മീനവെയിൽനിലാവ്

Glint Guru
Wed, 12-04-2017 10:30:15 AM ;

 

 

മീനമാസത്തിലെ ഉച്ചനേരം. കൊച്ചി വാഴക്കാല എത്തുന്നതിനു മുൻപുള്ള ഇറക്കം മെല്ലെ ഇറങ്ങി വരികയാണ് ഡ്രൈവർജി കാറിൽ. കൊച്ചിയിലെ ഏറ്റവും തിരക്കു കൂടിയ സ്ഥലങ്ങളിലൊന്നാണ് വാഴക്കാല. എതിർദിശയിൽ വരുന്ന ഇരുചക്രവാഹനക്കാരി യുവതിക്ക് റോഡ് മുറിച്ച് വലത്തേക്ക് പോകണം. വാഹനത്തിൽ  നാലോ അഞ്ചോ വയസു തോന്നിക്കുന്ന കുട്ടിയുമുണ്ട്. ചൂടു കാരണം ആ കഞ്ഞിന്റെ മുഖം വല്ലാതെ ചുമന്നിരിക്കുന്നു. പരിസരത്തെങ്ങും പോലീസുകാരില്ല. കുറച്ചു നേരമായി ആ യുവതി റോഡ് മുറിച്ചു കടക്കാൻ നിൽക്കുകയാണെന്ന് മുഖഭാവം പറഞ്ഞു. എപ്പോഴെങ്കിലും വാഹന ഒഴുക്കിന്റെ നിര മുറിയാൻ വേണ്ടി കാത്തു നിൽക്കുകയാണെന്ന് വാഹന ഒഴുക്കിന്റെ പിന്നിലേക്ക് നോക്കുന്ന അവരെ കണ്ടാലറിയാം. ഡ്രൈവർജി കാർ നിർത്തി അവരോട് കടന്നു പൊയ്ക്കൊള്ളാൻ കൈ കൊണ്ടു പറഞ്ഞു. അപ്രതീക്ഷിതമായി കിട്ടിയ അവസരമായതിനാൽ അവർ സ്കൂട്ടർ മുന്നോട്ടെടുക്കുന്നതിൽ തെല്ലൊരു തിടുക്കം കാട്ടി. എങ്കിലും ഡ്രൈവർജിയുടെ കാറിനു മുന്നിലെത്തിയപ്പോൾ നിമിഷാർധത്തിൽ അവർ ഡ്രൈവർജിയെ നോക്കി ഒരു ചിരി സമ്മാനിച്ചു. ഡ്രൈവർജിക്കോ അവർക്കോ പരസ്പരം കണ്ടാൽ തിരിച്ചറിയില്ല. എന്നിരുന്നാലും നിമിഷാർധത്തിൽ അവർ സമ്മാനിച്ച ചിരി മീനമാസ സൂര്യന്റെ വെയിലിനെ നിലാവാക്കി മാറ്റുന്നതായിരുന്നു. ആ വെയിലത്ത് കഞ്ഞിനെയും കൊണ്ട് റോഡു മുറിച്ചുകടക്കാൻ നിന്ന അവർക്ക് ലഭിച്ച ആശ്വാസത്തിനുള്ള നന്ദിയായിരുന്നു ആ ചിരി. ഡ്രൈവർജിയുടെ കാറിനുള്ളിൽ തണുപ്പുണ്ടായിരുന്നു. ആ തണുപ്പ് കാറിൽ നിന്നിറങ്ങിയപ്പോൾ കഴിഞ്ഞു. എന്നാൽ ആ പൊരിവെയിലത്ത് നിമിഷാർധത്തിൽ ആശ്വാസത്തിൽ നിന്നുണ്ടായ സ്നേഹത്തോടെ തന്ന ആ ചിരി ഡ്രൈവർജിയുടെ ഉള്ളിലേക്കെവിടെയോ നിക്ഷേപിക്കപ്പെട്ടു. ഒന്നും പ്രതീക്ഷിച്ചല്ല ഡ്രൈവർജി കാർ നിർത്തി കൊടുത്തത്. ആ യുവതി ചിരി സമ്മാനിച്ചതും ഒന്നും പ്രതീക്ഷിച്ചല്ല.

 

ലാഭത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കൂടുതൽ നേട്ടമുണ്ടായത് ഡ്രൈവർജിക്കാണ്. തിരക്കുള്ള റോഡിൽ വച്ചു ലഭിക്കുന്ന ഒരു സ്ഥിരനിക്ഷേപം. അതാകട്ടെ പലിശ കൊണ്ട് പെരുകുന്നതും. ആ പലിശ പെരുകുന്നതും അതിന്റെ പലിശ കുമിയുന്നതുമെല്ലാം ഡ്രൈവർജിയിലാണ്. ഇത് ഡ്രൈവർജിയുടെ വെറും സ്വകാര്യ അനുഭവം മാത്രമായി ഒതുങ്ങില്ല. കാരണം ഇനിയും ആരെങ്കിലും റോഡു മുറിച്ച് കടക്കാൻ ബുദ്ധിമുട്ടി നിൽക്കുന്നതു കണ്ടാൽ പൊതുവേ ഡ്രൈവർജി നിർത്തിക്കൊടുക്കാറുണ്ടെങ്കിലും ആ നിക്ഷേപം അറിയാതെ പ്രചോദനമായി പ്രവർത്തിക്കും. കണ്ടു നിന്നവർക്കും അത് വേണമെങ്കിൽ പ്രചോദനമാകാം. ആ യുവതി കാറോടിക്കുമ്പോൾ ഇത്തരം ശീലം അവരിലും ഉണ്ടായേക്കാം. ഇത് നിരത്തുകളിൽ പുതിയൊരു സംസ്കാരത്തിന്റെ വിത്തുപാകും. പരസ്പരം പരിചയമില്ലാത്തവരാണ് റോഡിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നീങ്ങുന്നത്. ഒന്നിച്ചു നീങ്ങുകയാണെങ്കിലും എല്ലാവരും പരസ്പരം മത്സരത്തിലാകും. തുടർന്നുള്ള കുത്തിത്തിരകലാണ് പലപ്പോഴും ട്രാഫിക് ബ്ലോക്കുകൾക്ക് കാരണമാകുന്നത്. ഈ മത്സരം ചിലപ്പോൾ പരസ്പരം ദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങൾക്കും വഴിവയ്ക്കുന്നു. ആംഗലേയത്തിൽ റോഡ് റേജ് എന്ന പ്രയോഗത്തിലൂടെ ആ സംഗതി പ്രചാരത്തിലുമുണ്ട്. അതിന്റെ സ്ഥാനത്ത് ഈ യുവതി നൽകിയ മീനവെയിൽനിലാവ് മറ്റൊരു സംസ്കാരത്തെ നിരത്തുകളിൽ സൃഷ്ടിക്കും. ക്രോധത്തിന്റെ നിരത്തുകൾ സ്നേഹത്തിന്റേതാകാൻ ഒരു നിമിഷം പോലുമാവശ്യമില്ല. കാൽനടക്കാരെ, അല്ലെങ്കിൽ മറ്റ് ഡ്രൈവർജിമാരെ ഒന്നു മൃദുവായി പരിഗണിക്കുകയേ വേണ്ടൂ.

Tags: