മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി |
കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും നിയമനിര്‍മ്മാണ സഭകള്‍ സമ്മേളിക്കുന്നത് ചര്‍ച്ചകള്‍ നടത്താനോ നിയമം പാസ്സാക്കാനോ അല്ല, പ്രത്യുത ബഹളമുണ്ടാക്കി ദൃശ്യമാധ്യമങ്ങളില്‍ സ്ഥാനം നേടാനാണ് എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ തലത്തിലും പുറത്തും വലിയ പ്രക്ഷോഭണം നടക്കുകയാണ്. ഇതിന്റെ ഫലം, നിയമസഭയില്‍ ചര്‍ച്ചകള്‍ ഒരു കാര്യത്തിലും നടക്കുന്നില്ല എന്നതാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംശയത്തിന്റെ കരിനിഴലില്‍ ആണ്. അതുകൊണ്ട് അദ്ദേഹം രാജിവെച്ച് ഒരു അന്വേഷണത്തെ നേരിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് ചാനലുകളായ ചാനലുകളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളുടെ അഭിമുഖ സംഭാഷണങ്ങളാണ് പ്രധാനമായും ന്യൂസ്ബ്രേക്ക് എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളുടെ ആരോപണങ്ങളുടെ ഇടനിലക്കാരായി നിന്ന്‍ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയനേതാക്കളെ കൊണ്ട് അഭിപ്രായം പറയിപ്പിക്കുന്ന ഒരു വിനോദപരിപാടിയാണ് ഇപ്പോള്‍ ചാനലുകളില്‍.
എന്താണ് ഉമ്മന്‍ ചാണ്ടിക്കെതിരായി കൃത്യമായി ഉന്നയിക്കുന്ന ആരോപണമെന്ന് ഇതുവരെ പ്രേക്ഷകരില്‍ ആര്‍ക്കെങ്കിലും വ്യക്തമായിട്ടുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനല്‍ കുറ്റവാളികളുമായി ബന്ധപ്പെട്ടു എന്നതാണ് വ്യക്തമായ ഏക ആരോപണം. പെഴ്സണല്‍ സ്റ്റാഫിലുള്ളവരുടെ മൊബൈല്‍ ഫോണില്‍ അദ്ദേഹം സംസാരിച്ചു എന്നതാണ് മുഖ്യമന്ത്രിയെ കേസില്‍ ബന്ധപ്പെടുത്തുന്നതിന് ആധാരമാക്കുന്നത്. എന്തിനാണ് മോബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് എന്നുവരെ ചോദ്യം ഉണ്ടായി. അത് ഒരു കാപട്യമാണെന്നും വളരെ വ്യക്തമായി ഒരു യുവനേതാവ് ചാനലില്‍ പറഞ്ഞു. ഇങ്ങനെ, താന്‍ മുഖ്യമന്ത്രി ആകുമ്പോള്‍ ക്രിമിനലുകളുമായി ഒരുതരം ഗൂഡാലോചന നടത്താന്‍ അവസരം വേണമെന്നും അങ്ങനെ ഗൂഡാലോചന വഴി സമ്പത്തുണ്ടാക്കുമ്പോള്‍ പോലീസന്വേഷണം തന്റെ നേരെ വരരുത് എന്നും കരുതി മുഖ്യമന്ത്രി ആകുന്നതിന് മുന്‍പേ തന്നെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചുനടക്കുന്ന ആളാണ് ഉമ്മന്‍ ചാണ്ടി എന്നാണ് ഭംഗ്യന്തരേണ ഇവര്‍ പറയുന്നത്. എന്നാല്‍ അതൊട്ടു വ്യക്തമായി പറയാന്‍ ധൈര്യവുമില്ല.
മുഖ്യമന്ത്രി സമ്പത്തുണ്ടാക്കുന്നതിന് ക്രിമിനലുകളെ ഉപയോഗിച്ച് ഗൂഢാലോചന നടത്തി എന്ന ആരോപണമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അധികാര ദുര്‍വിനിയോഗം ചെയ്തുവോ അല്ലെങ്കില്‍ ക്രിമിനലുകളെ സഹായിച്ചുവോ എന്ന പ്രശ്നത്തിലാണ് അന്വേഷണം നടത്തുന്നത്. അതിന് ക്രിമിനല്‍ കേസന്വേഷണം അല്ലാതെ മറ്റെന്താണ് പോംവഴി? ജുഡീഷ്യല്‍ അന്വേഷണമാണോ അതിന് പോംവഴി? ഗൂഡാലോചന കുറ്റപ്പെടുത്താത്തിടത്തോളം കാലം മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകള്‍ക്ക് സഹായം ചെയ്തുകൊടുത്തുവോ എന്ന പ്രശ്നം ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കാവുന്നതാണ്. പക്ഷെ, അങ്ങനെയുള്ള അന്വേഷണമല്ല പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ്. അപ്പോള്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എന്ന് വ്യക്തമാണ്. അതിന് തക്ക ആരോപണമുണ്ടോ എന്നാണ് സാധാരണക്കാര്‍ പരിശോധിക്കേണ്ടത്. അതിന് തക്ക ആരോപണം ഇതുവരെ വന്നിട്ടില്ല. മാത്രമല്ല, അന്വേഷണം സംരക്ഷണം നടത്തി എന്ന പ്രശ്നത്തിലാണെങ്കില്‍ കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരും ജയിലിലാണ്. പല കേസുകളിലായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റാരോപിതന്റെ അഭിഭാഷകന്‍ പോലും കുറ്റവാളിയാണെന്നും മുന്‍ ഭരണകാലത്ത് അദ്ദേഹത്തിന് പാര്‍ട്ടിബന്ധമുണ്ടെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം ക്രിമിനല്‍ കേസില്‍ മാത്രമേ അന്വേഷണം നടത്താന്‍ പറ്റൂ. അതിന് ഒരു ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ഇതില്‍ എങ്ങിനെയാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പറ്റുകയെന്ന്‍ വ്യക്തമല്ല. അപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം കളയുക എന്നതുതന്നെയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.
ഏതായാലും ഈ സംഭവം മന്ത്രിസഭക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട് എന്നുമാത്രമേ പറയാന്‍ പറ്റൂ. പക്ഷെ, ഈ പ്രശ്നത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണം എന്ന ആവശ്യം നിലനില്‍ക്കുന്നതല്ല. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട ഒരുകാര്യം നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ പാപ്പരത്തം തെളിഞ്ഞുവരുന്നതാണ്. ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടാല്‍ അവരാണ് രാജ്യം ഭരിക്കുന്നതെന്ന് തോന്നിപ്പോകും. ‘അതിന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതാണ്.’ എതിന് ഉത്തരം പറയണമെന്ന് ചോദിച്ചാല്‍, എന്തുകൊണ്ട് മൊബൈല്‍ഫോണ്‍ കൊണ്ടുനടന്നില്ല എന്ന്‍. ആത്മവിശ്വാസമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ ഇവരോട് ആരുടെ കയ്യില്‍ നിന്ന് കാശു വാങ്ങിയിട്ടാണ് ചോദ്യം ചോദിക്കുന്നതെന്ന്‍ തിരിച്ചുചോദിച്ചാല്‍! ഇതുപോലെ തന്നെ അടിസ്ഥാനരഹിതമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളും. ഒരു മുഖ്യമന്ത്രിയേയും ക്രിമിനല്‍ കുറ്റവാളിയേയും ഒരേപോലെ കണക്കാക്കി ചോദ്യങ്ങള്‍ ചോദിക്കുന്നത് ജനങ്ങളേയും പാര്‍ലിമെന്ററി ജനാധിപത്യത്തേയും അവഹേളിക്കലാണ്. നമ്മുടെ പൊതുപ്രവര്‍ത്തകര്‍ വളരെ ശാന്തശീലരായി അതിന് ഉത്തരം പറയുന്നു എന്നുള്ളത് ജനാധിപത്യത്തിന്റെ വളര്‍ച്ചയായേ കണക്കാക്കാന്‍ പറ്റൂ.
മുഖ്യമന്ത്രി സംശയത്തിന്റെ കരിനിഴലില്‍ ആണെന്ന് മാധ്യമങ്ങള്‍ തന്നെ സൂചിപ്പിക്കുകയാണ്. സോളാര്‍ പാനല്‍ വെക്കണം എന്നാവശ്യപ്പെട്ട്, തന്റെ പിന്തുണ അതിനുണ്ടെന്ന് വരുന്ന തരത്തിലുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയെന്നാണ് ഒരു ആരോപണം. അതിന് തെളിവ് ഞങ്ങളുടെ കൈയിലുണ്ട് എന്നുവരെ ഒരു ചാനല്‍ പ്രഖ്യാപിച്ചു. കുറ്റവാളി എന്ന് സംശയിക്കുന്ന സരിത നായര്‍ പോലീസിനോട് സമ്മതിച്ചു എന്നാണ് പറയുന്നത്. ഒരു ക്രിമിനല്‍ കേസന്വേഷണത്തില്‍ പ്രതി പറയുന്നതിന് രേഖയില്ല. പ്രതി ഒപ്പിട്ടുകൊടുക്കേണ്ട കാര്യമില്ല. അതിന് നിയമപരമായ സാധുതയുമില്ല. പിന്നീടത് നിഷേധിച്ചത് കഴിഞ്ഞിട്ടും ചാനല്‍ കത്തിനെപ്പറ്റി ചോദിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി താനങ്ങനെ കത്തെഴുതിയിട്ടില്ല എന്ന് പറയുമ്പോള്‍ എഴുതിയിട്ടില്ല എന്നുതന്നെയാണ് കണക്കാക്കേണ്ടത്. എഴുതിയെന്ന് തെളിയിക്കാത്തിടത്തോളം കാലം എങ്ങിനെയാണ് ഇതൊരു ആരോപണമായി ഉന്നയിക്കുന്നത്? വല്ലവരും കത്തയച്ചിട്ടുണ്ടോ, കള്ളയൊപ്പ് ഇട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. അതൊക്കെ പോലീസ് അന്വേഷണത്തില്‍ വരും എന്ന് വ്യക്തമായി പറയുന്നുണ്ട്. പോലീസ് അന്വേഷത്തില്‍ അല്ലാതെ ക്രിമിനല്‍ കേസ് എങ്ങനെയാണ് തെളിയിക്കേണ്ടത്? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെങ്കില്‍ രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം ക്രിമിനല്‍ കേസന്വേഷണത്തിന്റെ പരിധിയില്‍ വരാത്ത എന്തെങ്കിലും ആരോപണം വേണം. ഇവിടെ ആകെയുണ്ടായിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‍ പെഴ്സണല് സ്റ്റാഫില്‍ പെട്ട വ്യക്തികള്‍ കുറ്റാരോപിതരുമായി സംസാരിച്ചു എന്നാണ്. അവരുടെ മേല്‍ നടപടിയെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
കുറ്റാരോപിതനായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രഹസ്യമായി സംഭാഷണം നടത്തി എന്നതാണ് കാതലായ മറ്റൊരു ആരോപണം. കുടുംബകാര്യമാണ് സംസാരിച്ചതെന്ന് ബിജുവും ഉമ്മന്‍ ചാണ്ടിയും പറയുന്നുണ്ട്. മുഖ്യമന്ത്രിയോടെന്ത് കുടുംബകാര്യം എന്നുചോദിച്ചാല്‍ മന്ത്രിസഭയിലെ ഒരംഗവുമായി ബന്ധപ്പെട്ട, അയാളുടെ കുടുംബത്തില്‍ പ്രശ്നമുണ്ടാക്കിയ കാര്യമാണെന്ന് പറയാതെ തന്നെ വ്യക്തമാണ്. എന്നാല്‍, എന്തുകൊണ്ട് മുഖ്യമന്ത്രി രഹസ്യം പറയുന്നില്ല എന്നുചോദിച്ചാല്‍ മാധ്യമങ്ങളേക്കാള്‍ മാന്യത മുഖ്യമന്ത്രിക്കുള്ളതു കൊണ്ടാണെന്ന് പറയേണ്ടി വരും. ഇത് എല്ലാവര്‍ക്കും അറിയാവുന്നതും ഗണേഷ് കുമാറുമായി ബന്ധപ്പെട്ടതാണെന്ന് പി.സി ജോര്‍ജ് വ്യക്തമായി പറയുന്നതുമാണ്. ഒരാളുടെ കുടുംബകാര്യം ചര്‍ച്ചചെയ്തത് മുഖ്യമന്ത്രി പറയുന്നില്ല എന്നത് മുഖ്യമന്ത്രിയുടെ മര്യാദയാണ് കാണിക്കുന്നത്. അതില്‍ കുറ്റം എന്തുണ്ട് എന്നതാണ് ചോദ്യം. ബിജു രാധാകൃഷ്ണന്‍ ആ സമയത്ത് ഒളിവില്‍ ആയിരുന്നെന്നു അറിയില്ലായിരുന്നു എന്ന്‍ മുഖ്യമന്ത്രി പറയുന്നു. അവിടെയും ഒരു ദുരൂഹത ആരോപിക്കുന്നത് ശരിയല്ല. പണം പങ്കിടുന്നതിനെപ്പറ്റി ആലോചിച്ചു എന്ന ധ്വനിയോടെ പറയുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമാണെന്ന് തോന്നുന്നില്ല.
മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നടപടി മൂലം സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന്‍ ഒരാളും പറയുന്നില്ല. നഷ്ടം വന്നതായി ആരോപണമില്ല. ആരോപിതര്‍ സ്വകാര്യവ്യക്തികളെ പറ്റിച്ചു. പറ്റിക്കുന്നത് ഉന്നതരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടാണ്. എല്ലാ തട്ടിപ്പുകളും അങ്ങനെയാണ് നടത്തുന്നത്. സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.