ കവിതകളെല്ലാം. ആഴത്തിലറിയുമ്പോള്‍ ചിലത് കണ്ണ് നനയിക്കുന്നു. ചിലത് ,ബോധത്തില്‍ മത്താപ്പൂക്കള്‍ വിരിയിക്കുന്നു. ഓരോ കവിതയും വേര്‍തിരിച്ചുള്ള പഠനമര്‍ഹിക്കുന്നു. അതിന് മുതിര്‍ന്ന്, വായനയുടെ രസത്തിലേക്ക് എന്റെ വിചാരങ്ങള്‍ കടത്തിവിടാന്‍ ഞാന്‍ തുനിയുന്നില്ല. പുസ്തകം വായിക്കപ്പെടട്ടെ. വായിക്കുന്നവരിലേക്ക്, ദിവ്യത്വത്തിന്റെ കുളിര്‍ ദീപനാളങ്ങള്‍ നേരിട്ട് പ്രഭ ചൊരിയട്ടെ.

 

പുസ്തകാന്ത്യത്തിലെ സജയ് കെ.വി.യുടെ പഠനം, കവിതാസ്വദനത്തിന്റെ ഉത്‌പ്രേരകമായി വര്‍ത്തിക്കുന്നു.കവി, സച്ചിദാനന്ദന്റെ മുഖപ്പുറിപ്പ് അലങ്കരിക്കുന്ന ഈ പുസ്തകം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീണ്ടും പുസ്തകത്തിലേക്ക് തിരിയുമ്പോള്‍ , യതി യുടെ വാക്ക് സത്യമാവുന്നത് നാം കാണുന്നു.
 

'സ്വപ്നങ്ങളുടെ
ഭാരം കാരണം
ഒരു മരവും
കൂടു വെക്കാന്‍
എനിക്കിപ്പോള്‍
ചില്ലകള്‍ തരാറില്ല
വേരോടെ പിഴുതെടുത്ത്
കാട്ടാറിലേക്ക് എറിയപ്പെടുമോയെന്ന്
അവരെല്ലാം ഭയപ്പെട്ടുന്നുണ്ടാവും .'

സൂപ്പി മാഷില്‍ കവിത പൂത്തു നിറഞ്ഞു കൊണ്ടേയിരിക്കുന്നു.