![]() |
മതന്യൂനപക്ഷങ്ങളെ പ്രത്യേകമായി ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യം ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അത് പാര്‍ട്ടി നേതാക്കള്‍ മറച്ചുവെക്കുന്നുമില്ല. പോളിറ്റ്ബ്യൂറോ അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള ഈ ഉദ്ദേശ്യത്തോടെ തന്നെ സ്വതന്ത്രരെ മത്സരിപ്പിക്കുന്നു എന്ന്‍ വ്യക്തമായി പ്രഖ്യാപിക്കുകയുണ്ടായി. തങ്ങള്‍ പിന്തുണ നല്‍കുന്ന അഞ്ച് സ്വതന്ത്രരും ന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ടവരാണെന്ന് അദ്ദേഹം എടുത്തുപറയുകയുണ്ടായി. അതിന്റെ ഉദ്ദേശ്യം മതന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുകയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. കൃത്യമായി പറഞ്ഞാല്‍, ഇത് മതത്തിന്റെ പേരില്‍ വോട്ടു പിടിക്കലും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണ്. പക്ഷെ, ഇങ്ങനെയൊരു ആരോപണം ആരും ഉന്നയിച്ച് കണ്ടില്ല. സി.പി.ഐ.എം നിയോഗിച്ച സ്വതന്ത്രന്മാര്‍ അഞ്ചുപേരും സ്ഥാനാര്‍ഥിത്വത്തിന് യോഗ്യരാകുന്നത് ന്യൂനപക്ഷ മതക്കാരായത് കൊണ്ടാണെന്ന് പോളിറ്റ് ബ്യൂറോ അംഗം തന്നെ വ്യക്തമാക്കിയിരിക്കെ കൂടുതല്‍ തെളിവുകളൊന്നും ഇക്കാര്യത്തില്‍ ആവശ്യവുമില്ല. എന്നാല്‍, ഇത് എത്രത്തോളം വിജയിക്കുന്ന തന്ത്രമാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ഈ പ്രചാരണത്തിനിടിയിലാണ് മാതാ അമൃതാനന്ദമയി മഠത്തെ കുറിച്ച് സി.പി.ഐ.എം നേതൃത്വത്തിലുള്ള ചാനലില്‍ വാര്‍ത്ത വന്നതും അതിനെ ന്യായീകരിച്ചുകൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവന പുറപ്പെടുവിച്ചതും. കഴിഞ്ഞ കുറേ കാലമായി ഇന്ത്യയിലെ മതേതര വാദികളെന്ന്‍ അവകാശപ്പെടുന്നവരും മാര്‍ക്സിസ്റ്റ് ചിന്താഗതി വച്ചുപുലര്‍ത്തുന്നവരും ഒരു തെറ്റിദ്ധാരണയ്ക്ക് വിധേയരായിട്ടുണ്ട്. ഹിന്ദു സ്ഥാപനങ്ങളെ എത്ര ആക്ഷേപിച്ചാലും ശരി, അത് മതവികാരത്തെ വൃണപ്പെടുത്തുകയില്ലെന്നും തങ്ങളുടെ മതേതര മുഖം കൂടുതല്‍ മിനുക്കാന്‍ സഹായകരമാണെന്നുമാണ് അവര്‍ ധരിച്ചുവെച്ചിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ കുറേ കാലമായി ഈ ധാരണ തെറ്റാണെന്ന് സൂചനകള്‍ ഉണ്ട്. മാതാ അമൃതാനന്ദമയി മഠം തന്നെ ജാതിക്കതീതമായി ഹിന്ദു മത ഐക്യത്തിന്റെ ഒരു പ്രതീകമാണ്. അതുകൊണ്ട് മാധ്യമമര്യാദകള്‍ക്ക് നിരക്കാത്ത വിധം ആ മഠത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കയില്ലെന്ന് മാത്രമല്ല, ഹിന്ദു വികാരമുള്ള ആളുകളെ ഒന്നിപ്പിക്കുകയുമാണ് ചെയ്യുക. ചുരുക്കത്തില്‍, ഇത് തന്ത്രപരമായ നീക്കമാണെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്ന് പറയാതെ വയ്യ. സി.പി.ഐ.എമ്മിനും ഇടതുപക്ഷത്തിനും പിന്തുണയായി നില്‍ക്കുന്നത് ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും അവരിലെ പിന്നോക്ക വിഭാഗക്കാരുമാണ്. അവരുടെ വോട്ട് നഷ്ടപ്പെടാനേ ഈ തെറ്റായ പ്രചാരണം ഇടയാക്കൂ.
നിങ്ങള്‍ അമൃതാനന്ദമയിയുടെ ഒരു ഭക്തനാണോ അല്ലയോ എന്നതല്ല പ്രശ്നം, പിന്നോക്ക സമുദായത്തില്‍ നിന്ന്‍ വരുന്ന, പിന്നോക്ക പ്രദേശത്ത് നിന്ന്‍ വരുന്ന ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ജാതി-മത ഭേദമന്യേ വലിയൊരു സംഘം ഹിന്ദു ഭക്തര്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ ഹിന്ദു മത വിരോധിയാണെങ്കില്‍ കൂടി, പിന്നോക്ക സമുദായത്തിലെ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ജാതിക്കതീതമായി ഹിന്ദുക്കള്‍ സംഘടിക്കുന്നു എങ്കില്‍ അതില്‍ ജനാധിപത്യവത്കരണത്തിന്റേതായ ഒരംശമുണ്ടെന്നത് നിഷേധിക്കാനാകില്ല. കാരണം, അയ്യായിരമോ ആറായിരമോ കൊല്ലത്തെ ഹിന്ദുമത ചരിത്രത്തില്‍ അങ്ങനെ നേതൃത്വം നല്‍കുന്ന ഒരു സ്ത്രീയോ, പ്രത്യേകിച്ച് പിന്നോക്ക സമുദായത്തില്‍ നിന്ന്‍ വരുന്ന ഒരു സ്ത്രീയോ ഉണ്ടായിട്ടില്ല. അമൃതാനന്ദമയി മഠത്തിന്റെ പ്രവര്‍ത്തനങ്ങളെ കേവലം മതാടിസ്ഥാനത്തിലുള്ള സംഘാടനം എന്നതില്‍ ഉപരിയായി ഹിന്ദുമതത്തിലെ ജനാധിപത്യവത്കരണം എന്ന നിലയില്‍ കാണേണ്ടതാണ്. അത് നമ്മുടെ നാട്ടിലെ മാര്‍ക്സിസ്റ്റ് ചിന്താഗതികാരായ മതേതരവാദികള്‍ മനസ്സിലാക്കിയിട്ടില്ല. മാത്രമല്ല, മുന്‍പ് ചാലക്കുടിയില്‍ ക്രൈസ്തവരുടെ ധ്യാനകേന്ദ്രത്തില്‍ ചില അതിക്രമങ്ങള്‍ നടക്കുന്നതായി പരാതി ഉണ്ടായി. അപ്പോള്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവിടെ ചെന്ന് ആ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ചെയ്തത്. ഇത് സാധാരണ ഹിന്ദുക്കളില്‍ ഒരു താരതമ്യ പഠനത്തിന് കാരണമായിട്ടുണ്ട്. സി.പി.ഐ.എമ്മിനെ പൊതുവേ ഒരു ഹിന്ദുവിരുദ്ധ സംഘമായി കാണാന്‍ ഈ രീതിയിലുള്ള ഇരട്ടത്താപ്പ് കാരണമായിട്ടുമുണ്ട്. അന്യഥാ, സി.പി.ഐ.എമ്മിനും ഇടതുമുന്നണിയ്ക്കും വോട്ടുചെയ്യുന്ന പിന്നോക്കക്കാരായ ഹിന്ദു മതവിശ്വാസികളെ സി.പി.ഐ.എമ്മില്‍ നിന്നകറ്റുകയാണ് അമൃതാനന്ദമയി മഠത്തിനെതിരായ പ്രചാരണത്തിന്റെ ഫലം. തീരദേശ പ്രദേശത്തെ ഹര്‍ത്താലും അമൃതാനന്ദമയി വിരുദ്ധ അഭിപ്രായത്തില്‍ നിന്നുള്ള ജി.സുധാകരന്‍ എം.എല്‍.എയുടെ പിന്മാറ്റവും ഒക്കെ ഇതാണ് സൂചിപ്പിക്കുന്നത്.
നിങ്ങള്‍ ഹിന്ദു മത വിരോധിയാണെങ്കില്‍ കൂടി, പിന്നോക്ക സമുദായത്തിലെ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ജാതിക്കതീതമായി ഹിന്ദുക്കള്‍ സംഘടിക്കുന്നു എങ്കില്‍ അതില്‍ ജനാധിപത്യവത്കരണത്തിന്റേതായ ഒരംശമുണ്ടെന്നത് നിഷേധിക്കാനാകില്ല.
എന്നാല്‍ സമീപകാലത്ത്, ഇത്രയേറെ ന്യൂനപക്ഷ പ്രീണനമൊക്കെ നടത്തിയിട്ടും സി.പി.ഐ.എമ്മിന് സ്ഥാനാര്‍ഥിയാക്കാന്‍ പറ്റിയ ഒരാളെ മത ന്യൂനപക്ഷത്തില്‍ നിന്ന്‍ കിട്ടിയിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്. മുന്‍പ് പാര്‍ലിമെന്റംഗമായിരുന്ന ടി.കെ ഹംസയെ തന്നെ കോണ്‍ഗ്രസില്‍ നിന്ന്‍ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്നതാണ്. ഇത്തവണയും കോണ്‍ഗ്രസ് നേതാക്കളായിരുന്ന അബ്ദുറഹിമാനെ മുസ്ലിം സമുദായത്തില്‍ നിന്നും പീലിപ്പോസിനെ കൃസ്ത്യന്‍ സമുദായത്തില്‍ നിന്നും റിക്രൂട്ട് ചെയ്ത് സ്ഥാനാര്‍ഥികള്‍ ആക്കിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസവും നയപരവുമായ ഭിന്നതയുമൊക്കെയാണ് സി.പി.ഐ.എമ്മിന് ഇവരുടെ മുന്നണി മാറ്റത്തിന് കാരണമായിപറയാനുള്ളത്. എന്നാല്‍, ഫലത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും ഇടതു മുന്നണിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന ധാരണ ശക്തിപ്പെടുത്തുക മാത്രമാണ് ന്യൂനപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കാനുള്ള സി.പി.ഐ.എം നീക്കത്തിന്റെ ഫലം. തലേദിവസം വരെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമാകുക മാത്രമല്ല, പ്ലാനിംഗ് ബോര്‍ഡില്‍ വരെ അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഒരാളെ എന്ത് അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി ആക്കുന്നതെന്ന് അതിന്റെ നേതൃത്വം വിശദീകരിക്കുക തന്നെ വേണം. ഇത് ഇടതുമുന്നണിയുടെ മാത്രം പോരായ്മയാണെന്ന് പറയാന്‍ കഴിയില്ല. കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥി ആയി എന്‍.കെ പ്രേമചന്ദ്രന്‍ മത്സരിക്കുന്നതും കേരളത്തിലെ മുന്നണികള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നതിന്റെ വിളംബരമാണ്.